This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താരിപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താരിപ്പ്

ഒരു രാജ്യത്തുനിന്നും അന്യരാജ്യങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോഴും അന്യരാജ്യങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോഴും ചുമത്തുന്ന നികുതി. താരിപ്പുകള്‍ കണക്കാക്കുന്നതിന് സാധാരണയായി രണ്ട് മാര്‍ഗങ്ങളാണ് പിന്തുടരുന്നത്. സാധനത്തിന്റെ അളവനുസരിച്ച് താരിപ്പ് ചുമത്തുന്നതാണ് ഒരു രീതി. സാധനങ്ങളുടെ അളവും തൂക്കവും കണക്കാക്കുന്നത് എളുപ്പമായതിനാല്‍ ചുമത്തേണ്ട നികുതിയുടെ നിരക്ക് കണ്ടെത്തുക പ്രയാസകരമല്ല. എന്നാല്‍ ഇങ്ങനെ താരിപ്പ് ചുമത്തുന്നതില്‍ അസമത്വമുണ്ടെന്ന് പൊതുവേ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഒരേ അളവിലുള്ള സാധനങ്ങള്‍ വാങ്ങുന്ന സമ്പന്നരും പാവപ്പെട്ടവരും ഒരേ നികുതി തന്നെ കൊടുക്കേണ്ടിവരുന്നു എന്നതാണ് ഈ രീതിയുടെ ന്യൂനത. ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടിയാണ് രണ്ടാമത്തെ മാര്‍ഗം നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സാധനങ്ങളുടെ വില അഥവാ മൂല്യമനുസരിച്ച് താരിപ്പ് നിര്‍ണയിക്കുന്ന രീതിയാണത്. വിലകൂടിയ ആഡംബര വസ്തുക്കളും മറ്റും വാങ്ങുന്ന സമ്പന്നര്‍ നിത്യോപയോഗസാധനങ്ങള്‍ മാത്രം വാങ്ങുന്ന ദരിദ്രരെ അപേക്ഷിച്ച് കൂടുതല്‍ താരിപ്പ് നല്കുന്നു എന്നതാണ് ഈ രീതിയുടെ പ്രത്യേകത.

വിലയനുസരിച്ച് താരിപ്പ് കണക്കാക്കുന്ന സമ്പ്രദായത്തിന്റെ പോരായ്മകള്‍ ഇവയാണ്. ഒന്ന്, സാധനങ്ങളുടെ വില നിശ്ചയിക്കുവാനുള്ള പ്രയാസം. ബില്ലുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വിലകള്‍ എപ്പോഴും വിശ്വാസയോഗ്യമായിക്കൊള്ളണമെന്നില്ല. വില കുറച്ചു കാണിക്കുവാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല.

രണ്ട്, ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഈ നികുതി സമ്പ്രദായം ചിലപ്പോള്‍ ഫലപ്രദമായിരിക്കില്ല. വിദേശരാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന വില കുറഞ്ഞ ചരക്കുകള്‍ ആഭ്യന്തര വ്യവസായങ്ങള്‍ക്കു ദോഷകരമാണ്. ഉയര്‍ന്ന നിരക്കിലുള്ള താരിപ്പ് ചുമത്തിയെങ്കില്‍ മാത്രമേ ഇറക്കുമതിയെ നിരുത്സാഹപ്പെടുത്താനാവുകയുള്ളൂ. എന്നാല്‍, സാധനത്തിന്റെ വിലയുടെ അടിസ്ഥാനത്തില്‍ താരിപ്പ് കണക്കാക്കുന്ന രീതിയനുസരിച്ച് ഇത് സാധ്യമല്ല. അതുപോലെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കൂടുതലാണെങ്കില്‍ ആഭ്യന്തര വ്യവസായങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്കേണ്ട ആവശ്യമില്ല. എന്നാല്‍, ഈ സമ്പ്രദായമനുസരിച്ച്, ഉയര്‍ന്ന വിലയ്ക്ക് കൂടുതല്‍ താരിപ്പ് ചുമത്തേണ്ടതായും വരുന്നു.

ഈ ന്യൂനതകള്‍ പരിഹരിക്കുന്നതിനുവേണ്ടി താരിപ്പുവില പ്രമാണം (Tariff valuation) എന്ന സമ്പ്രദായമാണ് ഇന്ത്യയില്‍ സ്വീകരിച്ചിട്ടുള്ളത്. താരിപ്പ് തിട്ടപ്പെടുത്തുന്നതിനുവേണ്ടി ചില സാധനങ്ങള്‍ക്ക് ഗവണ്‍മെന്റ് തന്നെ ഒരു നിശ്ചിത വില കണക്കാക്കുന്നു. ഈ വിലയ്ക്ക് ഒരു നിശ്ചിത കാലയളവില്‍ സാധുതയുണ്ടായിരിക്കും. ഈ നിശ്ചിത വിലയനുസരിച്ചായിരിക്കും താരിപ്പ് നിര്‍ണയിക്കുന്നത്. അതിനാല്‍ ഓരോ സമയത്തും വരുന്ന സാധനങ്ങളുടെ അളവും വിലയും പ്രത്യേകം പ്രത്യേകം പരിശോധിച്ച് താരിപ്പ് നിശ്ചയിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകുന്നു.

18-ാം ശ.-ത്തില്‍ സ്വദേശിവ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ബ്രിട്ടിഷ് ഗവണ്‍മെന്റ് താരിപ്പ് എന്ന നികുതി സമ്പ്രദായം പ്രയോഗത്തില്‍ വരുത്തിയത്. അങ്ങനെ ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ വസ്തുക്കള്‍ക്ക് താരിപ്പ് ചുമത്താന്‍ തുടങ്ങി. രാജ്യത്തിനകത്തെ ചെലവുകള്‍ നിര്‍വഹിക്കുന്നതിനും യുദ്ധച്ചെലവിനും വേണ്ടിയാണ് ആദ്യ ഘട്ടങ്ങളില്‍ താരിപ്പ് ചുമത്തിയിരുന്നത്. ആഭ്യന്തരച്ചെലവ് കൂടുന്നതിന് അനുസൃതമായി താരിപ്പ് നിരക്കുകളിലും വര്‍ധനയുണ്ടായി. എന്നാല്‍, താരിപ്പിന്റെ കോട്ടങ്ങള്‍ സാമ്പത്തിക ഘടനയില്‍ കാണാന്‍ തുടങ്ങി. വ്യാപാര മാന്ദ്യവും വിലക്കയറ്റവും മിക്കപ്പോഴും താരിപ്പിന്റെ പ്രത്യാഘാതങ്ങളാണ്. അങ്ങനെ ക്രമേണ താരിപ്പുകള്‍ കുറയ്ക്കുവാനും പിന്‍വലിക്കുവാനും ബ്രിട്ടിഷ് ഗവണ്‍മെന്റ് നിര്‍ബന്ധിതമായി. 19-ാം ശ.-ത്തില്‍ വികസിച്ചുവന്ന ക്ലാസ്സിക്കല്‍ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളനുസരിച്ച് താരിപ്പുകള്‍ പ്രയോഗിച്ചുകൊണ്ട് വ്യാപാര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ പാടില്ലെന്ന വീക്ഷണത്തിന് പ്രചാരം ലഭിച്ചു. മാത്രവുമല്ല, വ്യാപാരവും സാമ്പത്തിക മേഖലയും സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്നു സ്വതന്ത്ര്യമായിരിക്കണമെന്ന വാദവും പ്രബലമായിത്തീര്‍ന്നു. എന്നാല്‍, 20-ാം ശ. ആയപ്പോഴേക്കും സ്ഥിതിയാകെ മാറി. സ്വദേശത്തെ കാര്‍ഷിക വ്യാവസായിക രംഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിരുത്സാഹപ്പെടുത്തണമെന്ന വാദം വീണ്ടും ശക്തമായിത്തീര്‍ന്നു. ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്ന്, ബ്രിട്ടിഷ് വ്യവസായങ്ങളെ വളര്‍ത്തുന്നതിനുവേണ്ടി, പുതിയ താരിപ്പു നിയമങ്ങള്‍ക്കു തന്നെ ഗവണ്‍മെന്റ് രൂപം നല്കി.

ബ്രിട്ടിഷ് താരിപ്പു നയത്തിന്റെ മെച്ചങ്ങള്‍ താഴെപ്പറയുന്നവയാണ്;

ഒന്ന്, ഗവണ്‍മെന്റിന്റെ വരുമാനം വര്‍ധിക്കുന്നു.

രണ്ട്, ആഭ്യന്തര വ്യവസായങ്ങളെ വിദേശവ്യവസായങ്ങളില്‍ നിന്നുള്ള മല്‍സരത്തില്‍ നിന്നു പരിരക്ഷിക്കുന്നു. താരിപ്പിന്റെ സംരക്ഷണം ലഭിച്ചിട്ടുള്ള വ്യവസായങ്ങള്‍ ഇതരവ്യവസായങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്.

ഈ താരിപ്പു സമ്പ്രദായത്തിന് ചില ദോഷങ്ങളുണ്ട്.

ഒന്ന്, സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അവര്‍ വാങ്ങുന്ന സാധനങ്ങളുടെ വില വര്‍ധിക്കുന്നു. പ്രത്യേകിച്ചും നിത്യോപയോഗ വസ്തുക്കള്‍ക്ക് ഉപഭോക്താക്കള്‍ ഉയര്‍ന്ന വില നല്കേണ്ടി വരുന്നു.

രണ്ട്, താരിപ്പിന്റെ പട്ടികയില്‍ സാധനങ്ങളുടെ വര്‍ഗീകരണം മിക്കപ്പോഴും വ്യക്തമാകാറില്ല. എന്നാല്‍, ഉപയോഗത്തെ ആസ്പദമാക്കി സാധനങ്ങള്‍ തരംതിരിക്കുന്നത് വളരെ ശ്രമകരമാണ്.

ഇംഗ്ലണ്ടിലെ താരിപ്പുനയത്തോട് മറ്റ് രാജ്യങ്ങളും അതുപോലെ പ്രതികരിക്കുകയുണ്ടായി. മറ്റ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇംഗ്ലണ്ടിന്റെ ഉത്പന്നങ്ങള്‍ക്ക് ആ രാജ്യങ്ങള്‍ താരിപ്പ് ചുമത്താന്‍ തുടങ്ങി. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരത്തിനും താരിപ്പ് യുദ്ധത്തിനും ഇടയാക്കുകയുണ്ടായി. ഇംഗ്ലണ്ടിന്റെ സാമ്പത്തിക രംഗത്തെത്തന്നെ ഇത് പ്രതികൂലമായി ബാധിച്ചു. 1947-നു മുമ്പുവരെ ബ്രിട്ടിഷ് ഗവണ്‍മെന്റായിരുന്നു ഇന്ത്യയിലെ താരിപ്പുനയത്തിന് രൂപംനല്കിയിരുന്നത്. ഇംഗ്ലീഷ് വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ദോഷകരമാകാത്ത രീതിയിലായിരുന്നു ഇന്ത്യന്‍ താരിപ്പ് നിരക്കുകള്‍ നിര്‍ണയിച്ചിരുന്നത്. 1919-ല്‍ ഇന്ത്യയില്‍ സ്വതന്ത്ര‌്യമായ ഒരു താരിപ്പുനയത്തിനു രൂപം നല്കി. 1920-ല്‍ രൂപീകരിച്ച താരിപ്പു കമ്മിഷന്റെ ശുപാര്‍ശ പ്രകാരം ഓരോ വ്യവസായത്തിനും അനുയോജ്യമായ രീതിയിലുള്ള താരിപ്പ് നിരക്കുകള്‍ ചുമത്താന്‍ തുടങ്ങി. വിദഗ്ധാഭിപ്രായപ്രകാരം വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, ഇരുമ്പ്, കടലാസ്, തുണിത്തരങ്ങള്‍, തീപ്പെട്ടി, പഞ്ചസാര മുതലായ സാധനങ്ങള്‍ക്കുമേല്‍ താരിപ്പ് ചുമത്താന്‍ തുടങ്ങി. ഇന്ത്യയിലെ താരിപ്പ് സമ്പ്രദായത്തില്‍ പല ന്യൂനതകളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സാധനങ്ങളുടെ തരംതിരിക്കല്‍ വേണ്ടത്ര വ്യക്തമല്ലെന്ന് വിമര്‍ശനമുണ്ട്. ചിത്രങ്ങള്‍, പ്രതിമകള്‍ എന്നിവയെ വെറും വസ്തുക്കളായി കരുതുമ്പോഴും അവയെ കലാമൂല്യമുള്ള സാധനങ്ങളായി കരുതുമ്പോഴും താരിപ്പ് വ്യത്യസ്തമായിരിക്കും.

ഇറക്കുമതി നികുതികള്‍ക്കു പുറമേ കയറ്റുമതി നികുതികളും താരിപ്പിന്റെ പരിധിയില്‍പ്പെടുന്നു. പല രാജ്യങ്ങളും വളരെകുറച്ചു സാധനങ്ങള്‍ക്കുമാത്രമേ കയറ്റുമതി താരിപ്പുകള്‍ ചുമത്തുന്നുള്ളൂ. കയറ്റുമതി ചെയ്യുന്ന സാധനങ്ങളിന്മേല്‍ താരിപ്പ് ചുമത്തുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. താരിപ്പു ചുമത്തുന്ന രാജ്യത്തുനിന്നല്ലാതെ മറ്റൊരു രാജ്യത്തുനിന്നും പ്രസ്തുത സാധനം ലഭിക്കില്ലെങ്കില്‍ താരിപ്പ് ചുമത്തുന്നത് ഗുണകരമായിരിക്കും. കയറ്റുമതിചെയ്യുന്ന സാധനം വിദേശികള്‍ക്ക് അത്യാവശ്യമായിട്ടുള്ളതും അതിനാല്‍ എന്തു വിലകൊടുത്തും അതു വാങ്ങുവാന്‍ അവര്‍ സന്നദ്ധരായിരിക്കുകയും ചെയ്താല്‍ പ്രസ്തുത സാധനത്തിന്മേല്‍ താരിപ്പ് ചുമത്താവുന്നതാണ്. ഇത്തരം വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ടാണ് ഇന്ത്യന്‍ താരിപ്പു നയത്തിനു രൂപം നല്കിയിട്ടുള്ളത്. ഇന്ത്യയില്‍ മാത്രം ഉണ്ടാക്കുന്ന സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ താരിപ്പ് ചുമത്താമെന്നായിരുന്നു 1921-ലെ താരിപ്പ് കമ്മിഷന്റെ അഭിപ്രായം. അന്ന് നീലച്ചെടിയില്‍നിന്നു മാത്രമേ നീലം ഉത്പാദിപ്പിച്ചിരുന്നുള്ളൂ. നീലച്ചെടി ഇന്ത്യയില്‍ മാത്രമായിരുന്നു കൃഷി ചെയ്തിരുന്നതും. ഇത് കണക്കിലെടുത്ത് നീലത്തിന് ഉയര്‍ന്ന കയറ്റുമതി നികുതി ഏര്‍പ്പെടുത്തി. ജര്‍മനിയായിരുന്നു ഏറ്റവും കൂടുതല്‍ നീലം ഇറക്കുമതി ചെയ്തിരുന്നത്. അതാണ് നീലച്ചെടി കൂടാതെ നീലം ഉത്പാദിപ്പിക്കുവാനുള്ള സാങ്കേതിക മാര്‍ഗം കണ്ടുപിടിക്കുവാന്‍ ജര്‍മനിയെ പ്രേരിപ്പിച്ചത്. ജര്‍മനിയിലെ രസതന്ത്രവിദഗ്ധരുടെ ശ്രമഫലമായി ഈ ശ്രമം വിജയിക്കുകയും ചെയ്തു. അങ്ങനെ ജര്‍മനി കൃത്രിമമായി നീലം നിര്‍മിക്കാനാരംഭിച്ചതോടെ ഇന്ത്യന്‍ നീലച്ചെടിക്കുള്ള ആവശ്യം കുറഞ്ഞു. ബ്രസീല്‍ ഗവണ്‍മെന്റ് കാപ്പിക്കും മലയാ ഗവണ്‍മെന്റ് റബ്ബറിനും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ആ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ക്കു പല നഷ്ടങ്ങളും സംഭവിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്നാണ് കയറ്റുമതി ചെയ്യുന്ന വസ്തുക്കളിലേക്കുള്ള നികുതി ഉയര്‍ന്നതായിരിക്കരുതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

ഇന്ത്യാ ഗവണ്‍മെന്റ് കയറ്റുമതി താരിപ്പ് ഈടാക്കിയിരുന്ന മറ്റൊരു സാധനം ചണമായിരുന്നു. ഇന്ത്യയും പാകിസ്ഥാനുമാണ് ഏറ്റവുമധികം ചണം കൃഷിചെയ്യുന്ന രാജ്യങ്ങള്‍. ചണത്തിന്റെ എല്ലാ ഗുണങ്ങളുമുള്ളതും അതിനു പകരം ഉപയോഗിക്കാന്‍ പറ്റുന്നതുമായ ഒരു സാധനം കണ്ടുപിടിച്ചിട്ടില്ല. അതിനാല്‍, കയറ്റുമതി ചെയ്യുന്ന ചണത്തിന് താരിപ്പ് ചുമത്തുക ലാഭകരമാണ്. കൃത്രിമമായി ചണം ഉത്പാദിപ്പിക്കുവാനുള്ള സാങ്കേതിക ശ്രമം വിജയിക്കുന്ന പക്ഷം ചണത്തെ സംബന്ധിച്ച ഇന്ത്യയുടെ താരിപ്പ് നയം പുനഃപരിശോധിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

താരിപ്പിന്റെ നേട്ടങ്ങളും കോട്ടങ്ങളും. ഒരു നിശ്ചിത വര്‍ഷത്തില്‍ താരിപ്പ് മുഖേന നിശ്ചിത വരുമാനം സംഭരിക്കേണ്ടതുണ്ടെന്നു കരുതുക. ഏക താരിപ്പ് സമ്പ്രദായത്തിന്റേയും ബഹു താരിപ്പ് സമ്പ്രദായത്തിന്റേയും ആപേക്ഷിക ഗുണങ്ങളെക്കുറിച്ച് വളരെയേറെ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഏക താരിപ്പ് സമ്പ്രദായത്തിനെതിരായ വാദഗതികള്‍ വളരെ ശക്തമാണ്. ഏക താരിപ്പ് സമ്പ്രദായത്തില്‍ നികുതി വെട്ടിപ്പ് (tax evasion) താരതമ്യേന എളുപ്പമാണ്. എന്നാല്‍, ബഹുനികുതി സമ്പ്രദായത്തിലെ പരിശോധന, ഒത്തുനോക്കല്‍ എന്നീ മാര്‍ഗങ്ങള്‍ മുഖേന നികുതിവെട്ടിപ്പ് പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്നു. എന്നാല്‍, ബഹു താരിപ്പ് സമ്പ്രദായം ഏക താരിപ്പ് സമ്പ്രദായത്തേക്കാള്‍ മികച്ചതാണെങ്കിലും വളരെയേറെ ബഹുത്വം അത്ര അഭികാമ്യമല്ല. വളരെയേറെ വികസിച്ച സമ്പദ്വ്യവസ്ഥയും കാര്യക്ഷമവും ജനാധിപത്യപരവുമായ ഭരണവ്യവസ്ഥയുമുള്ള ഒരു ആധുനിക രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം താരിപ്പ് സമ്പ്രദായം വളരെ ഉദാരവും സുതാര്യവുമായിരിക്കും. വളരെ കാര്യക്ഷമവും ശാസ്ത്രീയവുമായ താരിപ്പ് സമ്പ്രദായം നിലവിലിരിക്കുന്ന ഇംഗ്ലണ്ടില്‍പ്പോലും ചരിത്രപരമായ ചില കാരണങ്ങളാല്‍, നികുതികളില്‍ അനാവശ്യ ബാഹുല്യവും സങ്കീര്‍ണതയും ഉണ്ടായിട്ടുണ്ട്.

നികുതി നല്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ അസൗകര്യവും ത്യാഗവുമുളവാക്കുന്ന നികുതിയാണ് ഏറ്റവും നല്ലതെന്ന് ചിലര്‍ ചിന്തിക്കുന്നുണ്ട്. ത്യാഗത്തിലൂടെ മാത്രമേ, മനുഷ്യര്‍ക്ക് പഠിക്കാന്‍ കഴിയൂ എന്നും ബോധപൂര്‍വമായ വില നല്‍കലിലൂടെ മാത്രമേ രാഷ്ട്രീയ ഉത്തരവാദിത്വം ജനങ്ങളെ ബോധ്യപ്പെടുത്താനാവൂ എന്നും വാദിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞരുമുണ്ട്. ആദായനികുതി എല്ലാവരിലും, അവര്‍ എത്രതന്നെ ദരിദ്രരായാലും, ദൃഢനിശ്ചയത്തോടുകൂടി ചുമത്തിയാല്‍ ദരിദ്രര്‍ ധാര്‍മിക നിലവാരം ആര്‍ജിക്കുകയും അനാവശ്യമായ വ്യയം തടയുന്നവര്‍ ആയിത്തീരുകയും ചെയ്യുമെന്ന് വാദിക്കുന്നവരുണ്ട്. ഒരു ആധുനിക ജനാധിപത്യ രാഷ്ട്രത്തില്‍ പുതുതായി ചുമത്തപ്പെട്ടതും ഏതാണ്ട് സാര്‍വത്രികവുമായ നികുതിയോടുള്ള ജനങ്ങളുടെ പ്രതികരണം വിദഗ്ധര്‍ സൂചിപ്പിച്ച വിധത്തിലുള്ളതല്ലെന്ന് രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. നികുതി നിപാതത്തില്‍ നിന്ന് സമൂഹത്തിലെ ദരിദ്ര ജനവിഭാഗങ്ങളെ എത്രത്തോളം ഒഴിവാക്കാമെന്നതാണ് ഇന്ന് പൊതുവേയുള്ള കാഴ്ചപ്പാട്. ഒരു വസ്തുവിന്മേലുള്ള ഒരു താരിപ്പ്, ആ ചരക്കിനുവേണ്ടി ചെലവാക്കുന്ന സീമാന്ത വ്യയമുള്‍പ്പെടെയുള്ള മുഴുവന്‍ വ്യയത്തേയും ബാധിക്കുമ്പോള്‍, അത് സംതൃപ്തിയുടെ അധികനഷ്ടത്തിന് ഇടയാകുന്നു.

കേംബ്രിജിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കിടയില്‍ രൂപം കൊണ്ട ഒരു ചിന്താഗതിയുണ്ട്: സമ്പന്നര്‍ അവര്‍ വിചാരിക്കുന്നതിലും കൂടുതല്‍ നികുതി കൊടുക്കണമെന്നും ദരിദ്രര്‍ തങ്ങള്‍ യഥാര്‍ഥത്തില്‍ കൊടുക്കുന്നതിലും കൂടുതലായി നികുതികൊടുക്കുന്നുവെന്ന് വിചാരിക്കുകയും ചെയ്യണമെന്നതാണ് ഈ ചിന്താഗതി. ഈ ഇരട്ട മിഥ്യ സമ്പന്നരെ സംതൃപ്തരും ദരിദ്രരെ ഗുണ വാന്മാരുമാക്കി നിര്‍ത്തുമെന്നും ഏതുവിഭാഗം ജനങ്ങളുടെയും തൊഴിലും സമ്പാദ്യവും പരമാവധി വര്‍ധിപ്പിക്കുമെന്നുമാണ് ഈ ചിന്താഗതിയുടെ വക്താക്കള്‍ അവകാശപ്പെടുന്നത്. താരിപ്പുകളുടെ ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ ഭാരങ്ങള്‍ തമ്മില്‍ ഒരു വേര്‍തിരിവ് നടത്തേണ്ടതാണ്.

എന്നാല്‍, സ്വകാര്യവത്കരണത്തിന്റേയും ആഗോളവത്കരണത്തിന്റേയും ഫലമായി വിവിധ രാജ്യങ്ങളുടെ സമ്പദ്ഘടനകള്‍ ആഗോളാടിസ്ഥാനത്തില്‍ ഉദ്ഗ്രഥിക്കപ്പെടുകയും ആഗോള വിപണിയും ആഗോള സാമ്പത്തികക്രമവും രൂപം കൊള്ളുകയും ചെയ്തിട്ടുണ്ട്. ആഗോള ഫൈനാന്‍സ് മൂലധനത്തിന്റേയും ആഗോള തൊഴില്‍ വിഭജനത്തിന്റേയും ഫലമായി ഉത്പാദനവും വിപണനവും ഇന്ന് അഭൂതപൂര്‍വമായ രീതിയില്‍ ആഗോള മാനങ്ങള്‍ കൈവരിച്ചിരിക്കുന്നു. അതിനാല്‍, പഴയതുപോലെ രാജ്യങ്ങള്‍ക്ക് ഇഷ്ടംപോലെ താരിപ്പുകള്‍ ചുമത്താന്‍ ഇപ്പോള്‍ കഴിയുന്നില്ല. കാരണം ആഗോള സാമ്പത്തിക പ്രവാഹത്തെ തടയുന്ന തരത്തിലുള്ള താരിപ്പുകള്‍ ഏതെങ്കിലുമൊരു രാജ്യം ചുമത്തുകയാണെങ്കില്‍ പ്രസ്തുത രാജ്യം ആഗോള സാമ്പത്തിക ശൃംഖലയില്‍ നിന്ന് ഒറ്റപ്പെടുകയായിരിക്കും ഫലം.

ആഗോള സാമ്പത്തികഘടനയുടേയും വിപണിയുടേയും പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നതിനുവേണ്ടിയാണ് ലോകവ്യാപാര സംഘടനയ്ക്ക് രൂപംനല്കിയിട്ടുള്ളത്. ഇതില്‍ അംഗമായിട്ടുള്ള രാജ്യങ്ങള്‍ വാണിജ്യ വ്യാപാര മേഖലകളില്‍ ലോകവ്യാപാരസംഘടനയുടെ നിയമങ്ങളും ചട്ടങ്ങളും അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. ചരക്കുകളുടേയും സേവനങ്ങളുടേയും ആഗോള പ്രവാഹത്തെ ത്വരിതപ്പെടുത്തുന്ന തരത്തിലുള്ള ചട്ടങ്ങളാണ് ലോകവ്യാപാര സംഘടന ആവിഷ്കരിച്ചിട്ടുള്ളത്. അമിതമായ താരിപ്പ് ചുമത്തലിലൂടെ സ്വന്തം രാജ്യത്തിനകത്തെ വ്യവസായങ്ങളെ സംരക്ഷിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഓരോ രാജ്യവും അവര്‍ ആവിഷ്കരിക്കുന്ന സാമ്പത്തിക നയങ്ങളും താരിപ്പുകളും മറ്റൊരു രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ പാടില്ല എന്നത് ലോകവ്യാപാരസംഘടനയുടെ അടിസ്ഥാന തത്ത്വമാണ്. മാത്രവുമല്ല, ഇറക്കുമതിയുടേയും കയറ്റുമതിയുടേയും രംഗത്ത് എല്ലാ അംഗരാജ്യങ്ങളും ലോകവ്യാപാര സംഘടനയുടെ നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ലോക വ്യാപാരത്തിന്റെ ഗണ്യമായൊരു ഭാഗവും നിയന്ത്രിക്കുന്ന രാജ്യാന്തര കോര്‍പ്പറേഷനുകള്‍ക്ക് ഓരോ രാജ്യത്തിന്റേയും താരിപ്പ്നയരൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുന്നുണ്ട്. മാത്രവുമല്ല, താരിപ്പ്നയരൂപീകരണം ഉള്‍പ്പെടെ പല സാമ്പത്തിക കാര്യങ്ങളിലും മുന്‍കാലങ്ങളില്‍ ദേശീയ-രാഷ്ട്രങ്ങള്‍ക്കുണ്ടായിരുന്ന പരമാധികാരം ഇന്ന് ആഗോളവത്കരണത്തിന്റെ ഫലമായി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ലോകവ്യാപാര സംഘടന, ലോക ബാങ്ക്, അന്താരാഷ്ട്ര നാണയനിധി, രാജ്യാന്തരകോര്‍പ്പറേഷനുകള്‍ എന്നീ ആഗോള സാമ്പത്തിക സ്ഥാപനങ്ങളാണ് ഇന്ന്, ഫലത്തില്‍, ഓരോ രാജ്യത്തിന്റേയും താരിപ്പ് നയത്തെ നിര്‍ണയിക്കുന്നതെന്നു പറയാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍