This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താവോ തേ കിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താവോ തേ കിങ്

Tao Te Ching

ചൈനീസ് മതഗ്രന്ഥം. താവോ മതത്തിന്റെ ഉപനിഷത്തായി ഇത് പരിഗണിക്കപ്പെടുന്നു. ലാവോത്സെ (ലാവോസി) ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഈ കൃതി രചിക്കാനിടയായ സാഹചര്യത്തെപ്പറ്റി ഒരു ഐതിഹ്യം നിലവിലുണ്ട്. മധ്യവയസ്സില്‍ സൈനിക സേവനത്തില്‍ നിന്നു വിരമിച്ച ലാവോത്സെ സന്ന്യാസം സ്വീകരിച്ച് ജ്ഞാനോപദേശം നല്കുവാന്‍ ആരംഭിച്ചു. ഒട്ടേറെ ശിഷ്യന്മാര്‍ ഇദ്ദേഹത്തിനുണ്ടായി. ശിഷ്യഗണങ്ങളുടെ സംഭാഷണങ്ങളില്‍ നിന്ന് ലാവോയുടെ മഹത്ത്വം ഗ്രഹിക്കാനിടയായ ചക്രവര്‍ത്തി ഇദ്ദേഹത്തിന്റെ അറിവുകള്‍ ഗ്രന്ഥരൂപത്തിലാക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിഷ്ടപ്പെടാതെ ലാവോത്സെ രാജ്യം വിട്ടുപോകുന്നതിന് തീരുമാനിച്ചു. അതിര്‍ത്തി കടക്കാന്‍ ചെന്ന ഇദ്ദേഹത്തെ രാജസേവകര്‍ ചുങ്കം നല്കാത്തതിനാല്‍ തടഞ്ഞു നിറുത്തി. തന്റെ പക്കല്‍ ചുങ്കം നല്കാന്‍ കാശില്ലെന്നും താന്‍ പുസ്തകം എഴുതണമെന്ന് നിര്‍ബന്ധിച്ചതിനാലാണ് രാജ്യം വിടുന്നതെന്നും അവരെ അറിയിച്ചു. ഗ്രന്ഥം നിര്‍മിക്കുവാനുള്ള അറിവുണ്ടെങ്കില്‍ പുസത്കം എഴുതി നല്കിയാല്‍ മതിയാകുമെന്നും ചുങ്കത്തിന് പണം തരേണ്ടതില്ല എന്നും രാജസേവകന്‍ അറിയിച്ചു. അതനുസരിച്ച് രചിച്ച ഗ്രന്ഥമാണ് താവോ തേ കിങ് (താവോയുടെ പുസ്തകം) എന്ന് ജനങ്ങള്‍ വിശ്വസിച്ചുപോരുന്നു.

ഗ്രന്ഥാരംഭത്തില്‍ "സത്യം വ്യഞ്ജിപ്പിക്കാന്‍ കഴിയാത്തതാണ്; വ്യഞ്ജിപ്പിക്കപ്പെടുന്നത് ഒന്നുംതന്നെ സത്യമല്ല - എന്നു വെളിപ്പെടുത്തുന്നു. ഗ്രന്ഥം രചിച്ചു നല്കിയ ശേഷം ഗ്രന്ഥകാരന്‍ എങ്ങോ അപ്രത്യക്ഷനായതായാണ് വിശ്വസിച്ചുപോരുന്നത്.

അനന്തമായ മഹാസമുദ്രത്തെ അതീവ സമര്‍ഥമായി ഒരു പാത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുപോലെ 81 ബീജമന്ത്രങ്ങളിലൊതുക്കി താവോ തന്റെ തത്ത്വശാസ്ത്രം പ്രതിപാദിച്ചിരിക്കുന്നു. ജ്ഞാനസിദ്ധി നേടിയവരില്‍ അതിശ്രേഷ്ഠനായി ഗണിക്കപ്പെടുന്ന ലാവോത്സെയുടെ ഈ കൃതിക്ക് അനുബന്ധമോ വ്യാഖ്യാനമോ ഇതുവരെ ഉണ്ടായിട്ടുള്ളതായി അറിവില്ല.

'താവോ'എന്ന പദത്തിന് 'വഴി' എന്നാണ് അര്‍ഥം. സാധാരണ വഴി പോലെ കൃത്യമായ അതിര്‍വരമ്പുകളോ ലക്ഷ്യമോ ഇല്ലാത്ത വഴിയാണിത്. ഓരോരുത്തര്‍ക്കും അവരവരുടെ വഴി; എത്തിച്ചേരുന്ന സ്ഥാനവും എത്തുന്ന ആളും തമ്മില്‍ അകലമില്ല. ഒരിക്കലും മാറ്റം വരാത്ത സത്യമായി താദാത്മ്യം പ്രാപിക്കാനുള്ള ഈ മാര്‍ഗത്തെയാണ് ലാവോത്സെ 'താവോ' എന്നു വിശേഷിപ്പിക്കുന്നത്.

"മനുഷ്യന്റെ മാതൃക ഭൂമിയാണ്; ഭൂമിയുടെ മാതൃക സ്വര്‍ഗമാണ്; സ്വര്‍ഗത്തിന്റെ മാതൃക മാര്‍ഗമാണ്; മാര്‍ഗത്തിന്റെ മാതൃക നൈസര്‍ഗികവുമാണ്.ഇങ്ങനെ ശൃംഖലാബദ്ധമായി നീണ്ടു പോകുന്നു താവോ തേ കിങിലെ വിവരണങ്ങള്‍.

ഇന്ദ്രിയഗോചരമായ പദാര്‍ഥങ്ങളെ സത്തയായും അല്ലാത്തവയെ അസത്തയായും വ്യവഹരിക്കുകയും സമാധാനം കാംക്ഷിക്കുകയും യുദ്ധത്തെ എതിര്‍ക്കുകയും പുരോഗമനപരമായ ലക്ഷ്യങ്ങളും ജനകീയ സ്വഭാവവും സ്വാഗതം ചെയ്യുകയുമാണ് ഈ കൃതിയിലൂടെ ഗ്രന്ഥകാരന്‍ ലക്ഷ്യമാക്കിയിരിക്കുന്നത്.

പ്രധാന ലോകഭാഷകളിലെല്ലാം ഈ ഗ്രന്ഥത്തിന് വിവര്‍ത്തനമുണ്ടായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍