This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തയ്യല്‍യന്ത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തയ്യല്‍യന്ത്രം
Sewing machine
തുണി മുതല്‍ തുകല്‍, റെക്സിന്‍, കടലാസ് അട്ടികള്‍ തുടങ്ങിയവ വരെയുള്ള വിവിധ വസ്തുക്കളെ തുന്നിച്ചേര്‍ക്കുന്നതിനോ മൂട്ടിപ്പിടിപ്പിക്കുന്നതിനോ ഉപയോഗിക്കപ്പെടുന്നതും, കൈകാലുകള്‍ കൊണ്ട് ചക്രം തിരിച്ചു പ്രവര്‍ത്തിപ്പിക്കുന്നവ തുടങ്ങി വൈദ്യുതി പ്രയോഗത്തിലൂടെ പ്രവര്‍ത്തനക്ഷമമാക്കുന്നവ വരെയുള്ളതുമായ, വിവിധയിനം തുന്നല്‍ യന്ത്രങ്ങളുടെ പൊതുനാമം. രണ്ട് നൂലുകള്‍ പരസ്പരം കൊരുത്ത് കെട്ടിപ്പിണഞ്ഞു വരുന്ന തരത്തില്‍ തുന്നുന്നവയും ചങ്ങലക്കണ്ണികളുടെ രൂപത്തില്‍ ഒരു നൂലു മാത്രം ഉപയോഗിച്ച് തുന്നുന്നവയും ആയി രണ്ടിനം തയ്യല്‍ യന്ത്രങ്ങള്‍ പ്രചാരത്തിലുണ്ട്. തുന്നലിടേണ്ട വസ്തുവിന്റെ (ഉദാ. തുണി) മുകള്‍ ഭാഗത്തിലൂടെ സൂചിയില്‍ കൊരുത്ത ഒരു നൂലും, വസ്തുവിന്റെ അടിഭാഗത്ത് ഷട്ടില്‍-ബോബിന്‍ സംവിധാനത്തിലൂടെ മറ്റൊരു നൂലും കടത്തിവിട്ടാണ് ആദ്യത്തെ രീതിയിലുള്ള യന്ത്രങ്ങള്‍ തുന്നുന്നത്. ലോക്ക്തയ്യല്‍ (lockstitch) എന്നറിയപ്പെടുന്ന ഈ രീതിയില്‍ തുന്നല്‍ നേര്‍രേഖയായോ വക്രമായോ വരാം. സൂചി മേല്‍പ്പോട്ടും കീഴ്പ്പോട്ടും മാത്രം ചലിപ്പിച്ചു തുന്നലിട്ടാല്‍ അത് നേര്‍രേഖയായിട്ടായിരിക്കും ലഭിക്കുക; മറിച്ച് സൂചി വശങ്ങളിലേക്ക് കടത്തിത്തയ്ച്ചാല്‍ പല ആകൃതിയിലും തുന്നലിടനാകും. തയ്യല്‍ക്കടകളിലും വീടുകളിലും ഉപയോഗിക്കുന്നത് ഇത്തരം ലോക്ക്തയ്യല്‍ യന്ത്രങ്ങളാണ്. എളുപ്പത്തില്‍ പറിച്ചുമാറ്റാവുന്നയിനം തുന്നലിന് (ഉദാ. തപാലുരുപ്പടികള്‍ കൊണ്ടുപോകുന്ന സഞ്ചി, പലവ്യഞ്ജന സഞ്ചി, അരിച്ചാക്ക്) അനുയോജ്യമാണ് കണ്ണികള്‍ ചങ്ങല രൂപത്തില്‍ വരുന്നതും ഒറ്റ നൂലുപയോഗിക്കുന്നതുമായ രണ്ടാമത്തെ രീതി. തയ്യല്‍ യന്ത്രത്തിനുള്ള പ്രഥമ പേറ്റന്റ് (1790) നേടിയത് ഇംഗ്ലണ്ടിലെ തോമസ് സെയിന്റ് ആണ്. തുടര്‍ന്ന് ഏലിയാസ് ഹോവും (യു.എസ്. 1846, ലോക്ക്തയ്യല്‍ ഇനം), ഐസക് സിംഗറും(യു.എസ്., 1851, ആധുനിക ഇനം) ഇതര പേറ്റന്റുകള്‍ കരസ്ഥമാക്കി.
ആദ്യകാലങ്ങളില്‍ വലിയ ഫാക്ടറികളില്‍ മാത്രമേ തയ്യല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നുള്ളൂ. ഗാര്‍ഹികമായ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിത്തുടങ്ങിയതോടെ തയ്യല്‍ യന്ത്രങ്ങളില്‍ അനുയോജ്യമായ നൂതന സൌകര്യങ്ങളും ക്രമീകരിക്കപ്പെട്ടു. ഉദാഹരണമായി കാലുകൊണ്ടു ചവിട്ടുമ്പോള്‍ നൂലു മുന്നോട്ടു പോകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്കു പകരം വൈദ്യുതി/ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവ നിര്‍മിക്കപ്പെട്ടു. വൈവിധ്യമാര്‍ന്ന തുന്നല്‍ രീതികള്‍ക്കും ബട്ടണുകള്‍ തയ്ക്കുന്നതിനും ചിത്രപ്പണികള്‍ ചെയ്യുന്നതിനും ഇന്ന് പ്രത്യേകം തയ്യല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നു.