This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിമോത്തി, വിശുദ്ധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിമോത്തി, വിശുദ്ധ

പൗലോസ് അപ്പോസ്തലന്റെ ശിഷ്യന്‍. ഏഷ്യാമൈനറിലുള്ള ലിസ്റ്റ്രാ (Lystra) എന്ന സ്ഥലത്ത് എ.ഡി. 32-ല്‍ തിമോത്തി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു യവനനും മാതാവ് യൂനിസ് അഥവാ എവുനിക്കെ (Eunice) എന്ന യഹൂദ വനിതയും ആയിരുന്നു. മാതാവായ യൂനിസ് തിമോത്തിക്ക് വളരെ ചെറുപ്പത്തില്‍ തന്നെ വേദവചനങ്ങള്‍ ചൊല്ലിക്കൊടുത്തിരുന്നതായി ബൈബിള്‍ പുതിയനിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (അപ്പോ.നട 16:1-2, ഠശാീശേ 3.15). 47-ല്‍ (തിമോത്തിക്കു പതിനഞ്ചുവയസ്സുള്ളപ്പോള്‍) പൗലോസ് അപ്പോസ്തലന്‍ ലിസ്റ്റ്രായില്‍ ആദ്യ സന്ദര്‍ശനം നടത്തിയപ്പോഴാണ് തിമോത്തിക്ക് മാമോദീസ ലഭിച്ചത്. 50-ല്‍ പൗലോസ് രണ്ടാം പ്രാവശ്യം ലിസ്റ്റ്രാ സന്ദര്‍ശിച്ചപ്പോള്‍ തിമോത്തിയുടെ വിശ്വാസസ്ഥിരതയും തദ്ദേശവാസികള്‍ക്ക് ഇദ്ദേഹത്തോടുള്ള മതിപ്പും മനസ്സിലാക്കി തിമോത്തിയെ തന്റെ ശിഷ്യനും സന്തതസഹചാരിയും ആക്കി. തുടര്‍ന്നുള്ള പതിമൂന്നുവര്‍ഷം തിമോത്തി പൗലോസിന്റെ നിത്യസഹചാരിയായി കഴിഞ്ഞു. തെസ്സലോണിയാക്കാര്‍, കൊറിന്ത്യര്‍,പീലിപ്പോസുകാര്‍, കൊളോസോസ്സുകാര്‍, ഫിലെമോന്‍ എന്നിവര്‍ക്ക് പൗലോസ് എഴുതിയ ലേഖനങ്ങളില്‍ തിമോത്തി ഉപലേഖനകര്‍ത്താവിനെപ്പോലെ (Co writer) പ്രവര്‍ത്തിച്ചു. കുറേക്കാലം തിമോത്തി ശത്രുക്കളുടെ ബന്ധനത്തില്‍ ആയിരുന്ന വിവരവും ബൈബിളിലുണ്ട്. (എബ്രാ. 13:23). തടവുശിക്ഷയില്‍ നിന്നു മോചിപ്പിക്കപ്പെട്ട തിമോത്തി ഏതാണ്ട് നാലായിരം മൈല്‍ ദൂരം കരയിലൂടെയും അത്രത്തോളം ദൂരം കടലിലൂടെയും സഞ്ചരിച്ചുകൊണ്ട് എഫേസൂസില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് തിമോത്തിയെ എഫേസൂസിലെ ബിഷപ്പായി നിയമിച്ചു. എഫേസൂസില്‍ ചില പ്രത്യേക കാര്യങ്ങള്‍ പഠിപ്പിക്കുവാന്‍ പൗലോസ് തിമോത്തിയെ ചുമതലപ്പെടുത്തിയ വിവരവും ബൈബിളിലുണ്ട്. (1 ഠശാീശേ 1:3). പൗലോസ് റോമില്‍ ബന്ധനസ്ഥനായപ്പോള്‍ അദ്ദേഹത്തെ സഹായിക്കുവാന്‍ തിമോത്തി റോമിലേക്കു പോയിരുന്നു. 67-ല്‍ പൗലോസിന്റെ മരണത്തിനുശേഷം യോഹന്നാന്‍ അപ്പോസ്തലന്‍ എഫേസൂസില്‍ വന്നു താമസിച്ചിരുന്നു. 97-ല്‍ അക്രമാസക്തരായ ഒരു കൂട്ടം യവനര്‍ തിമോത്തിയെ കല്ലെറിഞ്ഞുകൊന്നു എന്നാണ് വിശ്വാസം. 356-ല്‍ റോമാചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റിയൂസ് തിമോത്തിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തിലേക്കു കൊണ്ടുവന്നു സംസ്കരിച്ചു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍