This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയോക്രിറ്റസ് (ബി.സി. 310-250)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിയോക്രിറ്റസ് (ബി.സി. 310-250)

Theocritus

ഗ്രീക്ക് കവി. ബി.സി. 310-ല്‍ സിസിലിയില്‍ ജനിച്ചു. ഗോപകാവ്യ(Pastoral poetry)ത്തിന്റെ ഉപജ്ഞാതാവായിട്ടാണ് തിയോക്രിറ്റസ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സിസിലിയിലും അലക്സാണ്‍ഡ്രിയയിലും മറ്റുമായി ജീവിതം കഴിച്ചുകൂട്ടി. ഗ്രാമീണ പശ്ചാത്തലത്തില്‍ രചിച്ച ഗോപകാവ്യങ്ങളും നഗരപശ്ചാത്തലത്തില്‍ രചിച്ച ഇതിഹാസങ്ങളും ഭാവഗീതങ്ങളും സൂക്തങ്ങളുമാണ് തിയോക്രിറ്റസിന്റെ രചനകളായി ലഭിച്ചിട്ടുളളത്.

ഗോപഗീതങ്ങള്‍ തിയോക്രിറ്റസിന്റെ രചനകളില്‍ മുന്നിട്ടു നില്ക്കുന്നു. ഇടയകന്യകമാരെ പ്രേമിക്കുന്ന അജപാലകര്‍ പരസ്പരം മത്സരിച്ച് ഗാനാലാപം നടത്തുന്നതും മറ്റും ഈ ഗോപഗീതങ്ങളുടെ സവിശേഷതയാണ്. വെര്‍ജിലിന്റെ ഗോപഗീതങ്ങളുടേയും നവോത്ഥാന കാലത്തെ പല കവിതകളുടേയും ഉറവിടം ഇതായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രസിദ്ധ ഗോപകാവ്യങ്ങളായ ലിസിഡസ്, അഡൊനെയ്സ്, തെര്‍സിസ് മുതലായവയുടെ മുന്‍ഗാമിയും തിയോക്രിറ്റസിന്റെ ഗോപകാവ്യം തന്നെ.

പ്രണയനൈരാശ്യം മൂലം മരണമടഞ്ഞ ഇടയകവി ഡാഫ്നിസിനെക്കുറിച്ച് രചിച്ച തെര്‍സിസ് എന്ന വിലാപകാവ്യമാണ് തിയോക്രിറ്റസിന്റെ രചനകളില്‍ മുന്നിട്ടു നില്ക്കുന്നത്. കോഡ് ദ്വീപിലെ വിളവെടുപ്പ് മഹോത്സവത്തെ പശ്ചാത്തലമാക്കി രചിച്ച തലീസിയ എന്ന ഗ്രാമീണ കാവ്യവും ശ്രദ്ധേയമാണ്. പില്ക്കാലത്തെ ഗ്രാമീണ കാവ്യങ്ങളില്‍ കണ്ടു വരുന്ന കൃത്രിമത്വം തിയോക്രിറ്റസിന്റെ കാവ്യങ്ങളില്‍ കണ്ടെത്താനാവില്ല. പുരാണ കഥകളെ ആസ്പദമാക്കി രചിച്ച ഗ്രാമീണ കാവ്യങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനകളില്‍ ഉള്‍പ്പെടുന്നു. സത്യവും സ്നേഹവും സ്ഫുരിക്കുന്ന ഭാഷയിലാണ് ഇദ്ദേഹം കര്‍ഷകരേയും മൃഗങ്ങളേയും ഗ്രാമീണ സമൂഹത്തേയും അവതരിപ്പിക്കുന്നത്. ബി.സി.250-ല്‍ തിയോക്രിറ്റസ് അന്തരിച്ചതായി കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍