This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയോഫിലസ് (? - 842)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിയോഫിലസ് (? - 842)

Theophilus

ബൈസാന്തിയന്‍ (പൗരസ്ത്യ റോമാ സാമ്രാജ്യം) ചക്രവര്‍ത്തി. ഇദ്ദേഹം 829 മുതല്‍ 42 വരെയാണ് ഭരണാധിപനായിരുന്നത്. 9-ാം ശ.-ത്തില്‍ ബൈസാന്തിയന്‍ സാമ്രാജ്യത്തിലുണ്ടായ വിദ്യാഭ്യാസ നവീകരണത്തിന് ഇദ്ദേഹം തുടക്കംകുറിച്ചു. പൌരസ്ത്യ ക്രൈസ്തവ സഭയിലെ വിഗ്രഹഭഞ്ജന (iconoclasm) പ്രസ്ഥാനക്കാരുടെ സംരക്ഷകനായിരുന്നു തിയോഫിലസ്.

ബൈസാന്തിയന്‍ ചക്രവര്‍ത്തിയായിരുന്ന മൈക്കേല്‍ രണ്ടാമന്റെ പുത്രനായി തിയോഫിലസ് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ജനിച്ചു. ജോണ്‍ ഫിലൊപ്പൊനസ് എന്ന ബൈസാന്തിയന്‍ പണ്ഡിതനായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. 820-ല്‍ തിയോഫിലസ്സിന് സഹചക്രവര്‍ത്തിയുടെ പദവി ലഭിച്ചു. താമസിയാതെ ഇദ്ദേഹം തിയൊഡോറയെ വിവാഹം കഴിച്ചു. 829-ല്‍ മൈക്കേല്‍ ചക്രവര്‍ത്തി നിര്യാതനായപ്പോള്‍ തിയോഫിലസ് പൌരസ്ത്യ റോമാസാമ്രാജ്യത്തിലെ പരിപൂര്‍ണ അധികാരത്തോടുകൂടിയ ചക്രവര്‍ത്തിയായിത്തീര്‍ന്നു. പരോപകാരിയായ ഭരണാധികാരി എന്ന ഖ്യാതി ഇദ്ദേഹം സമ്പാദിച്ചു. നീതി തേടിക്കൊണ്ട് ഏതു സമയവും തന്നെ സമീപിക്കുവാന്‍ ഇദ്ദേഹം പ്രജകളെ അനുവദിച്ചിരുന്നു.

മുസ്ലീം കലകളുടെ ആരാധകനായിരുന്നുവെങ്കിലും തിയോഫിലസ്സിന് പലപ്പോഴും മുസ്ലീം ഭരണാധികാരികളുമായി സംഘട്ടനങ്ങളില്‍ ഏര്‍പ്പെടേണ്ടിവന്നു. വൈക്കിങ് വര്‍ഗക്കാര്‍, മാഗിയാര്‍ വര്‍ഗക്കാര്‍ തുടങ്ങിയവരുടെ ആക്രമണങ്ങളെ ചെറുക്കുവാന്‍ വേണ്ടി വടക്കന്‍ മേഖലയില്‍ ബാള്‍ക്കന്‍ പ്രദേശത്തും ഡോണ്‍ നദീതീരത്തും ഇദ്ദേഹം നിര്‍മിച്ച കോട്ടകള്‍ പ്രസിദ്ധമായിരുന്നു. അറബികളുമായുള്ള ഏറ്റുമുട്ടലില്‍ ആദ്യം തിയോഫിലസ്സിന് വിജയമുണ്ടായി. എന്നാല്‍ 831-ല്‍ പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പാലേര്‍മോ അറബികള്‍ പിടിച്ചെടുത്തു. കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് ഏഷ്യാമൈനറിലൂടെയുള്ള പാതയില്‍ പലേടത്തും ബൈസാന്തിയന്‍സേനയും അറബിസേനയും തമ്മില്‍ ഏറ്റുമുട്ടി. ദാസിമൊന്‍ (Dazimon) എന്ന സ്ഥലത്തുവച്ചുണ്ടായ യുദ്ധത്തില്‍ തിയോഫിലസ്സിനു പരാജയമുണ്ടായി. ഇതോടുകൂടി അന്‍കൈറ, ആമോറിയം എന്നീ സ്ഥലങ്ങള്‍ തിയോഫിലസ്സിനു നഷ്ടപ്പെട്ടു. എന്നാല്‍ സ്പെയിനിലെ മൂര്‍ വംശജരുടെ സഹായത്തോടുകൂടി മറ്റു ചില പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ 841-ഓടെ തിയോഫിലസ്സിനു സാധിച്ചു.

സമര്‍ഥനായ സൈനിക നേതാവ്, നല്ലൊരു ഭരണാധികാരി, സാമ്പത്തിക വിദഗ്ധന്‍, ശില്പകലാപ്രേമി എന്നീ നിലകളില്‍ തിയോഫിലസ് പ്രശസ്തനാണ്. അക്കാലത്തെ മതകാര്യങ്ങളില്‍ ഇദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. വിദ്യാഭ്യാസരംഗത്ത് പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുവാനും തിയോഫിലസ് തയ്യാറായി. ഒരു നൂറ്റാണ്ടുകാലത്തോളം പ്രവര്‍ത്തനരഹിതമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ സര്‍വകലാശാലയെ പുനരുജ്ജീവിപ്പിച്ചുവെന്നത് തിയോഫിലസ്സിന്റെ നേട്ടമാണ്. 842 ജനു. 20-ന് ഇദ്ദേഹം നിര്യാതനായി.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍