This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താസോ, തൊര്‍ക്കാത്തോ (1544 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താസോ, തൊര്‍ക്കാത്തോ (1544 - 95)

Tasso ,Torquato

ഇറ്റാലിയന്‍ കവി. ജെറുസലേം ലിബറാത്ത എന്ന ഇതിഹാസ കാവ്യം രചിച്ച താസോ നവോത്ഥാനകാലത്തെ ഏറ്റവും മികച്ച കവിയായി കരുതപ്പെടുന്നു. 1544 മാ. 11-ന് സൊറേന്റോയില്‍ ജനിച്ചു. പിതാവ് ബര്‍ണാദൊയും കവിയായിരുന്നു. താസോയുടെ ബാല്യകാലത്ത് കുടുംബത്തിന് പല തകര്‍ച്ചകളും നേരിടേണ്ടിവന്നു. 1552-ല്‍ പിതാവായ ബര്‍ണാദൊയെ നേപ്പിള്‍സില്‍ നിന്ന് നാടുകടത്തിയപ്പോള്‍ താസോയും കൂടെ പോയി. നാല് വര്‍ഷക്കാലം റോമിലാണ് താമസിച്ചത്. അവിടെവച്ച് ദുരൂഹമായ സാഹചര്യത്തില്‍ മാതാവ് മരണമടഞ്ഞു. 1557-ല്‍ പിതാവിനോടൊപ്പം പെസാറോയിലേക്കും പിന്നീട് അര്‍ബിനോയിലേക്കും താമസം മാറ്റി. 1560-ല്‍ പാദുവയിലെത്തിയ താസോ നിയമവും തത്ത്വശാസ്ത്രവും പഠിച്ചു. സിപിയോണ്‍ഗൊണ്‍ സാഗൊയുടെ സുഹൃത്തായി മാറിയ താസോ അദ്ദേഹത്തിന്റെ അക്കാദമി ഒഫ് എറ്ററിയില്‍ അംഗമായി ചേര്‍ന്നു.

താസോയുടെ ആദ്യത്തെ ഇതിഹാസ കാവ്യമായ റിനാള്‍ദൊ 1562-ല്‍ പ്രസിദ്ധീകരിച്ചു. ഏതാനും ഭാവഗീതങ്ങളും ഇക്കാലത്ത് രചിക്കുകയുണ്ടായി. 1565-ല്‍ കാര്‍ഡിനലിന്റെ കീഴില്‍ ഉദ്യോഗസ്ഥനായ താസോ പിന്നീട് ഫെറാറയിലേക്കു താമസം മാറ്റി. നവോത്ഥാന പാരമ്പര്യത്തില്‍ തയ്യാറാക്കിയ കണ്‍ക്ളുഷനി ദി അമോര്‍ 1581-ല്‍ പ്രസിദ്ധീകരിച്ചു. ഇക്കാലത്ത് നിരവധി ഭാവഗീതങ്ങളും താസോ രചിക്കുകയുണ്ടായി. 1573-ല്‍ അവതരിപ്പിച്ച അമിന്റ എന്ന ഇടയനാടകം 1580-ല്‍ പ്രസിദ്ധീകരിച്ചു. ഗലിയാള്‍ട്ടൊ റി ദി സവേജിയ (1574) എന്ന ദുരന്തനാടകവും ജറുസലേം ലിബറാത്ത(1575) എന്ന മഹാകാവ്യവുമാണ് ഇക്കാലത്തു രചിച്ച മറ്റു മികച്ച കൃതികള്‍. 1572-ല്‍ ഡ്യൂക്ക് അല്‍ഫോണ്‍സൊ IIന്റെ സര്‍വീസില്‍ നിന്ന് താസോ വിരമിച്ചു. പില്ക്കാലത്ത് മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ താസോയില്‍ കണ്ടുതുടങ്ങി. ജറുസലേം ലിബറാത്ത എന്ന ഇതിഹാസകാവ്യം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് താസോ തന്റെ ഉറ്റ സുഹൃത്തുക്കളോട് അഭിപ്രായമാരാഞ്ഞിരുന്നു. അവരില്‍ പലരുടേയും വിമര്‍ശനങ്ങള്‍ ഇദ്ദേഹത്തെ അത്യധികം വേദനിപ്പിച്ചു. ഈ സാഹചര്യത്തില്‍ താസോ വിശ്രമമില്ലാതെ അനേക രാജ്യങ്ങളില്‍ പര്യടനം നടത്തി. 1577-ല്‍ റോമിലും 78-ല്‍ ഫെറാറായിലുമെത്തി. അവിടത്തെ ഡ്യൂക്കിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയും അവഗണനയുടെ പേരില്‍ അക്രമാസക്തനാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അറസ്റ്റുചെയ്യപ്പെട്ട താസോ ഏഴ് വര്‍ഷക്കാലം തടവില്‍ കഴിഞ്ഞു. ഇക്കാലത്ത് ഇദ്ദേഹം അനേകം കവിതകള്‍ രചിക്കുകയുണ്ടായി. ഇവയില്‍ പലതും തന്റെ ഇതിഹാസകാവ്യത്തെ ന്യായീകരിക്കുന്നവയായിരുന്നു. 1586-ല്‍ ഫാദര്‍ ഏഞ്ചലിയോ ഗ്രില്ലോയുടേയും രാജകുമാരനായ വിന്‍സെന്‍സോ ഗൊണ്‍സാഗയുടേയും ഇടപെടലിനെ തുടര്‍ന്ന് താസോ മോചിതനായി.

തടവില്‍നിന്നു പുറത്തുവന്ന താസോയ്ക്ക് മന്‍ത്വായില്‍ ഊഷ്മളമായ വരവേല്പാണു ലഭിച്ചത്. ഇവിടെവച്ച് ഗലിയാന്‍തൊ എന്ന ദുരന്തനാടകം പരിഷ്കരിച്ചത് ടോറിസ് മോണ്‍ടൊ (1587) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. അതേവര്‍ഷംതന്നെ റോമിലേക്കു കടന്ന താസോ അവിടത്തെ കാര്‍ഡിനലായ ഗൊണ്‍സാഗയുടെ അതിഥിയായിട്ടാണ് അവസാനകാലം ചെലവഴിച്ചത്. 1593-ല്‍ ഇതിഹാസ കാവ്യം പരിഷ്കരിച്ച് ജറുസലേം കോണ്‍ക്വിസ്താത്ത എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 1591-ല്‍ നേപ്പിള്‍സിലായിരുന്നപ്പോള്‍ താസോ മതപരമായ കവിതകള്‍ പലതും രചിക്കുകയുണ്ടായി. മോണ്‍ടി ഒലിവെറ്റോ (1605), സെറ്റെഗിയോര്‍ണേറ്റ് ദെല്‍മോണ്‍ടൊ ക്രീറ്റൊ (1600) എന്നീ കവിതാസമാഹാരങ്ങളില്‍ ഇവ ഉള്‍പ്പടുത്തിയിരിക്കുന്നു.

റിനാള്‍ദൊ എന്ന ഇതിഹാസകാവ്യം രചിക്കുമ്പോള്‍ താസോ കാവ്യഭാവനയേക്കാള്‍ പ്രാധാന്യം കല്പിച്ചത് സാങ്കേതിക മേന്മയ്ക്കായിരുന്നു. പത്തുവര്‍ഷത്തിനുശേഷം രചിച്ച അമിന്റ എന്ന നാടകം മാസ്റ്റര്‍പീസായി പരിഗണിക്കപ്പെടുന്നു. ജറുസലേം ലിബറാത്ത എന്ന കാല്പനിക മഹാകാവ്യത്തിന്റെ മുന്നോടികളായിരുന്നു ഈ രചനകള്‍. ഒട്ടാവോ റിമാ എന്ന ഛന്ദസ്സില്‍ രചിച്ച ഈ കൃതി ഇരുപത് വാല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. കുരിശുയുദ്ധത്തെത്തുടര്‍ന്ന് ജറുസലേം വിമോചിപ്പിക്കപ്പെടുന്നതാണ് ഇതിലെ മുഖ്യ പ്രതിപാദ്യം. നായകനായ ഗോഫ്രെദോയുടെ സേനാനായകനായ റിനാള്‍ദോ ഫെറാറയിലെ ഡ്യൂക്കുകളുടെ മുന്‍ഗാമിയാണെന്നു കരുതപ്പെടുന്നു. ടാന്‍ക്രെദോ, അമസോണ്‍ ക്ളോറിന്റ എന്നിവരുടെ ദുരന്ത പ്രേമകഥയും സോഫ്രോനിയ, ഒലിന്റോ എന്നിവരുടെ ത്യാഗോജ്ജ്വലമായ പ്രേമകഥയും മറ്റും ഉപകഥകളായി ചേര്‍ത്തിരിക്കുന്നു. നവോത്ഥാന കാലത്തെ പ്രവണതകള്‍ ഏറെ ഉള്‍ക്കൊണ്ട ഒരു മികച്ച കലാസൃഷ്ടിയാണിത്.

1595 ഏപ്രില്‍ 25-ന് റോമില്‍ താസോ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍