This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

പ്രാദേശിക ഭരണം ജനകീയ പങ്കാളിത്തത്തോടെ സുഗമവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കുന്നതിനുവേണ്ടി രൂപവത്കൃതമായ സ്വയംഭരണ സ്ഥാപനങ്ങള്‍. എല്ലാ പരിഷ്കൃത രാജ്യങ്ങളിലും പ്രാദേശിക ഭരണം സുശക്തവും ഏകീകൃതവുമാക്കുവാന്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജനങ്ങള്‍ നേരിട്ടോ അവരുടെ പ്രതിനിധികളിലൂടെയോ പ്രാദേശിക കാര്യങ്ങള്‍ നടപ്പിലാക്കുന്ന ജനകീയ സംവിധാനമാണിത്. റോഡ് നിര്‍മാണം, തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍, കുടിവെള്ളവിതരണം, പൊതു ജനാരോഗ്യ പ്രവര്‍ത്തനം, മൃഗസംരക്ഷണം, കാര്‍ഷിക വികസന പ്രവര്‍ത്തനം എന്നിവ തുടങ്ങി പ്രാദേശിക തലത്തില്‍ ജനജീവിതത്തിനാവശ്യമായ ഒട്ടേറെ സാമൂഹിക, സാംസ്കാരിക, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍ നടത്തപ്പെടുന്നു. അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണത്തില്‍ പൊതുജന പങ്കാളിത്തവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു രൂപം കൊടുത്തിട്ടുള്ളത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങിയവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഗ്രാമീണ തലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പഞ്ചായത്ത്. നഗരപ്രദേശങ്ങളില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സില്‍, ടൗണ്‍ ഏരിയാ കമ്മിറ്റി, കന്റോണ്‍മെന്റ് ബോര്‍ഡ് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍, മറ്റു ചില വികസിത രാജ്യങ്ങളിലെന്നപോലെ, ഭരണഘടനാധിഷ്ഠിതമായ ആധികാരികത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ലഭ്യമായിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ 1992-ലെ 73, 74 ഭേദഗതികളിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാധിഷ്ഠിതമായ അംഗീകാരം ലഭിച്ചുകഴിഞ്ഞു.

അടിസ്ഥാന തത്ത്വം. ഭരണവികേന്ദ്രീകരണവും പൊതുജന പങ്കാളിത്തവുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന തത്ത്വം. ഭരണതലത്തിലെ വികേന്ദ്രീകരണ സംവിധാനം രണ്ടുതരത്തില്‍ നടപ്പിലാക്കപ്പെടുന്നുണ്ട്. ഭരണസൗകര്യത്തിനായി ഭരണകൂടത്തിന്റെ ചില ചുമതലകളും അധികാരങ്ങളും കീഴുദ്യോഗസ്ഥന്മാര്‍ക്കോ ഗവണ്മെന്റിന്റെ ഒരു സമിതിക്കോ വിട്ടുകൊടുക്കുന്നതാണ് ഇതിലൊന്ന്. ഇവ 'തദ്ദേശ ഭരണ' സ്ഥാപനങ്ങളാണെങ്കിലും സ്വയംഭരണാധികാരമുള്ളവയല്ല. ഈ സ്ഥാപനങ്ങളുടെ ഭരണപരമായ എല്ലാ കാര്യങ്ങളിലും പരമാധികാരം മാതൃസ്ഥാപനമായ ഗവണ്മെന്റിനായിരിക്കും. ഭരണകൂടത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടു മാത്രമേ കീഴുദ്യോഗസ്ഥന്മാര്‍ക്കും മറ്റും പ്രവര്‍ത്തിക്കാനാകൂ. ഈ ഭരണഘടകത്തെ 'തദ്ദേശ ഭരണം' എന്നു വിളിക്കാം. ഇത്തരം ഭരണസ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാധികാരം നല്കപ്പെട്ടിട്ടില്ല.

മേല്‍ വിവരിച്ചതില്‍നിന്നു ഭിന്നമായ രീതിയില്‍ ഭരണവികേന്ദ്രീകരണം നടപ്പിലാക്കിവരുന്ന മറ്റൊരു വിഭാഗം ഭരണസ്ഥാപനങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. വികേന്ദ്രീകൃത അധികാരങ്ങള്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ കയ്യാളാന്‍ കഴിയുന്ന പ്രാദേശികതല ജനാധിപത്യ സ്ഥാപനങ്ങളാണ് ഇവ. ജനാധിപത്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഈ സ്ഥാപനങ്ങള്‍ എന്നതും അധികാര വികേന്ദ്രീകരണം പൂര്‍ണ സ്വാതന്ത്ര്യത്തോടെ വിനിയോഗിക്കാന്‍ കഴിയുമെന്നുള്ളതുമാണ് മുകളില്‍ വിവരിച്ച 'തദ്ദേശ ഭരണ' സ്ഥാപനങ്ങളില്‍നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. ഭരണവികേന്ദ്രീകരണം നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ വ്യവസ്ഥിതി വളരെയധികം ഫലപ്രദമായിത്തീരുമെന്നാണ് കരുതിവരുന്നത്. പൊതുജന പങ്കാളിത്തം ഉറപ്പു വരുത്താനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയിലേക്ക് നേരിട്ടു തെരഞ്ഞെടുപ്പു നടത്തുന്നുണ്ട്. അതതു പ്രദേശങ്ങളിലെ പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കുമെന്നത് പൊതുജന പങ്കാളിത്തം ഉറപ്പാക്കാനുപകരിക്കുകയും ചെയ്യും.

ആധുനിക രാഷ്ട്രീയ സാഹചര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കും അനിവാര്യമായിത്തീര്‍ന്നിട്ടുണ്ട്. എന്നാല്‍ പല രാജ്യങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് വ്യത്യസ്ത തോതിലുള്ള സ്വയംഭരണാധികാരമാണുള്ളത്. ഈ വ്യത്യാസം വിശദമാക്കുവാന്‍ ഫ്രാന്‍സിലും ഇംഗ്ലണ്ടിലും നിലനില്ക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്വയംഭരണ വ്യവസ്ഥിതിയിലെ പ്രത്യേകത ഉദാഹരണമായെടുക്കാം. ഫ്രാന്‍സിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാതിനിധ്യ സ്വഭാവവും സ്വയംഭരണാധികാരവും വളരെ പരിമിതമാണ്. പ്രാദേശിക ഭരണത്തില്‍ കേന്ദ്രഗവണ്മെന്റിന്റെ നിയന്ത്രണം വളരെക്കൂടുതലായി പ്രകടമാകുന്ന ഒരു വ്യവസ്ഥിതിയാണ് ഇവിടെയുള്ളത്. ഇതിന്റെ വിവിധങ്ങളായ രൂപഭേദങ്ങള്‍ യൂറോപ്പില്‍ പല ഭാഗങ്ങളിലും മുന്‍ ഫ്രഞ്ച് കോളനി ആയിരുന്ന പ്രദേശങ്ങളിലും കണ്ടുവരുന്നു. എന്നാല്‍ ബ്രിട്ടിഷ് മാതൃകയാകട്ടെ കൂടുതല്‍ പ്രാതിനിധ്യ സ്വഭാവവും സ്വയംഭരണാധികാരവും നല്കുന്ന രീതിയിലുള്ളതാണ്. ഇവിടെ പ്രാദേശിക കാര്യങ്ങളില്‍ കേന്ദ്രഗവണ്മെന്റിന്റെ ഇടപെടല്‍ കുറവായിക്കാണുന്നു. പ്രാദേശിക സാമ്പത്തിക സ്വാതന്ത്ര്യവും ഗണ്യമായി അനുവദിക്കപ്പെടുന്നുണ്ട്.

ഇന്ത്യയില്‍. ഇന്ത്യയില്‍ പുരാതനകാലം മുതലേ തദ്ദേശ ഭരണക്രമം നിലനിന്നിരുന്നു. ഐശ്വര്യപൂര്‍ണമായ ഗ്രാമീണ ജീവിതം കെട്ടിപ്പടുക്കുന്നതിന് തദ്ദേശീയതലത്തിലെ കൂടിയാലോചനാസമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു. പൗരപ്രധാനികളുടേയും തലവന്മാരുടേയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രാമസമൂഹം വേണ്ടത്ര ജീവിത സൗകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിവുള്ളവയായിരുന്നു. പ്രാചീന ഭാരതത്തിലെ ഇത്തരം വ്യവസ്ഥിതിക്ക് പുരാണങ്ങളുടെ കാലത്തോളം പഴക്കമുണ്ട്. വേദങ്ങളിലും ഇതിഹാസ- പുരാണ കൃതികളിലും മറ്റും ഇത്തരം വ്യവസ്ഥിതിയെപ്പറ്റി വ്യക്തമായ പരാമര്‍ശങ്ങള്‍ കാണാം. ഒരു ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും ഒന്നിച്ചുകൂടി പൊതുവായ ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നത് പല ഭാരതീയ ഗ്രാമങ്ങളിലും പ്രാചീനകാലം മുതല്‍ നിലനിന്നുപോന്ന നാടന്‍ ഭരണസമ്പ്രദായമാണ്. കേരളത്തില്‍ മുന്‍കാലങ്ങളിലുണ്ടായിരുന്ന നാട്ടുക്കൂട്ടം, തറക്കൂട്ടം, എട്ടരയോഗം, ആറരയോഗം തുടങ്ങിയ സംവിധാനങ്ങളും ഇത്തരത്തില്‍പ്പെടുന്നവയാണ്. ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന പഞ്ചായത്ത് എന്ന ഭരണവ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് മതിപ്പും വിശ്വാസവുമുണ്ടായിരുന്നു. ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍, നീതിന്യായ നടപടികള്‍, നിയമസമാധാന പരിപാലനം മുതലായ പ്രവര്‍ത്തനങ്ങള്‍ ഇത്തരം സമിതികളാണ് അഭംഗുരം നടത്തിവന്നിരുന്നത്. അഞ്ചുപേരടങ്ങുന്ന ഭരണസമിതി എന്ന അര്‍ഥമാണ് പഞ്ചായത്ത് എന്ന പദത്തിനുള്ളത്. ഇത്തരം ഭരണവ്യവസ്ഥിതി ഇപ്പോള്‍ അഞ്ചിലേറെ അംഗങ്ങള്‍ ഉള്‍പ്പെടുന്നതായി വികസിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത് എന്ന പേര് പഴയപടിയില്‍ത്തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ എത്തുന്നതുവരെ ഈ പ്രാചീന ഭരണക്രമം അനുസ്യൂതം നിലനിന്നിരുന്നു. സാമ്രാജ്യ സ്ഥാപനത്തോടുകൂടി ബ്രിട്ടീഷുകാര്‍ തദ്ദേശ ഭരണസമ്പ്രദായം അഴിച്ചു പണിയുകയും കാലോചിതമായ പല മാറ്റങ്ങളും വരുത്തുകയും ചെയ്തു. ഇവിടെ മുന്‍കാലത്തു നിലനിന്നിരുന്ന ഗ്രാമീണ ഭരണ വ്യവസ്ഥിതിക്ക് അവര്‍ പ്രാധാന്യം കല്പിച്ചില്ല. 17-ാം ശ.-ത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തുടങ്ങിവച്ച തദ്ദേശ ഭരണസമ്പ്രദായത്തിന് ആദ്യകാലങ്ങളില്‍ സ്വയംഭരണ സ്വഭാവം ഇല്ലായിരുന്നു. തന്നെയുമല്ല, ചുരുക്കം പ്രദേശങ്ങളില്‍ മാത്രമേ അവര്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കിയിരുന്നുമുള്ളൂ. 1687-ല്‍ മദ്രാസ് (ചെന്നൈ) നഗരത്തിന് ബ്രിട്ടീഷുകാര്‍ ഒരു തദ്ദേശ ഭരണസമിതി രൂപവത്ക്കരിച്ചു. നികുതി പിരിവും നഗരവികസനവും ആയിരുന്നു പ്രധാന ലക്ഷ്യം. 1793-ഓടെ മദ്രാസിനൊപ്പം ബോംബേ (മുംബൈ)ക്കും കല്‍ക്കത്തയ്ക്കും (കൊല്‍ക്കത്ത) തദ്ദേശ ഭരണസമിതികളുണ്ടായി. 19-ാം ശ.-ത്തിന്റെ മധ്യകാലത്തോടുകൂടി ജില്ലാതല നഗരങ്ങളിലും തദ്ദേശ ഭരണസമിതികള്‍ രൂപവത്ക്കരിച്ചുതുടങ്ങി. മേയോ പ്രഭുവിന്റെ ഭരണകാലത്ത് 1880-ല്‍ ഇന്ത്യയില്‍ സ്വയംഭരണാവസരങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള നീക്കമുണ്ടായിരുന്നു. റിപ്പണ്‍ പ്രഭുവിന്റെ ഭരണകാലത്ത് 1882-ല്‍ തദ്ദേശ ഭരണവ്യവസ്ഥയില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നു. തെരഞ്ഞെടുപ്പു നടത്താനും ഗ്രാമീണ തലങ്ങളിലേക്ക് തദ്ദേശ ഭരണക്രമം വ്യാപിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. 19-ാം ശ.-ത്തിന്റെ അവസാനമെത്തിയപ്പോഴേക്കും പ്രാദേശിക സ്വയംഭരണ തത്ത്വം ബ്രിട്ടിഷ് ഗവണ്മെന്റ് അംഗീകരിച്ചു. മാത്രമല്ല, ഗ്രാമീണ സ്വയംഭരണത്തിന്റെ ആവശ്യകതയേയും സാമൂഹിക ഗുണത്തേയും പറ്റി സൂക്ഷ്മാവലോകനം നടത്താന്‍ ബ്രിട്ടിഷ് രാജാവ് എഡ്വേഡ് ഢകക ഒരു റോയല്‍ കമ്മിഷനെ നിയമിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 1915-ല്‍ ചില പരിഷ്കാരങ്ങള്‍ നടപ്പിലായി. 1919-ലെ ഗവണ്മെന്റ് ഒഫ് ഇന്ത്യാ ആക്റ്റില്‍ ദേശീയ ഗവണ്മെന്റിനും പ്രവിശ്യാ ഗവണ്മെന്റുകള്‍ക്കുമൊപ്പം പ്രാദേശികതല ഭരണം നിര്‍വഹിക്കുന്നതിനു വേണ്ടുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുവാനും സന്നദ്ധമായി. പ്രാദേശിക ഭരണാധികാരവും നാട്ടുകാര്‍ക്ക് കൈമാറാന്‍ ബ്രിട്ടിഷ് ഭരണകൂടം തയ്യാറായി. മിക്ക സംസ്ഥാനങ്ങളിലും നാട്ടുരാജ്യങ്ങളിലും പഞ്ചായത്തു നിയമങ്ങള്‍ നടപ്പിലാക്കി. ഇപ്രകാരം കേരളപ്പിറവിക്കു മുമ്പുണ്ടായിരുന്ന മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും വ്യത്യസ്ത നിയമ വ്യവസ്ഥകളോടുകൂടിയ തദ്ദേശ സ്വയംഭരണ സംവിധാനം നിലവില്‍വന്നു.

ബ്രിട്ടിഷ് ഭരണകാലത്തു പ്രാവര്‍ത്തികമാക്കിയ തദ്ദേശ സ്വയം ഭരണ സമ്പ്രദായം തന്നെയാണ് സ്വതന്ത്ര്യ ഇന്ത്യയും പിന്തുടര്‍ന്നത്. സ്വാതന്ത്ര്യ പ്രാപ്തിയുടെ സമയത്ത് മദ്രാസ്, കല്‍ക്കത്ത, ബോംബേ എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും മറ്റു മുനിസിപ്പാലിറ്റികളും ടൗണ്‍ ഏരിയാ കമ്മിറ്റികളും മറ്റുമടങ്ങുന്ന നഗരതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു ഗ്രാമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തദ്ദേശ ഭരണവ്യവസ്ഥകളില്‍ പുരോഗമനപരമായ പല മാറ്റങ്ങളും ദൃശ്യമായി. സാമൂഹിക വികസന പദ്ധതികളുടെ ആവിര്‍ഭാവവും അവയെ വിജയത്തിലെത്തിക്കുന്നതില്‍ ജനകീയ പങ്കാളിത്തത്തിനുള്ള പ്രാധാന്യവും ഗ്രാമപ്പഞ്ചായത്തുകളുടെ പുനരുജ്ജീവനത്തിന് സഹായകമായി. ബല്‍വന്ത്റായ് മേത്തയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ ശുപാര്‍ശകള്‍ (1957) പഞ്ചായത്ത് രാജ് സംവിധാനത്തിന് തുടക്കം കുറിക്കുന്നതായിരുന്നു. ഇതിനെത്തുടര്‍ന്ന് 1959 മുതല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലുള്ള പഞ്ചായത്ത് രാജ് സമ്പ്രദായം പ്രവര്‍ത്തിച്ചു തുടങ്ങി.

നിലവിലുണ്ടായിരുന്ന പഞ്ചായത്തു സംവിധാനം പരിശോധനാ വിധേയമാക്കാന്‍ 1977-ല്‍ അശോക് മേത്ത ചെയര്‍മാനായുള്ള കമ്മിറ്റി നിലവില്‍ വന്നു. 1985-ലെ ജി.വി.കെ. റാവു അധ്യക്ഷനായുള്ള കമ്മിറ്റിയും 1986-ലെ എല്‍.എം. സിങ്വി കമ്മിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കുവാന്‍ നിയുക്തമാക്കപ്പെട്ട കമ്മിറ്റികളില്‍ പ്രധാനപ്പെട്ടവയാണ്. 1992-ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെ തദ്ദേശ സ്വയംഭരണ രംഗത്ത് പുതിയൊരു കാല്‍വയ്പുണ്ടായി. ഇതോടെ ഗ്രാമതലത്തിലും നഗരതലത്തിലുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനയിലൂടെ അംഗീകാരം ലഭിക്കുകയുണ്ടായി.

കേരളത്തില്‍. കേരളത്തില്‍ പുരാതനകാലം മുതലേ 'തറ', 'തറക്കൂട്ടം', 'നാട്ടുക്കൂട്ടം' തുടങ്ങിയ തദ്ദേശ ഭരണസമിതികളുണ്ടായിരുന്നു. അവയുടെ തീരുമാനങ്ങള്‍ ഗ്രാമീണര്‍ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു. ഇത്തരം സമിതികള്‍ പില് ക്കാലത്ത് ക്ഷയോന്മുഖമായി. എന്നാല്‍ 20-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തിലെത്തിയപ്പോഴേക്കും ഗവണ്മെന്റിന്റെ അംഗീകാരത്തോടെ ഗ്രാമതല ഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് കേരളം പുരോഗമിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ അധികാര വികേന്ദ്രീകരണവും ഭരണ കാര്യക്ഷമതയും ലക്ഷ്യമിട്ട് പല ഭരണ പരിഷ്കാരശ്രമങ്ങളും നടന്നിട്ടുണ്ട്. ഇതനുസരിച്ച് ഗ്രാമതലത്തിലും നഗരതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തിച്ചുവന്നു. ജില്ല കേന്ദ്രീകരിച്ച് ഒരു ജനകീയ ഭരണതലം കൂടി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം ഇതിനിടയിലുണ്ടായി. ഇതിനായി 1979-ഓടെ ജില്ലാ ഭരണനിയമം നടപ്പിലാക്കിക്കൊണ്ട് ഗവണ്മെന്റ് പുതിയൊരു ഭരണസമ്പ്രദായത്തിനു തുടക്കമിട്ടു. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1991-ഓടെ ജില്ലാ കൌണ്‍സിലുകള്‍ നിലവില്‍ വന്നു. അതിനുശേഷം 1994-ല്‍ പുതിയ പഞ്ചായത്ത് രാജ് നിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. ഇതോടെ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം കേരളത്തില്‍ യാഥാര്‍ഥ്യമായി.

ഗ്രാമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയുള്ള ത്രിതല പഞ്ചായത്ത് ഭരണ സമ്പ്രദായത്തോടുകൂടിയതാണ് ഗ്രാമതല തദ്ദേശ സ്വയംഭരണ ഘടന. പല വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന പഞ്ചായത്തുഭരണപ്രദേശമാണ് ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളാണ് ഓരോ വാര്‍ഡും. വാര്‍ഡിലെ എല്ലാ വോട്ടര്‍മാരേയും ക്ഷണിതാക്കളാക്കിക്കൊണ്ടു നടത്തുന്ന പൊതുയോഗമാണ് ഗ്രാമസഭ. ഗ്രാമസഭയിലൂടെ പഞ്ചായത്തു ഭരണത്തെ സാധാരണ സമ്മതിദായകര്‍ക്ക് വിമര്‍ശിക്കാനും നിയന്ത്രിക്കാനും അവസരം ലഭിക്കുന്നു. വികസന ബ്ലോക്കുകളുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ബ്ളോക്ക് പഞ്ചായത്ത്. റവന്യൂ ജില്ലാതലത്തിലാണ് ജില്ലാപഞ്ചായത്ത് രൂപവത്ക്കരിക്കപ്പെടുന്നത്. നോ: പഞ്ചായത്ത് രാജ്

പട്ടണപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. നഗരങ്ങളുടെ വലുപ്പം, പൊതുപ്രവര്‍ത്തനത്തിന്റെ സ്വഭാവം, വ്യാപ്തി എന്നിവ അടിസ്ഥാനമാക്കി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പട്ടണപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സില്‍, നോട്ടിഫൈഡ് ഏരിയാ കമ്മിറ്റികള്‍, ടൗണ്‍ ഏരിയാ കമ്മിറ്റികള്‍, കന്റോണ്‍മെന്റ് ബോര്‍ഡ്, ടൗണ്‍ഷിപ്പ് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നഗരപ്രദേശങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. വളരെ വലിയ നഗരങ്ങളുടെ ഭരണ പരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്ന സംവിധാനമുള്‍ക്കൊള്ളുന്ന സങ്കേതങ്ങളാണ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍. ഇടത്തരം നഗരങ്ങള്‍ക്കുവേണ്ടി മുനിസിപ്പല്‍ കൗണ്‍സിലുകള്‍ ആണുള്ളത്. അത്രത്തോളം വലുതല്ലാത്ത ടൗണുകള്‍ക്കുള്ള പ്രത്യേക തദ്ദേശ സ്വയംഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് നോട്ടിഫൈഡ് ഏരിയാ കമ്മിറ്റികളാണ്. സര്‍ക്കാരിന്റെ ഗസറ്റില്‍ 'നോട്ടിഫൈ' ചെയ്യുന്നതിന്റെ (വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന്റെ) അടിസ്ഥാനത്തിലാണ് ഇത്തരം കമ്മിറ്റികള്‍ നിലവില്‍ വരുന്നത് എന്നതിനാലാണ് ഇവയ്ക്ക് നോട്ടിഫൈഡ് ഏരിയാ കമ്മിറ്റികള്‍ എന്നു പേരു വന്നിട്ടുള്ളത്. ചെറിയ ടൗണുകള്‍ക്കു വേണ്ടിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന സമിതിയാണ് ടൗണ്‍ ഏരിയാ കമ്മിറ്റി. സൈനിക ആസ്ഥാനങ്ങളുമായി (കന്റോണ്‍മെന്റ്) ബന്ധപ്പെട്ടുള്ള ആവാസ മേഖലയുടെ പ്രാദേശിക ഭരണനിര്‍വഹണത്തിനായി കന്റോണ്‍മെന്റ് ബോര്‍ഡുകള്‍ രൂപവത്ക്കരിക്കാറുണ്ട്. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന ആവാസമേഖലകള്‍ക്കായി ടൗണ്‍ഷിപ്പ് എന്ന തദ്ദേശ സ്വയംഭരണ സമ്പ്രദായം രൂപവത്ക്കരിച്ചു പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍