This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തണ്ണീര്‍മുക്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തണ്ണീര്‍മുക്കം

ആലപ്പുഴജില്ലയില്‍പ്പെട്ട ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. തണ്ണീര്‍മുക്കം വടക്ക്, കൊക്കോതമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന ഈ പഞ്ചായത്തിന് 18.9 ച.കി.മീ. വിസ്തൃതിയുണ്ട്. പഞ്ചായത്ത് ആസ്ഥാനം: തണ്ണീര്‍മുക്കം ജെട്ടി. വേമ്പനാട്ടുകായല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന കാര്‍ഷിക ഗ്രാമമായ തണ്ണീര്‍മുക്കത്തിന്റെ വ., കി.വശങ്ങളില്‍ വേമ്പനാട്ടു കായലും തെ.ഭാഗത്ത് തണ്ണീര്‍മുക്കം തെക്ക് വില്ലേജും കഞ്ഞിക്കുഴിയും പ.ദേശീയപാതയും ചേര്‍ത്തല മുന്‍സിപ്പാലിറ്റിയും അതിരുകളായി വര്‍ത്തിക്കുന്നു. ഭൂമിശാസ്ത്രപരമായി വെള്ളത്താല്‍ ചുറ്റപ്പെട്ട മുനമ്പോ കായലിന്റെ മുഖമോ ആയതിനാലായിരുന്നു ഈ പ്രദേശത്തിന് 'തണ്ണീര്‍മുക്കം' എന്ന പേര് ലഭിച്ചതെന്നു കരുതുന്നു. 'തണ്ണീര്‍മുഖം' വ്യവഹാരഭേദത്തിലൂടെ 'തണ്ണീര്‍മുക്കം' ആയി പരിണമിച്ചിരിക്കാം. മുമ്പ് കൊച്ചിരാജാവിന്റെ അധീനതയിലായിരുന്ന കരപ്പുറം പ്രദേശത്തിന്റെ ഭാഗമായിരുന്നു തണ്ണീര്‍മുക്കം. 16-ാം ശ.-ത്തില്‍ പറങ്കികളുടെ സഹായത്തോടെ കൊച്ചിരാജാവ് കരപ്പുറം ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ നാടുവാഴി കൈമള്‍ കൊച്ചിരാജാവിന്റെ മേല്‍ക്കോയ്മ അംഗീകരിക്കുകയായിരുന്നു. 1640-ല്‍ പൂര്‍ണമായും കൊച്ചിരാജ്യത്തിന്റെ ഭാഗമായെങ്കിലും കരപ്പുറത്തെ 72 മാടമ്പിമാരും സ്വേച്ഛ പോലെ ഭരണം തുടര്‍ന്നു. കൊച്ചി രാജാവ്, മാര്‍ത്താണ്ഡവര്‍മയ്ക്കെതിരെയുള്ള ചെറുത്തുനില്പില്‍ ചെമ്പകശേരി, തെക്കുംകൂര്‍, വടക്കുംകൂര്‍ തുടങ്ങിയ നാട്ടുരാജാക്കന്മാരെ പരോക്ഷമായി സഹായിച്ചുവെന്ന കാരണത്താല്‍ 1753-ല്‍ തിരുവിതാംകൂര്‍ സൈന്യം രാമയ്യന്‍ദളവയുടെ നേതൃത്വത്തില്‍ കരപ്പുറം ആക്രമിച്ചു. പുറക്കാട്ടു യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആക്രമണത്തില്‍ കരപ്പുറം പൂര്‍ണമായി പിടിച്ചടക്കി. തുടര്‍ന്ന് മാവേലിക്കര വച്ച് ഉണ്ടായ ഉടമ്പടി പ്രകാരം കൊച്ചിരാജാവ് കരപ്പുറം തിരുവിതാംകൂറിനു വിട്ടുകൊടുത്തു.

തണ്ണീര്‍മുക്കം ബണ്ട്

ഭൂപ്രകൃതിയിലും ജനജീവിതത്തിലും വേമ്പനാട്ടുകായലിന്റെ നിര്‍ണായക സ്വാധീനം അനുഭവപ്പെടുന്ന ഗ്രാമമാണ് തണ്ണീര്‍മുക്കം. പൊതുവേ കരിനിലങ്ങളും വേലിയേറ്റ പ്രദേശങ്ങളും വെള്ളക്കെട്ടും നിറഞ്ഞ ഭൂപ്രകൃതിയാണ് തണ്ണീര്‍മുക്കത്തിന്റേത്. ചെളിയും മണലും കലര്‍ന്ന മണ്ണിനാല്‍ സമ്പന്നമായ ഇവിടെ തെങ്ങുകൃഷി പ്രമുഖസ്ഥാനം നേടിയിരിക്കുന്നു. ചെറിയ തോതില്‍ നെല്ല്, പച്ചക്കറി, വാഴ, കശുമാവ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സിലിക്കാമണല്‍ ധാരാളമായി കാണപ്പെടുന്ന തണ്ണീര്‍മുക്കം കേരളത്തിന്റെ വിഭവഭൂപടത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്.

വേമ്പനാട്ടുകായലിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായതിനാല്‍ കുട്ടനാടന്‍ പാടശേഖരങ്ങളെ ഇരിപ്പൂനിലങ്ങളാക്കാനുദ്ദേശിച്ചുള്ള ബണ്ട് തണ്ണീര്‍മുക്കത്താണ് നിര്‍മിച്ചിരിക്കുന്നത്. വേനല്‍ക്കാലത്ത് ഷട്ടറുകള്‍ താഴ്ത്തുമ്പോള്‍ കായലിന്റെ വ.ഭാഗത്ത് ഉപ്പുവെള്ളവും തെ.ഭാഗത്ത് ശുദ്ധജലവും വേര്‍തിരിഞ്ഞുനില്ക്കുന്നു. ഈ വേര്‍തിരിവ് പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും ദൃശ്യമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു പ്രദേശം കൂടിയാണ് തണ്ണീര്‍മുക്കം. കുളങ്ങളാണ് ഇവിടത്തെ പ്രധാന ശുദ്ധജലസ്രോതസ്സുകള്‍.

മൂന്ന് ഹൈസ്കൂളുകളും രണ്ട് യു.പി. സ്കൂളുകളും ഏഴ് എല്‍.പി. സ്കൂളുകളും ഉള്‍പ്പെടെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. ചേര്‍ത്തല താലൂക്കിലെ മൂന്ന് കോളജുകള്‍ ഉന്നതവിദ്യാഭ്യാസ സൗകര്യം പ്രദാനം ചെയ്യുന്നു.

കയര്‍ വ്യവസായരംഗത്ത് മുന്നിട്ടുനില്ക്കുന്ന ഒരു പഞ്ചായത്താണ് തണ്ണീര്‍മുക്കം. പ്രധാന വ്യവസായവും കയര്‍ ഉത്പാദനം തന്നെ. ബ്രിട്ടീഷുകാരാണ് ഈ പ്രദേശത്ത് കയര്‍ ഫാക്ടറികള്‍ ആരംഭിച്ചത്. ഇപ്പോള്‍ 9 കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന സിലിക്കാസമ്പുഷ്ടമായ ധാതുമണലിന് നിര്‍ണായകമായ വ്യാവ സായിക പ്രാധാന്യമുണ്ടെങ്കിലും ഖനനവും ഉപഭോഗവും വേണ്ടത്ര വികസിച്ചിട്ടില്ല. വേമ്പനാട്ടുകായലില്‍നിന്നു ലഭിക്കുന്ന വെള്ള കക്കയാണ് വ്യാവസായിക പ്രാധാന്യമുള്ള മറ്റൊരു പ്രകൃതിവിഭവം. 4 വ്യവസായ സഹകരണ സംഘങ്ങള്‍ സജീവമായുള്ള പഞ്ചായത്തില്‍ ചെരിപ്പ്, കുട, ബുക്ക്, മെഴുകുതിരി, തീപ്പെട്ടി, കാലിത്തീറ്റ തുടങ്ങിയവ നിര്‍മിക്കുന്ന ഏതാനും ചെറുകിട വ്യവസായ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

മുമ്പ് ജലഗതാഗത മേഖലയിലെ സുപ്രധാന കേന്ദ്രമായിരുന്നു തണ്ണീര്‍മുക്കം. എറണാകുളം-വൈക്കം-കോട്ടയം-ചങ്ങനാശേരി-ചെങ്ങന്നൂര്‍-കൊല്ലം എന്നീ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പി ക്കുന്ന ജലഗതാഗത ശൃംഖലയുടെ സിരാകേന്ദ്രമായിരുന്ന ഇവിടെ മുമ്പ് ബോട്ടുകള്‍, കെട്ടുവള്ളങ്ങള്‍, കടത്തുവള്ളങ്ങള്‍, സാധനങ്ങള്‍ കയറ്റിയ കേവുവള്ളങ്ങള്‍ എന്നിവ നങ്കൂരമിട്ടിരുന്നു. യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ ഒരു സത്രവും തണ്ണീര്‍മുക്കത്ത് നിലനിന്നിരുന്നു. മാര്‍ത്തോമാശ്ളീഹാ കേരളത്തില്‍ സ്ഥാപിച്ച 7 ക്രൈ സ്തവ ദേവാലയങ്ങളില്‍ പ്രധാനപ്പെട്ട കൊക്കോതമംഗലം സെയ്ന്റ് തോമസ് പള്ളി തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. അന്ന് കൊക്കോതമംഗലത്ത് വേമ്പനാട്ടു കായല്‍ മാര്‍ഗം എത്തിച്ചേര്‍ന്ന സെയ്ന്റ് തോമസ് ഒരു വര്‍ഷക്കാലം ഇവിടെ താമസിച്ച് 1600-ലേറെപ്പേരെ ജ്ഞാനസ്നാനപ്പെടുത്തി എന്നാണ് വിശ്വാസം. ലെറ്റര്‍ ഫ്രം മലബാര്‍ എന്ന ഗ്രന്ഥത്തില്‍ എ.ഡി. 52-ല്‍ സെയ്ന്റ് തോമസ് കൊക്കോതമംഗലത്ത് പള്ളി സ്ഥാപിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണങ്കരപള്ളി, വാരനാട്ടു ഭഗവതി ക്ഷേത്രം, ചാലി നാരായണപുരം ക്ഷേത്രം എന്നീ ആരാധനാലയങ്ങളും തണ്ണീര്‍മുക്കത്ത് സ്ഥിതിചെയ്യുന്നു.

ആശുപത്രികള്‍, പോസ്റ്റ് ഓഫീസുകള്‍, സഹകരണസംഘ ങ്ങള്‍, ബാങ്കുകള്‍, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസ്, പബ്ലിക് ലൈബ്രറികള്‍, തണ്ണീര്‍മുക്കം പ്രോജക്റ്റ് ഓഫീസ് തുടങ്ങിയവ ഇവിടത്തെ പ്രധാന പൊതുസ്ഥാപനങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍