This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമ്പുരാന്‍ പാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തമ്പുരാന്‍ പാട്ട്

തെക്കന്‍ തിരുവിതാംകൂറിലെ വില്ലടിച്ചാന്‍ പാട്ടു-വിഭാഗത്തില്‍പ്പെടുന്ന ഒരിനം കഥാഗാനം. ഇതിലെ സംഭാഷണരീതി പ്രാകൃതത്തമിഴാണെന്ന് ഉള്ളൂര്‍ പറഞ്ഞിട്ടുണ്ട്. ഈ ഗണത്തില്‍ പ്രധാനപ്പെട്ട ഇനം തമ്പുരാന്‍ പാട്ടുകളാണ്. അഞ്ചുതമ്പുരാന്‍ പാട്ടും ഇക്കൂട്ടത്തില്‍ പെടുന്നു. ദക്ഷിണ കേരളത്തില്‍ നാലും അഞ്ചും ശതകങ്ങളില്‍ അധികം സംസ്കൃതം കലരാത്ത മലയാളത്തില്‍ ഉണ്ടാക്കിയതും എഴുതപ്പെട്ടിട്ടില്ലാത്തതും ദൈര്‍ഘ്യം കുറഞ്ഞതും ജനങ്ങള്‍ പ്രിയത്തോടുകൂടി പാടി വന്നിട്ടുള്ളതുമായ പാട്ടുകളെപ്പറ്റി മലയാളഭാഷാചരിത്രത്തില്‍ വന്ന പ്രസ്താവമാണ് ശ്രദ്ധേയമായ ആദ്യത്തെ പരാമര്‍ശം. ഇത്തരം പാട്ടുകള്‍ തമിഴുരീതി അനുസരിച്ചുള്ളവയാണ്. എഴുതിയവര്‍ ആരെന്ന് അറിയാന്‍ കഴിയാത്തവരാണെന്നു അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തമ്പുരാന്‍ പാട്ട്, ഉലകുടയപെരുമാള്‍ പാട്ട്, ശാസ്താന്‍ പാട്ട് തുടങ്ങിയവയാണ് ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചിട്ടുള്ളത് എന്ന് ഡോ. തിക്കുറുശ്ശി ഗംഗാധരന്‍ (ഇരവിക്കുട്ടിപ്പിള്ളപ്പോര്-ഒരു പഠനം) അഭിപ്രായപ്പെടുന്നു. പ്രസിദ്ധീകരിച്ചിട്ടുള്ളവയോ പഠനവിധേയമാക്കിയിട്ടുള്ളവയോ ആണ് തമ്പുരാന്‍ പാട്ട് മുതലായ തെക്കന്‍ പാട്ടുകള്‍.

വീരകഥാഗാനങ്ങള്‍, മതപരമായ കഥാഗാനങ്ങള്‍, ചരിത്ര കഥാഗാനങ്ങള്‍, ഐതിഹ്യാധിഷ്ഠിത കഥാഗാനങ്ങള്‍, അതിമാനുഷിക കഥാഗാനങ്ങള്‍ എന്നിങ്ങനെ കഥാഗാനങ്ങളെ (ballads) വര്‍ഗീക രിച്ചിരിക്കുന്നു. ചരിത്ര കഥാഗാനങ്ങളില്‍പെടുന്നവയാണ് തമ്പുരാന്‍ പാട്ട്. വീരപ്രവര്‍ത്തനങ്ങളിലൂടെ ചരിത്രത്തില്‍ ഇടം കിട്ടിയ നായകന്‍മാരും ഏതെങ്കിലും ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട നായകന്‍മാരും ചരിത്ര കഥാഗാനങ്ങളില്‍ പ്രകീ ര്‍ത്തിതരാണ്. ഇരവിക്കുട്ടിപ്പിള്ളപ്പോര്, അഞ്ചുതമ്പുരാന്‍ പാട്ട്, തമ്പുരാന്‍ പാട്ട്, ഉലകുടയ പെരുമാള്‍പാട്ട് മുതലായവയിലെ നായകന്മാര്‍ യഥാര്‍ഥ ചരിത്രപുരുഷന്മാരാണ്.

മാര്‍ത്താണ്ഡവര്‍മയുടെ ഒരു ഘട്ടത്തിലെ ജീവിത സംഭവമാണ് തമ്പുരാന്‍ പാട്ടിലെ കഥാവസ്തു. കഥാനായകനും അദ്ദേഹം തന്നെയാണ്. എട്ടുവീടരുടെ ചതിപ്രയോഗത്തില്‍ നിന്നൊഴിവാകാന്‍ മാര്‍ത്താണ്ഡവര്‍മ പല സ്ഥലങ്ങളിലും ഒളിച്ചു സഞ്ചരിച്ചിട്ടുണ്ട്. ആ അജ്ഞാതവാസക്കാലത്തെ ഒരു യാത്രയെ വര്‍ണിക്കുന്നതാണ് തമ്പുരാന്‍പാട്ട്. ഇതൊരു സഞ്ചാരവര്‍ണനയാണ്. കല്ലടക്കുറിച്ചി, കാണിമണ്ഡപം, തൈപ്പുരപ്പാറ, ചിണുങ്കിമല, വള വനരുവി, കറ്റലക്കടവ്, മങ്കാരമുട്ടം എന്നിവിടങ്ങളില്‍ രാജാവിന് സഞ്ചരിക്കേണ്ടി വന്നു. ആ സ്ഥലങ്ങളിലൂടെ ഒളിവില്‍ സഞ്ചരിച്ച് പെരുങ്കടവിള വഴിയിലൂടെ പോയപ്പോഴുള്ള അനുഭവങ്ങളും മാര്‍ഗത്തില്‍ക്കണ്ട പ്രകൃതി കാഴ്ചകളുമാണ് ഇവിടെ വര്‍ണിച്ചിട്ടുള്ളത്. സഞ്ചാര കവിത എന്നിതിനെ വിശേഷിപ്പിക്കുന്നു.

'നീലക്കൊടുവേലിപൂത്തുനിന്നാലും വെളെക്കെരിയും

നിന്നു ചിണുങ്കി മകന്‍മാരെ

ആനയും പിടിയും കന്നും നിന്നുവിളയാട്ടം പൊയ്കൈ

ആടവിതന്നിലടല്‍പെട്ടു കടന്നാരേ'

യാത്രയിലെ വിഘ്നങ്ങളേയും രസകരമായ പ്രകൃതി ദൃശ്യങ്ങ ളേയും മലയാളവും തമിഴും കലര്‍ന്ന മിശ്രഭാഷയിലൂടെ അവത രിപ്പിച്ചിരിക്കുന്നു.

തമ്പുരാന്‍ പാട്ടിന്റെ ഗണത്തില്‍പെടുത്താവുന്നവയാണ് അഞ്ചു തമ്പുരാന്‍ പാട്ട്. കൊല്ലം 8-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അന്തഃഛിദ്രമാണ് അഞ്ചുതമ്പുരാന്‍ പാട്ടിലെ വിഷയം. ചീരാട്ടുപോര്, മാടമ്പു കഥ, പെരുങ്കുളത്തുപോര്, ഏര്‍വാടിപ്പോര് എന്നീ നാലു ഭാഗങ്ങളാണ് ഇതിലുള്ളത്. പരരാമര്‍ എന്ന തമ്പുരാന്‍ ഓടനാട്ടു ശാഖയിലെ ആദിത്യവര്‍മര്‍, ഉണ്ണിക്കേരളവര്‍മര്‍ എന്നീ രാജകുമാരന്‍മാരെ വേണാട്ടു സ്വരൂപണത്തിലേക്കു ദത്തെടുക്കുകയുണ്ടായി.

'പടയറിയാരിടമറിയാര്‍

പാരവെടിച്ചത്തം കേട്ടറിയാര്‍

കുതിരത്തുളിയവര്‍ കണ്ടറിയാര്‍

കൂക്കുവിളിച്ചത്തം കേട്ടറിയാര്‍

ആനനടയവര്‍ കണ്ടറിയാര്‍'

എന്നാണ് അവരെ വര്‍ണിച്ചിട്ടുള്ളത്. ഒരുനാള്‍ പരരാമര്‍ തമ്പുരാന്‍ യുദ്ധത്തില്‍ മരിച്ചു. അനന്തരാവകാശി പരരാമര്‍ ആദിത്യവര്‍ മയായിരുന്നു. വഞ്ചി ആദിത്യവര്‍മ തനിക്ക് അര്‍ധരാജ്യം കിട്ടണമെന്ന് ശഠിച്ചു. രാജാവും മന്ത്രിമാരും അതിനെ എതിര്‍ത്തു. മരണപ്പെട്ട അമ്മാവന്റെ തിരുമാസം നടത്തുവാന്‍ സമ്മതിക്കില്ലെന്ന് വഞ്ചി ആദിത്യവര്‍മരും ഉണ്ണിക്കേരളവര്‍മരും പറഞ്ഞു. കഴക്കൂട്ടത്തു പിള്ളയെ (ഇരുപ്പുക്കൊടി തെങ്കലയപ്പെരുമാള്‍) കൊണ്ടു വരാന്‍ ആള്‍ പോയി.

'ഓട്ടന്‍നാനെന്റു കേട്ടവൊഴുതിലേ

ഉറ്റങ്കിളകിയേ മുന്നിവലിപ്പാരാം

മുന്തിവലിത്തന്ത നീട്ടുതന്നെവാങ്കി

മുകന്തു കണ്ണിലൊറ്റിപ്പിളൈ മങ്കിഴവേ

പിള്ളൈ മരുമക്കള്‍ കൈയില്‍ കൊടുപ്പാരാം.

പിരിയത്തുടന്‍ നീങ്കള്‍ വായിത്തിടുമെന്റു

വായിത്തിടുവാരേ പിള്ളൈ മരുമക്കള്‍

വന്നച്ചിലയാളരുന്നിക്കേള്‍പ്പാരാം.'

എന്നാണ് ഈ സന്ദര്‍ഭത്തെ വര്‍ണിച്ചിട്ടുള്ളത്. കലയപ്പെരുമാളിന്റെ പടപുറപ്പാട് ഗംഭീരമായി വര്‍ണിച്ചിരിക്കുന്നു.

മാടമ്പുകഥയാണ് മറ്റൊരു ഭാഗം: കൊല്ലം 710-ാമാണ്ടിടയ്ക്കു വേണാടു ഭരിച്ചിരുന്നത് സകലകല മാര്‍ത്താണ്ഡവര്‍മ മഹാരാജാവായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവനായി പലകല ആദിത്യവര്‍മ ജനിച്ചു. ആദിത്യവര്‍മയ്ക്കു തിരുമാടമ്പിനുള്ള കാലമെത്തി. അതു ചെയ്ത് വേഗത്തില്‍ തിരുവിതാങ്കോട്ടു രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ തന്റെ പ്രതിനിധിയായി കഴക്കൂട്ടത്തുപിള്ള ആറ്റിങ്ങലേയ്ക്കു പോകുന്നു. അമ്മത്തമ്പുരാന്‍ ആദ്യമൊക്കെ തടഞ്ഞു. പിന്നീട് പുത്രന്റെ തിരുമാടമ്പ് നടത്താന്‍ വഴിപ്പെട്ടു. പിരിയുന്ന വേളയില്‍ അമ്മ ചോദിച്ചു: 'എന്നൈ മറപ്പായോ ഇളവരശേ?' മകന്റെ മറുപടി ഇങ്ങനെ:

'എന്നും മറപ്പേനോ തിരുത്തായേ?

പെറ്റ കോയിലുമാറ്റങ്ങലും

ആട്ടേയ്ക്കൊരുനാള്‍ വന്നടിയന്‍

തൊഴുതുകൊണ്ടു പോവേനല്ലോ.'

പെരുങ്കുളം, ഏര്‍വാടി എന്നിവിടങ്ങളില്‍വച്ചു നടന്ന യുദ്ധങ്ങളില്‍ കലയപ്പെരുമാളുടെ സഹായത്തോടെ ദേശിങ്ങനാട്ടുരാജാവായ ചിങ്കിലിയെ ആദിത്യവര്‍മ തോല്പിക്കുന്നതാണ് അഞ്ചു തമ്പുരാന്‍ പാട്ടിലെ പെരുങ്കുളത്തുപോര്, ഏര്‍വാടിപ്പോര് എന്നീ ഭാഗങ്ങളിലെ വിഷയം. അഞ്ചുതമ്പുരാക്കന്മാരെ (രാജാക്കന്മാരെ) പ്പറ്റി പ്രസ്താവിക്കുന്നതു കൊണ്ടാകാം ഇതിന് അഞ്ചുതമ്പുരാന്‍ പാട്ട് എന്നു പേരുവന്നത്.

(ദേശമംഗലം രാമകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍