This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താമര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താമര

Lotus

ഔഷധസസ്യം. നിംഫയേസി (Nymphaeceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. നിലംബോ ന്യൂസിഫെറ (Nelumbo nucifera), നിലംബിയം സ്പീഷിയോസം (Nelumbium speciosum). സംസ്കൃതത്തില്‍ അംബുജം, കമലം, ശതപത്രം, പത്മം, നളിനം, അരവിന്ദം, സഹസ്രപത്രം, രാജീവം, കുശേശയം, സരസീരൂഹം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. വെണ്‍താമര, ചെന്താമര എന്നീ രണ്ടുതരം താമരകളാണ് പൊതുവേ കാണപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ 1800 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെ അധികം ഒഴുക്കില്ലാത്ത കുളങ്ങളിലും തടാകങ്ങളിലും ചതുപ്പുകളിലും ആണ് ഈ ജലസസ്യം വളരുന്നത്.

ചിരസ്ഥായിയായ താമരയുടെ പ്രകന്ദം (താമരക്കിഴങ്ങ്) ചെളി യില്‍ നിമഗ്നമായിരിക്കും. പ്രകന്ദം ശാഖിതവും കനം കുറഞ്ഞ് നീളം കൂടിയതുമാണ്. ഇതിന്റെ പര്‍വസന്ധികളില്‍ നിന്നാണ് വേരുകള്‍ പുറപ്പെടുന്നത്. പ്രകന്ദത്തില്‍ നിന്ന് ജലോപരിതലം വരെ ഉയര്‍ന്നു നില്‍ക്കുന്ന തണ്ടിന്റെ അഗ്രത്തിലാണ് ഇലകള്‍ വിന്യസിച്ചിരിക്കുന്നത്. ഇലയ്ക്ക് 60-90 സെ.മീ. വ്യാസമുണ്ടായിരിക്കും. ഇലത്തണ്ടിലും ഇലകളിലുമുള്ള വായു അറകളാണ് ഇലകളെ ജലോപരിതലത്തില്‍ പൊന്തിക്കിടക്കാന്‍ സഹായിക്കുന്നത്. ഇലയുടെ ഉപരിതലത്തിലെ മെഴുകുപോലുള്ള ആവരണം ഇതില്‍ വീഴുന്ന ജലകണങ്ങളെ വേഗത്തില്‍ വാര്‍ന്നു പോകാന്‍ സഹായിക്കുന്നു. ഇലത്തണ്ടില്‍ അവിടവിടെ വളരെ ചെറിയ മുള്ളുകളുണ്ടായിരിക്കും. ഇലകളില്‍ ടാനിനും മ്യൂസിലേജും അടങ്ങിയിരിക്കുന്നു. പ്രകന്ദത്തില്‍ നിന്നുണ്ടാകുന്ന നീളം കൂടിയ പുഷ്പത്തണ്ടിലാണ് പുഷ്പം ഉണ്ടാകുന്നത്. പുഷ്പത്തണ്ട് ജലോപരിതലത്തിലെത്തിയ ശേഷമാണ് പുഷ്പം വികസിക്കുന്നത്. പുഷ്പങ്ങള്‍ക്ക് വെളുപ്പോ ഇളം ചുവപ്പോ നീലയോ നിറമായിരിക്കും; വെളുത്ത പുഷ്പങ്ങളുള്ള താമര പദ്മം എന്നും അല്പം ചുവന്ന പുഷ്പങ്ങളുള്ളത് നളിനമെന്നും അല്പം നീല നിറമുള്ളത് ഉല്പലം എന്നും അറിയപ്പെടുന്നു. പുഷ്പങ്ങള്‍ക്ക് 10-25 സെ.മീ. വ്യാസം കാണും; സുഗന്ധവുമുണ്ടാകും; പുഷ്പത്തിന്റെ മധ്യഭാഗത്തായി മഞ്ഞ നിറത്തില്‍ ത്രികോണാകൃതിയില്‍ കാണപ്പെടുന്ന പുഷ്പാസന(thalamus)ത്തിലാണ് ബീജാണ്ഡപര്‍ണങ്ങള്‍ നിമഗ്നമായിട്ടുള്ളത്. പച്ചനിറത്തില്‍ നാലോ അഞ്ചോ ബാഹ്യദളങ്ങളുള്ള താമര പുഷ്പത്തിന് അനേകം ദളങ്ങളും കേസരങ്ങളും ഉണ്ടായിരിക്കും. 5-12.5 സെ.മീ. വരെ നീളമുള്ള ദളങ്ങള്‍ എളുപ്പത്തില്‍ കൊഴിഞ്ഞു പോകുന്നവയാണ്. ദളങ്ങള്‍ ക്രമാനുഗതമായി പരിവര്‍ത്തനം ചെയ്ത് കേസരങ്ങളായി രൂപാന്തരപ്പെടുന്ന പ്രതീതി ജനിപ്പിക്കുന്നു. സര്‍പ്പിളമായി ക്രമീകരിച്ചിരിക്കുന്ന കേസരങ്ങള്‍ക്ക് ദ്വികോഷ്ഠക പരാഗകോശമാണുള്ളത്. സംയോജകം പരാഗകോശത്തിനു മുകളില്‍ ഒരു ഫണം പോലെ നീണ്ടുനില്ക്കുന്നു. പുഷ്പാസനത്തിലാണ്ടു കിടക്കുന്ന അസംഖ്യം ബീജാണ്ഡപര്‍ണങ്ങളുള്‍പ്പെട്ടതാണ് ജനി. വര്‍ത്തികാഗ്രങ്ങള്‍ മാത്രമേ തലാമസിനു മുകളില്‍ കാണപ്പെടുന്നുള്ളൂ. തലാമസ് അഴുകുന്നതനുസരിച്ച് വിത്ത് അതില്‍ നിന്നു വേര്‍പെട്ടു വീഴുന്നു. വിത്തിന് അണ്ഡാകൃതിയാണ്. ഇതില്‍ ബീജാന്നവും പരിഭ്രൂണപോഷ(perisperm)വുമുണ്ട്.

താമരക്കിഴങ്ങും വിത്തും ഭക്ഷ്യയോഗ്യമാണ്. വിത്ത് പാകം ചെയ്യാതെയും ഭക്ഷിക്കാം. കിഴങ്ങില്‍ 2% പ്രോട്ടീന്‍, 0.1% കൊഴുപ്പ്, 6% സ്റ്റാര്‍ച്ച് എന്നിവ കൂടാതെ സോഡിയം, ജീവകം ബി,സി,ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. വിത്തില്‍ 17% പ്രോട്ടീന്‍, 2.5% കൊഴുപ്പ്, 60% സ്റ്റാര്‍ച്ച്, കൂടിയ അളവില്‍ ജീവകം സി എന്നിവ അടങ്ങിയിരിക്കുന്നു.

താമരക്കിഴങ്ങും തണ്ടും പൂവും ഔഷധയോഗ്യമാണ്. പ്രകന്ദത്തിലും വിത്തിലും നിലംബൈന്‍ എന്ന ആല്‍ക്കലോയിഡും റെസിന്‍, ഗ്ളൂക്കോസ്, ടാനിന്‍, കൊഴുപ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. പ്രകന്ദം നെഞ്ചെരിച്ചില്‍, വയറിളക്കരോഗങ്ങള്‍, ത്വക്രോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധമായുപയോഗിക്കുന്നു.

പിത്തം, ചുമ, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ വേര് ഉപയോഗിക്കുന്നു. ഇല പനിക്കും നെഞ്ചെരിച്ചിലിനും ഔഷധമാണ്. പുഷ്പം ശീതളമാണ്. കോളറ, പനി, ഹൃദ്രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്.

കേസരങ്ങള്‍ ഉദരരോഗങ്ങള്‍ക്കും, ഫലവും വിത്തും കഫം, പിത്തം, വാതം, ഛര്‍ദി, നെഞ്ചെരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്. താമരയുടെ തേന്‍ മകരന്ദം എന്നാണ് അറിയപ്പെടുന്നത്. ഇത് ത്രിദോഷങ്ങള്‍ അകറ്റുന്നു. നേത്രരോഗങ്ങള്‍ക്ക് മകരന്ദം നല്ലൊരൌഷധമാണ്. താമരപ്പൂവ് അരച്ചുപൂശിയാല്‍ ശരീരത്തിലെ ചുട്ടുനീറ്റല്‍ അകലും. രക്താര്‍ശ്ശസ്സിന് താമരക്കിഴങ്ങും പുഷ്പ വൃന്തവും ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് കഴിക്കാറുണ്ട്. താമരപ്പൂവ് അരച്ച് വെള്ളത്തില്‍ കലക്കി പാമ്പുകടിയേറ്റവര്‍ക്ക് കൊടുത്താല്‍ വിഷം ശമിക്കാന്‍ സഹായിക്കും.

'താമരക്കുരു വാതഘ്നം ഛര്‍ദ്ദിതൃഷ്ണാ ഹരം ഗുരു

പിത്ത പ്രശമനം സ്നിഗ്ധം വൃഷ്യന്താനും വിദാഹഹൃത്

താമരെക്കുള്ള വളയം വൃഷ്യം കേശത്തിനും ഗുണം

ദാഹപിത്ത ജ്വരഹരം കണ്ണിനും നന്നു ശീതളം'

എന്നാണ് ഗുണപാഠത്തില്‍ താമരയെ വിശേഷിപ്പിച്ചിട്ടുള്ളത്.

താമരപ്പൂവ് ഒരു പുണ്യപുഷ്പമായി കരുതപ്പെടുന്നു. അലങ്കാരത്തിനും അമ്പലങ്ങളില്‍ പൂജയ്ക്കും ഇത് ഉപയോഗിച്ചുവരുന്നു. താമരയില, സാധനങ്ങള്‍ പൊതിഞ്ഞുകൊടുക്കുന്നതിനും ആഹാരം വിളമ്പിക്കഴിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.

പുരാണേതിഹാസങ്ങളിലും ഭാരതീയ കവി സങ്കല്പങ്ങളിലും താമരയ്ക്ക് വലിയ പ്രാധാന്യമുണ്ട്. വിഷ്ണുവിനേയും കൃഷ്ണനേയും രാമനേയും കുറിക്കുന്ന നിരവധി പദങ്ങള്‍ താമരയുടെ പര്യായങ്ങള്‍ ചേര്‍ന്നുണ്ടായവയാണ്. വിഷ്ണുവിന്റെ നാഭിയില്‍ നിന്നുണ്ടായ താമരയിലാണ് ബ്രഹ്മാവ് ഉണ്ടായതും സ്ഥിതി ചെയ്യുന്നതുമെന്നാണ് സങ്കല്പം. ലക്ഷ്മീദേവി വസിക്കുന്നത് താമരയിലാണ്. സരസ്വതിയേയും പത്മാസനസ്ഥയായി വിവരിച്ചുകാണുന്നു. കാമദേവന്റെ അഞ്ച് ബാണങ്ങളിലൊന്ന് താമരയാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%AE%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍