This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമലാര്യ (1645 - 1706)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുമലാര്യ (1645 - 1706)

കന്നഡ കവിയും പണ്ഡിതനും. മൈസൂര്‍ മഹാരാജാവായ ചിക്കദേവരാജ(1672-1704)ന്റെ സദസ്യ കവിയും മന്ത്രിയുമായിരുന്നു ഇദ്ദേഹം. മന്ത്രി എന്ന നിലയില്‍ മൈസൂര്‍ രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തി. കന്നഡയിലും സംസ്കൃതത്തിലും ഒരുപോലെ പണ്ഡിതനായിരുന്ന തിരുമലാര്യ ഇരു ഭാഷകളിലും ഗ്രന്ഥങ്ങള്‍ രചിച്ചു. ചിക്കദേവരാജവിജയ, ചിക്കദേവരാജ വംശാവലി, ചിക്കദേവരാജശതക എന്നിവയാണു പ്രധാന കൃതികള്‍. ഇവയിലെല്ലാം തന്റെ രാജാവായ ചിക്കദേവരാജന്റെ ചരിത്രം പ്രതിപാദിച്ചിരിക്കുന്നു. രാജാവു തന്നെയാണ് നായകന്‍. തിരുമലാര്യയുടെ പരമ പ്രധാനമായ കൃതിയാണ് ചിക്കദേവരാജവംശാവലി. മൈസൂര്‍ രാജവംശത്തിലെ പ്രസിദ്ധ രാജാക്കന്മാരുടെ ചരിത്രമാണ് ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നത്. പ്രധാനമായും ചിക്കദേവരാജന്റേയും ദൊഡ്ഡരാജാവിന്റേയും ചരിത്രം വിവരിച്ചിരിക്കുന്നു. അക്കാലത്തെ സംഭവങ്ങളും വിവരങ്ങളും അതിശയോക്തി കലര്‍ത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്. സൂക്ഷ്മ ശൈലിയും ഉപമാപ്രയോഗങ്ങളും സവിശേഷതയാണ്. സംസ്കൃതത്തിലും കന്നഡയിലുമുള്ള കാവ്യശൈലി ഗദ്യത്തെ കൂടുതല്‍ മിഴിവുറ്റതാക്കിയിട്ടുമുണ്ട്. ചമ്പൂശൈലിക്കു പുനര്‍ജീവന്‍ നല്കിക്കൊണ്ട് കന്നഡ സംസ്കൃത ചേരുവയില്‍ രചിച്ച ചമ്പൂ കാവ്യമാണ് ചിക്കദേവരാജവിജയ.

മേല്പ്പറഞ്ഞവയ്ക്കു പുറമേ, അപ്രതിമവീരചരിത എന്ന അലങ്കാരഗ്രന്ഥവും രചിച്ചിട്ടുണ്ട്. സംസ്കൃതത്തിലെ കുവലയാനന്ദത്തെ അധികരിച്ചെഴുതിയതാണീ കൃതി. ഇതിലെ ഉദാഹരണ പദ്യങ്ങളിലെല്ലാം അപ്രതിമനെന്നു ബിരുദനാമമുള്ള ചിക്കദേവരാജന്റെ ചരിത്രവും ഗുണഗണങ്ങളും അവതരിപ്പിച്ചിരിക്കുന്നതു കാണാം. ചിക്കദേവരാജന്‍ രചിച്ചതെന്നു പറയപ്പെടുന്ന ചിക്കദേവരാജബിന്നപ, ഗീതഗോപാല എന്നിവയും തിരുമലാര്യ രചിച്ച് ചിക്കദേവരാജന്റെ പേരില്‍ പ്രചരിപ്പിച്ചവയാണെന്നു പറയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍