This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താവോയിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താവോയിസം

Taoism

ചൈനീസ് ദാര്‍ശനിക പ്രസ്ഥാനവും മതവും. ലാവോസി (ബി.സി. 604-517) ആണ് താവോ മതസ്ഥാപകന്‍. 'ചൈനയിലെ ബുദ്ധന്‍' എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 'താവോ' എന്ന ചൈനീസ് വാക്കിന് 'മാര്‍ഗം' എന്നാണ് അര്‍ഥം. 'താവോമതംദൌ മതം',എന്നിങ്ങനെയും താവോയിസം വ്യവഹരിക്കപ്പെടുന്നുണ്ട്. അതിപ്രാചീനമായ സാംസ്കാരിക പാരമ്പര്യം സ്വായത്തമായുള്ള ചൈനക്കാരുടെ ആദ്യകാല മതവിശ്വാസങ്ങളില്‍പ്പോലും ആധ്യാത്മികതയുടെ ഭാസുരഭാവങ്ങള്‍ കാണാന്‍ കഴിയും. പ്രപഞ്ചത്തിന് കാരണവും നിയാമകവുമായ ഒരു സത്തയെ സര്‍വശക്തന്‍, മോക്ഷം, മാര്‍ഗം തുടങ്ങിയ വ്യത്യസ്ത പേരുകളില്‍ അവര്‍ അംഗീകരിച്ചിരുന്നതായി താവോ തേ കിങ് എന്ന പ്രാമാണിക ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നു. തേ എന്ന പദം ധര്‍മത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ കാലഘട്ടം ചൈനയിലെ 'തേയുടെ യുഗം'എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇക്കാലത്ത്, അറിവിന് യാതൊരു വിലയും കല്പിച്ചിരുന്നില്ല. ജോലിക്കായി ആരെയും എവിടെയും നിയമിച്ചിരുന്നുമില്ല. ഉന്നതന്മാരെന്നോ അധമന്മാരെന്നോ ഭേദവുമില്ലായിരുന്നു. ജനങ്ങള്‍ സര്‍വതന്ത്ര സ്വതന്ത്രരായി വിഹരിച്ചിരുന്നു. അവര്‍ ഋജുബുദ്ധികളും സദാചാരനിഷ്ഠരും സത്ഗുണസമ്പന്നരുമായിരുന്നു. വിശ്വാസ്യത എന്തെന്ന് പ്രത്യേകം പഠിക്കാതെതന്നെ ജനങ്ങള്‍ പരസ്പരം വിശ്വസ്തത പുലര്‍ത്തിപ്പോന്നു. ഈ കാലഘട്ടമാണ് ലാവോസി എന്ന പ്രഥമ ഗുരുവിന്റെ ഉപദേശത്തോടെ താവോമതത്തിന്റെ തത്ത്വസംഹിതയ്ക്ക് അടിത്തറ പാകിയത്.

ലാവോസി (ബി.സി. 604-517) കണ്‍ഫ്യൂഷ്യസിന് (ബി.സി. 551-470) മുമ്പ് ജീവിച്ചിരുന്ന പ്രഥമഗണനീയനായ വേദാന്തിയായിരുന്നു. 'ലാവോസി'എന്ന ചൈനീസ് പേരിന് 'പ്രഥമ ഗുരു'എന്നാണ് അര്‍ഥം. ഇദ്ദേഹം രചിച്ച താവോ തേ കിങ്ങില്‍ 'താവോ' എന്നും 'തേ' എന്നും രണ്ട് ഭാഗങ്ങളിലായി അയ്യായിരത്തിനുമേല്‍ വാക്കുകളുള്ള വിശ്വാസപ്രമാണങ്ങള്‍ ആണ് ചര്‍ച്ച ചെയ്തിരിക്കുന്നത്. വെറും ശുഷ്കമായ ഒരു വേദാന്തഗ്രന്ഥമായി ഇതിനെ കരുതാനാവില്ലെന്നും മഹനീയമായ നിരവധി ഗുണപാഠങ്ങളടങ്ങിയ വിശിഷ്ട തത്ത്വശാസ്ത്രഗ്രന്ഥമായാണ് ഇതിനെ കാണേണ്ടതെന്നുമാണ് ലാവോസി അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇതിലെ 'താവോ'യും 'തേ'യും ജീവശക്തി വഹിക്കുന്നു എന്നാണ് സങ്കല്പം. അവയെ രണ്ടിനെയും ഉള്‍ക്കൊള്ളുവാന്‍ കഴിവുള്ള ഗ്രന്ഥമായ 'കിങ്' എന്ന മൂന്നാം ഭാഗവും കൂടെ ചേര്‍ക്കുമ്പോള്‍ മാത്രമേ ഗ്രന്ഥത്തിനു പൂര്‍ണത ലഭിക്കുന്നുള്ളൂ. ചൈനക്കാര്‍ നിത്യജീവിതത്തില്‍ മാര്‍ഗദര്‍ശകമായി കരുതിയിരിക്കുന്നത് ഈ ഗ്രന്ഥത്തെയാണ്.

ലാവോസി പഠിച്ച പഴയ പ്രമാണങ്ങളില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് വിരചിച്ച ഈ ഗ്രന്ഥത്തില്‍, ചൈനക്കാര്‍ അതിപുരാതനകാലം മുതല്‍ ആരാധിച്ചുപോന്ന പ്രപഞ്ച പ്രതിഭാസമായ താവോയിലേക്ക് എല്ലാ ചിന്തകളേയും കേന്ദ്രീകരിക്കുന്നതിന് ആഹ്വാനം ചെയ്തു. ലാവോസിയുടെ ചിന്തകളുടെയെല്ലാം സ്ഥായീഭാവവും സ്വരവും താവോ(മാര്‍ഗം), തേ(ധര്‍മം) എന്നീ രണ്ടേ രണ്ടു പദങ്ങളാണ് (way and virtue). സര്‍വവും ഇതിലടങ്ങിയിരിക്കുന്നു. താവോയിലും തേയിലും അടങ്ങിയിട്ടുള്ള തത്ത്വങ്ങള്‍ പ്രപഞ്ചഘടനയുടെതന്നെ ഘടകങ്ങളാണ്. ഓരോ കാലഘട്ടത്തിനനുസരിച്ച് അവയ്ക്ക് രൂപഭേദങ്ങള്‍ വന്നുചേരുന്നു എന്നുമാത്രം. താവോ മതത്തിന്റെ പ്രാധാന്യത്തെപ്പറ്റി ലാവോസി പറയുന്നതിപ്രകാരമാണ്. "പ്രകൃതിയിലെ എല്ലാ വസ്തുക്കളും ശാന്തമായി പെരുമാറുന്നു. അവ നിലനില്ക്കുകയും ഒന്നും സമ്പാദിക്കാതിരിക്കുകയും ചെയ്യുന്നു. അവയുടെ കര്‍ത്തവ്യം നിറവേറ്റുകയും അവകാശങ്ങള്‍ പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്നു. എല്ലാ ജീവജാലങ്ങളും അവരവരുടെ ജോലി നിര്‍വഹിച്ചു വരുന്നതുപോലെ തിരിച്ചുപോകുന്നതും നമ്മള്‍ കാണുന്നു. അവ പരിപൂര്‍ണതയിലെത്തി ഉദ്ഭവസ്ഥാനത്തു തിരിച്ചെത്തുകയാണ് ചെയ്യുന്നത്. ഉദ്ഭവത്തിലേക്കു മടങ്ങുക എന്നതിന് നിത്യ വിശ്രമം അഥവാ നിയതിയിലേക്കുള്ള നിവൃത്തി എന്നാണര്‍ഥം.

ലാവോസി മഹത്തായ പ്രപഞ്ചശക്തി(The great Universal Mother)യെക്കുറിച്ച് പൂര്‍ണമായും ബോധവാനായിരുന്നു. പ്രകൃതി മനുഷ്യനേയും ജീവിതത്തേയും ലഘുവും ശാന്തിമയവുമായാണ് രൂപവത്കരിച്ചിരിക്കുന്നത്. അന്നത്തെ ലോകം സുഖപ്രദമായിരുന്നു. എന്നാല്‍ മനുഷ്യന്‍ വിജ്ഞാനം ആര്‍ജിച്ചുതുടങ്ങിയതോടെ ജീവിതം സങ്കീര്‍ണവും ദുരിതപൂര്‍ണവുമായിത്തീര്‍ന്നു എന്നാണ് താവോയിസ്റ്റ് ചിന്താഗതി വെളിവാക്കുന്നത്. പ്രകൃതിയുടെ നിത്യനിരാമയമായ നിയമങ്ങളിലേക്കുള്ള തിരിച്ചുപോക്ക് അഥവാ താവോയെ പ്രാപിക്കലാണ് താവോയിസത്തിന്റെ പരമപ്രധാനമായ പ്രമാണം.

പ്രകൃതിയുടെ പൊതുതത്ത്വങ്ങളില്‍ നിന്നാണ് ലാവോസി ഒരു തീരുമാനത്തിലെത്തുന്നത്. വിവിധവും വിചിത്രവുമായ പ്രകൃതിയുടെ പ്രക്രിയകളില്‍ അവധാര്യമല്ലാത്ത ഒരു പരമയാഥാര്‍ഥ്യം അടങ്ങിയിട്ടുണ്ട്. അതാകട്ടെ സ്വയം പ്രത്യക്ഷപ്പെടുകയാണു ചെയ്യുന്നത്. ഈ പരമപ്രധാന തത്ത്വത്തിന്, പ്രകൃതിയുടെ എല്ലാ പ്രതിഭാസങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ഈ ശക്തിവിശേഷത്തിന് താവോ അഥവാ 'തായോ' എന്നു പേരിട്ടിരിക്കുന്നു. 'തായോ' എന്താണ്? എന്ന അന്വേഷണത്തിന് പ്രസിദ്ധ താവോയിസ്റ്റായ ഹ്വായി നാന്റ് ദ്സു (Haui Nant tsu) നല്കുന്ന വിശദീകരണം "സ്വര്‍ഗങ്ങള്‍ക്ക് സഹായകവും ഭൂമിയെ ഉള്‍ക്കൊള്ളുന്നതും സീമയോ പരിധിയോ ഇല്ലാത്തതും സമസ്ത ചരാചരങ്ങളെയും വലയം ചെയ്തു നില്ക്കുന്നതും അരൂപിയും ആണ് എന്നാണ്.

താവോ ദര്‍ശനത്തിന് 'പ്രകൃതിവാദദര്‍ശന'മെന്ന പേരും പറയാവുന്നതാണ്. ഒരു തരത്തിലുള്ള നൈഷ്കര്‍മ്യമാണ് താവോയിസ്റ്റുകളുടെ ആദര്‍ശം. സംഭവങ്ങളുടെ ഗതിവിഗതികള്‍ നിര്‍ന്നിമേഷരായി നോക്കിനില്ക്കുകയല്ലാതെ, അതിലിടപെടുന്നതിനു ശ്രമിക്കാറില്ല എന്നതാണ് ഇവരുടെ രീതി. വിജ്ഞാന സമാഹരണത്തേയും ബുദ്ധിജീവികളേയും രാഷ്ട്രത്തിന്റെ ബദ്ധശത്രുക്കളായി കരുതുന്ന ഈ സിദ്ധാന്തത്തിനോട് കണ്‍ഫ്യൂഷ്യസിന് യോജിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ചൈനയില്‍ കണ്‍ഫ്യൂഷ്യനിസം രൂപംകൊണ്ടത്.

ലാവോസിയുടെ ശിഷ്യനായിരുന്ന ചുവാങ് സുവും താവോ ഗ്രന്ഥം രചിച്ചിട്ടുണ്ട് 'വൂ വൈ' (Wu-wei) എന്നറിയപ്പെടുന്ന 'തേ'യുടെ പ്രായോഗിക ധര്‍മത്തെക്കുറിച്ചു സൂചിപ്പിക്കുന്നത്, യുഗാന്തരങ്ങളായുള്ള വിജ്ഞാനത്തെയാണ് തേ പ്രതിനിധീകരിക്കുന്നതെന്നാണ്. ജീവിതചര്യയില്‍ അവശ്യം വേണ്ട പരമതത്ത്വമായി സ്വീകരിച്ചിട്ടുള്ള 'വൂ വൈ'കൊണ്ട് വ്യവഹരിക്കുന്നത് ക്ളേശരഹിതം, സഹകരണ രഹിതം, പ്രയത്നരഹിതം എന്നിങ്ങനെയുള്ള നിഷ്ക്രിയത്വത്തെയാണ്. പ്രകൃതിയുടെ ദൈനംദിന കര്‍മങ്ങളില്‍ ഒരുതരത്തിലും തടസ്സപ്പെടുത്താതിരിക്കലാണ് അര്‍ഥമാക്കുന്നത്. വൂ വൈ-യെ സര്‍ഗാത്മക ശക്തിയായാണ് താവോയിസ്റ്റുകള്‍ പരിഗണിക്കുന്നത്. നിശ്ശബ്ദതയും എളിമയും ഏകാന്തതയും ആധ്യാത്മിക ജീവിതത്തിന്റെ ഉന്നതിക്കുള്ള മാര്‍ഗങ്ങളായും ഇവര്‍ കരുതിപ്പോന്നു. ആന്തരിക ജ്ഞാനത്തേയും ഇച്ഛാശക്തിയേയും വെളിപ്പെടുത്തുന്ന ഒന്നാണ് വൂവൈ.

പ്രകടനങ്ങളിലും ഉദ്ദേശ്യങ്ങളിലും വിശ്വസിക്കാത്തവരാണ് താവോയിസ്റ്റുകള്‍. നിഷ്ക്രിയത്വം അഥവാ ഒന്നും ചെയ്യാതിരിക്കലല്ല, പ്രകൃതിക്കൊത്ത് ജീവിക്കാനും സര്‍വഭൂതങ്ങളോടും സമഭാവന കൈക്കൊള്ളാനുമാണ് താവോയിസം ആഹ്വാനം ചെയ്യുന്നത്. വിജ്ഞാനത്തില്‍ നിന്നു പിന്തിരിഞ്ഞ് ആഗ്രഹങ്ങള്‍ പരിത്യജിച്ച് ഇഹപരങ്ങളുടെ ലക്ഷ്യമായ താവോ തേ-യെ യോഗികള്‍ ആശ്രയിക്കുന്നു.

കലങ്ങിയ വെള്ളം സ്വച്ഛമായിക്കിടന്നാല്‍ തെളിയുന്നതു പോലെ, അറിവുകൊണ്ടു മനസ്സിനെ മലീമസമാക്കാതിരുന്നാല്‍ മനസ്സ് പരിശുദ്ധമായിരിക്കുമെന്നാണ് താവോയിസ്റ്റുകളുടെ വിശ്വാസം. സാധാരണക്കാരുടെ ദൈനംദിനജീവിതത്തില്‍ ഗണ്യമായ സ്വാധീനത ചെലുത്തിയിരുന്ന ഈ പ്രസ്ഥാനം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് മതപരിവേഷം കൈക്കൊള്ളുകയും നാട്ടിലെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അധഃപതിക്കുകയും ചെയ്തു. 11-ാം ശ. ആയപ്പോള്‍ ഈ സിദ്ധാന്തം ആചാരജഡിലവും മന്ത്രവാദപ്രധാനവുമാവുകയും പുരോഹിതന്മാര്‍ നിയന്ത്രിക്കുന്ന അന്ധമായ ഒരു മതവിശ്വാസമായി പരിണമിക്കുകയും ചെയ്തു. കണ്‍ഫ്യൂഷ്യനിസവും താവോയിസവും വ്യതിരിക്ത മതശാഖകളായി മാറുകയും വ്യത്യസ്ത പഥങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്തു. ബുദ്ധമതം ചൈനയില്‍ അതിവേഗം പ്രചരിക്കാന്‍ തുടങ്ങിയതോടെ താവോയിസം ബുദ്ധമതത്തില്‍ വിലയം പ്രാപിച്ച് വിസ്മൃതിയില്‍ ലയിച്ചു. നോ: ചൈനീസ് തത്ത്വശാസ്ത്രം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍