This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലവടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തലവടി

ആലപ്പുഴ ജില്ലയില്‍, കുട്ടനാട് താലൂക്കില്‍, ചമ്പക്കുളം ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്ത്. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാട്ടിന്റെ കിഴക്കേ അരികിലാണ് തലവടിയുടെ സ്ഥാനം. വിസ്തീര്‍ണം: 15.76 ച.കി.മീ. വാര്‍ഡുകളുടെ എണ്ണം: 12. അതിരുകള്‍: കി.പമ്പാനദിയുടെ കൈവഴിയായ തോക്കനടിതോട്; തെ.അരീത്തോട്; പ.മണക്ക്തോട്, വെട്ടുതോട്, കുളങ്ങരതോട്; വ.പമ്പാനദി, കൈത്തോട് എന്നിവ. തിരുവിതാംകൂറിന്റെ ഭാഗമാകുന്നതുവരെ തലവടി ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് പ്രദേശങ്ങള്‍ ചേര്‍ന്നുള്ള ചെമ്പകശ്ശേരി രാജ്യത്തിന്റെ ഭാഗമായിരുന്നു. ഇവിടെ ഒരു രാജകൊട്ടാരവും നിലനിന്നിരുന്നു. രാജാവിന്റെ എഴുന്നള്ളത്ത് അറിയിക്കുന്ന ആദ്യവെടി മുഴക്കിയിരുന്നത് ഇവിടെവച്ചായിരുന്നതിനാല്‍ 'തലവെടി'എന്ന നാമം കൈവന്നു; പില്ക്കാലത്ത് ലോപിച്ച് പശ്ചിമഘട്ടത്തില്‍ നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി വേമ്പനാട് കായലില്‍ പതിക്കുന്ന പമ്പയും മണിമലയാറും വഴി വേമ്പനാട് കായലിന്റെ തെ. കിഴക്കേ അഗ്രത്തില്‍ നൂറ്റാണ്ടുകള്‍ കൊണ്ട് അടിഞ്ഞുയര്‍ന്ന എക്കല്‍ തടമാണ് തലവടി. ഈ പഞ്ചായത്തിലെ പല ഭാഗങ്ങളും സമുദ്രനിരപ്പിലും താണാണു കിടക്കുന്നത്. പഞ്ചായത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന പമ്പയുടെ കൈവഴിയാണ് ഇവിടത്തെ മുഖ്യ ജലസ്രോതസ്സ്. മുമ്പ് വെള്ളക്കെട്ടായി കിടന്നിരുന്ന 1020 ഹെക്ടര്‍ പ്രദേശത്ത് ഇപ്പോള്‍ പുഞ്ചക്കൃഷിയിറക്കുന്നു. 5.37 ഹെക്ടര്‍ കരഭൂമിയാണ്. ഒ.-ന. കാലയളവില്‍ പുഞ്ചനിലങ്ങള്‍ക്കു ചുറ്റുമുള്ള ബണ്ടുകള്‍ ബലപ്പെടുത്തി വെള്ളം വറ്റിച്ചശേഷമാണ് കൃഷിയിറക്കുന്നത്. കാലവര്‍ഷക്കാലത്ത് ഈ ഗ്രാമത്തിന്റെ ഏറിയ ഭാഗവും വെള്ളത്തിനടിയിലാവുക പതിവാണ്. നെല്ലും തെങ്ങുമാണ് പ്രധാന വിളകള്‍. കൃഷിയാണ് മുഖ്യ ഉപജീവനമാര്‍ഗമെങ്കിലും മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ചിട്ടുള്ള ചെറിയൊരു വിഭാഗവും തലവടിയിലുണ്ട്.

ജനസാന്ദ്രതയിലും സാംസ്കാരിക, വിദ്യാഭ്യാസരംഗങ്ങളിലും മുന്നില്‍ നില്‍ക്കുന്ന തലവടിയില്‍ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ് പ്രാമുഖ്യം. പ്രസിദ്ധ സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പി ള്ളയുടെ ആദ്യകാല ഗുരു തെക്കേക്കരയില്‍ ചുടുകാട്ടില്‍ വീട്ടില്‍ ഉമ്മനാശാന്റെ ജന്മദേശം കൂടിയാണ് തലവടി. ഈ പഞ്ചായത്തില്‍ നിരവധി ക്ഷേത്രങ്ങളും പള്ളികളും ഉണ്ട്. ദ്രാവിഡ സംസ്കാരത്തിന്റെ പ്രതീകങ്ങളായി ധാരാളം സര്‍പ്പക്കാവുകളും കാണാം. 1839-ല്‍ റവ.തോമസ് നോര്‍ട്ടണ്‍ കുന്തിരിക്കല്‍ സ്ഥാപിച്ച സി.എം.എസ്. പള്ളി പ്രശസ്തിയാര്‍ജിച്ച ആരാധനാലയമാണ്. ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാലയും തിരുവോണനാളിലെ നീരേറ്റുപുറം-പമ്പാബോട്ട് മത്സരവും ജനസഹസ്രങ്ങളെ ആകര്‍ഷിക്കുന്നു.

5 ഹൈസ്കൂളുകള്‍, 3 യു.പി. സ്കൂളുകള്‍, 10 എല്‍.പി. സ്കൂളുകള്‍, ഒരു ക്രാഫ്റ്റ് സ്കൂള്‍ എന്നിവയ്ക്കു പുറമേ നിരവധി അംഗന്‍വാടികളും ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസുകള്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവയാണ് മറ്റു പ്രധാന പൊതു സ്ഥാപനങ്ങള്‍. വന്‍കിട വ്യവസായങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഇവിടെ നിരവധി ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B2%E0%B4%B5%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍