This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിബത്തന്‍ നാടകവേദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിബത്തന്‍ നാടകവേദി

ഒരു തിബത്തന്‍ നാടകത്തില്‍ നിന്ന്

തിബത്തിലും തിബത്തന്‍ ജനസമൂഹങ്ങള്‍ പാര്‍ക്കുന്ന ഇന്ത്യയി ലേയും ചൈനയിലേയും പ്രദേശങ്ങളിലും പ്രചാരത്തിലുള്ള നാടകവേദി. തിബത്തന്‍ നാടകവേദിയെ സംബന്ധിച്ച ആദ്യ സൂചനകള്‍ 15-ാം ശ.-ത്തിന്റെ ചരിത്രത്തില്‍ പ്രകടമാകുന്നു. ബുദ്ധമത സന്ന്യാസിയായിരുന്ന താങ്സ്റ്റോണ്‍ ഗ്യാല്‍പൊ ഗായകരുടേയും നര്‍ത്തകരുടേയും ഒരു സംഘം രൂപീകരിക്കുകയും ബുദ്ധമത തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥകള്‍ അവതരിപ്പിക്കുകയും ചെയ്തതായിട്ടാണ് അറിവ്. കഥാപാത്രങ്ങളുടെ വേഷത്തില്‍ രംഗത്തു വന്നാണ് നര്‍ത്തകര്‍ കഥ അവതരിപ്പിച്ചിരുന്നത്. മതപരമായ ചടങ്ങുകളില്‍ നിന്ന് തിബത്തന്‍ നാടകവേദി വേറിട്ടുപോയത് 17-ാം ശ.-ത്തില്‍ മാത്രമാണ്.

സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭ്യാസ പ്രകടനം, മൂകാഭിനയം, നിറപ്പകിട്ടാര്‍ന്ന വേഷവിധാനം എന്നിവയെല്ലാം കലര്‍ന്ന ഒരു കലാരൂപമാണ് തിബത്തന്‍ നാടകം. വാദ്യോപകരണങ്ങള്‍ മുഴക്കുന്ന ശബ്ദവും സംഘഗാനവും ചേര്‍ന്നതായിരുന്നു സംഗീതത്തിന്റെ മുഖ്യഭാഗം. വസ്ത്രധാരണം ലളിതമായിരുന്നു. എന്നാല്‍ മുഖംമൂടികള്‍ വേഷവിധാനത്തിന്റെ അവിഭാജ്യഘടകമായിരുന്നു. തുറസ്സായ സ്ഥലത്ത് ചുറ്റും കൂടിയിരുന്ന കാണികളുടെ നടുവിലാണ് പലപ്പോഴും നാടകം അരങ്ങേറിയിരുന്നത്. ചിലപ്പോള്‍ ഇത് ക്ഷേത്രങ്ങളിലുമാകാം.

തിബത്തന്‍ നാടകത്തിന് പലപ്പോഴും മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകും. ആദ്യഭാഗത്ത് മുഖംമൂടി ധരിച്ച നര്‍ത്തകര്‍ നാടകത്തിന്റെ കഥ വിശദീകരിക്കുന്നു. രണ്ടാം ഭാഗത്ത് നാടകം അരങ്ങേറുന്നു. മൂന്നാം ഭാഗത്ത് കാണികളോട് വിടപറയുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഈ ഭാഗത്തിന് നാടകവുമായി ബന്ധമുണ്ടായിരിക്കില്ല. എങ്കിലും കാണികളില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.

തിബത്തന്‍ നാടകത്തിന്റെ വളര്‍ച്ച മിക്കവാറും വാമൊഴിയിലൂടെയായിരുന്നു. എഴുതി തയ്യാറാക്കാത്തതു കാരണം ഒരേ നാടകം തന്നെ പല നാടകസംഘങ്ങളും പല രൂപത്തിലാണ് അവതരിപ്പിച്ചിരുന്നത്. തിബത്തിന്റെ ചരിത്രത്തേയും പുരാണത്തേയും ഭരണാധികാരികളേയും മറ്റും സംബന്ധിച്ചുള്ള ഏതാനും നാടകങ്ങള്‍ മാത്രം കാലത്തെ അതിജീവിച്ചു. ഇന്ത്യന്‍ സാഹിത്യകൃതികളെ ആധാരമാക്കി ആവിഷ്കരിച്ച നാടകങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു. നന്മതിന്മകളെ വ്യക്തമായി വേര്‍തിരിച്ചു കാണിക്കുന്ന നാടകങ്ങളില്‍ സ്നേഹം, മതം, ഹാസ്യം എന്നിവയ്ക്കാണ് പ്രാധാന്യം കല്പിച്ചിരുന്നത്. പകല്‍സമയത്ത് അവതരിപ്പിക്കുന്ന നാടകങ്ങളില്‍ ചിലത് ദൈര്‍ഘ്യം കാരണം ഒന്നിലധികം ദിവസത്തേക്ക് നീണ്ടു പോകാറുണ്ട്.

ദ് ഹിസ്റ്റോറിക്കല്‍ ഡ്രാമാ ഒഫ് കിങ് സ്രോങ്-സാന്‍-ഗാംപൊ ആണ് ഏറ്റവുമധികം പ്രചാരമുള്ള നാടക പ്രമേയം. ഇതിലെ കഥാ നായകനായ തിബത്തന്‍ രാജാവ് ചൈനയിലെ വെന്‍ചെങ് രാജകുമാരിയെ പത്നിയായി ലഭിക്കുന്നതിനുവേണ്ടി ഒരു അംബാസഡറെ അയയ്ക്കുന്നു. രാജഭക്തനായ അംബാസഡര്‍ അനേകം ക്ളേശങ്ങള്‍ സഹിച്ച് രാജാവിന് വധുവിനെ നേടി കൊടുക്കുന്നു. വിവിധ സമൂഹങ്ങളെ സമന്വയിപ്പിക്കുന്ന ഈ നാടകത്തിന് ഇന്നും ചൈനയില്‍ പ്രചാരമുണ്ട്.

പ്രാചീന കാലത്ത് നാടകത്തിലെ അഭിനേതാക്കള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിച്ചിരുന്നില്ല. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് പുരുഷന്മാരാണ്. നാടകക്കമ്പനികളിലെ അംഗങ്ങളില്‍ മിക്കവരും ജന്മികളുടെ കീഴില്‍ പണിയെടുക്കുന്ന കര്‍ഷകരായിരുന്നു. കൃഷിയുടെ ഇടവേളകളില്‍ മാത്രമാണ് ഇവര്‍ ഒത്തുചേര്‍ന്നിരുന്നത്. ഇവരില്‍ നിന്ന് മികച്ച പന്ത്രണ്ട് ഗ്രൂപ്പുകളെ തിരഞ്ഞെടുത്ത് ലാസയില്‍ നാടക മത്സരങ്ങള്‍ നടത്തിവന്നു.

തിബത്തന്‍ ഡ്രാമാ ട്രൂപ്പ് ഒഫ് തിബത്ത് 1960-ല്‍ ലാസയില്‍ രൂപീകരിക്കപ്പെട്ടു. ചൈനീസ് ഭരണത്തിനെതിരെ 1959-ല്‍ നടന്ന കലാപത്തെ തുടര്‍ന്നാണ് ഈ കമ്പനി രൂപീകൃതമായത്. 1980-കള്‍ വരെ ഔദ്യോഗിക നാടക കമ്പനിയായി മറ്റൊന്നുണ്ടായിരുന്നില്ല. രണ്ടുമൂന്നു മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള പരമ്പരാഗത നാടകങ്ങളാണ് ഈ കമ്പനി അവതരിപ്പിച്ചിരുന്നത്. പരമ്പരാഗത നൃത്തങ്ങളും വേഷവിധാനങ്ങളും സംഗീതവും മുഖം മൂടികളുമൊക്കെ ഇവയില്‍ ഉപയോഗിച്ചിരുന്നു.

1980-ല്‍ അനേകം നാടോടി നാടക സംഘങ്ങള്‍ തിബത്തില്‍ രൂപംകൊണ്ടു. പരമ്പരാഗത നാടകങ്ങള്‍ മാത്രമാണ് ഇവര്‍ അവതരിപ്പിച്ചിരുന്നത്. സ്ത്രീ കഥാപാത്രങ്ങളുടെ റോളില്‍ സ്ത്രീകള്‍ തന്നെ അഭിനയിക്കാനാരംഭിച്ചു. ലാസയിലെ വേനല്‍ക്കാല നാടക മേളകള്‍ 1984-ല്‍ പുനരുദ്ധരിക്കപ്പെട്ടു. ഇന്ത്യയില്‍ പഞ്ചാബിലെ ധരംശാലയില്‍ തിബത്തന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പെര്‍ഫോമിങ് ആര്‍ട്ട്സ് പ്രവര്‍ത്തനം നടത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍