This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമങ്കൈ ആഴ്വാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുമങ്കൈ ആഴ്വാര്‍

തമിഴിലെ പ്രസിദ്ധരായ ആഴ്വാര്‍ കവികളില്‍ ഒരാള്‍. ചോഴനാട്ടിലെ ഒരു സാമന്തരാജ്യമായിരുന്ന തിരുവാലി നഗരത്തിനു സമീപമുള്ള തിരുക്കുറൈയലൂര്‍ എന്ന സ്ഥലത്ത് കണ്ടര്‍ വംശത്തില്‍ ജനിച്ചു. നീലി എന്ന പടത്തലവനായിരുന്നു പിതാവ്. മാതാപിതാക്കള്‍ നല്കിയ പേര് നീലന്‍ എന്നാണ്. ബാല്യകാലത്തില്‍ ആയുധ മുറകള്‍ അഭ്യസിച്ച ആഴ്വാരെ ചോഴരാജാവ് 'നാര്‍കവി പെരുമാള്‍' സ്ഥാനം നല്കി സേനാനായകനായി നിയമിച്ചു. ചോഴരാജാവിന്റെ ശത്രുക്കളെ ജയിച്ചതിനാല്‍ പരകാലന്‍ എന്ന പേരും ലഭിച്ചു. ചോഴചക്രവര്‍ത്തി ഇദ്ദേഹത്തെ ആലിനാട്ടിന്റെ രാജാവാക്കി. ആലിനാട്ടിന്റെ തലസ്ഥാനമായ തിരുമങ്കൈപ്പട്ടണത്തില്‍ ഇരുന്നരുളിയതുകൊണ്ടാണ് ഇദ്ദേഹത്തിന് തിരുമങ്കൈ മന്നന്‍, തിരുമങ്കൈ ആഴ്വാര്‍ എന്നീ പേരുകള്‍ ലഭിച്ചത്. ആലിനാടന്‍, കലിയന്‍, കലികന്റി, കലിധ്വംസി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

നീലന്‍ കുമുദവല്ലിയെ വിവാഹം കഴിച്ച് അവരുടെ ഇഷ്ടപ്രകാരം വൈഷ്ണവ ഭക്തനായി മാറി. ചോഴനു കൊടുക്കേണ്ട കപ്പപ്പണം ദൈവാരാധനയ്ക്കു വേണ്ടി ചെലവഴിച്ചതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടു. ജയില്‍ മോചിതനായശേഷവും മോഷണവും കവര്‍ച്ചയും ചെയ്ത് ദാനധര്‍മങ്ങളും ദൈവാരാധനയും നടത്തിവന്നു. തസ്കര നേതാവായി നടന്ന കാലത്ത് ദൈവത്തില്‍ നിന്നു മന്ത്രോപദേശം ലഭിച്ച ആഴ്വാര്‍ പരജ്ഞാന ഭക്തികളില്‍ മുഴുകി. തമിഴകത്തെ പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് മതപ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. നാഗപട്ടണത്തെ ബുദ്ധവിഹാരം കൊള്ളയടിച്ച് തിരുവരങ്കത്തിലെ വലിയ ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ പണികഴിപ്പിച്ചു (9-ാം ശ.). മാത്രമല്ല, അനേകം വൈഷ്ണവ ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തു. അക്കാലത്തെ പല്ലവന്മാരുടേയും ഗുരുവായിരുന്നു ഇദ്ദേഹം. 105 വര്‍ഷക്കാലം തിരുമങ്കൈ ആഴ്വാര്‍ ജീവിച്ചിരുന്നതായി പറയപ്പെടുന്നു.

ആഴ്വാര്‍ കവികളുടെ കൂട്ടത്തില്‍ ഏറെ കാവ്യങ്ങള്‍ രചിച്ചു ശ്രദ്ധേയനായ കവിയാണ് തിരുമങ്കൈ ആഴ്വാര്‍. 1361 പടലങ്ങളുള്ള 6 വലിയ കാവ്യങ്ങള്‍ ഇദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു. പെരിയ തിരുമൊഴി, തിരുമാറുത്താണ്ടകം, തിരുനെടുത്താണ്ടകം, തിരു എഴുക്കൂറ്റിരുക്കൈ, ചെറിയ തിരുമടല്‍, പെരിയ തിരുമടല്‍ എന്നിവയാണ് ഈ കൃതികള്‍. ഇവയില്‍ ഏറ്റവും പ്രസിദ്ധം തെക്കേ ഇന്ത്യയിലെ പുണ്യക്ഷേത്രങ്ങളെ പ്രകീര്‍ത്തിക്കുന്ന പെരിയ തിരുമൊഴിയാണ്. വിഷ്ണുവിന്റെ അനുഗ്രഹം ലഭിച്ചപ്പോഴുണ്ടായ ആനന്ദോന്മാദമാണ് ഇതിലെ ആദ്യ ഗാനത്തില്‍ പ്രതിഫലിക്കുന്നത്. പാപങ്ങളില്‍ നിന്ന് തനിക്ക് മോചനം നല്കുന്നതിന് തിരുവേങ്കടം ദേവനോട് അഭ്യര്‍ഥിക്കുന്ന ഗാനവും പ്രസിദ്ധമാണ്. ശ്രീരാമന്‍ തോണിക്കാരനായ ഗുഹനെ സഹോദരനെന്നു സംബോധന ചെയ്യുന്നതായും സീതയെ ഗുഹന്റെ സഹോദര പത്നിയെന്നും ലക്ഷ്മണനെ ഇളയ സഹോദരനെന്നും വിശേഷിപ്പിക്കുന്നതായും പെരിയ തിരുമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മടല്‍ സങ്കേതമുപയോഗിച്ച് രചിച്ചിരുന്ന കൃതികളാണ് പെരിയ തിരുമടല്‍, ചെറിയ തിരുമടല്‍ എന്നിവ.

പാണ്ഡിത്യം പരിഗണിക്കുമ്പോള്‍ നായനാര്‍മാരില്‍ സംബന്ധര്‍ക്കുള്ള സ്ഥാനമാണ് ആഴ്വാര്‍മാരുടെ കൂട്ടത്തില്‍ തിരുമങ്കൈ ആഴ്വാര്‍ക്കുള്ളത്. ഇദ്ദേഹത്തിന്റെ കവിത സുന്ദരുടേയും സംബന്ധരുടേയും സംഗീതം, വിജ്ഞാനം എന്നിവയെ അനുസ്മരിപ്പിക്കുന്നു. നാടന്‍ പാട്ടുകളുടെ വൃത്തമാണ് ഇദ്ദേഹത്തിന്റെ കവിതകളില്‍ പ്രയോഗിച്ചിരിക്കുന്നത്. അപ്പരുടെ കാവ്യങ്ങളില്‍ കാണുന്ന രീതിയിലുള്ള പക്വത വന്ന അനുഭവാവിഷ്കരണം ഇദ്ദേഹത്തിന്റെ കാവ്യങ്ങളിലും കണ്ടെത്താന്‍ കഴിയും. എന്നാല്‍ ദാര്‍ശനികമായ ഉള്ളടക്കം വളരെയൊന്നും ഉണ്ടെന്നു പറയാനാവില്ല. ശൈവഭക്തി കവിതകളിലുള്ള പദപ്രയോഗവും ആവിഷ്കാര സമ്പ്രദായങ്ങളും തിരുമങ്കൈ ആഴ്വാരുടെ രചനകളില്‍ പ്രകടമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍