This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തയ്യല്‍യന്ത്ര വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തയ്യല്‍യന്ത്ര വ്യവസായം

തുണിയും അതുപോലുള്ള വസ്തുക്കളും തുന്നാനുപയോഗിക്കുന്ന യന്ത്രങ്ങള്‍ നിര്‍മിക്കുന്ന വ്യവസായം. തയ്യല്‍യന്ത്രത്തില്‍ ഒരു സൂചിയും ഒന്നോ രണ്ടോ നൂലിഴകളുമാണുള്ളത്. ആധുനിക കാലത്ത് തയ്യല്‍യന്ത്രത്തിന്റെ ആവിര്‍ഭാവത്തോടെ ആളുകള്‍ കൈകൊണ്ടു ചെയ്തിരുന്ന തുന്നല്‍ ജോലികള്‍ തയ്യല്‍യന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍വഹിക്കാന്‍ തുടങ്ങി. വീടുകളില്‍ ഉപയോഗിക്കുന്ന തയ്യല്‍യന്ത്രത്തിന് സാധാരണയായി ഒരു മിനിറ്റില്‍ 1500 തുന്നല്‍ വരെ നിര്‍വഹിക്കുവാന്‍ കഴിയും. വസ്ത്രങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞത് തയ്യല്‍യന്ത്രത്തിന്റെ ആവിര്‍ഭാവത്തോടെയാണ്. തയ്യല്‍യന്ത്രങ്ങള്‍ പ്രധാനമായും രണ്ട് തരമുണ്ട്. ഗാര്‍ഹിക തയ്യല്‍യന്ത്രവും വ്യാവസായിക തയ്യല്‍യന്ത്രവും. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍, ബുക്കുകള്‍, ചണത്തുണിപുതപ്പുകള്‍ എന്നിവയുടെ നിര്‍മാണത്തിലാണ് വ്യവസായിക തയ്യല്‍യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. ഗാര്‍ഹിക തയ്യല്‍യന്ത്രത്തെപ്പോലെയാണ് ഇതിന്റെ പ്രവര്‍ത്തനമെങ്കിലും, തുന്നലിന്റെ വേഗത വളരെ കൂടുതലാണ്. ഒരു മിനിറ്റില്‍ 5000 തുന്നല്‍ വരെ നിര്‍വഹിക്കുവാന്‍ ഈ യന്ത്രത്തിന് കഴിയും. ഏകസൂചി യന്ത്രവും അനവധിസൂചിയുള്ള തയ്യല്‍യന്ത്രവുമുണ്ട്.

ചങ്ങലക്കണ്ണികളുടെ ആകൃതിയിലുള്ള തുന്നല്‍പ്പണി ചെയ്യുന്ന തയ്യല്‍യന്ത്രങ്ങളാണ് സാധാരണയായി ചാക്കുകള്‍, ബാഗുകള്‍ തുടങ്ങിയ ലളിതമായ തയ്യല്‍ ആവശ്യമായ വസ്തുക്കളുടെ തുന്നല്‍ ജോലികള്‍ക്ക് ഉപയോഗിക്കുന്നത്. നേര്‍ത്ത അഗ്രമുള്ള സൂചിയും രണ്ട് നൂലുകളുമുപയോഗിക്കുന്ന മറ്റൊരുതരം തയ്യല്‍ യന്ത്രവുമുണ്ട്. പാവുനൂലിന്റെ ഇടയിലൂടെ ഊടുനൂല്‍ ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ഓടം അഥവാ നൂല്‍നാഴിയും നൂല്‍ ചുറ്റുന്നതിനുള്ള കീലവുമാണ് ഈ യന്ത്രത്തിന്റെ പ്രത്യേകത. ഒന്നിലധികം തുണികള്‍ കൂട്ടിത്തുന്നാന്‍ ഇത്തരം തയ്യല്‍യന്ത്രങ്ങള്‍ക്കു കഴിയും. ഷൂസുകള്‍, സീറ്റ് കവറുകള്‍, ബുക്കുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഇത്തരം തയ്യല്‍യന്ത്രങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. തുന്നല്‍സൂചി ഒരു ഋജുരേഖയില്‍ മുകളിലേക്കും താഴേക്കും സഞ്ചരിച്ചുകൊണ്ട് തുന്നുന്ന യന്ത്രങ്ങള്‍ക്കു പുറമേ, വശങ്ങളിലേക്കു കറങ്ങുന്ന സൂചികള്‍ ഘടിപ്പിച്ചിട്ടുള്ള തയ്യല്‍യന്ത്രങ്ങളുമുണ്ട്. വശങ്ങളിലേക്കു കറങ്ങുന്ന തയ്യല്‍യന്ത്രങ്ങളുടെ പ്രത്യേകത, ഋജുരേഖയിലും വക്രമായ രേഖയിലും തുന്നാന്‍ കഴിയുമെന്നതാണ്. ഗാര്‍ഹിക തയ്യല്‍യന്ത്രങ്ങളില്‍, കാല്‍കൊണ്ടു ചവിട്ടിയോ കൈകൊണ്ടു തിരിച്ചോ പ്രവര്‍ത്തിപ്പിക്കുന്ന ചെറിയ മോട്ടോറുകളാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായും വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന തയ്യല്‍യന്ത്രങ്ങളാണ് ഇപ്പോള്‍ കൂടുതലായി പ്രചാരത്തിലുള്ളത്.

1790-ല്‍ ഇംഗ്ലീഷുകാരനായ തോമസ് സെയിന്റ് ആണ് ആദ്യമായി തയ്യല്‍യന്ത്രത്തിന്റെ പേറ്റന്റ് അവകാശം നേടിയത്. കൊളുത്ത് സൂചി ഉപയോഗിച്ച ഈ യന്ത്രത്തില്‍ തോലുളി കൊണ്ടുണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്നു നൂല്‍ ഓടിച്ചത്. 1830-ല്‍ ബാര്‍ തലെമി തിമ്മോണിയര്‍ ഫ്രാന്‍സില്‍ കൂടുതല്‍ ആധുനികവും പ്രവര്‍ത്തനക്ഷമവുമായ യന്ത്രം വികസിപ്പിച്ചെടുത്തു. ഫ്രഞ്ച് സൈനികരുടെ യൂണിഫോമുകള്‍ തയ്ക്കുന്നതിനാണ് ഈ തയ്യല്‍ യന്ത്രം രൂപകല്പന ചെയ്തത്. എന്നാല്‍, പരമ്പരാഗത തയ്യല്‍ക്കാര്‍ ഇദ്ദേഹത്തെ എതിര്‍ക്കുകയും ഫാക്ടറി നശിപ്പിക്കുകയും ചെയ്തു. കാരണം, തയ്യല്‍യന്ത്രങ്ങളുടെ ഉപയോഗം, തങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുമെന്ന് പരമ്പരാഗത തയ്യല്‍ക്കാര്‍ ഭയപ്പെട്ടു. ഇവരുടെ സംഘടിതമായ എതിര്‍പ്പിനെത്തുടര്‍ന്ന് തിമ്മോണിയര്‍ക്ക് ഫ്രാന്‍സില്‍ നിന്ന് പലായനം ചെയ്യേണ്ടതായിപ്പോലും വന്നു. അമേരിക്കയിലേക്കു കുടിയേറിയ ഇദ്ദേഹം 1850-ല്‍ തയ്യല്‍യന്ത്രനിര്‍മാണത്തിനുള്ള പേറ്റന്റവകാശം നേടി. എന്നാല്‍, അപ്പോഴേക്കും സാങ്കേതികമായി കൂടുതല്‍ മെച്ചപ്പെട്ട തയ്യല്‍യന്ത്രം വികസിപ്പിക്കപ്പെട്ടിരുന്നു. 1833-ല്‍ അമേരിക്കയിലെ വാള്‍ട്ടര്‍ ഹന്റ് ഒരു തയ്യല്‍യന്ത്രത്തിനു രൂപം നല്‍കിയിരുന്നു. ഇദ്ദേഹമാണ് നേര്‍ത്ത സൂചി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇത്തരം സൂചിയുടെ കണ്ടുപിടിത്തത്തോടെയാണ് തയ്യല്‍യന്ത്രങ്ങള്‍ കൂടുതല്‍ പ്രചാരം നേടിയത്. 1848-ല്‍ ഏലിയാസ് ഹോവ് വികസിപ്പിച്ച യന്ത്രത്തില്‍ വളഞ്ഞ സൂചിയാണുപയോഗിച്ചത്. തയ്ക്കേണ്ട തുണിയുടെ അടിഭാഗത്തുകൂടി മുന്നോട്ടും പിന്നോട്ടും നീങ്ങുന്ന ഒരു ദീര്‍ഘ ഓടമാണ് ഈ യന്ത്രത്തില്‍ ഉപയോഗിച്ചിരുന്നത്. ഈ യന്ത്രത്തിന് അമേരിക്കയില്‍ കാര്യമായ വാണിജ്യ വിജയമുണ്ടാകാത്തതിനാല്‍, ഹോവ് ഇംഗ്ലണ്ടിലേക്കു കുടിയേറുകയാണുണ്ടായത്. ഹോവ് തന്റെ പേറ്റന്റവകാശം ഇംഗ്ലീഷുകാരനായ വില്യം തോമസിനു വില്‍ക്കുകയും ചെയ്തു.

അമേരിക്കകാരനായ ഐസക് സിംഗര്‍ ഈ വ്യവസായ രംഗത്തേക്ക് കടന്നുവന്നതോടെയാണ് തയ്യല്‍യന്ത്രങ്ങള്‍ ജനകീയമായത്. 1851-ല്‍ സിംഗര്‍ നിര്‍മിച്ച ദീര്‍ഘ ഓടമുള്ള തയ്യല്‍യന്ത്രം ഈ വ്യവസായത്തില്‍ ലോകപ്രശസ്തമായിത്തീര്‍ന്നു. പതിനൊന്നു ദിവസത്തെ വിശ്രമരഹിതമായ ശ്രമഫലമായിട്ടാണ് സിംഗര്‍ തന്റെ തയ്യല്‍യന്ത്രം വികസിപ്പിച്ചെടുത്തത്. ഇദ്ദേഹമാണ് മുകളിലോട്ടും താഴോട്ടും ചലിക്കുന്ന ഓടം എന്ന ആശയത്തിനു രൂപം നല്‍കിയത്. പ്രാരംഭഘട്ടത്തില്‍ വസ്ത്രവ്യവസായരംഗം അനുകൂലമായിട്ടല്ല പ്രതികരിച്ചത്. കുറഞ്ഞ ചെലവില്‍ തയ്യല്‍യന്ത്രം നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍, ഇത് സിംഗറിനു പ്രേരകമായി. ശാമുവല്‍ കോള്‍ട്ടിന്റെ കൈത്തോക്കു നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ തയ്യല്‍യന്ത്രം നിര്‍മിക്കാന്‍ ഉപയോഗിക്കാമെന്നു സിംഗര്‍ കണ്ടെത്തി. അങ്ങനെ, 1857-ല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ വന്‍തോതില്‍ തയ്യല്‍യന്ത്രം നിര്‍മിക്കുന്ന ഒരു ഫാക്ടറിക്ക് സിംഗര്‍ ആരംഭം കുറിച്ചു. ഏതാണ്ട് 10 വര്‍ഷത്തിനുള്ളില്‍ സിംഗര്‍ ആന്‍ഡ് കമ്പനി തയ്യല്‍യന്ത്ര വ്യവസായരംഗത്ത് സ്വന്തമായൊരു വിപണിയുണ്ടാക്കുകയും തുടര്‍ന്ന് ആഗോള വിപണിയില്‍ കുത്തക സ്ഥാപിക്കുകയും ചെയ്തു. യൂറോപ്പില്‍ 1862-ലാണ് തയ്യല്‍യന്ത്ര വ്യവസായത്തിനു തുടക്കം കുറിക്കുന്നത്. 20-ാം ശ.-ത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ജപ്പാന്‍കാര്‍ തയ്യല്‍യന്ത്രനിര്‍മാണമാരംഭിച്ചെങ്കിലും രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് അത് ശക്തമായത്. ആദ്യകാല തയ്യല്‍യന്ത്രങ്ങള്‍ രൂപകല്പന ചെയ്തിരുന്നത് മുഖ്യമായും വ്യാവസായികാവശ്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു. 1850-കളില്‍ത്തന്നെ വസ്ത്രനിര്‍മാണ ഫാക്ടറികള്‍ തയ്യല്‍യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. 20-ാം ശ.-ത്തിന്റെ ആരംഭത്തിലാണ് പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന തയ്യല്‍യന്ത്രങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നത്. വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഗാര്‍ഹിക തയ്യല്‍യന്ത്രം നിര്‍മിച്ചത് 1889-ല്‍ സിംഗര്‍ കമ്പനിയാണ്. എന്നാല്‍ ഇത് ജനകീയമായത് 1920-കളിലാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഗാര്‍ഹികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന, വക്രരേഖയില്‍ തുന്നാവുന്ന തയ്യല്‍യന്ത്രങ്ങള്‍ നിര്‍മിച്ചുതുടങ്ങി. യുദ്ധത്തില്‍ തകര്‍ന്ന യൂറോപ്പിന്റെ പുനര്‍നിര്‍മാണത്തിനായി ആവിഷ്കരിച്ച മാര്‍ഷല്‍ പദ്ധതിയുടെ ഭാഗമായി അമേരിക്കയില്‍ ഇറക്കുമതി തീരുവ ഗണ്യമായി കുറച്ചിരുന്നു. ഇത് തയ്യല്‍ യന്ത്രത്തിന്റെ അമേരിക്കന്‍ വിപണി വിപുലമാക്കുന്നതിനിടയാക്കി. ഇറ്റലിയിലെ നെച്ചി, സ്വിറ്റ്സര്‍ലണ്ടിലെ എല്‍നാ, ബര്‍നിനാ, ജര്‍മനിയിലെ പാഫ്, അഡ്ലര്‍, ആങ്കര്‍, സ്വീഡനിലെ വൈക്കിങ് തുടങ്ങിയ കമ്പനികളുടെ തയ്യല്‍യന്ത്രങ്ങള്‍ അമേരിക്കയിലേക്ക് വന്‍ തോതില്‍ ഇറക്കുമതി ചെയ്തു. സമീപകാലത്ത് ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലുണ്ടായ പുരോഗതിയുടെ ഫലമായി കംപ്യൂട്ടര്‍ സാങ്കേതികവിദ്യകൂടി ഉപയോഗപ്പെടുത്തുന്ന തയ്യല്‍യന്ത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. ഇത് പ്രധാനമായും വന്‍കിട വസ്ത്രനിര്‍മാണ ഫാക്ടറികളിലാണ് ഉപയോഗിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍