This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിന

(Foxtail millet,Italian millet)

ധാന്യവിള. പോയേസി (Poaceae) അഥവാ ഗ്രാമിനേ (Graminae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. സെറ്റേറിയ ഇറ്റാലിക്ക (Setaria italica). തിനയുടെ ജന്മദേശം പൂര്‍വ ഏഷ്യയാണെന്നു കരുതപ്പെടുന്നു. ക്രി.മു. 2700-ല്‍ ചൈനയില്‍ അഞ്ച് വിശുദ്ധ സസ്യങ്ങളിലൊന്നായി തിനയെ കണക്കാക്കിയിരുന്നു. ചൈന, ജപ്പാന്‍, ആഫ്രിക്ക, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ഇത് കൃഷി ചെയ്തുവരുന്നു. ജപ്പാനിലെ മുഖ്യ ധാന്യ വിളകളിലൊന്നാണിത്. ഇന്ത്യയില്‍ ആന്ധ്രപ്രദേശിനു പുറമേ തമിഴ്നാട്, കര്‍ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും തിന കൃഷി ചെയ്തുവരുന്നു. വരള്‍ച്ചയും വെള്ളപ്പൊക്കവും ഒരുപോലെ അതിജീവിക്കാന്‍ കഴിവുള്ളതിനാല്‍ മഴ കുറഞ്ഞ പ്രദേശങ്ങളിലും നന്നായി വളരും. മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന വിളകളോടൊപ്പം മിശ്രവിളയായും തിന കൃഷി ചെയ്യാറുണ്ട്. തമിഴ്നാട്ടില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ പരുത്തിയും തിനയും ഒരുമിച്ച് കൃഷി ചെയ്യുന്നു. പയറ്, ചോളം, കൂവരക് തുടങ്ങിയവയാണ് തിനയുടെ വിളപരിക്രമത്തില്‍ ഉള്‍പ്പെടുന്ന മറ്റു വിളകള്‍.

തിന

ഒന്നര മീറ്ററോളം ഉയരത്തില്‍ തഴച്ചു വളരുന്ന വാര്‍ഷികച്ചെടിയാണ് തിന. തണ്ടുകളുടെ പര്‍വങ്ങള്‍ പൊള്ളയാണെങ്കിലും പര്‍വ സന്ധികള്‍ക്ക് നല്ല ഉറപ്പുണ്ടായിരിക്കും. തണ്ടിലും ഇലകളിലും കടും ചുവപ്പുനിറത്തിലുള്ള വരകള്‍ കാണാം. തിന സസ്യത്തിന് സാധാരണ ശാഖകള്‍ ഉണ്ടാകാറില്ല. ചുവടുഭാഗത്തെ പര്‍വസന്ധികളില്‍ നിന്ന് ശാഖോപശാഖകളോടുകൂടിയ ധാരാളം അപസ്ഥാനിക മൂലങ്ങള്‍ ഉണ്ടാകുന്നു. തിനച്ചെടിയില്‍ നിന്ന് ധാരാളം ചിനപ്പുകള്‍ പൊട്ടി വളരാറുണ്ടെങ്കിലും എല്ലാ ചിനപ്പുകളില്‍ നിന്നും കതിരുകള്‍ ഉണ്ടാകാറില്ല. ഇലകള്‍ നീളം കൂടിയതും സാമാന്യം വീതിയുള്ളതുമാണ്. ഇലകളുടെ അറ്റം കൂര്‍ത്തിരിക്കും. പത്ര ആച്ഛദവും പത്രപാളിയും ചേരുന്ന ഭാഗത്താണ് ലിഗ്യൂള്‍.

വിത്തു വിതച്ച് രണ്ടു മാസമാകുമ്പോഴേക്കും തിനസസ്യം പുഷ്പിക്കുന്നു. പൂങ്കുല പാനിക്കിള്‍ പുഷ്പമഞ്ജരിയാണ്. നീണ്ട റാക്കിസില്‍ (rachis) നിന്ന് അനേകം ചെറുശാഖകള്‍ ഉണ്ടാകുന്നു. റാക്കിസിലും ശാഖകളിലും നേര്‍ത്ത വെളുത്ത രോമങ്ങളുണ്ടായിരിക്കും. ശാഖാഗ്രങ്ങളില്‍ ഒരു ഡസന്‍ വീതമുള്ള ചെറിയ കൂട്ടങ്ങളായി അവൃന്ത സ്പൈക്കികങ്ങള്‍ കാണപ്പെടുന്നു. ഓരോ സ്പൈക്കികത്തെയും വലയം ചെയ്ത് നാലോ അഞ്ചോ രോമിലങ്ങളായ നീണ്ട ശൂകങ്ങളുണ്ടായിരിക്കും. ഇവ രൂപാന്തരം പ്രാപിച്ച പൂങ്കുലകളാണ്. ഓരോ സ്പൈക്കികത്തിലും രണ്ട്പുഷ്പങ്ങള്‍ വീതമുണ്ടായിരിക്കും. രണ്ടു ഗ്ളൂമുകള്‍ ചേര്‍ന്ന് സ്പൈക്കികങ്ങളെ ഭാഗികമായി മൂടിയിരിക്കും. ബാഹ്യഗ്ളൂം ചെറുതും അറ്റം കൂര്‍ത്തതും മൂന്നു സിരകളോടുകൂടിയതുമാണ്. കൂര്‍ത്ത അഗ്രമുള്ള അകത്തെ ഗ്ളൂം വീതികൂടിയതും സ്പൈക്കിനോളം തന്നെ നീളമുള്ളതും അഞ്ചു സിരകളോടുകൂടിയതുമാണ്. ഇനഭേദമനുസരിച്ച് ഗ്ളൂമുകളുടെ നിറം വ്യത്യാസപ്പെടുന്നു.

സ്പൈക്കിലെ രണ്ട് പുഷ്പങ്ങളില്‍ ആദ്യത്തെ പുഷ്പത്തിന് അണ്ഡാകൃതിയിലുള്ള ഒരു ലെമ്മ മാത്രമേ സാധാരണ കാണപ്പെടാറുള്ളൂ. അപൂര്‍വമായി ഒരു പാലിയയും കൂടിയുള്ള അപൂര്‍ണ പുഷ്പവും ഉണ്ടാകാറുണ്ട്. സ്പൈക്കിലെ രണ്ടാമത്തെ പുഷ്പം പൂര്‍ണ പുഷ്പമായിരിക്കും. നല്ല കട്ടിയും അണ്ഡാകൃതിയുമുള്ള ഇതിന് അഞ്ചു സിരകളുള്ള ഓരോ ലെമ്മയും പാലിയയും അവയ്ക്കുള്ളില്‍ രണ്ടു ലോഡിക്യൂളുകളും മൂന്ന് കേസരങ്ങളും നീണ്ട വര്‍ത്തികകളും ബ്രഷുപോലുള്ള വര്‍ത്തികാഗ്രവും ഒരു അണ്ഡാശയവും ഉണ്ടായിരിക്കും. തിന വിത്ത് കാരിയോപ്സിസ് ആണ്. ലെമ്മയും പാലിയയും കൂടി വിത്തിനെ ആവരണം ചെയ്തിരിക്കുന്നു. ധാന്യങ്ങള്‍ പൊതുവേ വെള്ള, മഞ്ഞ, ചുവപ്പ്, തവിട്ട്, കറുപ്പ് എന്നീ നിറങ്ങളിലാണ് കാണപ്പെടുന്നത്.

കീടങ്ങളുടേയും പ്രാണികളുടേയും ഉപദ്രവം വളരെ കുറവായതിനാല്‍ തിന ധാന്യം ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാനാകും. മറ്റു ധാന്യങ്ങളെപ്പോലെ തിനയും ഒരു ഭക്ഷ്യവസ്തുവാണ്. അമേരിക്കയില്‍ ഇത് വയ്ക്കോലിനും സൈലേജിനും വേണ്ടിയാണ് കൃഷി ചെയ്യുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍