This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയെറ്റര്‍ ഗില്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിയെറ്റര്‍ ഗില്‍ഡ്

Theatre Guild

അമേരിക്കയില്‍ രൂപംകൊണ്ട ഒരു നാടകവേദി. കൊമേഴ്സ്യല്‍ നാടകവേദിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ ഒരു സംഘം നാടകകൃത്തുകളും അഭിനേതാക്കളും മറ്റും ചേര്‍ന്ന് 1915-ല്‍ 'വാഷിങ്ടണ്‍ സ്ക്വയര്‍ പ്ലെയേഴ്സ്' എന്ന പേരില്‍ ഒരു നാടകവേദി രൂപീകരിച്ചു. പ്രമേയത്തിലും ഘടനയിലും തികച്ചും നൂതനമായ അനേകം ഏകാങ്ക നാടകങ്ങള്‍ ഇവര്‍ അവതരിപ്പിക്കുകയുണ്ടായി. 1919-ല്‍ പ്രസിദ്ധ നിയമജ്ഞനും നാടകകൃത്തുമായിരുന്ന ലാറന്‍സ് ലാങ്നര്‍ ഈ സംഘത്തിന് തിയെറ്റര്‍ ഗില്‍ഡ് എന്ന പേരു നല്കി. പ്രസിദ്ധ നാടക സംവിധായകനായ ഫിലിപ്പ് മോളര്‍, എക്സിക്യൂട്ടിവ് ഡയറക്ടറായ തെരീസാ ഹെല്‍ബേണ്‍, നാടക നടിയായ ഹെലന്‍ വെസ്ലി, ബാങ്കറായ മൊറേസ് വെര്‍ത്തിം, കലാസംവിധായകനായ ലി സിമോണ്‍സണ്‍ എന്നിവരടങ്ങുന്ന നേതൃത്വം ബ്രോഡ്വേകളില്‍ മുഴുനീള നാടകങ്ങള്‍ അവതരിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. എക്സ്പ്രഷനിസ്റ്റ് നാടകങ്ങള്‍ അവതരിപ്പിച്ചാണ് ആദ്യകാലത്ത് തിയെറ്റര്‍ ഗില്‍ഡ് ഖ്യാതി നേടിയത്. 1924-ല്‍ അവതരിപ്പിച്ച കൈസറിന്റെ മാന്‍ ആന്‍ഡ് ദ് മാസ്സസ്എന്ന നാടകം ഏറെ പ്രചാരം നല്കി. ഇതേ തുടര്‍ന്ന് ബര്‍ണാഡ്ഷായുടെ ഹാര്‍ട്ട് ബ്രേക്ക് ഹൗസ് (1920), ബാക്ക് റ്റു മെതുസലെ (1922), സെയ്ന്റ് ജോണ്‍ (1923), സീസര്‍ ആന്‍ഡ് ക്ലിയോപാട്ര (1925) തുടങ്ങിയ നാടകങ്ങള്‍ അരങ്ങേറി. അമേരിക്കന്‍ നാടകകൃത്തുക്കളെ തിയെറ്റര്‍ ഗില്‍ഡ് അവഗണിക്കുന്നു എന്ന ആരോപണം ശക്തി പ്രാപിച്ചപ്പോള്‍ അമേരിക്കന്‍ നാടകകൃത്തായ എന്‍മര്‍ റൈസിന്റെ ദി ആഡിങ് മെഷിന്‍ (1923), ജോണ്‍ ഹൊവാഡ്ലാസന്റെ പ്രൊസഷണല്‍ (1925) എന്നീ നാടകങ്ങള്‍ ഗില്‍ഡ് അവതരിപ്പിച്ചു. എങ്കിലും പരീക്ഷണരംഗത്ത് യൂറോപ്യന്‍ നാടകങ്ങള്‍ക്കാണ് ഏറെ ജനപ്രീതി നേടാന്‍ കഴിഞ്ഞത്.

ന്യൂയോര്‍ക്കിലെ ഗില്‍ഡ് തിയെറ്ററില്‍ അവതരിപ്പിച്ച(1931)ബെര്‍ണാഡ് ഷായുടെ ഗറ്റിങ് മാരീഡ് നാടകത്തിലെ ഒരു രംഗം

തുടര്‍ന്നുള്ള ദശകങ്ങളില്‍ തിയെറ്റര്‍ ഗില്‍ഡ് പ്രഖ്യാതരായ അമേരിക്കന്‍ നാടകകൃത്തുക്കളുടെ രചനകള്‍ വേദിയില്‍ അവതരിപ്പിച്ചു. സിഡ്നി ഹൊവാഡിന്റെ ദെ ന്യൂ വാട്ട് ദെ വാണ്‍ടഡ് (1924), ദ സില്‍വര്‍ കോഡ് (1926), എസ്.എന്‍.ബെര്‍മാന്റെ ദ് സെക്കന്‍ഡ് മാന്‍ (1927), ബയോഗ്രഫി (1932), റോബര്‍ട്ട് ഇ.ഷെര്‍വുഡിന്റെ റീയൂണിയന്‍ ഇന്‍ വിയന്ന (1931), ഇഡിയറ്റ്സ് ഡിലൈറ്റ് (1936), മാക്സ്വെല്‍ ആന്‍ഡേഴ്സന്റെ എലിസബത്ത് ദ് ക്വീന്‍ (1930), മേരി ഒഫ് സ്കോട്ട്ലന്‍ഡ് (1933) എന്നീ നാടകങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. 1928-ല്‍ യൂജിന്‍ ഒനീലിന്റെ സ്ട്രേയ്ഞ്ച് ഇന്റര്‍ ല്യൂഡ്, മോര്‍ക്കോ മില്യന്‍സ് എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചതിനുശേഷം തുടര്‍ച്ചയായി ഒനീല്‍ നാടകങ്ങള്‍ രംഗത്തവതരിപ്പിക്കാന്‍ നടപടി സ്വീകരിച്ചു.

ഒരു പരീക്ഷണ നാടകവേദിയായി രൂപീകരിക്കപ്പെട്ട തിയെറ്റര്‍ ഗില്‍ഡിന് പില്ക്കാലത്ത് ആ പദവി നഷ്ടപ്പെടുകയും അതൊരു പരമ്പരാഗത നാടകവേദിയായി മാറുകയും ചെയ്തു. 1931-ല്‍ ചെറുപ്പക്കാരായ കുറെ അംഗങ്ങള്‍ ഗില്‍ഡില്‍ നിന്നു പിന്മാറി.'ഗ്രൂപ്പ് തിയെറ്ററി' നു രൂപം നല്കി. വിദഗ്ധ പരിശീലനം ലഭിച്ച നടീനടന്മാരെ രംഗത്തിറക്കി സാമൂഹിക പ്രസക്തിയുള്ള നാടകങ്ങള്‍ അവതരിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഫിലാഡെല്‍ഫിയ സ്റ്റോറി (1939), ഓക്ലഹോമ (1943), കരൗസന്‍ (1945) എന്നീ നാടകങ്ങള്‍ ഗ്രൂപ്പ് തിയെറ്ററിന്റെ സംഭാവനകളാണ്. അമേരിക്കന്‍ നാടകവേദിയില്‍ തിയെറ്റര്‍ ഗില്‍ഡിന്റെ പ്രവര്‍ത്തനം ഒരു കാലയളവില്‍ നിര്‍ണായകമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍