This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താനേസര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താനേസര്‍

Thanesar

ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയില്‍ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു പട്ടണം. ഇതിന്റെ പുരാതന നാമം സ്ഥാനേശ്വര്‍ എന്നായിരുന്നു. കാലാന്തരത്തില്‍ ഇത് ഥാനേശ്വര്‍, താനേശ്വര്‍, താനേസര്‍ എന്നീ രൂപങ്ങളുള്‍ക്കൊണ്ടു. ഡല്‍ഹിയില്‍ നിന്ന് 145 കി.മീ. വ.മാറി സ്ഥിതിചെയ്യുന്ന താനേസര്‍ ഒരു പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമാണ്. മഹാഭാരതത്തില്‍ പരാമൃഷ്ടമായിട്ടുള്ള യുദ്ധത്തിന്റെ കളമെന്നു വിശ്വസിക്കപ്പെടുന്ന കുരുക്ഷേത്ര സമതലത്തിലാണ് താനേസര്‍ പട്ടണം വികസിച്ചിരിക്കുന്നത്. പട്ടണം നിരവധി പുണ്യതീര്‍ഥങ്ങളെ ഉള്‍ക്കൊള്ളുന്നു. കുരുക്ഷേത്രത്തിലെ തീര്‍ഥമാണ് ഇതില്‍ ഏറെ പ്രസിദ്ധം. സൂര്യഗ്രഹണ ദിവസങ്ങളില്‍ ഭക്തര്‍ ഇവിടെ വിശേഷാല്‍ പൂജ നടത്തുക പതിവാണ്.താനേസറിനടുത്തുള്ള 'ജ്യോതിസര്‍' ഗീതോപദേശത്തിന്റെ വേദിയായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

7-ാം ശ.-ത്തില്‍ ഹര്‍ഷസാമ്രാജ്യ തലസ്ഥാനമായിരുന്ന താനേസര്‍ 'സ്ഥാണീശ്വര്‍'എന്ന പേരിലുമറിയപ്പെട്ടിരുന്നു. കനൗജ് പ്രദേശത്തെ താനേസറുമായി കൂട്ടിച്ചേര്‍ത്ത് ഹര്‍ഷന്‍ ഒരു സാമ്രാജ്യം സ്ഥാപിച്ചെങ്കിലും അതിന് ദീര്‍ഘായുസ്സുണ്ടായില്ല. ഹര്‍ഷന്റെ കാലഘട്ടത്തിനു ശേഷം താനേസറിന്റെ പ്രാധാന്യം ക്ഷയിക്കുകയും 11-ാം ശ..-ത്തിന്റെ ആരംഭത്തില്‍ നടന്ന മുഹമ്മദ് ഗസ്നിയുടെ ആക്രമണത്തോടെ പട്ടണത്തിന്റെ പതനം പൂര്‍ണമാവുകയും ചെയ്തു.

പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി ചരിത്ര-പുരാവസ്തു കേന്ദ്രങ്ങള്‍ താനേസറിലും പരിസരപ്രദേശങ്ങളിലും കാണാം. ഇവിടത്തെ പുരാതന കോട്ട, ഷേഖ് ചേഹ്ലിയുടെ ശവകുടീരം, മദ്രസ, പത്ഥര്‍ മസ്ജിദ്, ചീനി മസ്ജിദ് തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്. താനേസറിന് തെ.പ.സ്ഥിതിചെയ്യുന്ന കര്‍ണ രാജാവിന്റെ കോട്ടയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. 12 മീ. ആണ് ഇതിന്റെ ഉയരം. കോട്ടയ്ക്ക് തെ. മാറി സ്ഥിതിചെയ്യുന്ന അസ്ഥിപുര, 13 കി.മീ. അകലെയുള്ള ഭോര്‍ സൈദാന്‍, ദൌലത്പൂര്‍ തുടങ്ങിയവ ഏറെ ചരിത്ര-പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങളാണ്. തനേസറിലും പരിസര പ്രദേശങ്ങളിലും നടന്ന ഉത്ഖനനങ്ങളിലൂടെ നിരവധി പുരാവസ്തു ശേഖരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കളിമണ്‍ പാത്രങ്ങളാണ് ഇവയില്‍ പ്രധാനമായവ. ഇവയ്ക്കും ദൗലത്പൂരില്‍നിന്നു ലഭിച്ച പുരാവസ്തുക്കള്‍ക്കും ഹാരപ്പന്‍ സംസ്കാരത്തിന്റെ അവസാന ഘട്ടവുമായി ബന്ധമുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.

മുമ്പ് കര്‍ണാല്‍ ജില്ലയുടെ ഭാഗമായിരുന്നു താനേസര്‍. 1973-ല്‍ കുരുക്ഷേത്ര ജില്ലയുടെ ഭാഗമായി. ഹിന്ദി മുഖ്യ വ്യവഹാരഭാഷ യായ ഇവിടത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും ഹൈന്ദവരാണ്. സിക്ക്, ക്രിസ്ത്യന്‍, ഇസ്ളാം, ബുദ്ധ, ജൈന വിശ്വാസികളും ഈ പ്രദേശത്ത് നിവസിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍