This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുപ്പതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുപ്പതി

Tirupathi

ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലുള്‍പ്പെട്ട ക്ഷേത്രനഗരം. ജില്ലാ ആസ്ഥാനമായ ചിറ്റൂരില്‍ നിന്ന് 67 കി.മീ. അകലെ ചന്ദ്രഗിരി താലൂക്കില്‍ സ്ഥിതി ചെയ്യുന്ന തിരുപ്പതി ദക്ഷിണേന്ത്യയിലെ ഒരു പ്രധാന തീര്‍ഥാടന-വിനോദസഞ്ചാര കേന്ദ്രമാണ്.

തിരുപ്പതി ശ്രീവെങ്കടേശ്വരക്ഷേത്രം

പ്രകൃതിരമണീയമായ ചന്ദ്രഗിരി കുന്നുകളില്‍ നിന്ന് ഉദ്ഭവിക്കുന്ന സ്വര്‍ണമുഖി നദിയുടെ വിസ്തൃതമായ താഴ്വാരത്തില്‍ വ്യാപിച്ചിരിക്കുന്ന തിരുപ്പതി ക്ഷേത്രങ്ങളുടേയും തീര്‍ഥാടനകേന്ദ്രങ്ങളുടേയും നഗരമാണ്. പൂര്‍വഘട്ടനിരകളുടെ തുടര്‍ച്ചയാണ് തിരുപ്പതിയിലെ മലനിരകള്‍. പട്ടണപ്രാന്തത്തിലുള്ള ശ്രീവെങ്കടേശ്വര ക്ഷേത്രമാണ് തിരുപ്പതിയിലെ മുഖ്യ ആകര്‍ഷണം. ശേഷാചലം കുന്നിന്മേല്‍ നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രം ദ്രാവിഡ ക്ഷേത്ര ശില്പകലാ മാതൃകയ്ക്ക് ഉത്തമോദാഹരണമാണ്. ക്ഷേത്ര പരിസരത്തുള്ള പാപവിനാശം ജലപാതം, ആകാശഗംഗ, ഗോഗര്‍ഭം, പാണ്ഡവ തീര്‍ഥം എന്നിവ ആന്ധ്രപ്രദേശിന്റെ തീര്‍ഥാടന-വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. ഗോവിന്ദരാജ ക്ഷേത്രം, കോദണ്ഡ രാമസ്വാമി ക്ഷേത്രം, കപിലേശ്വരസ്വാമി ക്ഷേത്രം എന്നിവയാണ് തിരുപ്പതിയിലെ മറ്റു പ്രധാന ക്ഷേത്രങ്ങള്‍.

ചിറ്റൂര്‍ ജില്ലയിലെ മറ്റു പട്ടണങ്ങളുമായും ബാംഗ്ലൂര്‍, സേലം, ചെന്നൈ, ഹൈദരബാദ്, ഭദ്രാചലം, ഗുണ്ടൂര്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളുമായും തിരുപ്പതിയെ റോഡു മാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. കാട്ട്പാടി-റേനിഗുണ്ട ബ്രോഡ്ഗേജ് റെയില്‍പ്പാതയിലെ ഒരു റെയില്‍വേസ്റ്റേഷന്‍ കൂടിയാണ് തിരുപ്പതി. ശ്രീവെങ്കടേശ്വര സര്‍വകലാശാല, ശ്രീവെങ്കടേശ്വര മെഡിക്കല്‍ കോളജ്, പദ്മാവതി മഹിളാ വിശ്വവിദ്യാലയം, ഡോ.അംബേദ്കര്‍ ലാ കോളജ് തുടങ്ങിയ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിരുപ്പതിയില്‍ പ്രവര്‍ത്തിക്കുന്നു.

തിരുപ്പതി പട്ടണത്തിന്റെ വ.പടിഞ്ഞാറ് ഭാഗത്തുള്ള പൂര്‍വഘട്ടത്തിലെ ഏഴ് കുന്നുകളില്‍ നിരവധി ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നു. വെങ്കടേശ്വരക്ഷേത്രം, കപിലേശ്വരക്ഷേത്രം, കോദണ്ഡരാമസ്വാമിക്ഷേത്രം, കല്യാണവെങ്കടേശ്വരക്ഷേത്രം, ഗോവിന്ദരാജക്ഷേത്രം, വേദനാരായണസ്വാമിക്ഷേത്രം എന്നിവയാണ് കുന്നുകളിലെ പ്രധാന ക്ഷേത്രങ്ങള്‍. 762 മീ. ഉയരമുള്ള 'തിരുമല' കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന തിരുപ്പതി വെങ്കടേശ്വരക്ഷേത്രം അഥവാ ശ്രീനിവാസ ക്ഷേത്രമാണ് ഇവയില്‍ ഏറ്റവും പ്രസിദ്ധം. പരീക്ഷിത്ത് രാജാവാണ് ഈ ക്ഷേത്രം സ്ഥാപിച്ചത് എന്നാണ് ഐതിഹ്യം.

ഈ ഏഴ് കുന്നുകളും മേരു പര്‍വതത്തിന്റെ ഭാഗമാണ് എന്നൊരു വിശ്വാസവും നിലനില്ക്കുന്നു. ആദിശേഷനും വായുഭഗവാനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും വായുഭഗവാന്‍ മേരുപര്‍വതത്തിന്റെ ഏതാനും ഭാഗങ്ങള്‍ ഊതി പറപ്പിക്കുകയും ചെയ്തു. ഇങ്ങനെ പറന്നുപോയ ഒരു പര്‍വതഭാഗം തിരുപ്പതിയില്‍ വന്നുവീണു എന്നാണ് ഐതിഹ്യം. ഏഴ് കുന്നുകള്‍ ആദിശേഷന്റെ ഏഴ് പടങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും പറയപ്പെടുന്നു.

തിരുമല തിരുപ്പതി ദേവസ്ഥാനം എന്ന സംഘടനയാണ് ക്ഷേ ത്രസഞ്ചയത്തിന്റെ ഭരണം കൈകാര്യം ചെയ്യുന്നത്. ശ്രീവെങ്കടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ വിഷ്ണുഭഗവാന്‍ പദ്മാവതി ദേവിയെ വിവാഹം ചെയ്യുന്നതിനായി കുബേരനില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് പണം കടം വാങ്ങി എന്നും കലിയുഗാന്ത്യത്തോടുകൂടി ഈ പണം തിരിച്ചടയ്ക്കുന്നതിനു വേണ്ടിയാണ് ഇവിടെ ആരാധനാമൂര്‍ത്തിയായി വസിക്കുന്നത് എന്നുമാണ് മറ്റൊരു ഐതിഹ്യം. കുബേരന് പലിശ നല്കുന്നതിനാല്‍ ഇവിടത്തെ വിഷ്ണുദേവന്‍ 'വട്ടിപ്പണപെരുമാള്‍' എന്ന പേരിലും അറിയപ്പെടുന്നു. ഉദ്ദേശം രണ്ട് ഏക്കറോളം വിസ്തൃതിയുള്ള ഈ ക്ഷേത്രത്തിന് മൂന്ന് പ്രാകാരങ്ങളും രണ്ട് ഗോപുരങ്ങളുമുണ്ട്. ഒരു ദിവസം ആറായിരത്തില്‍പ്പരം തീര്‍ഥാടകര്‍ ഇവിടെയെത്തുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തല മൊട്ടയടിച്ചതിനു ശേഷം തലമുടി ക്ഷേത്രത്തിലേക്ക് ദാനം ചെയ്യുന്നതും ഭഗവാന് കര്‍പ്പൂരാഭിഷേകം നടത്തുന്നതും ഇവിടത്തെ രണ്ട് പ്രധാന വഴിപാടുകളാണ്. സെപ്തംബര്‍ മാസത്തില്‍ പത്ത് ദിവസം നീണ്ടുനില്ക്കുന്ന ബ്രഹ്മോത്സവമാണ് ശ്രീവെങ്കടേശ്വര ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഇതിനു പുറമേ തെലുഗു നവവര്‍ഷവും (നിത്യോത്സവം), വൈകുണ്ഠ ഏകാദശിയും ഇവിടെ ആഘോഷിക്കുന്നുണ്ട്. ഗോവിന്ദരാജ ക്ഷേത്രത്തില്‍ മേയ്മാസത്തിലും കോദണ്ഡരാമസ്വാമി ക്ഷേത്രത്തില്‍ മാര്‍ച്ചിലും ഉത്സവം നടക്കുന്നു. മഹാവിഷ്ണു തനിക്ക് നല്കുവാനുള്ള പണം ഈടാക്കുവാന്‍ കാത്തിരിക്കുന്ന കുബേരനാണ് ഗോവിന്ദരാജസ്വാമി എന്നാണ് വിശ്വാസം. കുന്നുകളുടെ താഴ്വരയില്‍ ഒരു പദ്മസരസ്സിന്റെ കരയിലായി സ്ഥിതിചെയ്യുന്ന പദ്മാവതി ക്ഷേത്രത്തിലെ ഉത്സവം നവംബര്‍ മാസത്തിലാണ് നടക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ക്ഷേത്രം തിരുപ്പതി ശ്രീവെങ്കടേശ്വര ക്ഷേത്രമാണ്. ശ്രീവെങ്കടേശ്വര യൂണിവേഴ്സിറ്റി ക്ഷേത്രം വകയാണ്. യൂണിവേഴ്സിറ്റിക്കു പുറമേ, ഒരു സംസ്കൃത വിദ്യാലയവും ആശുപത്രിയും മറ്റനേകം സ്ഥാപനങ്ങളും ഈ ക്ഷേത്രത്തിലെ വരവ് കൊണ്ട് നടത്തപ്പെടുന്നുണ്ട്. തിരുപ്പതിയെക്കുറിച്ച് ചിലപ്പതികാരത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതില്‍ നിന്ന് തിരുപ്പതിക്ക് 'വേങ്കടം' എന്നു പേരുണ്ടായിരുന്നതായി കരുതാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍