This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവണ്ണാമലൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവണ്ണാമലൈ

Thiruvannamalai

തിരുവണ്ണാമല ക്ഷേത്രം

തമിഴ്നാട്ടിലെ ഒരു ജില്ല, താലൂക്ക്, ജില്ലാ ആസ്ഥാനം. തമിഴ്നാട്ടിലെ വടക്കന്‍ ജില്ലകളില്‍ ഒന്നായ തിരുവണ്ണാമലൈയുടെ അതിരുകള്‍: വ.വെല്ലൂര്‍ ജില്ലയും കി.കാഞ്ചീപുരം-വില്ലുപുരം ജില്ലകളും തെ.വില്ലുപുരം ജില്ലയും പ.ധര്‍മപുരി-വെല്ലൂര്‍ ജില്ലകളും. വിസ്തൃതി: 6191 ച.കി.മീ.; ജനസംഖ്യ: 21,81,853(2001).

ജില്ലാ ആസ്ഥാനമായ തിരുവണ്ണാമലൈ പട്ടണം തമിഴ്നാട്ടിലെ ഒരു പ്രധാന തീര്‍ഥാടന-വാണിജ്യ-വിനോദസഞ്ചാര കേന്ദ്രവും മുഖ്യ കാര്‍ഷികോത്പാദന കേന്ദ്രവും ആണ്. ഒരു റോഡ്-റെയില്‍ ഗതാഗത കേന്ദ്രമെന്ന നിലയിലും ഈ പട്ടണം ശ്രദ്ധേയമാണ്. നെല്ലും നിലക്കടലയുമാണ് ഇവിടത്തെ മുഖ്യ കാര്‍ഷികോത്പ്പന്നങ്ങള്‍. കൃഷിക്കു പുറമേ കോഴി-കന്നുകാലി വളര്‍ത്തലും വ്യാപകമായിട്ടുണ്ട്. തിരുവണ്ണാമലൈ പട്ടണത്തിലെ പ്രസിദ്ധമായ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ വര്‍ഷംതോറും അരങ്ങേറാറുള്ള കാര്‍ത്തികോത്സവം പതിനായിരങ്ങളെ ആകര്‍ഷിക്കുന്നു.

മലനിരകളും സമതലങ്ങളും സമന്വയിക്കുന്ന ഭൂപ്രകൃതിയാണ് തിരുവണ്ണാമലൈ ജില്ലയുടേത്. തിരുവണ്ണാമലൈ എന്ന നാമം തന്നെ ഈ ഭൂപ്രദേശത്തില്‍ മലനിരകള്‍ക്കുള്ള സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. മലനിരകളില്‍ ജാവാദിക്കുന്നുകള്‍ക്കാണ് പ്രഥമസ്ഥാനം. ജില്ലയുടെ കി.ഭാഗത്തെ വളക്കൂറുള്ള സമതലപ്രദേശം ഒരു കാര്‍ഷിക ഗ്രാമമായി വികസിച്ചിരിക്കുന്നു. ചെയ്യാര്‍, സൌത് പെന്നാര്‍, പാലാര്‍ എന്നിവയാണ് ജില്ലയിലെ മുഖ്യ നദികള്‍. മലമ്പ്രദേശങ്ങളില്‍ തേക്ക്, വെണ്‍തേക്ക്, കാറ്റാടി, മുള തുടങ്ങിയ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു.

തിരുവണ്ണാമലൈ ജില്ലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവന മാര്‍ഗം കൃഷിയാണ്; മുഖ്യ വിള നെല്ലും. നാണ്യവിളകളില്‍ നിലക്കടലയ്ക്കാണ് പ്രഥമസ്ഥാനം. കന്നുകാലി വളര്‍ത്തലിനും ഇവിടെ അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്. വ്യാവസായികമായി പിന്നോക്കം നില്ക്കുന്ന ഈ ജില്ലയില്‍ നെയ്ത്ത് മുഖ്യ കുടില്‍ വ്യവസായമായി വികസിച്ചിരിക്കുന്നു. ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന നെല്ല്, നിലക്കടല, പട്ടു സാരികള്‍ തുടങ്ങിയവയ്ക്ക് ജില്ലയ്ക്കകത്തും പുറത്തും ഗണ്യമായ വാണിജ്യ പ്രാധാന്യമുണ്ട്.

തമിഴാണ് ജില്ലയിലെ മുഖ്യ വ്യവഹാര ഭാഷ. ഹിന്ദു, ക്രിസ് ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ ഇടകലര്‍ന്നു വസിക്കുന്ന ഈ ജില്ലയില്‍ വിവിധമതസ്ഥരുടേതായ നിരവധി ആരാധനാ കേന്ദ്രങ്ങളും ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.

തിരുവണ്ണാമലൈ ജില്ലയില്‍ പ്രസിദ്ധമായ ഒരു ശിവക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. തേജോലിംഗരൂപത്തിലുള്ള ഇവിടത്തെ പ്രതിഷ്ഠാ മൂര്‍ത്തി അരുണാചലേശ്വരന്‍ എന്ന പേരില്‍ പ്രസിദ്ധമാണ്.

പരമശിവന്റെ വാമഭാഗം അലങ്കരിക്കുന്നതിനുവേണ്ടി ശ്രീ പാര്‍വതി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് ഐതിഹ്യം. 'മുലപ്പാല്‍ തീര്‍ഥം' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കുളം ഈ ക്ഷേത്രത്തിലുണ്ട്.

തിരുവണ്ണാമല ക്ഷേത്രത്തിന്റെ ശില്പഭംഗി അദ്വിതീയമാണ്. ക്ഷേത്രഗോപുരത്തിന് പതിനൊന്ന് നിലകളുണ്ട്. ക്ഷേത്രമതിലകത്തിന്റെ വിസ്തൃതി പത്ത് ഹെക്ടറോളം വരും. രമണമഹര്‍ഷിയുടെ ആസ്ഥാനം തിരുവണ്ണാമലയായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍