This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തഫ്സീര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തഫ്സീര്‍
Tafsir
ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക് പൊതുവിലുള്ള നാമം. അറബിഭാഷയില്‍ തഫ്സീര്‍ എന്ന പദത്തിന് വ്യാഖ്യാനം എന്ന അര്‍ഥമാണുള്ളത്. മൂലഗ്രന്ഥത്തിന്റെ ഉള്ളടക്കം വിവരിക്കുകയും വ്യക്തമാക്കുകയും ചെയ്യുക എന്നതാണ് തഫ്സീറിന്റെ മുഖ്യോദ്ദേശ്യം. അതോടൊപ്പംതന്നെ മൂലഗ്രന്ഥത്തെ സമകാലിക ജീവിതവുമായി ബന്ധപ്പെടുത്താനും വ്യാഖ്യാതാവ് ശ്രമിക്കുന്നു. സൈദ്ധാന്തിക തലത്തിലെന്നപോലെ പ്രായോഗികതലത്തിലും വിശ്വാസികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് വ്യാഖ്യാനം നടത്തുന്നത്.
ഇസ്ളാം മതം കൂടുതല്‍ പ്രചാരം നേടിയപ്പോള്‍ പല ഭാഷക്കാരായവര്‍ മതവിശ്വാസികളായി മാറി. അറബിഭാഷയുമായി ബന്ധമില്ലാത്ത അവരെ ഖുര്‍ആനിന്റെ ഉള്ളടക്കം ബോധ്യപ്പെടുത്തുവാന്‍ പലതരം വ്യാഖ്യാനങ്ങളും അനിവാര്യമായി. മൂലഗ്രന്ഥത്തിന്റെ സങ്കീര്‍ണതയാണ് മറ്റൊരു കാരണം. ഖുര്‍ആനിലെ ഓരോ അധ്യായവും ഇസ്ളാമിക പ്രബോധനത്തിന്റെ ഓരോ ഘട്ടത്തിലും അവതരിപ്പിക്കപ്പെട്ട വചനങ്ങളാണ്. ഓരോന്നിനും പ്രത്യേക പശ്ചാത്തലമുണ്ടായിരുന്നു. ഈ അവസ്ഥയോട് ഖുര്‍ആനിലെ അധ്യായങ്ങള്‍ക്ക് അഗാധമായ ബന്ധവുമുണ്ട്. പദങ്ങളുടെ തര്‍ജുമ മാത്രം വായിക്കുന്നവര്‍ക്ക് പല കാര്യങ്ങളും മനസ്സിലാകാതിരിക്കുക എന്ന അവസ്ഥയുമുണ്ട്. ആ പ്രതിസന്ധി തരണം ചെയ്യുക കൂടി തഫ്സീറുകള്‍ ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്. മറ്റു ഭാഷയിലേക്ക് ആശയ വിവര്‍ത്തനം ചെയ്യുമ്പോള്‍ വാക്യങ്ങളെ അവയുടെ അവതരണ പശ്ചാത്തലവുമായി ബന്ധിപ്പിക്കുന്നതിനാല്‍ തഫ്സീറുകള്‍ക്ക് പ്രസക്തി കൂടുകയായിരുന്നു.
തഫ്സീര്‍ രചനകളുടെ ആരംഭം ഹിജ്റ 2-ാം ശ.-ത്തിലാണെന്നു കരുതപ്പെടുന്നു. സമഗ്രമായ ഒരു വ്യാഖ്യാനമുണ്ടായത് ഹിജ്റ 4-ാം ശ.-ത്തിലാണ്. അല്‍-തബരിയാണ് ഇതിന്റെ രചയിതാവ്. ഖുര്‍ആനിലെ ഓരോ വാക്യ(ആയത്ത്)ത്തിന്റേയും വ്യാഖ്യാനം പ്രത്യേകം നല്കിയിരിക്കുന്ന ഈ കൃതി പാരമ്പര്യാധിഷ്ഠിതമാണ്. 4-ഉം 5-ഉം ശ.-ങ്ങളിലുമായി അല്‍-മാതുരീദി, അബു അല്‍-ലെയ്ദ് അല്‍-സമര്‍ക്വന്തി, അല്‍-സആലബി, അല്‍-വാഹിദി മുതലായ പ്രമുഖ വ്യാഖ്യാതാക്കളുടെ തഫ്സീറുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. യുക്തിവാദിയായ മുഅ്തസിലി, അല്‍-സമക്ഷരി, ദാര്‍ശനികനായ ഫഖ്റുദ്ദീന്‍ അല്‍-റാസി, സുന്നി പണ്ഡിതനായ അല്‍-ബയ്ളാവി എന്നിവരുടെ വ്യാഖ്യാനങ്ങള്‍ ഇസ്ളാമിലെ താത്ത്വിക പ്രശ്നങ്ങള്‍ ചര്‍ച്ചാവിധേയമാക്കി.
ഷിയാ വിഭാഗക്കാരെ സംബന്ധിച്ചിടത്തോളം അലി ഇബ് ന്‍ അബി താലിബിന്റെ അനന്തരാവകാശികളായ ഇമാമുകളുടെ വ്യാഖ്യാനങ്ങള്‍ക്കു മാത്രമേ പ്രസക്തിയുള്ളൂ. പുരാതന വ്യാഖ്യാനങ്ങളില്‍ അലി ഇബ് ന്‍ ഇബ്രാഹീം അല്‍-കുമ്മിയുടെ തഫ്സീര്‍ അല്‍-ഖുര്‍ആന്‍ ആണ് പ്രധാനം. മുഹമ്മദ് ഇബ് ന്‍ അല്‍-ഹസന്‍ അല്‍-തുസിയുടെ അല്‍-തിബ്യാന്‍ ഫീ തഫ്സീര്‍ അല്‍-ഖുര്‍ആന്‍ ശ്രദ്ധേയമായ മറ്റൊരു വ്യാഖ്യാനമാണ്. അന്യാപദേശ വ്യാഖ്യാനമാണ് ഷിയാ തഫ്സീറുകളുടെ മുഖ്യ സവിശേഷത. ഖുര്‍ആനിലെ പല വാക്യങ്ങളുടേയും ആന്തരികാര്‍ഥം കണ്ടെത്താന്‍ ഇതു സഹായകമാണെന്ന് അവര്‍ കരുതുന്നു.
സമീപകാലത്ത് പ്രചാരത്തിലായ ബഹായി പ്രസ്ഥാനത്തിന്റെ ഇസ്ളാമിക പാരമ്പര്യം വെളിപ്പെടുന്നത് സയ്യിദ് അലി മുഹമ്മദ് അല്‍-ഷീറാസിയുടെ തഫ്സീറിലൂടെയാണ്. അതേസമയം സൂഫികളുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ ഒരു നിഗൂഢത നിലകൊള്ളുന്നതായി കാണാം. അബു അബ്ദ് അല്‍-റഹ്മാന്‍ അല്‍-സുല്ലമിയുടെ ഹക്കാഇക് അല്‍-തഫ്സീര്‍ (വ്യാഖ്യാനത്തിന്റെ പരമാര്‍ഥങ്ങള്‍) ഈ വിഭാഗത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. മുഹമ്മദിന്റെ നിശാസഞ്ചാരത്തെ (മിഅ്റാജ്) ഉന്നത ബോധതലത്തിലേക്കുള്ള ഉയര്‍ച്ചയായിട്ടാണ് ഇതില്‍ വ്യാഖ്യാനിക്കുന്നത്.
ആധുനിക കാലത്ത് അനേകം ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. ശാസ്ത്രീയമായും യുക്തിയുക്തമായും വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇന്ത്യയില്‍ അബുല്‍-കലാം ആസാദിന്റെ (1888 -1959) വ്യാഖ്യാനമായ തര്‍ജുമാന്‍ അല്‍-ഖുര്‍ആന്‍ എന്ന തഫ്സീറില്‍ മനുഷ്യവര്‍ഗത്തിന്റെ ഐക്യത്തിന് പ്രാമുഖ്യം കല്പിച്ചിരിക്കുന്നു. ഇന്ത്യാവിഭജനത്തിന്റെ മൂര്‍ധന്യകാലത്താണ് ഈ തഫ്സീര്‍ രചിക്കപ്പെട്ടത്.