This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവല്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവല്ലം

തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം താലൂക്കിലെ അതിയന്നൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. തിരുവല്ലം, മുട്ടത്തറ, വെങ്ങാനൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന ഈ പഞ്ചായത്തിനെ 13 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. വിസ്തൃതി: 12.44 ച.കി.മീ.; പരശുരാമക്ഷേത്രം സ്ഥിതിചെയ്യുന്നിടമായതിനാലാണ് ഈ പ്രദേശത്തിന് തിരുവല്ലം എന്ന് പേര് ലഭിച്ചതെന്നാണ് ഐതിഹ്യം.

20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ നടന്ന സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്കിയ ശ്രീനാരായണഗുരുവിന്റേയും അയ്യന്‍കാളിയുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ പ്രദേശമെന്ന ഖ്യാതിയും തിരുവല്ലത്തിനുണ്ട്. തിരുവല്ലത്തിന് തെ. സ്ഥിതിചെയ്യുന്ന വെങ്ങാനൂര്‍ ഗ്രാമത്തിലാണ് അയ്യന്‍കാളി ജനിച്ചത്. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തിരുവല്ലം പഞ്ചായത്തിലെ വാഴമുട്ടത്തെ കുന്നുംപാറയില്‍ സ്ഥിതിചെയ്യുന്നു. ഇതിനടുത്താണ് പ്രസിദ്ധമായ മുനിപ്പാറ സ്ഥിതിചെയ്യുന്നത്. അധഃസ്ഥിതര്‍ക്ക് വിദ്യാഭ്യാസസ്വാതന്ത്യ്രം നേടുന്നതിനുവേണ്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച അയ്യന്‍കാളിയുടെ കര്‍മരംഗവും ഈ പഞ്ചായത്തിന്റെ ഭൂപ്രദേശങ്ങള്‍ തന്നെയായിരുന്നു. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തിയായി പ്രതികരിച്ചിട്ടുള്ള പാച്ചല്ലൂര്‍ പതികത്തിന്റെ കര്‍ത്താവ് തിരുവല്ലം സ്വദേശിയാണെന്ന് വിശ്വസിക്കപ്പെടുന്നു. കോവളം കവികളില്‍ പ്രമുഖനായ അയ്യിപ്പിള്ള ആശാന്റെ ജന്മദേശവും തിരുവല്ലമാണ്.

ഭൂപ്രകൃതിയനുസരിച്ച് പൊതുവേ കുന്നിന്‍ചരിവുകളും താഴ്വാരങ്ങളും തീരദേശവും ഉള്‍പ്പെടുന്ന തിരുവല്ലത്തിന്റെ വ.ഉം തെ.ഉം കരമനയാറും പ.അറബിക്കടലും അതിരുകള്‍ നിര്‍ണയിക്കുന്നു. പഞ്ചായത്തിന്റെ വ.ഭാഗത്ത് കരമനയാറിനേയും വെള്ളായണിക്കായലിനേയും ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്ന കന്നുകാലി ചാല്‍ ഇവിടത്തെ പ്രധാന ജലസ്രോതസ്സായി വര്‍ത്തിക്കുന്നു. കിണറുകളും തണ്ണീര്‍ക്കുളങ്ങളുമാണ് പഞ്ചായത്തിലെ മറ്റ് ജലസ്രോതസ്സുകള്‍. ജൈവാംശം കലര്‍ന്ന പശിമരാശിമണ്ണിനാല്‍ സമ്പന്നമായ ഈ പ്രദേശത്ത് തെങ്ങ്, പച്ചക്കറി, വാഴ, മരിച്ചീനി, കശുമാവ്, റബ്ബര്‍, വെറ്റില, കുറ്റിമുല്ല എന്നിവ കൃഷി ചെയ്യുന്നു. മുമ്പ് വന്‍തോതില്‍ നെല്ല് ഉത്പാദിപ്പിച്ചിരുന്ന ഇവിടെ ഇപ്പോള്‍ നാമമാത്രമായി മാത്രമേ നെല്‍ക്കൃഷിയുള്ളൂ. പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രത്യേക കാലാവസ്ഥയില്‍ ചിലയിനം ദേശാടനപ്പക്ഷികള്‍ എത്താറുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊയ്ത്തുകാലം കഴിയുന്നതോടെ ഇവ മടങ്ങിപ്പോകുന്നു.

സ്കൂളുകള്‍, കൃഷിഭവന്‍, അനെര്‍ട്ട് (ANERT), പോസ്റ്റ് ഓഫീസ്, രജിസ്റ്റര്‍ കച്ചേരി, ചിത്രാഞ്ജലി സ്റ്റുഡിയോ, സി-ഡിറ്റ്, വില്ലേജ് ഓഫീസ്, കയര്‍ ഇന്‍സ്പെക്ടര്‍ ഓഫീസ്, മൃഗാശുപത്രി, വാട്ടര്‍ അതോറിറ്റി-റൂറല്‍ വാട്ടര്‍ സപ്ളൈ സ്കീം ഓഫിസ്, പോലിസ് സ്റ്റേഷന്‍, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. വളരെയധികം വിനോദസഞ്ചാര പ്രാധാന്യമുള്ള ഈ പഞ്ചായത്തിന്റെ കടലോരത്തോട് ചേര്‍ന്ന് നിരവധി സ്വകാര്യ ടൂറിസ്റ്റ് കോട്ടേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശീയരില്‍ നല്ലൊരു ശ.മാ. ടൂറിസവുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വന്‍വ്യവസായങ്ങളില്ലാത്ത ഇവിടെ യന്ത്രസഹായത്താല്‍ കയര്‍ പിരിക്കുന്ന ഏതാനും ചെറുകിടവ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ മറ്റൊരു പരമ്പരാഗത തൊഴില്‍ മേഖലയാണ് കരിങ്കല്‍ വ്യവസായം. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 22-ഓളം കരിങ്കല്‍ മടകള്‍ ഇവിടെയുണ്ട്. മത്സ്യബന്ധനത്തെ ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ള വളരെ ചെറിയൊരുവിഭാഗവും പഞ്ചായത്തിലുണ്ട്. തിരുവല്ലം-കോവളം, പാച്ചല്ലൂര്‍-വെങ്ങാനൂര്‍, തിരുവല്ലം-കരുമം റോഡുകള്‍ തിരുവല്ലത്തിലൂടെയാണ് കടന്നുപോകുന്നത്. പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ കടത്തു സര്‍വീസും നിലവിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍