This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തത്ത്വശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

തത്ത്വശാസ്ത്രം

പ്രപഞ്ചത്തേയും മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തേയും സംബന്ധിച്ച പഠനം. സോഫിയ (Sophia) എന്ന ഗ്രീക്ക് പദത്തിന്റെ ഇംഗ്ലീഷ് പരിഭാഷ 'വിസ്ഡം' (wisdom) എന്നാണ്. 'വിസ്ഡം' എന്ന ഇംഗ്ലീഷ് പദത്തിനു സമാനമായി മലയാളത്തില്‍ ഉപയോഗിക്കുന്ന പദങ്ങളാണ് ജ്ഞാനം, സൂക്ഷ്മബുദ്ധി, വിവേകം, സാമര്‍ത്ഥ്യം, പാണ്ഡിത്യം, ദീര്‍ഘദൃഷ്ടി എന്നിവ. 'ഫിലോസോഫിയ' (Philosophia) എന്ന സംയുക്ത ഗ്രീക്ക് പദത്തില്‍ നിന്നുമാണ് 'ഫിലോസഫി' (Philosphy) എന്ന ഇംഗ്ലീഷ് പദം നിഷ്പന്നമായിട്ടുള്ളത്. 'ദി ലൌ ഒഫ് വിസ്ഡം' (ജ്ഞാനത്തിനോടുള്ള സ്നേഹം) എന്നാണ് ഇംഗ്ലീഷില്‍ ഇതിനു നല്കിയിട്ടുള്ള പരിഭാഷ. ഇപ്പോള്‍ ഈ പദത്തിന് ഇതിലും വലിയ അര്‍ഥവ്യാപ്തി ഉണ്ടായിട്ടുണ്ട്. 'ഫിലോസഫി' എന്ന ഇംഗ്ലീഷ് പദത്തിനു സമാനമായി മലയാളത്തില്‍ ഉപയോഗിച്ചുവരുന്ന പദങ്ങളാണ് തത്ത്വശാസ്ത്രം, തത്ത്വജ്ഞാനം, തത്ത്വചിന്ത, ദര്‍ശനം തുടങ്ങിയവ. തത്ത്വശാസ്ത്രം അഥവാ ദര്‍ശനം എന്ന പദത്തിന് മലയാളത്തില്‍ വിഭിന്ന അര്‍ത്ഥതലങ്ങള്‍ ഉണ്ട്. വിജ്ഞാനാന്വേഷണം, വിജ്ഞാനസ്നേഹം, ഭാവനയില്‍ കാണല്‍, അനുഭവിച്ചറിയല്‍ തുടങ്ങിയവ ഇതിന്റെ ലഘുവായ രൂഢാര്‍ഥങ്ങളാണ്. ഈശ്വരനും ലോകവും ആത്മാവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രം, മനസ്സിന്റേയും ദ്രവ്യത്തിന്റേയും എല്ലാ പ്രതിഭാസങ്ങളുടേയും ഹേതുക്കളെപ്പറ്റിയുള്ള വിജ്ഞാനം, ഏകവും പരമവുമായ സത്യത്തിന്റെ ബഹിര്‍സ്ഫുരണമെന്ന നിലയില്‍ പ്രപഞ്ചത്തെ മനസ്സിലാക്കല്‍, പ്രപഞ്ചത്തെ വ്യാഖ്യാനിക്കല്‍, മനുഷ്യന്റെ സദാചാരസ്വഭാവം, പെരുമാറ്റം തുടങ്ങിയവയെപ്പറ്റിയുള്ള പഠനം എന്നീ നിര്‍വചനങ്ങള്‍ ഈ പദത്തിന്റെ അര്‍ത്ഥവ്യാപ്തിയെ സൂചിപ്പിക്കുന്നവയാണ്. വിജ്ഞാന വിഭാഗത്തില്‍ ഏതിന്റെയെങ്കിലും അടിസ്ഥാന തത്ത്വങ്ങള്‍, ഒരു പ്രത്യേക തത്ത്വശാസ്ത്ര വിഭാഗം, മനഃശാന്തത, തത്ത്വചിന്തകൊണ്ടുണ്ടാകുന്ന മാനസിക സമനില എന്നീ അര്‍ഥങ്ങളിലും തത്ത്വശാസ്ത്രം എന്ന പദം ഉപയോഗിച്ചുവരുന്നുണ്ട്.

ആമുഖം

തത്ത്വശാസ്ത്രത്തിന്റെ ആരംഭം എപ്പോഴായിരുന്നു എന്നു വ്യക്തമായി പറയുക സാധ്യമല്ല. മനുഷ്യനില്‍ ചിന്താശക്തി രൂപംകൊണ്ടതു മുതല്‍ അവന്‍ അവനെ ഭയപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്ന പ്രതിഭാസങ്ങളെക്കുറിച്ചും അവനെക്കുറിച്ചുതന്നെയും ചിന്തിച്ചു തുടങ്ങിയിരുന്നിരിക്കണം. അതിനാല്‍ മനുഷ്യനില്‍ ആദ്യം രൂപംകൊണ്ട ചിന്ത തത്ത്വശാസ്ത്രപരമായിട്ടുള്ളവ ആയിരുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. പിന്നീട് അനേകം നൂറ്റാണ്ടുകള്‍ കഴിഞ്ഞതിനു ശേഷമാകാം ചിട്ടയോടുകൂടിയ യുക്തിസഹമായ ചിന്ത രൂപംകൊണ്ടിട്ടുള്ളത്. പ്രാചീന സംസ്കാരങ്ങളില്‍ രൂപംകൊണ്ട ദൈവചിന്തകളില്‍ നിന്നുമാകാം മൂര്‍ത്തമായ തത്ത്വചിന്തയുടെ ആവിഷ്കരണം ഉണ്ടായിട്ടുള്ളത്. ഗ്രീക്കുകാരുടേയും ഭാരതീയരുടേയും ഈജിപ്റ്റുകാരുടേയും ചൈനാക്കാരുടേയുമെല്ലാം പ്രാചീന സംസ്കാരങ്ങളില്‍ ദൈവചിന്തയും തത്ത്വചിന്തയും വേര്‍പെടുത്താന്‍ കഴിയാത്തവിധം നൂറ്റാണ്ടുളോളം കെട്ടുപിണഞ്ഞു കിടന്നിരുന്നു. കാലക്രമത്തില്‍ ഇത്തരം സംസ്കാരങ്ങളില്‍ നിന്ന് മതവും തത്ത്വചിന്തയും വേര്‍തിരിഞ്ഞ് വ്യത്യസ്തവും നിയതവുമായ രൂപം പ്രാപിച്ചതിലൂടെയാണ് തത്ത്വശാസ്ത്രം ഒരു പ്രത്യേക ചിന്താപദ്ധതിയായി രൂപംകൊണ്ടത്. 5000-ല്‍ അധികം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഭാരതീയ തത്ത്വചിന്തയുടെ അടിസ്ഥാനശിലയായ വേദങ്ങള്‍ ആവിര്‍ഭവിച്ചിട്ടുള്ളതെന്നാണ് നിഗമനം. പുരാതന ചൈനയില്‍ 100-ല്‍ അധികം തത്ത്വശാസ്ത്രങ്ങള്‍ രൂപംകൊണ്ടിരുന്നു. നൂറ് ചിന്താപദ്ധതിയുടെ കാലഘട്ടം എന്ന പേരില്‍ ഇത് അറിയപ്പെട്ടു. എന്നാല്‍ തത്ത്വശാസ്ത്രം അതിന്റെ ശരിയായ രീതിയില്‍ ആവിഷ്കൃതമായപ്പോള്‍ ഇവയെല്ലാം അപ്രത്യക്ഷമായി. പുരാതന ഗ്രീക്ക് ചിന്തയില്‍ നിന്നുമാണ് പാശ്ചാത്യ തത്ത്വശാസ്ത്രം രൂപംകൊണ്ടത്. അന്വേഷിച്ചറിയേണ്ടതായ അഥവാ അനുഭവിച്ചറിയേണ്ടതായ പരമസത്യമാണ് എല്ലാ ദര്‍ശനങ്ങളുടേയും മുഖ്യ വിഷയം. ഈ പരമസത്യത്തെ എങ്ങനെ അറിയാം? എങ്ങനെ ലഭ്യമായ അറിവിനെ വിശ്വാസയോഗ്യമായി അഥവാ യഥാര്‍ഥ അറിവായി അംഗീകരിക്കാം? അനുഭവം സംശയ രഹിതമായ യാഥാര്‍ത്ഥ്യമായിരിക്കുന്നത് എപ്പോഴാണ്? എങ്ങനെയാണ്? ഈ വക ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കിട്ടിയതിനു ശേഷമേ പരമമായ അറിവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് എല്ലാ ദര്‍ശനങ്ങളും അതിന്റെ ആരംഭം മുതല്‍ തന്നെ, ശരിയായ ജ്ഞാനസമ്പാദനമാര്‍ഗത്തെക്കുറിച്ചാണ് മുഖ്യമായും ചര്‍ച്ച ചെയ്തിട്ടുള്ളത്.

പ്ലേറ്റോയുടെ തത്ത്വശാസ്ത്ര സങ്കല്പം

പ്ലേറ്റോയുടെ അഭിമതത്തില്‍ വിമര്‍ശനാത്മക ചര്‍ച്ചകളെ അതിജീവിക്കുവാന്‍ കഴിയുക എന്നതാണ് തത്ത്വശാസ്ത്രത്തിന്റെ പ്രാഥമിക സ്വഭാവം. സാധാരണഗതിയില്‍ ജ്ഞാനം അഥവാ അറിവ് എന്നു പറയുന്നതെല്ലാം ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനങ്ങളില്‍ അറിവ് അഥവാ ജ്ഞാനം അല്ലാതാകും (Apology, 22). ഒരു രാഷ്ട്ര തന്ത്രജ്ഞനോ അല്ലെങ്കില്‍ ഒരു ശില്പിക്കോ (ഒരു സമര്‍ഥനായ പണിക്കാരനോ) അല്ലെങ്കില്‍ ഒരു കവിക്കോ എന്തുകൊണ്ട് അയാള്‍ പ്രവര്‍ത്തിക്കുന്നതുപോലെ പ്രവര്‍ത്തിക്കുന്നു എന്നു വിവരിക്കാന്‍ സാധ്യമല്ല; ഇവരില്‍ ആരും തന്നെ വ്യവസ്ഥാപിതമായ ചര്‍ച്ചയെ അതിജീവിക്കാന്‍ കഴിയുന്ന വ്യക്തവും സ്പഷ്ടവുമായിട്ടുള്ള ആശയങ്ങള്‍ക്കോ തത്ത്വങ്ങള്‍ക്കോ രൂപം നല്‍കിയിട്ടുമില്ല.

പ്ലേറ്റോയുടെ അഭിപ്രായത്തില്‍ തത്ത്വശാസ്ത്രത്തിന്റെ രണ്ടാമത്തെ സ്വഭാവ സവിശേഷത അത് അതിന്റേതായ ഒരു രീതി ഉപയോഗപ്പെടുത്തുന്നു എന്നതാണ്. ഈ രീതിക്ക് പ്ലേറ്റോ നല്കിയിട്ടുള്ള പേരാണ് 'ഡയലെക്റ്റിക്സ്' അഥവാ യുക്തിശാസ്ത്രം. ആവിഷ്കൃതമായിട്ടുള്ള അഭിപ്രായങ്ങളെ യുക്തിസഹമായി വിമര്‍ശിച്ചുകൊണ്ടാണ് തത്ത്വശാസ്ത്രം മുന്നേറുന്നത്. ശാസ്ത്രങ്ങളില്‍ വച്ച് ഏറ്റവും വികാസം പ്രാപിച്ചിട്ടുള്ള ഗണിതശാസ്ത്രം പോലും തത്ത്വശാസ്ത്രത്തിന്റെ വിമര്‍ശനത്തിനു വിഷയീഭവിക്കും. പ്ളേറ്റോയുടെ അഭിപ്രായത്തില്‍ ഗണിതശാസ്ത്രം നിലനില്‍ക്കുന്നത് അസ്പഷ്ടമായ സങ്കല്പങ്ങളിലാണ്. ഗണിതശാസ്ത്ര സങ്കല്പങ്ങളെ പുറത്തെടുത്ത് വിമര്‍ശനാത്മകമായ രീതിയില്‍ പരിശോധിച്ചു വിലയിരുത്തുക തത്ത്വചിന്തകന്റെ കര്‍ത്തവ്യമാണ്. തത്ത്വശാസ്ത്ര മാണ് ഏറ്റവും ഉയര്‍ന്ന രീതിയിലുള്ള അന്വേഷണം; അതിനുമാത്രമേ നിഗമനം ഇല്ലാതുള്ളൂ.

സദാ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന സാധാരണ ലോകത്തില്‍ നിന്നു വ്യതിരിക്തമായി (distinct) തത്ത്വചിന്തകര്‍ക്ക് 'ശരിയായ യാഥാര്‍ഥ്യ(true reality)വുമായി നേരിട്ടുള്ള ബന്ധം ഉണ്ടായിരിക്കും. ഇതാണ് പ്ലേറ്റോയുടെ അഭിമതത്തില്‍ തത്ത്വശാസ്ത്രത്തിന്റെ മൂന്നാമത്തെ സവിശേഷത. അതുകൊണ്ടാണ് തത്ത്വചിന്തകന് ആവിഷ്കൃത അഭിപ്രായങ്ങളെക്കുറിച്ച് അന്തിമ വിമര്‍ശനാത്മക വിശകലനം അവതരിപ്പിക്കാന്‍ കഴിയുന്നത്. നാലാമതായി, യാഥാര്‍ഥ്യത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാക്കുക എന്നത് ഓരോന്നും എന്തിനുവേണ്ടിയുള്ളതാണെന്ന് അറിയുകയാണ്. ഉദാഹരണത്തിന് മനുഷ്യന്റെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കുന്നതിന് ഏതൊരു ആദര്‍ശത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയാണ് മനുഷ്യസ്വഭാവം കഠിനയത്നം നടത്തുന്നത് എന്നറിയണം. അയോണിയന്‍ ബ്രഹ്മാണ്ഡവിജ്ഞാനികള്‍ക്ക് തത്ത്വചിന്താപരമായ ജ്ഞാനം ഉണ്ടായിരുന്നില്ല, എന്തുകൊണ്ടെന്നാല്‍ വ്യക്തമായും അവര്‍ക്ക് ഓരോന്നും എന്തിനുവേണ്ടിയാണെന്നുള്ള ജ്ഞാനം ഇല്ലായിരുന്നു (Phaedo, 9899).

അഞ്ചാമതായി, ആദര്‍ശങ്ങളെപ്പറ്റിയുള്ള തത്ത്വചിന്തകന്റെ അറിവിന്റെ അടിസ്ഥാനത്തില്‍, മനുഷ്യന്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് അയാള്‍ക്ക് അറിയാം. എളുപ്പത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാനും കൂട്ടുകാരെ ജയിക്കാനും ആളുകളെ സ്വാധീനിക്കാനും ഉള്ള മാര്‍ഗങ്ങളാണ് സോഫിസ്റ്റുകള്‍ പഠിപ്പിച്ചത്. പ്ലേറ്റോയുടെ അഭിപ്രായത്തില്‍ ആശയങ്ങളുടെ യുക്തിഭദ്രമായ വ്യവസ്ഥയാണ് പ്രപഞ്ചം. രൂപങ്ങള്‍ അഥവാ ആശയങ്ങള്‍ യഥാര്‍ഥസത്തകളും വിശേഷണങ്ങള്‍ അവയുടെ വെറും പ്രത്യക്ഷതകളുമാണ്. ഇതാണ് പ്ലേറ്റോണിക് തഥ്യാവാദം (Platonic realism) എന്നറിയപ്പെടുന്നത്. എളുപ്പത്തില്‍ ലാഭം ഉണ്ടാക്കാനുള്ള കഴിവ് ആര്‍ജിക്കല്‍ അറിവിന്റെ സ്വഭാവമല്ല, അതില്‍ പെട്ടെന്നുള്ള ബുദ്ധിചാതുര്യവും വേഗത്തിലുള്ള വിധിനിര്‍ണയവും അടങ്ങിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തത്ത്വചിന്തകന്‍ വിഡ്ഢിയെപ്പോലെ ആയിപ്പോകും. എന്നാല്‍ മനുഷ്യന്റെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കാനും അതിന്റെ അനന്തരഫലമായിട്ടുള്ള സമൂഹത്തെ മനസ്സിലാക്കാനും ആവശ്യം ഉണ്ടാകുമ്പോള്‍ ജനം തത്ത്വചിന്തയിലേക്ക് തിരിയും. അതുകൊണ്ടാണ് മാതൃകാപരമായ ഭരണാധികാരി ഒരു തത്ത്വചിന്തകന്‍ കൂടി ആയിരിക്കണം എന്നു പറയുന്നത്.

തത്ത്വശാസ്ത്രം-അടിസ്ഥാന തത്ത്വത്തെക്കുറിച്ചുള്ള അറിവ്

തത്ത്വശാസ്ത്രം എല്ലാറ്റിനേയും കുറിച്ചുള്ള ആത്യന്തികമായ അറിവ് എന്ന വീക്ഷണമാണിത്; എല്ലാ പ്രതിഭാസങ്ങളുടേയും എല്ലാ വസ്തുക്കളുടേയും പൊതുവായ കാരണങ്ങളും തത്ത്വങ്ങളും അറിയുകയാണ് തത്ത്വശാസ്ത്രം ചെയ്യുന്നത്. തത്ത്വശാസ്ത്രത്തെക്കുറിച്ചുള്ള പ്ളേറ്റോയുടെ വീക്ഷണവും ഇതു തന്നെയായിരുന്നു. ശാസ്ത്രത്തിന് എല്ലാ വസ്തുക്കളേയും സംബന്ധിച്ചുള്ള അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ചുള്ള അറിവ് നല്കാന്‍ കഴിയില്ല; തത്ത്വശാസ്ത്രത്തിനു മാത്രമേ അതിനു കഴിയൂ എന്നാണ് തത്ത്വശാസ്ത്ര സങ്കല്പം. പ്രതിഭാസങ്ങളും വസ്തുക്കളും എങ്ങനെ എന്നു മാത്രമേ ശാസ്ത്രത്തിനു പറയാന്‍ കഴിയുകയുള്ളു.; തത്ത്വശാസ്ത്രത്തിന് അവ എന്തുകൊണ്ടെന്നു പറയാന്‍ കഴിയും എന്നാണ് ഇവിടെ സ്ഥാപിക്കുന്നത്. പ്ളേറ്റോയും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ പിന്‍തുടര്‍ന്ന ലൂയിസ് ഡി റിമേക്കറെ(Louis de Raeymaker)പ്പോലുള്ള തത്ത്വചിന്തകന്മാരും അവകാശപ്പെടുന്നത് പ്രതിഭാസങ്ങളുടേയും വസ്തുക്കളുടേയും പൊതുവായ കാരണങ്ങളെക്കുറിച്ചും തത്ത്വങ്ങളെക്കുറിച്ചും ശാസ്ത്രത്തിനു മുന്നോട്ടു വയ്ക്കാന്‍ കഴിയുന്നതിനേക്കാള്‍ ഉയര്‍ന്നതും കൂടുതല്‍ അടിസ്ഥാനപരവുമായ അറിവാണ് ഇവയെക്കുറിച്ച് തത്ത്വചിന്തകന്മാര്‍ക്ക് ഉള്ളത് എന്നാണ്. അതിനാല്‍ പരമമായതിനെക്കുറിച്ചുള്ള തത്ത്വചിന്തയുടെ ജ്ഞാനം ശാസ്ത്രജ്ഞാനത്തേക്കാള്‍ ഉയര്‍ന്നതാണ്. തത്ത്വചിന്തകന്മാരുടെ ഈ അവകാശവാദത്തെതന്നെ തത്ത്വചിന്തയുടെ ഒരു വിഷയം എന്ന നിലയില്‍ കാണുന്നതാണ് ഉചിതം.

തത്ത്വചിന്തകനും ജ്ഞാനിയും

തത്ത്വശാസ്ത്രവും ഭൗതിക ജീവിതവിജയം ആര്‍ജിക്കുവാനുള്ള പ്രയത്നവും വിവേചിക്കുന്നതിന് പ്ലേറ്റോ നടത്തിയ ശ്രമങ്ങള്‍ക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ തത്ത്വശാസ്ത്രത്തേയും കവിതയെയും തത്ത്വചിന്തകനേയും ജ്ഞാനിയേയും വിവേചിക്കുന്നതിനുള്ള പ്ളേറ്റോയുടെ ശ്രമങ്ങള്‍ക്ക് ഇതേ രീതിയിലുള്ള അംഗീകാരം ആര്‍ജിക്കുവാന്‍ കഴിഞ്ഞില്ല. പ്ളേറ്റോയുടെതന്നെ വിട്ടുവീഴ്ചയുള്ള നിലപാടുകളാണ് ഇതിനു കാരണമായത്. പ്ളേറ്റോ തന്റെ ആദ്യകാല സംവാദകൃതികളില്‍, (ഇയോണ്‍, അപ്പോളജി) യഥാര്‍ഥ ജ്ഞാനം, കവികളുടേയും സന്ന്യാസിമാരുടേയും ഉത്തേജിത അനുമാനങ്ങളേക്കാള്‍ വ്യക്തവും ആശയവിനിമയയോഗ്യവുമാണെന്നു സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് പ്ളേറ്റോ തന്റെ ഈ അഭിപ്രായം മാറ്റി പറയുന്നുണ്ട്. നന്മയുടെ ആശയമാണ് എല്ലാറ്റിനും (എല്ലാ ആശയങ്ങള്‍ക്കും) മൂലഭൂതമായിരിക്കുന്നത്. പരമോന്നതമായ ആശയമാണ് അത്. 'എല്ലാറ്റിനും (being) എല്ലാ അറിവിനും അപ്പുറത്താണ് നന്മയുടെ പ്രതീകം (Form of the Good)' എന്ന് റിപ്പബ്ലിക്-ല്‍ (509) പ്രസ്താവിച്ചിട്ടുണ്ട്. തത്ത്വചിന്താപരമായ അന്വേഷണത്തിന്റെ പരമോന്നത അവസ്ഥയില്‍, തത്ത്വചിന്തകനും വിമര്‍ശനാത്മകചിന്ത അവസാനിപ്പിക്കേണ്ടിവരികയും ഒരു സന്ന്യാസിയെപ്പോലെ നേരിട്ടുള്ള ഭൂതോദയത്തിന് അഥവാ പരോക്ഷജ്ഞാനത്തിനു വിധേയനാകേണ്ടിവരികയും ചെയ്യും എന്ന് പ്ലേറ്റോ അംഗീകരിക്കുന്നു.

പ്ലേറ്റോയുടെ വീക്ഷണത്തില്‍ കാണുന്നമാതിരിയുള്ള അതിഭൗതികശാസ്ത്രം ഇത്തരം ഒരു നിഗമനത്തിലാണ് എത്തിച്ചേരുക: 'പരമമായതിനെക്കുറിച്ച് മറ്റു ചോദ്യങ്ങള്‍ ഒന്നും ഉയര്‍ത്താന്‍ പാടില്ല, അതിനെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ കഴിഞ്ഞാല്‍, മറ്റെല്ലാറ്റിനും സംഭവിക്കുന്നതുപോലെ, പരമമായത് പരമമായതല്ലാതാകും.' എന്നാല്‍ ഇതിനെപ്പറ്റി ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. എന്തെങ്കിലും തീര്‍ച്ചയായും അതിനെപ്പറ്റി പറയുകയാണെങ്കില്‍ 'എന്തുകൊണ്ട് അത് അപ്രകാരമല്ല?' എന്ന തരത്തിലുള്ള ഏതെങ്കിലും പുനരുക്തമല്ലാത്ത (nontantological) പ്രസ്താവനയായിരിക്കും ചോദ്യത്തിന് അഭിമുഖീകരിക്കേണ്ടി വരുന്നത്. അതിനാല്‍ അതിഭൗതികശാസ്ത്രജ്ഞന് തന്റെ പരമമായതിനെക്കുറിച്ച് ഒന്നും പറയാന്‍ കഴിയാതെ, അഥവാ ഒന്നും വ്യക്തമായി പറയാന്‍ കഴിയാതെ അവസാനിപ്പിക്കേണ്ടിവരും. എഫ്.എച്ച്.ബ്രാഡ്ലി (F.H.Bradley)യുടെ 'പരമമായ' (Absolute)തും വിറ്റ്ജെന്‍സ്റ്റെ (Wittgenstein)ന്റെ 'വസ്തുതകളുടെ പൂര്‍ണതയും' (totality of facts) പ്ലേറ്റോയുടെ 'നന്മയുടെ പ്രതീകം' എന്ന സങ്കല്പത്തോട് സാരൂപ്യം പുലര്‍ത്തുന്നവയാണ്. പ്ളേറ്റോയുടെ 'നന്മയുടെ പ്രതീകം' എന്ന സങ്കല്പം തന്നെ നിഗൂഢമാണ്; നിഗൂഢാര്‍ഥത്തില്‍ മാത്രമേ അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ.

വിമര്‍ശനാത്മക തത്ത്വശാസ്ത്രത്തിനു പ്രാമുഖ്യം ഉള്ള രാജ്യങ്ങളില്‍ ജ്ഞാനി(സന്ന്യാസി)യേയും തത്ത്വചിന്തകനേയും വളരെ വ്യക്തമായിത്തന്നെ വേര്‍തിരിച്ചു കാണുന്നുണ്ട്. എന്നാല്‍ വളരെ അപൂര്‍വം രാജ്യങ്ങളില്‍ മാത്രമേ വിമര്‍ശനാത്മക തത്ത്വചിന്തയ്ക്ക് പ്രാമുഖ്യം ലഭിച്ചിട്ടുള്ളൂ. ഉദാഹരണത്തിന് ചൈനീസ് തത്ത്വശാസ്ത്രത്തില്‍പ്പോലും 'സന്ന്യാസി' (Sage) എന്ന പദം വ്യാപകമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചൈനയ്ക്കോ റഷ്യക്കോ വിമര്‍ശനാത്മക തത്ത്വചിന്തയുടെ പാരമ്പര്യം ശരിക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഫ്രാന്‍സില്‍ ഹെന്റി ബര്‍ഗ്സണ്‍ (Henri Bergson), മാര്‍ട്ടിന്‍ ഹൈഡിഗര്‍ (Martin Heidegger) എന്നിവരുടെ സ്വാധീനത വിമര്‍ശനാത്മക തത്ത്വചിന്തയ്ക്ക് ക്ഷതം ഏല്പിക്കുകയും ചെയ്തിട്ടുണ്ട്.

'തത്ത്വശാസ്ത്രം' എന്ന പേരില്‍ വ്യത്യസ്തമായ രണ്ട് തരം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വിമര്‍ ശനാത്മകയുക്തിചിന്തയാണ് ഇവയില്‍ ഒന്ന്. യുക്തിപരമായ വിശകലനമാണ് ഇതിന്റെ മുഖമുദ്ര. വളരെ വ്യക്തമായിത്തന്നെ വിമര്‍ശനാത്മകയുക്തിചിന്തയോട് ശത്രുതാപരമായ നിലപാടു സ്വീകരിച്ചിട്ടുള്ളതാണു രണ്ടാമത്തേത്. മാര്‍ട്ടിന്‍ ഹൈഡിഗറെ പോലുള്ള ചിന്തകരാണ് ഇതിന്റെ മുഖ്യവക്താക്കള്‍. വ്യക്തിക്ക് നേരിട്ടുണ്ടാകുന്ന ഭൂതോദയത്തിലൂടെ അഥവാ പരോക്ഷജ്ഞാനത്തിലൂടെ പൊതുതത്ത്വങ്ങളിലും നിഗമനങ്ങളിലും എത്തിച്ചേരുകയാണ് ഇവിടത്തെ അവലംബിത മാര്‍ഗം. ചിലപ്പോള്‍ ഒരേ ചിന്തകന്‍ തന്നെ തന്റെ പ്രവര്‍ത്തനങ്ങളില്‍ ഈ രണ്ടു രീതികളും സ്വീകരിച്ചേക്കാമെങ്കിലും ഇവ രണ്ടിനേയും വേറിട്ടു മനസ്സിലാക്കുക വളരെ പ്രധാനമാണ്. മൂല്യാധിഷ്ഠിത വിധിനിര്‍ണയ മാര്‍ഗങ്ങള്‍ ഒന്നും ഇല്ലെങ്കില്‍പ്പോലും ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍പ്പെട്ടവരെ 'സന്ന്യാസി'മാര്‍ എന്ന് നിര്‍വചിക്കാവുന്നതാണ്. തത്ത്വശാസ്ത്രം വിമര്‍ശന ചിന്തയുടെ നിയന്ത്രണത്തിലുള്ള ഊഹങ്ങളാണ്.

തത്ത്വശാസ്ത്ര രീതി

വിമര്‍ശനചിന്തയുടെ നിയന്ത്രണത്തിലുള്ള അനുമാനങ്ങളെയാണ് തത്ത്വശാസ്ത്രം എന്നു പറയുന്നത്: ഇത് തത്ത്വശാസ്ത്രത്തിന്റെ ഒരു നിര്‍വചനമല്ല; യുക്തിപരമായിട്ടുള്ള ഏതൊരു അന്വേഷണത്തെക്കുറിച്ചും ഇങ്ങനെ പറയാവുന്നതാണ്. യുക്തിയില്‍ അധിഷ്ഠിതമായ ചര്‍ച്ചകള്‍ പല രൂപങ്ങള്‍ കൈവരിക്കുന്നതായി കാണാവുന്നതാണ്. ശാസ്ത്രത്തില്‍, ശാസ്ത്രസങ്കല്പങ്ങളെ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുന്നതും, ഗണിതശാസ്ത്രത്തില്‍ പ്രസ്താവനകള്‍ (തെളിയിക്കപ്പെടേണ്ടതായ വസ്തുതകള്‍) പരസ്പര വിരുദ്ധങ്ങളായിത്തീരുമോ എന്ന് അന്വേഷിക്കുന്നതും യുക്തിചിന്തയിലൂടെയാണ്. തത്ത്വശാസ്ത്രത്തിന് അതിന്റേതായ ഒരു രീതി ഉണ്ടോ? ഉണ്ട് എന്ന അഭിപ്രായക്കാരാണ് പ്ലേറ്റോയും ഹെഗലും. 'ഡയലെക്റ്റിക്സ്' അഥവാ യുക്തിചിന്തയില്‍ അധിഷ്ഠിതമായ ചര്‍ച്ചയാണ് തത്ത്വശാസ്ത്രരീതി എന്ന് ഇവര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇത്തരം ചര്‍ച്ചയുടെ സ്വഭാവത്തെക്കുറിച്ച് ഇവര്‍ ഏകാഭിപ്രായക്കാരല്ല. ബര്‍ഗ്സണ്‍(Bergson)ന്റെ അഭിപ്രായത്തില്‍ പരോക്ഷജ്ഞാനം അഥവാ ഭൂതോദയമാണ് തത്ത്വശാസ്ത്രത്തിന്റെ രീതി. പ്രമേയത്തെയോ തെളിവിനെയോ അടിസ്ഥാനമാക്കാത്ത വാദഗതികള്‍ (വിഡ്ഢിത്തം) തുറന്നു കാട്ടുന്നതാണ് തത്ത്വശാസ്ത്രരീതി എന്നാണ് വിറ്റ്ജെന്‍സ്റ്റെന്‍ അഭിപ്രായപ്പെടുന്നത്. മോറിസ് ഷ്ളിക്ക് (Moritz Schilck)ന് തെളിയിക്കലും, ഹസ്സേള്‍(Husserl)ന് ഫിനോമിനോളജിക്കല്‍ വിവരണവും (വിശദീകരണങ്ങള്‍ക്കു മുതിരാതെ പ്രകൃതിയിലെ പ്രതിഭാസങ്ങളെ അതേപടി വിവരിക്കുന്ന രീതി) ആണ് തത്ത്വശാസ്ത്രരീതി. തത്ത്വചിന്തകന്‍ പരീക്ഷണങ്ങളില്‍ അധിഷ്ഠിതമായ അന്വേഷണ രീതി സ്വീകരിക്കണമെന്നു ഡേവിഡ്ഹ്യൂമും ജ്യാമിതീയ ശാസ്ത്രജ്ഞനെ അനുകരിക്കണം എന്നു സ്പിനോസയും അഭിപ്രായപ്പെടുന്നു.

തത്ത്വശാസ്ത്രരീതിയെക്കുറിച്ച് തത്ത്വചിന്തകന്മാര്‍ക്കിടയി ലുള്ള അഭിപ്രായവൈവിധ്യം നിമിത്തം ഏതെങ്കിലും ഒരു പ്രത്യേക രീതിയുടെ അടിസ്ഥാനത്തില്‍ തത്ത്വശാസ്ത്രത്തെ നിര്‍വചിക്കുന്നതിന് തത്ത്വശാസ്ത്ര തര്‍ക്കത്തില്‍ പക്ഷം പിടിക്കേണ്ടിവരും എന്നാണ് കാണുന്നത്. തത്ത്വശാസ്ത്രരീതി വ്യക്തമായി നിരീക്ഷിച്ചാല്‍ തത്ത്വചിന്തകന്മാരുടെ രചനകളിലൂടെയല്ല അത് ആവിഷ്കൃതമായിട്ടുള്ളതെന്നു മനസ്സിലാകും. തത്ത്വശാസ്ത്രത്തിന് ഒരേ ഒരു രീതി മാത്രമേ ഉള്ളൂ എന്ന സിദ്ധാന്തം ആവിഷ്കരിച്ചിട്ടുള്ളതുപോലും ഒറ്റ രീതി ഉപയോഗപ്പെടുത്തിയല്ല. തത്ത്വശാസ്ത്രത്തില്‍ ഉപയോഗിച്ചിട്ടുള്ള രീതി തത്ത്വശാസ്ത്രത്തിനു പുറത്തുള്ള രീതികളുമായി കെട്ടുപിണഞ്ഞാണു കിടക്കുന്നതെന്നു നിരീക്ഷണത്തില്‍ വ്യക്തമാകും.

തത്ത്വശാസ്ത്രവും മൂല്യവും

മൂല്യങ്ങള്‍ അഥവാ ഉദ്ദേശ്യങ്ങള്‍ ആണ് തത്ത്വശാസ്ത്രം കൈകാര്യം ചെയ്യുന്ന വിഷയം എന്ന വീക്ഷണം ആയിരുന്നു പ്ളേറ്റോയ്ക്ക് ഉണ്ടായിരുന്നത്. 19-ാം ശ.-ത്തില്‍, പ്രകൃതിശാസ്ത്രത്തിന്റെ ഉദയത്തോടെ, ഈ വീക്ഷണ ത്തിനു പുനരുദ്ധാരണം ഉണ്ടായി. ലോകം എന്താണ്? അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു? തുടങ്ങിയ വസ്തുതകളെക്കുറിച്ചു പറയാന്‍ മാത്രമേ ശാസ്ത്രത്തിനു കഴിയൂ എന്നും ജീവിതം അര്‍ഥമാക്കുന്നതെന്താണെന്നും ജീവിതത്തിന്റേയും പ്രപഞ്ചത്തിന്റേയും ഉദ്ദേശ്യം എന്താണെന്നും പറയാന്‍ തത്ത്വശാസ്ത്രത്തിനു മാത്രമേ കഴിയൂ എന്നും ഉള്ള വാദഗതി ഈ കാലഘട്ടത്തില്‍ ശക്തി പ്രാപിച്ചു. ഈ വീക്ഷണപ്രകാരം, തത്ത്വശാസ്ത്രത്തിന്റെ പ്രത്യേക വിഭാഗങ്ങളുടെ ലക്ഷ്യം, പ്രത്യേക പ്രവര്‍ത്തന മേഖലകളുടെ ലക്ഷ്യവും അര്‍ഥവും വ്യക്തമാക്കുകയാണ്. ചരിത്രത്തിന്റെ തത്ത്വശാസ്ത്രം ചരിത്രത്തിന്റെ അര്‍ഥത്തെക്കുറിച്ചും, നിയമത്തിന്റെ തത്ത്വശാസ്ത്രം നിയമത്തിന്റെ അര്‍ഥത്തെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്. പൊതുവില്‍, 'പ്രപഞ്ചത്തിന്റെ നിയാമകശക്തിയെക്കുറിച്ചുള്ള അര്‍ഥം' വിശദീകരിക്കുകയാണ് തത്ത്വശാസ്ത്രം ചെയ്യുന്നത്.

തത്ത്വശാസ്ത്രത്തിന്റെ ഈ നിര്‍വചനം, തത്ത്വശാസ്ത്രത്തിന്റെ തന്നെ പ്രത്യേക അനുമാനത്തില്‍ അധിഷ്ഠിതമാണ്. ജോണ്‍ ഡ്യൂയിയെപ്പോലുള്ള ചില തത്ത്വചിന്തകന്മാര്‍ വസ്തുതയും അവ യുടെ മൂല്യവും അഥവാ അര്‍ഥവും തമ്മിലുള്ള ബന്ധത്തിന് എതി രായിട്ടുള്ള വാദഗതികളെ പൂര്‍ണമായും നിരാകരിക്കുമ്പോള്‍, മറ്റു ചില ചിന്തകന്മാര്‍ വൈരുധ്യങ്ങള്‍ എടുത്തു കാണിക്കാനുള്ള ഇത്തരം താരതമ്യശ്രമങ്ങളെ മനുഷ്യവ്യാപാരങ്ങളില്‍ ഒരു പരിധി വരെ അംഗീകരിക്കുന്നുണ്ടെങ്കിലും, 'ജീവിതത്തിന്റെ അര്‍ഥം', 'ചരിത്രത്തിന്റെ അര്‍ഥം', 'പ്രപഞ്ചത്തിന്റെ മൊത്തത്തിലുള്ള അര്‍ഥം' എന്നൊക്കെയുള്ള ആശയങ്ങളെ അംഗീകരിക്കാന്‍ തയ്യാറല്ല. ഒരു തത്ത്വചിന്തകന്‍ ആയിരുന്നുകൊണ്ട് പ്രപഞ്ചത്തിന് അര്‍ഥമില്ലെന്നു പറയുകയും അല്ലെങ്കില്‍ ചരിത്രത്തിന്റെ തത്ത്വചിന്തകന്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് ചരിത്രത്തിന് അര്‍ഥമില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്താല്‍, മൂല്യങ്ങളുടെ അഥവാ അര്‍ഥങ്ങളുടെ അന്വേഷണമാണ് തത്ത്വശാസ്ത്രം എന്ന് തത്ത്വ ശാസ്ത്രത്തെ നിര്‍വചിക്കാന്‍ സാധിക്കുകയില്ല.

തത്ത്വചിന്തകന്‍-ഉപദേശകന്‍

ഉപദേശം നല്കുക തത്ത്വചിന്തകന്റെ ഉത്തരവാദിത്വം ആണോ എന്ന ചോദ്യമാണ് തത്ത്വചിന്തയെക്കുറിച്ചുള്ള വിവരണത്തില്‍ പ്ലേറ്റോ അവസാനമായി ഉന്നയിച്ചിട്ടുള്ളത്. മനഃസമാധാനം കൈവരിക്കാന്‍ എങ്ങനെ കഴിയും എന്നു ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുകയാണ് തത്ത്വചിന്തയുടെ പ്രധാന ഉത്തരവാദിത്വം എന്ന് അലക്സാണ്ഡ്രിയന്‍ കാലഘട്ടത്തിലെ സ്റ്റോയിക്കുകളും എപ്പിക്കൂറിയന്മാരും സന്ദേഹവാദികളുമൊക്കെ അഭിപ്രായപ്പെട്ടിരുന്നു. തത്ത്വശാസ്ത്രത്തില്‍ ഇവര്‍ സ്വീകരിച്ചിരുന്ന പ്രായോഗിക നിലപാട് റോമാക്കാരെയും സ്വാധീനിച്ചിരുന്നു. 'ജീവിതകല' (The art of life) എന്നാണ് തത്ത്വശാസ്ത്രത്തെ സിസിറോ നിര്‍വചിച്ചത്. നവോത്ഥാന കാലഘട്ടത്തില്‍ സാംസ്കാരിക നിലവാരം പുലര്‍ത്തിയിരുന്ന സാധാരണ ജനങ്ങള്‍ക്കിടയില്‍ സിസിറോറിയന്‍ തത്ത്വശാസ്ത്ര വീക്ഷണ ത്തിന് ഏറെ പ്രാധാന്യം സിദ്ധിച്ചിരുന്നു. 'പ്രായോഗിക ബുദ്ധി അല്ലാതെ മറ്റൊന്നല്ല തത്ത്വശാസ്ത്രം' എന്ന് 17-ാം ശ.-ത്തില്‍ തത്ത്വശാസ്ത്രത്തെക്കുറിച്ച് ജോണ്‍ സെല്‍ഡന്‍ (John Selden) എഴുതിയിരുന്നു. പ്രായോഗികബുദ്ധി എന്നതുകൊണ്ട് അദ്ദേഹം അര്‍ഥമാക്കിയത് ജീവിതകലയാണ്. 'വസ്തുക്കളെ തത്ത്വശാസ്ത്ര പരമായ രീതിയില്‍ ഉള്‍ക്കൊള്ളുക' എന്ന സൂത്രവാക്യത്തിലും ഇതേ അര്‍ഥം തന്നെയാണ് അടങ്ങിയിട്ടുള്ളത്. തങ്ങളുടെ തത്ത്വ ശാസ്ത്ര വീക്ഷണത്തെ ആസ്പദമാക്കിയുള്ള പ്രായോഗിക ജീവിത ഉപദേശങ്ങള്‍ ജനങ്ങള്‍ക്കു നല്കുക എന്നത് തങ്ങളുടെ കടമയായി കരുതിയിട്ടുള്ളവരാണ് നല്ല തത്ത്വചിന്തകന്മാരില്‍ ഏറിയ പങ്കും.

തത്ത്വശാസ്ത്രവും മറ്റു ശാസ്ത്രങ്ങളും

19-ാം ശ.-ത്തിന്റെ ആരംഭത്തോടുകൂടിയാണ് 'ശാസ്ത്രം' എന്ന വാക്ക് പ്രചാരത്തില്‍ വന്നത്. അതിനു മുമ്പുവരെ എല്ലാ വിജ്ഞാനങ്ങളും തത്ത്വശാസ്ത്രത്തിന്റെ ഭാഗമായിരുന്നു. പ്ലേറ്റോയുടെ ഡയലോഗ്സില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ താരതമ്യേന കുറവും അധികവും തത്ത്വചിന്താപരവും ആയിരുന്നു. എന്നാല്‍ അരിസ്റ്റോട്ടല്‍ ചര്‍ച്ച ചെയ്തിട്ടില്ലാത്ത വിഷയങ്ങള്‍ ഒന്നും തന്നെയില്ല; ശരീരശാസ്ത്രം മുതല്‍ തര്‍ക്കശാസ്ത്രവും അതിഭൌതികശാസ്ത്രവും വരെ അതില്‍ ഉള്‍പ്പെട്ടിരുന്നു. മധ്യകാലഘട്ടത്തില്‍ അരിസ്റ്റോട്ടലിന്റെ രചനകള്‍ 'എന്‍സൈക്ളോപീഡിയ ഒഫ് ഫിലോസഫി' എന്ന പേരില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു. പില്ക്കാലത്ത് തത്ത്വശാസ്ത്രത്തെ 'ധാര്‍മിക' തത്ത്വശാസ്ത്രം; 'പ്രകൃതി ശാസ്ത്ര' തത്ത്വശാസ്ത്രം, 'രാഷ്ട്രമീമാംസാ' തത്ത്വശാസ്ത്രം എന്നൊക്കെ വേര്‍തിരിച്ചു പരിഗണിച്ചുപോന്നു. ഇപ്പോള്‍ പ്രത്യേക ശാസ്ത്ര വിഷയങ്ങളായി വേര്‍തിരിച്ചു കൈകാര്യം ചെയ്യുന്ന ശാസ്ത്രവിഷയങ്ങളൊക്കെ മുമ്പ് തത്ത്വശാസ്ത്രശാഖകളുടെ വിഷയങ്ങളായിരുന്നു. തത്ത്വശാസ്ത്രത്തിന്റെ അതിര്‍വരമ്പുകള്‍ ഇപ്പോഴും വേര്‍തിരിച്ചു കാണുക പ്രയാസമാണ്.

തത്ത്വശാസ്ത്രം - മനുഷ്യശാസ്ത്രം എന്ന നിലയില്‍

പ്രപഞ്ചത്തെക്കുറിച്ചുള്ള ഒരു സ്വതന്ത്ര അന്വേഷണമാണ് ഭൗതികശാസ്ത്രം എന്ന് അംഗീകരിക്കപ്പെട്ടതോടെ തത്ത്വശാസ്ത്രജ്ഞന്മാര്‍, പ്രത്യേകിച്ചും ബ്രിട്ടനിലും ഫ്രാന്‍സിലും, അവരുടെ ശ്രദ്ധ പ്രകൃതിയില്‍ നിന്നും മനുഷ്യനിലേക്കു തിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി. മനസ്സിനേയും ദ്രവ്യത്തേയും ദെക്കാര്‍ത്തെ (Descartes) വ്യതിരക്തമായി നിര്‍വചിച്ചതോടെ, ബാഹ്യലോകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി മനുഷ്യന്റെ ആന്തരിക ലോകത്തെക്കുറിച്ചുള്ള അന്വേഷണവും ആകാം എന്ന ചിന്ത ശക്തിപ്രാപിച്ചു. ഇതോടെ പാശ്ചാത്യലോകത്ത്, തത്ത്വശാസ്ത്രവും ഭൌതികശാസ്ത്രവും സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് ശാസ്ത്രശാഖകള്‍ എന്ന് അംഗീകരിക്കപ്പെട്ടു; തത്ത്വശാസ്ത്രം മനുഷ്യനെ സംബന്ധിക്കുന്ന ശാസ്ത്രവും, ഭൗതികശാസ്ത്രം പ്രകൃതിയെ സംബന്ധിക്കുന്ന ശാസ്ത്രവും.

പൗരസ്ത്യ തത്ത്വചിന്തകന്മാര്‍, പ്രത്യേകിച്ചും ഭാരതത്തിലെ ഋഷിവര്യന്മാര്‍, ക്രിസ്തുവിനു വളരെ മുമ്പു തന്നെ, തത്ത്വശാസ്ത്ര ത്തെ മനുഷ്യശാസ്ത്രം എന്ന നിലയിലാണ് വീക്ഷിച്ചിരുന്നത്. പതഞ്ജലി (ഇദ്ദേഹം ബി.സി. 3-ാം ശ.-ത്തിനും 4-ാം ശ.-ത്തിനും ഇടയിലാണ് ജീവിച്ചിരുന്നത് എന്നു കരുതപ്പെടുന്നു). തന്റെ ദര്‍ശനങ്ങളെ 195 സൂത്രങ്ങളിലായി യോഗസൂത്രം എന്ന ഗ്രന്ഥ ത്തില്‍ ആവിഷ്കരിച്ചിരുന്നു. ആത്മദര്‍ശനവും അതനുസരിച്ചുള്ള ചിത്തവൃത്തികളുടെ നിരോധനവുമാണ് യോഗദര്‍ശനം ലക്ഷ്യ മാക്കിയിരുന്നത്.

പാശ്ചാത്യലോകത്ത് ഭൌതികശാസ്ത്രത്തില്‍ നിന്നു ഭിന്നമായിട്ടുള്ള തത്ത്വശാസ്ത്രത്തിന്റെ അസ്തിത്വത്തിനു നൈര്‍മല്യം നല്കിയത് ഹ്യൂം ആണ്. തത്ത്വശാസ്ത്രത്തില്‍ കടന്നുകൂടിയിട്ടുള്ള ബുദ്ധിക്കു നിരക്കാത്ത വസ്തുതകളെ (nonsensical) ഒഴിവാക്കിയാല്‍ അതിനെ സദാചാര ശാസ്ത്രം ആയിട്ടോ മനുഷ്യസ്വഭാവ ശാസ്ത്രം ആയിട്ടോ അംഗീകരിക്കാവുന്നതാണെന്ന് ഹ്യൂം വ്യക്തമാക്കി. ഒരു തരത്തില്‍, തത്ത്വശാസ്ത്രത്തെ 'ആദ്യശാസ്ത്രം' ആയി പരിഗണിക്കാം എന്നും ഹ്യൂം അഭിപ്രായപ്പെട്ടിരുന്നു; മറ്റെല്ലാത്തരം അന്വേഷണങ്ങളും മനുഷ്യമനസ്സിന്റെ സൃഷ്ടിയും മനുഷ്യന്റെ സ്വഭാവശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നാണ് ഇതിനു കാരണമായി ഹ്യൂം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മനുഷ്യ മനസ്സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും കാര്യകാരണബന്ധം, പ്രതിഭാസത്തിന്റെ തുല്യതയും സാദൃശ്യവും എന്നിവ പോലുള്ള ആശയങ്ങള്‍ വ്യക്തമാക്കാന്‍ കഴിയുമെന്നു സ്ഥാപിക്കാന്‍ ഹ്യൂമിനും അദ്ദേഹത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ക്കും കഴിഞ്ഞില്ല. ഇതു ബ്രഹ്മാണ്ഡവിജ്ഞാനവും അതിഭൗതികശാസ്ത്രവും തമ്മിലുള്ള അവ്യക്തതയ്ക്കു വഴിതെളിച്ചു. ഇതിന്റെ അനന്തരഫലമായിട്ടാണ് മനഃശാസ്ത്രം എന്ന പ്രത്യേക ശാസ്ത്രശാഖ ആവിഷ്കൃതമായത്. സമകാലിക തത്ത്വചിന്തകന്മാര്‍ തത്ത്വശാസ്ത്രത്തേയും മനഃശാസ്ത്രത്തേയും വ്യതിരിക്തമായിട്ടുള്ള രണ്ട് ശാസ്ത്രശാഖകളായിട്ടാണ് വീക്ഷിക്കുന്നത്.

തത്ത്വശാസ്ത്രം-ശാസ്ത്രങ്ങളുടെ ശാസ്ത്രം

തത്ത്വശാസ്ത്രത്തെ പൂര്‍ണമായും പ്രത്യേക ശാസ്ത്രഘടകങ്ങളായി വേര്‍തിരിക്കാമോ? ഈ ചോദ്യത്തിനോട് അനുകൂലമായ ചിന്താഗതി പുലര്‍ത്തിയിരുന്ന ചിന്തകനാണ് വില്യം ജയിംസ്. ഇദ്ദേഹം തത്ത്വശാസ്ത്രത്തെ നിര്‍വചിച്ചത് ഇപ്രകാരമാണ്: ചോദ്യത്തില്‍ അടങ്ങിയിട്ടുള്ള എല്ലാ അംശങ്ങള്‍ക്കും സംതൃപ്തമായ രീതിയില്‍ ഉത്തരം നല്കാന്‍ കഴിയാത്ത ചോദ്യങ്ങളുടെ കൂട്ടായ്മയാണ് തത്ത്വശാസ്ത്രം; ഒരിക്കല്‍ ചോദ്യങ്ങള്‍ക്ക് സംതൃപ്തമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവ പ്രത്യേക ശാസ്ത്രവിഭാഗങ്ങളുടെ ഭാഗമായിത്തീരും.

കഷ്ടിച്ച്, പ്രത്യേക ശാസ്ത്രശാഖയാക്കി മാറ്റാന്‍ കഴിയുന്നതായി നമുക്കു ചിന്തിക്കാന്‍ കഴിയുന്ന ചോദ്യങ്ങള്‍ ഇപ്പോഴും തത്ത്വശാസ്ത്രത്തില്‍ ഉണ്ട്. ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിന് ഈ ചോദ്യങ്ങള്‍ പ്രയോജനപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം ചോദ്യങ്ങളെ അരിസ്റ്റോട്ടല്‍ 'ആദ്യത്തേയും അവസാനത്തേയും ശാസ്ത്രം' (The first and last Science) എന്നാണു നിര്‍വചിച്ചത്. യുക്തിപരമായി എല്ലാ പ്രത്യേക ശാസ്ത്രശാഖകളും ഒരു മുന്‍ വ്യവസ്ഥയായി ഇവയെ അംഗീകരിച്ചിരുന്നതിനാലാണ് ഇവ യെ ആദ്യശാസ്ത്രം ആയി പരിഗണിക്കുന്നത്. മറ്റെല്ലാ ശാസ്ത്രശാഖകളിലും നല്ല അവഗാഹം നേടിയാല്‍ മാത്രമേ ഈ ചോദ്യ ങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ഇവ അവസാനത്തെ ചോദ്യവും ആണ്. അരിസ്റ്റോട്ടല്‍ ഇതിനെ ഇപ്രകാരം നിര്‍വചിച്ചു. 'വസ്തുനിഷ്ഠ പ്രപഞ്ചത്തേയും (being) അതിന്റെ ധര്‍മത്തിന്റെ സ്വഭാവഫലമായിട്ടുള്ള ഗുണങ്ങളേയും ഒന്നായി ഉള്‍ക്കൊണ്ടുകൊണ്ട് അന്വേഷിക്കുന്ന ഒരു ശാസ്ത്രം ഉണ്ട്; ഇത് ഇപ്പോഴുള്ള ഒരു ശാസ്ത്രശാഖയേയും പോലെയല്ല. പ്രത്യേക ശാസ്ത്രശാഖകള്‍ ഒന്നുംതന്നെ വസ്തുനിഷ്ഠ പ്രപഞ്ചത്തെ ഒന്നായി കൈകാര്യം ചെയ്യാറില്ല. പ്രത്യേക ശാസ്ത്ര ശാഖകള്‍ വസ്തുനിഷ്ഠ പ്രപഞ്ചത്തിന്റെ ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി അതിന്റെ സവിശേഷതകളെയാണ് അന്വേഷിക്കുക.' അരിസ്റ്റോട്ടലിന്റെ ഈ നിര്‍വചനത്തെ തത്ത്വശാസ്ത്രത്തിന്റെ അല്ലെങ്കില്‍ അതിഭൌതികശാസ്ത്രത്തിന്റെ ഒരു നിര്‍വചനമായി ചില വ്യതിയാനങ്ങളോടെ, ഇപ്പോഴും ചിന്തകന്മാര്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ തത്ത്വശാസ്ത്രത്തിന്റെ ഒരു പൂര്‍ണ നിര്‍വചനമായി ഇതിനെ അംഗീകരിക്കുന്നതിനു വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ട്.

തത്ത്വശാസ്ത്രം - പ്രപഞ്ച സൈദ്ധാന്തികം എന്ന നിലയില്‍

തത്ത്വശാസ്ത്ര പഠനത്തെ സംസ്കാരപഠനമായി വീക്ഷിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം സംസ്കാര പഠനം ആന്ത്രപോ മോര്‍സിസത്തിനു (ദൈവത്തിനോ മൃഗത്തിനോ നിര്‍ജീവ വസ്തുവിനോ മനുഷ്യന്റെ രൂപമോ സ്വഭാവസവിശേഷതകളോ കല്പിക്കുന്ന സിദ്ധാന്തം) നല്കുന്ന അമിത പ്രാധാന്യമാണ്. മനുഷ്യന്റെ ആത്മാവിനെക്കുറിച്ചുള്ള പഠനമല്ല തത്ത്വശാസ്ത്രത്തിന്റെ യഥാര്‍ഥ വിഷയം; ഒരു അര്‍ഥത്തില്‍, സ്ഥൂലപ്രപഞ്ചംതന്നെ ആത്മാവിന്റെ ആവിഷ്കാരം എന്ന നിലയില്‍ അതിനെ തത്ത്വശാസ്ത്രത്തിന്റെ പഠനവിഷയമാക്കാം എന്നുമാത്രം. ഈ വാദം തിരസ്കരിച്ചു കഴിഞ്ഞാല്‍, തത്ത്വശാസ്ത്രത്തെ സംസ്കാര പഠനത്തിന്റെ പരിധിയില്‍ ഒതുക്കി നിറുത്തുന്നതില്‍ യാതൊരു ന്യായീകരണവുമില്ല. മനുഷ്യാത്മാവ് മാത്രമല്ല, പ്രപഞ്ചത്തിലുള്ള സര്‍വവും തത്ത്വശാസ്ത്രത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും എന്ന വീക്ഷണമായിരുന്നു എ.എന്‍. വൈറ്റ് ഹെഡ് (A.N.white head), കാള്‍ പോപ്പര്‍ (Karl Popper) തുടങ്ങിയ തത്ത്വചിന്തകന്മാര്‍ക്ക് ഉണ്ടായിരുന്നത്. യഥാര്‍ഥത്തില്‍ ശാസ്ത്രത്തെപ്പോലെ ബ്രഹ്മാണ്ഡവിജ്ഞാനത്തിനും ഒരു മുതല്‍ക്കൂട്ടാണ് തത്ത്വശാസ്ത്രം. സാധാരണക്കാരന്റെ ദൃഷ്ടിയിലുള്ള ദ്രവ്യത്തിന്റെ പഠനത്തിലൂടെയാണ് തത്ത്വശാസ്ത്രം ഉദയം ചെയ്തത്; അനക്സിമന്തര്‍ (Anaximander), തെലീസ് (Thales) തുടങ്ങിയ പുരാതന ഗ്രീക്ക് ദാര്‍ശനികര്‍ വസ്തുതത്ത്വങ്ങള്‍ (പ്രപഞ്ചം) നിര്‍മിച്ചതാരാണെന്നുള്ള പ്രശ്നം ഉന്നയിച്ചിരുന്നില്ല. എങ്ങനെയാണ് അവ ഉണ്ടായത് എന്നു മാത്രമായിരുന്നു അവരുടെ അന്വേഷണം.

ജി.ഇ.മൂര്‍ (G.E.Moor) തത്ത്വശാസ്ത്രത്തെ നിര്‍വചിച്ചിട്ടുള്ളത് 'പ്രപഞ്ചത്തെക്കുറിച്ച് മൊത്തത്തിലുള്ള ഒരു പൊതു വിവരണം' എന്നാണ്. പ്രപഞ്ച സിദ്ധാന്തത്തേയും വിവരണാത്മക അതി ഭൗതികശാസ്ത്രത്തേയും വ്യക്തമായി വേര്‍തിരിച്ചു കാട്ടുന്നതില്‍ തത്ത്വചിന്തകന്മാര്‍ക്കു പറ്റിയ തെറ്റുമൂലമാണ് തത്ത്വശാസ്ത്രത്തില്‍ നിന്ന് പ്രത്യേക ശാസ്ത്രശാഖകള്‍ ഉദയം ചെയ്തത്. ഈ തെറ്റ് ഒരു തരത്തില്‍ ഗുണകരം തന്നെയാണെന്നു പറയാം.

തത്ത്വശാസ്ത്രം - ഭാഷയുടെ താത്ത്വിക സിദ്ധാന്തം എന്ന നിലയില്‍

ഏതു തരത്തിലുള്ള അന്വേഷണമാണ് വിവരണാത്മക അതിഭൗതികശാസ്ത്രം? എല്ലാം ജലം കൊണ്ടാണോ നിര്‍മിച്ചിട്ടുള്ളത് എന്നതുപോലുള്ള ചോദ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എളുപ്പമുണ്ടെന്നു നമുക്കു തോന്നാം. എന്നാല്‍, ഉദാഹരണത്തിന്, വസ്തുക്കളെ അവയുടെ സങ്കീര്‍ണ സ്വഭാവ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ രൂപഭേദപ്പെടുത്താമോ എന്നതു പോലുള്ള ചോദ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് എങ്ങനെയാണ്? ഇതിനു റുഡോള്‍ഫ് കര്‍നാപ്പ് (Rudolf Carnap) നല്കുന്ന വിശദീകരണം, വിവരണാത്മക അതിഭൗതിക ശാസ്ത്രം ലോകത്തെ വിശദമാക്കുന്ന ഭാഷയെക്കുറി ച്ചുള്ളതും ബ്രഹ്മാണ്ഡവിജ്ഞാനം (Cosmology) ലോകത്തെക്കുറിച്ചുള്ളതും എന്നാണ്. 'വസ്തു' (thing), 'ഗുണം' (property), 'ബന്ധം' (relation) തുടങ്ങിയവ പ്രത്യക്ഷത്തില്‍ ഒരു ഭാഷയുടേയും ഘടകമല്ല. ഇക്കാരണത്താലാണ് മുന്‍കാല തത്ത്വചിന്തകന്മാര്‍ക്ക് ശരിയായ ദിശയില്ലാതെ പോയത്. ലോകത്തെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നതെന്നു ധരിച്ചാണ് അവര്‍ എഴുതിയതെങ്കിലും അവ എന്തെങ്കിലും പ്രത്യക്ഷജ്ഞാനം (perception) ഉള്ളതാകണമെങ്കില്‍ ഭാഷയെക്കുറിച്ചുള്ള ഒരു പ്രസ്താവനയായി അതിനെ പുനരാവിഷ്കരണം (reformulate) ചെയ്യേണ്ടതുണ്ട്. തത്ത്വശാസ്ത്രത്തിന്റെ കര്‍മം കഴിയുന്നത്ര ശരിയായി ശാസ്ത്രത്തിന്റെ ഭാഷയെ വിവരിക്കുക എന്നതാണ് എന്നു സംക്ഷിപ്തമായിപ്പറയാം.

കര്‍നാപ്പിന്റെ വിശദീകരണം തത്ത്വശാസ്ത്രത്തിന്റെ വളരെ പരിമിതമായ ഒരു നിര്‍വചനം മാത്രമാണ് എന്നതാണ് വസ്തുത. വിറ്റ് ജെന്‍സ്റ്റെനെപ്പോലുള്ള തത്ത്വചിന്തകന്മാരുടെ അഭിപ്രായ ത്തില്‍, ശാസ്ത്രത്തെപ്പോലെ തന്നെ ധാര്‍മികത, മതം, സാധാരണ വിശ്വാസങ്ങള്‍ എന്നിവ തത്ത്വശാസ്ത്രത്തിനു ചര്‍ച്ച ചെയ്യാവുന്ന വിഷയങ്ങളാണ്. ഇത്തരം അന്വേഷണങ്ങളെക്കുറിച്ചുള്ള ഭാഷമാ ത്രമായി തത്ത്വശാസ്ത്രത്തെ കാണുന്നത് 'ഭാഷ' എന്ന പദത്തിനു നല്കുന്ന അസഹ്യമായ വലിച്ചുനീട്ടലാണ്.

തത്ത്വശാസ്ത്രം-വിമര്‍ശനാത്മക ചര്‍ച്ചാ സിദ്ധാന്തം എന്ന നിലയില്‍

റസ്സല്‍ ഔവര്‍ നോളെജ് ഒഫ് എക്സ്റ്റേണല്‍ വേള്‍ഡ് എന്ന കൃതിയില്‍ ഇപ്രകാരം എഴുതിയിട്ടുണ്ട്: 'തത്ത്വശാസ്ത്രത്തിന്റെ എല്ലാ പ്രശ്നങ്ങളും', ശരിയായ വിധത്തിലുള്ള വിശകലനത്തിനും ശുദ്ധീകരണത്തിനും വിധേയമാക്കിയാല്‍, യഥാര്‍ഥത്തില്‍ അവ തത്ത്വശാസ്ത്രത്തിന്റെ വിഷയമല്ല എന്നു കാണാന്‍ കഴിയും, അല്ലെങ്കില്‍ ഇന്നു നാം പ്രയോഗിച്ചു വരുന്ന അര്‍ഥത്തില്‍ 'ലോജിക്കല്‍' അല്ല എന്നു വ്യക്തമാകും (പ്രസ്താവനകളുടെ വിശകലനം എന്ന അര്‍ഥത്തിലാണ് 'ലോജിക്കല്‍' എന്ന പദം റസ്സല്‍ ഇവിടെ ഉപയോഗിച്ചിട്ടുള്ളത്). തത്ത്വശാസ്ത്രത്തെക്കുറിച്ചുള്ള റസ്സലിന്റെ ഈ നിര്‍വചനം അവ്യക്തത ഉണ്ടാക്കിയതിനാല്‍ അതിനെ ഒന്നുകൂടി പരിഷ്കരിച്ചാല്‍ ഇപ്രകാരം പറയാം: തത്ത്വശാസ്ത്രത്തിന്റെ കേന്ദ്രബിന്ദു-തത്ത്വശാസ്ത്രത്തിന്റെ എല്ലാ വിഷയങ്ങളെക്കുറിച്ചും ഇതു ശരിയല്ലെങ്കിലും - വിമര്‍ശനാത്മക ചര്‍ച്ചയെ ചുറ്റിപ്പറ്റിയാണ് നിലകൊള്ളുന്നത്. അതായത് വിമര്‍ശനാത്മക ചര്‍ച്ചയെക്കുറിച്ചുള്ള വിചിന്തനമാണ് തത്ത്വശാസ്ത്രം എന്നതാണ് തത്ത്വശാസ്ത്രത്തിന്റെ അടിത്തറ.

തത്ത്വചിന്തകന് തന്റെ വൈദഗ്ധ്യം പ്രകടിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മേഖലയാണ് വിമര്‍ശനാത്മക ചര്‍ച്ച. ഇവിടമാണ് തത്ത്വചിന്തകന്റെ നിലനില്പിന്റെ അടിസ്ഥാനം. ഇവിടെ നിന്നു കൊണ്ട് ചര്‍ച്ചയുടെ ഗതിക്കനുസരിച്ച് നിരവധി പ്രശ്നങ്ങളെക്കുറിച്ച് തത്ത്വചിന്തകന് അന്വേഷണം നടത്താന്‍ കഴിയും. ഉദാഹരണത്തിന്, കലയെക്കുറിച്ചുള്ള രചനകളില്‍ ഏറിയ പങ്കും തത്ത്വചിന്താപരമായിട്ടുള്ളവയല്ല; എന്നാല്‍ കലയെക്കുറിച്ച് ഒരു തത്ത്വചിന്തകന് എഴുതാന്‍ കഴിയുമെന്നതിനു സംശയമില്ല. തത്ത്വചിന്തകന്‍ കലയെക്കുറിച്ച് എഴുതാന്‍ തുനിയുകയാണെങ്കില്‍, അയാള്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യ വിഷയങ്ങള്‍ ഇപ്രകാരം ഉള്ളവയായിരിക്കും. ഒരു കലാസൃഷ്ടിയുടെ സ്വഭാവസവിശേഷതകളും അതിന്റെ മേന്മകളും വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടേണ്ടത് എങ്ങനെയാണ്?; ഒരു കലാസൃഷ്ടിക്ക് കാല്പനികതയ്ക്കപ്പുറത്തുള്ള ഒരു യാഥാര്‍ഥ്യമാകുവാന്‍ കഴിയുമോ, അതോ അതു വെറും ഒരു മിഥ്യയായിരിക്കുമോ?; ഒരു കലാസൃഷ്ടി ആസ്വദിക്കുന്നതിന് ഏതെങ്കിലും പ്രത്യേക തരത്തിലുള്ള അറിവ് ആവശ്യമാണോ? അതായത്, തത്ത്വചിന്തകനു 'കല' വശമില്ലെങ്കിലും കലയുടെ തത്ത്വശാസ്ത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും അതിനു വിലപ്പെട്ട സംഭാവനകള്‍ നല്കുന്നതിനും കഴിയും. ഈ രീതിയില്‍ വിവിധ മേഖലകളില്‍, ഓരോ മേഖലയ്ക്കും പ്രത്യേക സവിശേഷതകള്‍ ഉണ്ടെങ്കിലും, അന്വേഷണം നടത്താന്‍ തത്ത്വചിന്തകനു സാധിക്കും. ഇത്തരം അന്വേഷണത്തിലൂടെ ചരിത്രത്തിന്റെ തത്ത്വശാസ്ത്രത്തിനോ ശാസ്ത്രത്തിന്റെ തത്ത്വശാസ്ത്രത്തിനോ അല്ലെങ്കില്‍ നിയമത്തിന്റെയോ ധാര്‍മികതയുടെയോ തത്ത്വശാസ്ത്രത്തിനോ രൂപം നല്കാന്‍ തത്ത്വചിന്തകന്മാര്‍ പ്രാപ്തരാകുന്നു.

തത്ത്വശാസ്ത്രം 'അന്വേഷണത്തെ സംബന്ധിച്ചു'ള്ളതാണെ ന്നും ശാസ്ത്രം 'ലോകത്തെക്കുറിച്ചു'ള്ളതാണെന്നും ഉള്ള കര്‍ക്ക ശമായ താരതമ്യപ്പെടുത്തല്‍ ശരിയല്ല. തന്റെ ചുറ്റുമുള്ള വസ്തുക്കളെ(ലോകത്തെ)ക്കുറിച്ചുള്ള അറിവ് ആര്‍ജിക്കുന്നതിനായി മനുഷ്യ വര്‍ഗം സ്വീകരിച്ചിട്ടുള്ള ഒരു മാര്‍ഗമാണ് വിമര്‍ശനാത്മക ചര്‍ച്ച. ഇത്തരം ചര്‍ച്ചയെക്കുറിച്ചുള്ള വിശകലനം, പലപ്പോഴും, ലോകത്തെക്കുറിച്ചുള്ള പ്രസ്താവനകളിലേക്ക് കടന്നുപോകാന്‍ സാധ്യത ഉണ്ടാക്കുന്നു എന്നു മാത്രം.

തത്ത്വശാസ്ത്രത്തിന്റെ പ്രവര്‍ത്തന മണ്ഡലം

ഒരു ചര്‍ച്ച അപഗ്രഥനം ചെയ്യാന്‍ തത്ത്വചിന്തകന്മാര്‍ ഉപയോഗിക്കുന്ന പ്രധാന സങ്കല്പങ്ങളും (ധാരണകളും) വിവരണാത്മക അതിഭൗതികശാസ്ത്രത്തില്‍ ഉപയോഗിക്കപ്പെടുന്ന സങ്കല്പങ്ങളും തമ്മില്‍ സമാനവിശദാംശ സാദൃശ്യങ്ങള്‍ (parallelisms) ഉണ്ട്. ഉദാഹരണത്തിന്, വിവരണത്തെ സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്ക് തത്ത്വ ചിന്തകന്‍ സന്നദ്ധനായാലുടന്‍ അയാള്‍ക്ക് നേരിടേണ്ടി വരുന്ന ചോദ്യം. 'ഹേതുസംബന്ധിയായ' (casual) വിവരണം എന്ന ഒരു പ്രത്യേക തരം വിവരണം ഉണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പ്രത്യേക തകള്‍ എന്തൊക്കെയാണ്? എന്നതായിരിക്കും. അതുപോലെതന്നെ ഒരു ചര്‍ച്ച അപഗ്രഥനം ചെയ്യുമ്പോള്‍ എന്തിനെക്കുറിച്ചാണ് ഒരു വ്യക്തി സംസാരിക്കുന്നതെന്നും എന്താണ് അയാള്‍ സംസാരിക്കുന്നതെന്നും വ്യക്തമാക്കുക സ്വാഭാവികമാണ്; വസ്തുവിനേയും അതിന്റെ സവിശേഷതയേയും അല്ലെങ്കില്‍ പരിചിത വസ്തുവിനേയും അപഗ്രഥന വസ്തുവിനേയും വേര്‍തിരിക്കുന്ന വിവരണാത്മക അതിഭൌതികശാസ്ത്രം അപഗ്രഥന ചര്‍ച്ചയില്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. അതായത് അപഗ്രഥന ചര്‍ച്ചയും വിവരണാ ത്മക അതിഭൗതികശാസ്ത്രവും തമ്മില്‍ അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു എന്നു സാരം. തത്ത്വശാസ്ത്രത്തിന്റെ പ്രധാന പ്രശ്നം അപഗ്രഥന ചര്‍ച്ചയിലൂടെയാണ് രൂപാന്തരപ്പെട്ടു വരുന്ന തെങ്കിലും തത്ത്വശാസ്ത്രത്തില്‍ നിന്നും വിവരണാത്മക അതിഭൗതിക ശാസ്ത്രത്തെ മാറ്റി നിര്‍ത്തുക എന്നത് സാധ്യമല്ലതന്നെ. നോ: ഭാരതീയ തത്ത്വശാസ്ത്രം, ചൈനീസ് തത്ത്വശാസ്ത്രം, പാശ്ചാത്യ തത്ത്വശാസ്ത്രം

(ഡോ. എന്‍. ബാബു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍