This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവല്ലം ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവല്ലം ക്ഷേത്രം

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്ന്. കേരളത്തിലെ ഏക പരശുരാമക്ഷേത്രവും ഇതാണ്. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ആറിന്റെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 10-ാം ശ. വരെ നിലനിന്നിരുന്ന ആയ് രാജവംശത്തിന്റെ ആദ്യകാല വടക്കന്‍ അതിര്‍ത്തി തിരുവല്ലമായിരുന്നു. ആയ് രാജാവ് ആയ് അണ്ടിരന്‍ ശൈവമതാനുയായി ആയിരുന്നുവെന്നും ഇദ്ദേഹം അരയാലിന്‍ ചുവട്ടിലിരുന്ന് ലിംഗപൂജ ചെയ്യുക പതിവായിരുന്നുവെന്നും പുറനാനൂറില്‍ പറയുന്നുണ്ട്. വിഴിഞ്ഞമായിരുന്നു ആയ് രാജാക്കന്മാരുടെ പ്രാചീനകാലത്തെ തലസ്ഥാനം. അക്കാലത്ത് ഉണ്ടാക്കിയതാകാം ഇവിടത്തെ ശിവക്ഷേത്രം.

ഇവിടെ പരശുരാമ പ്രതിഷ്ഠ നടന്നതിനെപ്പറ്റിയും ഒരു ഐതിഹ്യം നിലവിലുണ്ട്. 9-ാം ശ.-ത്തില്‍ ശങ്കരാചാര്യരുടെ അമ്മ മരിച്ചപ്പോള്‍ സന്ന്യാസം സ്വീകരിച്ചുപോയതിനാല്‍ കര്‍മങ്ങള്‍ ചെയ്യാന്‍ വിലക്കുണ്ടാവുകയും ശങ്കരാചാര്യര്‍ ഈ സ്ഥലത്തു വന്ന് പരശുരാമപ്രതിഷ്ഠ നടത്തി, ഇവിടെ പിണ്ഡം വച്ച്, ആ പിണ്ഡവുമായി പുഴയോരത്തെത്തിയെന്നും, ഒരു മത്സ്യമൂര്‍ത്തി പുഴയില്‍ നിന്ന് ഉയര്‍ന്നുവന്ന് ആ പിണ്ഡം ഏറ്റുവാങ്ങിയെന്നുമാണ് ഐതിഹ്യം. അന്ന് ശങ്കരാചാര്യര്‍ ചെളിമണ്ണിലാണത്രെ വിഗ്രഹമുണ്ടാക്കിയതും പ്രതിഷ്ഠ നടത്തിയതും. ഇവിടത്തെ രണ്ട് പ്രധാന മൂര്‍ത്തികള്‍ ശിവനും പരശുരാമനും ആണ്. പിതൃകര്‍മത്തിന് പേരുകേട്ട ഈ ക്ഷേത്രത്തിലെത്തി കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനായി ദിവസംതോറും ജനത്തിരക്ക് ഏറിവരികയാണ്. ഇവിടെ ക്ഷേത്ര പിണ്ഡം മതിലിനകത്താണ്. പിതൃകര്‍മത്തിന് ഇല്ലം, വല്ലം, നെല്ലി എന്നാണ് പഴമൊഴി. ഇല്ലം സ്വന്തം വീടും വല്ലം-തിരുവല്ലവും നെല്ലി തിരുനെല്ലി ക്ഷേത്രവുമാണ്. പരേതാത്മാക്കളുടെ ദോഷനിവാരണത്തിനായി ഈ ക്ഷേത്രത്തില്‍ എല്ലാ ദിവസവും തിലഹോമം നടത്താറുണ്ട്. ഇളയതുമാരാണ് കര്‍മികളാകുന്നത്.

ഈ ക്ഷേത്രത്തില്‍ രണ്ട് ശിലാലിഖിതങ്ങളുണ്ട്. അവയിലൊന്ന് കൊ.വ. 399-ല്‍ വീരകേരളവര്‍മത്തിരുവടിയുടെ ഉദ്യോഗസ്ഥന്‍ ചെയ്ത വ്യവസ്ഥകളും മറ്റൊന്ന് കൊ.വ. 412 മകരം 10 ഞായറാഴ്ച രേവതി നക്ഷത്രനാളില്‍ ക്ഷേത്രത്തിന്റെ വടക്കേ ചുവരില്‍ രേഖപ്പെടുത്തിയതും ആണ്. കറുത്തവാവുദിവസം ബ്രാഹ്മണര്‍ക്ക് ഊട്ട് കൊടുക്കുന്നതു സംബന്ധിച്ചും ക്ഷേത്രത്തിലെ മഹാദേവനും കണ്ണപ്പനും വഴിപാട് നല്കുന്നതിനെക്കുറിച്ചുമാണ് പ്രമേയം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ് ഇപ്പോള്‍ ഈ ക്ഷേത്രം. കേരളത്തില്‍ പയ്യന്നൂരിലും തിരൂര്‍ തൃക്ക ണ്ടിയൂരിലും പരശുരാമന്‍ ഉപദേവനായുള്ള ക്ഷേത്രങ്ങളുണ്ട്.

തിരുവല്ലത്ത് ദിവസവും അഞ്ച് പൂജയുണ്ട്. ഉപദേവന്മാര്‍ മത്സ്യമൂര്‍ത്തി, ശ്രീകൃഷ്ണന്‍, ഗണപതി, വ്യാസന്‍, ബ്രഹ്മാവ്, സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ്. പദ്മാസനത്തിലിരിക്കുന്ന ബ്രഹ്മാവാണ് ഇവിടുള്ളത്. ശിവപ്രതിഷ്ഠയ്ക്ക് കിഴക്കോട്ടും പരശുരാമന് വടക്കോട്ടുമാണ് ദര്‍ശനം. ശിവനും പരശുരാമനും കൊടിമരവുമുണ്ട്. തുലാമാസത്തിലെ അത്തം നാളില്‍ കൊടിയേറി തിരുവോണത്തിന് ആറാട്ടോടെ ഉത്സവം സമാപിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍