This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തായ്ഭാഷ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തായ്ഭാഷ
സിനോ-തിബത്തന്‍ ഗോത്രത്തിലെ 'തായ്' ഉപവിഭാഗത്തില്‍ പ്പെടുന്ന ഒരു ഭാഷ. ഇതേ വിഭാഗത്തില്‍പ്പെടുന്ന മറ്റൊരു ഭാഷയാണ് ലാവോ. ചുവാങ്, പുയി, തുങ്, നുങ്, ഷാന്‍ എന്നീ അവികസിത ഭാഷകളും ഈ വിഭാഗത്തിലുണ്ട്. തായ്ലന്‍ഡിലെ ജനങ്ങളാണ് പ്രധാനമായും തായ്ഭാഷ സംസാരിക്കുന്നത്. ലാവോസ്, ദക്ഷിണ ചൈന, ഉത്തരവിയറ്റ്നാം, ഉത്തരപൂര്‍വ മ്യാന്‍മര്‍ എന്നിവിടങ്ങളിലും ഈ ഭാഷ പ്രചരിച്ചിരിക്കുന്നു. ഏകദേശം 41/2 കോടി ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.
തായ്ഭാഷകളില്‍ പ്രധാനപ്പെട്ടവ തായ്ലന്‍ഡ്, ലാവോസ് എന്നിവിടങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന തായ് (സിയാമീസ്), മ്യാന്‍മറില്‍ ഉപയോഗിക്കുന്ന ഷാന്‍, ക്വാന്‍ഗ്സിലെ ഛുവാങ് എന്നിവയാണ്. ക്വെയ്ഛോ പ്രോവിന്‍സ്, ചൈന (പീപ്പിള്‍സ് റിപ്പബ്ളിക്) എന്നിവിടങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന തുങ്-ഷൂയി (Tung-shui), ഹൈയ്താന്‍ ഉപദ്വീപ്, ചൈന (പീപ്പിള്‍സ് റിപ്പബ്ളിക്) എന്നിവിടങ്ങളിലെ 'ലി' ഭാഷ, പഠനവിധേയമാകാത്ത മറ്റനേകം ഭാഷകള്‍ എന്നിവ തായ്വിഭാഗത്തില്‍പ്പെടുന്നതായി അഭിപ്രായമുണ്ട്. തായ്ഭാഷകളെ ഉത്തര-മധ്യ-ദക്ഷിണ വിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഉത്തര ഛുവാങ് ഭാഷാഭേദങ്ങളും ക്വെയ്ഛോവിലെ പുയി ഭാഷയും ഉത്തര വിഭാഗത്തിലും ദക്ഷിണ ഛുവാങ് ഭാഷാഭേദവും ഉത്തരവിയറ്റ്നാമിലെ തായ്, നുവാങ് എന്നീ ജനങ്ങളുടെ ഭാഷയും മധ്യവിഭാഗത്തിലും മറ്റു ഭാഷകള്‍ ദക്ഷിണ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. തായ് സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഷയായ തായ് (സിയാമീസ്) തായ്ലന്‍ഡിലെ ഔദ്യോഗിക ഭാഷയും ഖോന്‍ ജനവര്‍ഗങ്ങളുടെ ഭാഷയുമാണ്. സാഹിത്യപരമായ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍ തായ്-സിയാമീസ് ഭാഷയ്ക്കും പല ഭാഷാഭേദങ്ങള്‍ ഉണ്ടെന്നുകാണാം.
തായ്ഭാഷകളുടെ പ്രാദേശിക രൂപങ്ങള്‍ തമ്മില്‍ സ്വനങ്ങളിലും വാക്കുകളിലും ചില ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. പദാംഗീയ (syllabic) ഘടനയുള്ള ഈ ഭാഷകളിലെ വാക്കുകളുടെ ധാതുരൂപം മിക്കവാറും ഏകാക്ഷരങ്ങളാണ്. ഇവയ്ക്ക് സ്ഥിരമായ പദഘടനയും ഉണ്ട്. വാക്കുകളുടെ അര്‍ഥവ്യത്യാസം സൂചിപ്പിക്കുന്നത് ആറ് താനഭേദങ്ങളിലൂടെയാണ്. ഇവയില്‍ നാല് താനഭേദങ്ങള്‍ വ്യഞ്ജനങ്ങള്‍ക്കു മുകളിലാണ് അടയാളപ്പെടുത്തുന്നത്. പദങ്ങള്‍ വിഭക്തിപ്രത്യയങ്ങള്‍ സ്വീകരിക്കാറില്ല. ഒരു വാചകത്തിലെ പദബന്ധം പദക്രമത്തിലൂടെയും സമുച്ചയത്തിലൂടെയുമാണ് മനസ്സിലാക്കുന്നത്. ആഖ്യാതത്തെ തുടര്‍ന്ന് ആഖ്യ, കര്‍മത്തിനുശേഷം ക്രിയ, പദത്തെ തുടര്‍ന്ന് പദവിശേഷണം എന്നിങ്ങനെയാണ് ഈ ഭാഷയിലെ പദക്രമം.
22 വ്യഞ്ജനങ്ങളും 18 സ്വരങ്ങളും 6 സംയുക്താക്ഷരങ്ങളും ഈ ഭാഷയിലുണ്ട്. ഈ വ്യഞ്ജനങ്ങളുടെ മുന്‍പും പിന്‍പും മേലും കീഴും ചേര്‍ക്കാവുന്ന 32 ചിഹ്നങ്ങളുണ്ട്. സംയുക്തമായി സ്വരാക്ഷരങ്ങള്‍ പ്രയോഗിച്ച് ദീര്‍ഘസ്വരങ്ങളേയും പദങ്ങളുടെ സംയുക്തമായ പ്രയോഗം സംയുക്ത പദരൂപീകരണത്തേയും സൂചിപ്പിക്കുന്നു. വ്യാകരണപരമായ സവിശേഷത കണക്കിലെടുക്കുമ്പോള്‍ തായ് ഒരു അപഗ്രഥനാത്മക ഭാഷയാണ്. പദങ്ങളുടെ വ്യാകരണപരമായ അര്‍ഥം സഹായ ക്രിയകളിലൂടെയാണ് വ്യക്തമാക്കുന്നത്. സ്വരൂപവിജ്ഞാന(typology)പരമായി നോക്കുമ്പോള്‍ ഒരു അയോഗാത്മക ഭാഷ (isolating language)യാണ് തായ്.
ചൈന(പീപ്പിള്‍സ് റിപ്പബ്ളിക്)യിലെ തായ്ഭാഷയില്‍ ധാരാളം ചൈനീസ് പദങ്ങളും ലാവോസിലെ തായ്ഭാഷയില്‍ പാലി, ഖ്മര്‍ എന്നീ ഭാഷകളിലെ ധാരാളം പദങ്ങളും പ്രയോഗത്തിലുണ്ട്. ദേവനാഗരി ലിപിയുമായി സാദൃശ്യമുള്ള ലിപിയാണ് ഈ ഭാഷയില്‍ ഉപയോഗിക്കുന്നത്. ദക്ഷിണ-പശ്ചിമ വിഭാഗത്തിലെ ലിഖിത ഭാഷ ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് (ഖ്മര്‍) ഉരുത്തിരിഞ്ഞതായി കരുതുന്നു. ഏറ്റവും പ്രാചീന ലിഖിത തായ് രൂപം 13-ാം ശ.-ത്തിലേതാണെന്ന് കണക്കാക്കുന്നു. മലയോ-പോളിനേഷ്യന്‍, ചൈനീസ്, ഖ്മര്‍ എന്നീ ഭാഷകളില്‍ നിന്നു പദങ്ങള്‍ കടമെടുത്തിട്ടുള്ള തായ് ഭാഷ സാങ്കേതിക പദസൃഷ്ടിക്കായി സംസ്കൃതഭാഷയെയും ആശ്രയിച്ചിട്ടുണ്ട്. ഉദാ. തായ്ഭാഷയില്‍ ടെലിഫോണിന് 'തുരശബ' എന്ന് പറയുന്നു. വിയറ്റ്നാം, ചൈന, അസം തുടങ്ങിയ പ്രദേശങ്ങളുടെ അതിര്‍ത്തികളില്‍ തായ്ഭാഷയോ അതിന്റെ ഏതെങ്കിലും ദേശ്യഭേദങ്ങളോ ഉപയോഗിക്കുന്ന ജനവിഭാഗങ്ങളുണ്ട്.