This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തറ

ഒരു പ്രാദേശിക ഭരണ നിര്‍വഹണ ഘടകവും താഴത്തെ തട്ടിലുള്ള ജനകീയ സമിതിയും. പ്രാചീന കേരളത്തില്‍ 'നാടു'കള്‍ 'കര'കളായും 'കര'കള്‍ 'തറ'കളായും വിഭജിച്ച് ഭരണ കാര്യങ്ങള്‍ നടത്തിപ്പോന്നിരുന്നു. തറകള്‍ തറക്കൂട്ടങ്ങളില്‍വച്ചു ചര്‍ച്ച നടത്തിയാണ് ഭരണ നിര്‍വഹണം നടത്തിയിരുന്നത്. ഇത്തരം തറകളുടെ ചുമതലകളില്‍ പ്രധാനപ്പെട്ടവ മേച്ചില്‍ സ്ഥലങ്ങളും കളിക്കളങ്ങളുമുള്‍പ്പെട്ട പൊതുസ്ഥലങ്ങള്‍ സംരക്ഷിക്കുക, തദ്ദേശവാസികളുടെ ആവശ്യങ്ങള്‍ ഉന്നതാധികാരികളെ അറിയിച്ചു നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുക എന്നിവയായിരുന്നു. ഓരോ സമുദായത്തിന്റേയും ആഭ്യന്തര കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനു വേണ്ടി അതതു സമുദായത്തിന്റെ പ്രത്യേക തറകളും നിലവിലുണ്ടായിരുന്നു. അവയ്ക്ക് ജാതിഭേദമനുസരിച്ച് നായര്‍ത്തറ, ആണ്ടിത്തറ, കുമ്മാളത്തറ, വേട്ടുവത്തറ എന്നിങ്ങനെ പേരുമുണ്ടായിരുന്നു. അത്തരം തറക്കൂട്ടങ്ങളെ നിയന്ത്രിച്ചിരുന്നത് സമുദായത്തിലെ മുതിര്‍ന്ന കാരണവന്മാരുടെ ചെറു സംഘമായിരുന്നു. ഈ സംഘം ഒരു തരത്തില്‍ തറ എന്ന പൊതുയോഗത്തിന്റെ കര്‍മസമിതിയാണെന്നു പറയാം. ഇത്തരം സാമുദായിക തറക്കൂട്ടങ്ങള്‍ നടന്നിരുന്ന സ്ഥലങ്ങളാണ് കാവുകള്‍. അവിടെ സമുദായത്തിന്റെ പ്രദേശിക ആരാധനാമൂര്‍ത്തിയെ പൂജിച്ചു കൊണ്ടായിരുന്നു കൂട്ടം ആരംഭിച്ചിരുന്നത്. ക്രമേണ തറക്കൂട്ടങ്ങള്‍ അപ്രധാനമാവുകയും അപ്രത്യക്ഷമാവുകയും ചെയ്തെങ്കിലും കാവുകള്‍ ആരാധനാകേന്ദ്രങ്ങളായിത്തന്നെ നിലനിന്നു. ഉത്തര കേരളത്തിലെ മിക്ക കാവുകള്‍ക്കും ഈ തരത്തിലുള്ള ചരിത്രമുണ്ട്. ഉത്തര കേരളത്തില്‍ ഇത്തരം തറകള്‍ കേന്ദ്രീകരിച്ച് കളരികളും നിലവിലുണ്ടായിരുന്നു. ദേശഭരണം ഏകാധിപതികളില്‍ കേന്ദ്രീകരിക്കുകയും ഭരണത്തിന്റെ ജനകീയ സ്വഭാവം അവസാനിക്കുകയും ചെയ്തതോടുകൂടി തറകളും നാട്ടുക്കൂട്ടങ്ങളും ചരിത്രത്തിന്റെ താളുകളില്‍ മാത്രം അവശേഷിക്കുന്ന നിലയിലായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍