This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താലൂക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താലൂക്ക്

ജില്ലയുടെ ഒരു ഉപഘടകം. താലുകാ എന്ന അറബി പദത്തില്‍ നിന്നോ താല്ലുക്ക എന്ന പേര്‍ഷ്യന്‍ പദത്തില്‍ നിന്നോ താലൂക്ക് എന്ന നാമം നിഷ്പന്നമായെന്നു കരുതാം. ഭരണസൗകര്യത്തിനുവേണ്ടി ജില്ലയെ പല താലൂക്കുകളായി വിഭജിക്കുന്നു. പൊതുഭരണ നടത്തിപ്പില്‍ ഗ്രാമീണ ജനതയുമായി വളരെ അടുത്തു പ്രവര്‍ത്തിക്കുന്ന ഭരണമണ്ഡലമാണ് താലൂക്ക്. ട്രഷറി, ഭൂമിയെ സംബന്ധിച്ച രേഖകള്‍, റവന്യൂ തുടങ്ങിയ കാര്യങ്ങളിലെ അടിസ്ഥാന ഭരണനിര്‍വഹണം താലൂക്കു തലത്തില്‍ നടക്കുന്നു. ഭൂമി, റവന്യൂ എന്നിവയെ സംബന്ധിച്ച് ഉളവാകുന്ന പ്രശ്നങ്ങളില്‍ അടിസ്ഥാന തീരുമാനം താലൂക്കു തലത്തിലാണ് കൈക്കൊള്ളാറുള്ളത്. മിക്ക ഭരണവകുപ്പുകള്‍ക്കും താലൂക്കു തലത്തില്‍ ഓഫീസുണ്ട്. എന്നാല്‍ എല്ലാ വകുപ്പുകള്‍ക്കും അപ്രകാരം വേണമെന്ന് നിര്‍ബന്ധമില്ല. വകുപ്പുകളുടെ സ്വഭാവമനുസരിച്ച് അവയ്ക്ക് താലൂക്കു തലത്തിലുള്ള ഉദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തനം ആവശ്യമില്ലാത്തതാണെങ്കില്‍ താലൂക്കുതല ഓഫീസുകള്‍ ഇല്ലാതിരിക്കാം. താലൂക്കിന് 'തഹസീല്‍' എന്നും പേരുണ്ട്. താലൂക്കിനെ പല വില്ലേജുകളായി വിഭജിച്ച് തദ്ദേശഭരണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. തഹസീല്‍ദാര്‍ ആണ് താലൂക്കിന്റെ മുഖ്യ ഭരണാധികാരി. സംസ്ഥാന റവന്യൂ സര്‍വീസിലെ ഉദ്യോഗസ്ഥന്മാരാണ് തഹസീല്‍ദാരന്മാരായി നിയമിക്കപ്പെടാറുള്ളത്. നോ: തഹസീല്‍ദാര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍