This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലയാഴം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തലയാഴം

കോട്ടയം ജില്ലയില്‍, വൈക്കം താലൂക്കിലെ, വൈക്കം ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. 10 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്ന ഈ പഞ്ചായത്തിന് 22.41 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.വൈക്കം മുനിസിപ്പാലിറ്റിയിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്ത്; തെ. വെച്ചൂര്‍ ഗ്രാമ പഞ്ചായത്ത്; കി.കല്ലറ പഞ്ചായത്ത്; പ. വൈക്കം മുനിസിപ്പാലിറ്റിയിലെ ടി.വി.പുരം ഗ്രാമ പഞ്ചായത്തും, വേമ്പനാട്ടു കായലും.

വേമ്പനാട്ടുകായലിന്റെ കിഴക്കേകരയില്‍ വൈക്കം പട്ടണത്തിന്റെ തെക്കുകിഴക്കായി വ്യാപിച്ചിരിക്കുന്ന തലയാഴം നെല്‍പ്പാടങ്ങളും, തെങ്ങിന്‍തോപ്പുകളും, തോടുകളും, കായലോരങ്ങളും ചേര്‍ന്ന് മനോഹരമായ ഒരു കാര്‍ഷിക ഗ്രാമമാണ്. പഞ്ചായത്തിന്റെ വടക്കും പടിഞ്ഞാറുമായി ഏകദേശം 9 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കരിയാറും കി. ഭാഗത്ത് ഏകദേശം അതേ ദൈര്‍ഘ്യത്തില്‍ കെ.വി. കനാലും തെ.പ. 3 കി.മീറ്ററോളം വേമ്പനാട്ട് കായലും നൈസര്‍ഗികാതിര്‍ത്തികളായി വര്‍ത്തിക്കുന്നു. തലയാഴം പഞ്ചായത്തിന് പൊതുവേ തീരസമതലം, താരതമ്യേന ഉയര്‍ന്ന സമതലം, ചതുപ്പുനിലം എന്നിവ ഇടകലര്‍ന്ന ഭൂപ്രകൃതിയാണുള്ളത്. പഞ്ചായത്തിലൂടെ ഒഴുകുന്ന മൂവാറ്റുപുഴ ആറ്, മീനച്ചില്‍ ആറ് എന്നീ നദികളുടെ കൈവഴികള്‍ ഈ പ്രദേശത്തെ ജലസേചിതമാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. 3 കി.മീറ്ററോളം വേമ്പനാട്ടുകായലുമായി അതിര്‍ത്തി പങ്കിടുന്ന ഈ പഞ്ചായത്തിന്റെ 3 വശങ്ങളും കായലിനാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടാന്‍ കരിയാറിന്റെ പതനമുഖത്ത് താല്‍ക്കാലിക ബണ്ടു കെട്ടി 6 മാസം നീരൊഴുക്ക് തടയാറുണ്ട്. പഞ്ചായത്തിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം കൃഷിയാണ്. മത്സ്യബന്ധനം, കക്കവാരല്‍ എന്നീ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങളും ഈ പ്രദേശത്തുണ്ട്. പ്രധാന വിളയായ നെല്ലിനു പുറമേ തെങ്ങ്, വാഴ, പച്ചക്കറി എന്നിവയും ഇവിടെ കൃഷിചെയ്യുന്നുണ്ട്. കരിമണ്ണ് നിറഞ്ഞ് കൃഷിയോഗ്യമല്ലാതായിത്തീര്‍ന്ന 35-ല്‍ അധികം പാടശേഖരങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. മുമ്പ് മൃഗപരിപാലനത്തില്‍ മുന്നിട്ടു നിന്ന ഇവിടം വെച്ചൂര്‍ പശുവിലൂടെ കേരളം മുഴുവന്‍ അറിയപ്പെട്ടിരുന്നു. കുറുകിയ കാലുകളും ചെറിയ ഉടലുമുള്ള വെച്ചൂര്‍ പശുക്കള്‍ ഇപ്പോള്‍ വംശനാശഭീഷണിയിലാണ്. തഴപ്പാ നെയ്ത്ത് ഉള്‍പ്പെടെ 26 ചെറുകിട വ്യവസായങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെയ്ന്റ് സേവിയേഴ്സ് കോളജ്, സ്കൂളുകള്‍, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, സഹകരണസംഘങ്ങള്‍ എന്നിവ ഇവിടത്തെ പ്രധാന പൊതു സ്ഥാപനങ്ങളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍