This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താപചികിത്സ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താപചികിത്സ

Thermal therapy

താപം ഉപയോഗിച്ചുള്ള ചികിത്സാക്രമം. ശരീരത്തിലാകമാനമോ സ്ഥാനീയമായോ വളരെ ചെറിയ ഒരു ഭാഗം മാത്രം കേന്ദ്രീകരിച്ചോ താപചികിത്സ നടത്താം. സ്ഥാനീയ താപചികിത്സയാണ് സാധാരണം. താപം വളരെ സൂക്ഷ്മമായി പ്രയോഗിക്കുന്ന ചികിത്സാക്രമമാണ് കോട്ടറൈസേഷന്‍ (Cauterisation). തപ്ത ലോഹംകൊണ്ട് പൊള്ളിക്കുന്ന രീതിയാണ് ആദ്യകാലങ്ങളില്‍ സ്വീകരിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്കു പകരമായി അറേബ്യയില്‍ കണ്ടുപിടിച്ച ഈ ചികിത്സാക്രമം പിന്നീട് സര്‍വരോഗങ്ങളും ശമിപ്പിക്കാനായി ഉപയോഗിച്ചുതുടങ്ങി. ഇന്ന് ഈ ചികിത്സാക്രമത്തിന് ചരിത്രപ്രാധാന്യം മാത്രമേയുള്ളൂ. വൈദ്യുതി(electro cautery)യും ക്ഷാര(chemical cautery)ങ്ങളും ഉപയോഗിച്ചുള്ള കോട്ടറൈസേഷന്‍ ഇന്നു പ്രചാരത്തിലുണ്ട്. ശരീരത്തില്‍ പൊതുവായി താപം പ്രയോഗിക്കുക മൂലം ശരീരതാപനില വര്‍ധിക്കുന്ന ചികിത്സാക്രമമാണ് ഹൈപര്‍ തെര്‍മിയ (hyper thermia).

താപപ്രയോഗം മൂലം ശരീരത്തില്‍ നടക്കുന്ന പ്രക്രിയകളുടെ യഥാര്‍ഥരൂപം വ്യക്തമല്ലെങ്കിലും വേദന ശമിപ്പിക്കുന്നതിനും സുഖകരമായ മയക്കം ഉണ്ടാക്കുന്നതിനും രക്തയോട്ടം കൂട്ടുന്ന തിനും താപചികിത്സ പ്രയോജനപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഏതു പ്രകാരത്തിലുള്ള താപം പ്രയോഗിച്ചാലും ശരീരത്തില്‍ അത് ഉളവാക്കുന്ന പ്രഭാവം ഒന്നുതന്നെയാണ്. ഊഷ്മാവ് ഉയരുന്നതിനനുസൃതമായി ഉപാപചയത്തോത് വര്‍ധിക്കുന്നതിനാല്‍ അമ്ളങ്ങള്‍, കാര്‍ബണ്‍ഡൈഓക്സൈഡ് തുടങ്ങിയ ഉപാപചയാവശിഷ്ടങ്ങള്‍ സഞ്ചയിക്കപ്പെടുന്നു. ധമനികളും സൂക്ഷ്മധമനികളും വികസിതമാകുന്നതുമൂലം രക്തയോട്ടം വര്‍ധിക്കുകയും കോശങ്ങളുടെ പോഷണവും ഉപാപചയാവശിഷ്ടങ്ങളുടെ വിനിമയവും മെച്ചപ്പെടുകയും ചെയ്യുന്നു. രക്തത്തിലൂടെ കൂടുതല്‍ ഫാഗോസൈറ്റുകളും ആന്റിബോഡികളും ആ ശരീരപ്രദേശത്തെത്തുന്നത് രോഗശമനത്തിനു കാരണമാകുന്നു. രക്തധമനികള്‍ പൂര്‍ണമായും വികസിതമാകുന്നതുവരെയാണ് സ്ഥാനീയമായി ഊഷ്മാവ് വര്‍ധിക്കുന്നത്. പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് താപം വ്യയം ചെയ്യപ്പെടുന്നതിനാല്‍ ആ ഭാഗത്തെ ഊഷ്മാവ് ചെറിയ തോതില്‍ കുറയുന്നു. താപം പ്രയോഗിച്ച് ശരീരകോശത്തിന്റെ ഊഷ്മാവ് 44ºC എത്തുമ്പോള്‍ വ്യക്തിക്ക് വേദനയും ചൂടും അനുഭവപ്പെടും. രക്തയോട്ടം കുറവായിട്ടുള്ളവര്‍ക്ക് പൊള്ളലേല്ക്കാനിടയുണ്ട്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് താപം വിനിമയം ചെയ്യുവാനാവശ്യമായ രക്തമില്ലാത്തതിനാലാണിങ്ങനെ സംഭവിക്കുന്നത്. ശരീരത്തിന്റെ ഒരു ഭാഗത്ത് പ്രയോഗിക്കുന്ന താപത്തോട് മറ്റു ശരീരഭാഗങ്ങളുടെ പ്രതികരണം നിയന്ത്രിക്കുന്നത് കേന്ദ്രനാഡീവ്യൂഹമാണ്.

താപോത്പാദനത്തേയും പ്രയോഗത്തേയും അടിസ്ഥാനമാക്കി മൂന്ന് വിധത്തിലുള്ള താപചികിത്സയാണ് നടത്താറുള്ളത്- വികിരണ താപ (radiant heat) ചികിത്സ, ചാലകീയ താപ (conductive heat) ചികിത്സ, വിലോമ താപ(conversive heat) ചികിത്സ.

വികിരണ താപചികിത്സ. വൈദ്യുത-കാന്തികോര്‍ജത്തിന്റെ ഇന്‍ഫ്രാറെഡ് (ഐ.ആര്‍.) രശ്മികളു(λ=77015000 nm)പയോഗിച്ച് ശരീരത്തിന്റെ ഉള്‍തലങ്ങള്‍ ചൂടാക്കുന്ന ചികിത്സാരീതിയാണിത്. ചൂടുള്ള ഏതു വസ്തുവും ഐ.ആര്‍. രശ്മികള്‍ വമിക്കും. എന്നിരുന്നാലും കൂടുതല്‍ പ്രയോഗക്ഷമമായ ഐ.ആര്‍. ബള്‍ബുകളും ട്യൂബുകളും ഇന്നു ലഭ്യമാണ്. ത്വക്കിനു താഴെ 3 മി.മീറ്ററോളം കടന്നുചെല്ലാന്‍ ഐ.ആര്‍. രശ്മികള്‍ക്കു സാധിക്കും. കൂടാതെ രക്തചംക്രമണംവഴി കൂടുതല്‍ താഴേക്ക് താപം വ്യാപിക്കുകയും ചെയ്യും. ഐ.ആര്‍. രശ്മികളോടുള്ള ശരീരത്തിന്റെ പ്രതികരണം സ്രോതസ്സില്‍നിന്നുള്ള ദൂരത്തിന്റെ ദ്വിഘാതവുമായി വിപരീതാനുപാതത്തിലാണ്. ദൂരം കുറയുന്തോറും പ്രഭാവം കൂടുന്നു. വികിരണമേല്ക്കുന്ന പ്രതലം സ്രോതസ്സുമായി 90º-യിലാകുമ്പോഴാണ് പ്രഭാവം ഉച്ചാവസ്ഥയിലാകുന്നത്.

ചാലകീയ താപചികിത്സ. ഉയര്‍ന്ന താപത്തിലുള്ള പദാര്‍ഥങ്ങള്‍ ത്വക്കുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ ശരീരത്തിലേക്ക് താപം പ്രവഹിക്കുന്നു. ചുടുള്ള വായു, നീരാവി, ചൂടുവെള്ളം, പാരഫിന്‍, സിലിക്കണ്‍, വൈദ്യുത പാഡുകള്‍ തുടങ്ങിയവ ചികിത്സയ്ക്കായി സാധാരണയായി ഉപയോഗിച്ചുവരുന്നു. ചൂടുവെള്ളത്തിലുള്ള കുളിയും 38-48ºC വരെ ചൂടാക്കിയ വെള്ളം ചുഴറ്റിയടിക്കുന്ന ജലാവര്‍ത്ത ചികിത്സയും കൈകാലുകളുടെ വേദനയകറ്റുന്നതിനും ശുദ്ധീകരണത്തിനും സ്ഥിരമായി പ്രയോഗിച്ചുവരുന്ന ചികിത്സാരീതികളാണ്. പാരഫിനും സിലിക്കണ്‍ എണ്ണയും 7:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതം 45-52ºC വരെ ചൂടാക്കി വാതസംബന്ധമായ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ത്വക്കും ത്വക്കിനടിയിലുള്ള കൊഴുപ്പും താപത്തിന്റെ ചാലകത നിരോധിക്കുന്നതിനാല്‍ ഈ ചികിത്സാവിധിയിലൂടെ ശരീരത്തിനകത്തേക്ക് താപം അധികം കടന്നു ചെല്ലുന്നില്ല. എന്നിരുന്നാലും വളരെ എളുപ്പത്തില്‍ പ്രയോഗിക്കാം എന്നതിനാല്‍ ഇതു വ്യാപകമായി പ്രയോഗിച്ചുവരുന്നു.

വിലോമ താപചികിത്സ. ഈ ചികിത്സാക്രമത്തില്‍ മറ്റേതെങ്കിലും രൂപത്തിലുള്ള ഊര്‍ജം താപം ആയി രൂപാന്തരപ്പെടുത്തുകയാണു ചെയ്യുന്നത്. റേഡിയോ തരംഗങ്ങളും അള്‍ട്രാസോണിക തരംഗങ്ങളും ആണ് ഏറ്റവും സാധാരണയായി ഉപയോഗപ്പെടുത്തുന്നത്. റേഡിയോ തരംഗങ്ങളിലെ ഹ്രസ്വതരംഗങ്ങള്‍

(λ= 3-30 മീ.) ശരീരത്തിനുള്ളിലേക്ക് 2-3 സെ.മീ. വരെ കടന്നു ചെല്ലുന്നതിനാല്‍ കൊഴുപ്പുകലകള്‍ ചൂടാക്കുന്നതിന് ഉപയോഗപ്രദമാണ്. മൈക്രോതരംഗങ്ങള്‍ (λ= 12.2 സെ.മീ.) ആകട്ടെ ശരീരത്തിനുള്ളിലേക്ക് 5 സെ.മീ. വരെ കടന്നുചെല്ലുന്നു. കൊഴുപ്പ്, പേശികള്‍, എല്ലുകളിലെ സന്ധാനകലകള്‍ എന്നിവയുടെ താപം ഉയര്‍ത്തുവാന്‍ ഈ ചികിത്സാക്രമം ഫലപ്രദമാണ്. ഹ്രസ്വ മൈക്രോതരംഗങ്ങള്‍ ആന്തരിക കലകള്‍ക്ക് പൊള്ളലുണ്ടാക്കുമെന്നതിനാല്‍ താപം വളരെ ശ്രദ്ധയോടെ നിയന്ത്രിക്കേണ്ടതുണ്ട്. അള്‍ട്രാസോണിക തരംഗങ്ങള്‍ താപമായി രൂപാന്തരപ്പെടുത്തുമ്പോള്‍ 5-7.5 സെ.മീ. വരെ പ്രവേശ്യമാണ്. എന്നാല്‍ ഈ തരംഗങ്ങള്‍ ചുവന്ന രക്താണുക്കളേയും മറ്റു കോശങ്ങളേയും നശിപ്പിക്കുകയും കലകളില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ഉപയോഗം പരിമിതമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍