This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തണ്ടായ്മ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തണ്ടായ്മ

പഴയകാലത്ത് ഈഴവസമുദായ പ്രമാണിമാര്‍ക്ക് രാജാക്കന്മാര്‍ കല്പിച്ചുകൊടുത്തിരുന്ന പ്രത്യേക പദവി. തണ്ടായ്മസ്ഥാനം ലഭിച്ചിട്ടുള്ള വ്യക്തി തണ്ടാര്‍ അഥവാ തണ്ടാന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

തണ്ടായ്മസ്ഥാനത്തിന്റെ ഉത്പത്തിയെപ്പറ്റി വടക്കന്‍പാട്ടുകളില്‍ പരാമര്‍ശിച്ചു കാണുന്നുണ്ട്. ചേരമാന്‍ പെരുമാളാണ് ഇത് ഏര്‍പ്പെടുത്തിയത് എന്നാണ് വലിയ ആരോമല്‍ച്ചേകവരുടെ പാട്ടില്‍ വര്‍ണിച്ചു കാണുന്നത്. പകല്‍ വിളക്കും പാവാടയും നല്കി വെടി- വാദ്യങ്ങളുടെ അകമ്പടിയോടുകൂടിയായിരുന്നു തണ്ടായ്മസ്ഥാനം നല്കപ്പെട്ടിരുന്നതെന്നും വടക്കന്‍പാട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. പഴയ പാട്ടുകളില്‍ ഇത്തരം പരാമര്‍ശങ്ങളുണ്ടെങ്കിലും ചേരമാന്‍ പെരു മാളാണ് ഇത് നടപ്പിലാക്കിയതെന്ന പ്രസ്താവത്തിന് ചരിത്രപരമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

തിരുവിതാംകൂറിലും കൊച്ചിയിലും കോഴിക്കോട്ടും ഈ ആചാരപദവി നല്കപ്പെട്ടിരുന്നു എന്നതിന് തെളിവുകളുണ്ട്. ഇവയില്‍, തിരുവിതാംകൂറിലും കൊച്ചിയിലും രാജാക്കന്മാര്‍ നേരിട്ടായിരുന്നു തണ്ടായ്മസ്ഥാനം നല്കിയിരുന്നത്. കോഴിക്കോട്ടാകട്ടെ, സാമൂ തിരിക്കോവിലകത്തെ മൂത്ത തമ്പുരാട്ടിയിലായിരുന്നു ഈ സ്ഥാനം കല്പിച്ചുകൊടുക്കാനുള്ള അവകാശം നിക്ഷിപ്തമായിരുന്നത്.

ചെറുകിട ജന്മിസമ്പ്രദായം ആവിര്‍ഭവിച്ചുതുടങ്ങിയ 18-ാം ശ.-ത്തിലായിരിക്കണം തണ്ടായ്മസ്ഥാനം നല്കല്‍ ആരംഭിച്ചത് എന്നാണ് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിക്കാണുന്നത്. പില്കാലത്ത് ഈ സമ്പ്രദായം ഇല്ലാതായെങ്കിലും താണ ജാതിക്കാര്‍ എന്നു കല്പിക്കപ്പെട്ടിരുന്ന പല സമുദായാംഗങ്ങളും ഈഴവ സമുദായ പ്രമാണിമാരെ 'തണ്ടാര്‍' എന്ന് ആദരപൂര്‍വം വിളിച്ചു പോന്നിരുന്നു. 'തണ്ടാര്‍' സ്ഥാനം പോലെ 'പണിക്കര്‍' എന്ന മറ്റൊരു സ്ഥാനംകൂടി ഈഴവ സമുദായപ്രമാണിമാര്‍ക്ക് കല്പിച്ചു കൊടുത്തിരുന്നു.

'രാജ്യഭരണത്തില്‍ ഇവര്‍ക്കു പങ്കുണ്ടായിരുന്നില്ലെങ്കിലും സമുദായഭരണത്തില്‍ ഇവര്‍ ഏകാധിപതികള്‍ ആയിരുന്നു' എന്നാണ് തണ്ടായ്മ സ്ഥാനം ലഭിച്ചവരെപ്പറ്റി കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്ന ഗ്രന്ഥത്തില്‍ (പി.കെ. ഗോപാലകൃഷ്ണന്‍) പറയുന്നത്. എന്നാല്‍ എഡ്ഗാര്‍ തേഴ്സ്റ്റണ്‍ മറ്റൊരു വസ്തുതകൂടി സൂചിപ്പിച്ചിട്ടുണ്ട്. 'സ്വന്തം ജാതിയില്‍ മാത്രമല്ല, മറ്റു ജാതിക്കാരിലും പ്രമാണിയാണ് തണ്ടാര്‍' എന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ജാതിവ്യവസ്ഥയും കേരളചരിത്രവും എന്ന ഗ്രന്ഥത്തില്‍ പി.കെ. ബാലകൃഷ്ണന്‍ സൂചിപ്പിച്ചിരിക്കുന്നത്, 'നാടുവാഴിക്ക് 64 പുത്തന്‍ ആണ്ടുകാഴ്ച കൊടുത്താണ് തണ്ടാര്‍സ്ഥാനം നേടിയിരുന്നത്' എന്നാണ്. എന്തായാലും, സ്വസമുദായത്തിന്റേയും അന്യ സമുദായങ്ങളുടേയും ആദരവ് നേടിയവരായിരുന്നു ഈ സ്ഥാനക്കാര്‍ എന്നു ബോധ്യമാകുന്നു.

മുന്‍ മുഖ്യമന്ത്രി സി. കേശവന്റെ ജീവിതസമരം എന്ന ആത്മ കഥയില്‍, തണ്ടായ്മസ്ഥാനം ലഭിച്ചവര്‍ക്കുള്ള അവകാശങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അവയില്‍ 'താലികെട്ടുകല്യാണ ത്തിന് പെണ്ണൊന്നിന് പന്ത്രണ്ടു പുത്തന്‍, സ്ഥാനാവകാശത്തിന് നാല് പുത്തന്‍ പുരച്ചേര്‍ച്ചയ്ക്ക് മണവാട്ടീമണവാളന്മാര്‍ക്കു പന്ത്രണ്ട് പുത്തന്‍'-എന്നിങ്ങനെ പല അവകാശങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.

ജനനം മുതല്‍ മരണം വരെയുള്ള ജീവിതസന്ദര്‍ഭങ്ങളിലെ സവിശേഷ അനുഷ്ഠാനങ്ങള്‍ക്കെല്ലാം തണ്ടായ്മസ്ഥാനത്തിനുടമയായവരുടെ അനുമതിയും ആശിസ്സും വാങ്ങണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ജാതിഭ്രഷ്ട് കല്പിക്കുന്നതിനും ജാതിഭ്രഷ്ട് ഇല്ലാതാക്കുന്നതിനുമുള്ള അവകാശവും തണ്ടായ്മസ്ഥാനക്കാര്‍ക്കു ലഭിച്ചിരുന്നു. സ്വസമുദായത്തിലെ വഴക്കുകളും തര്‍ക്കങ്ങളും തീര്‍ക്കുന്നതിനുള്ള അവകാശവും തണ്ടാര്‍മാര്‍ക്കുതന്നെയായിരുന്നു. അതിനായി ഓരോ മുറി (കര)യിലും ഓരോ 'തണ്ടാര്‍' സ്ഥാനക്കാരനെ നിയോഗിച്ചിരുന്നു എന്നതിനും തെളിവുകളുണ്ട്.

കൊച്ചീരാജ്യത്തിലെ തണ്ടായ്മസ്ഥാനികള്‍ക്കു കൊടുത്തിരുന്ന തീട്ടൂരങ്ങള്‍ക്ക് മാതൃകയായി കൊച്ചീരാജ്യചരിത്രത്തില്‍ പദ്മനാഭമേനോന്‍ ഒരു 'തണ്ടായ്മത്തീട്ടൂര'ത്തിന്റെ പകര്‍പ്പ് നല്കിയിട്ടുണ്ട്. അതില്‍നിന്നുള്ള ഏതാനും ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു:

'....തണ്ടായ്മ സ്ഥാനത്തിനുള്ള അവകാശങ്ങളും

പറ്റി അനുഭവവിച്ചുകൊള്ളത്തക്കവണ്ണവും

നിയ്യ് രണ്ടു കൈക്കു വീരചങ്ങലയും വിരുതും

തോട്ടിക്കടുക്കനും പൊന്നിന്‍ കാവുവാളും

പൊന്നെഴുത്താണിയും പീച്ചാങ്കത്തിയും

പൊന്നുകെട്ടിയ വടിയും പുലിത്തോല്‍പ്പരി

ചയും നെടിയ കുടയും ചങ്ങലവെട്ടയും കുത്തു

വിളക്കും ദീവട്ടിപ്പന്തക്കുഴയും ആലവട്ടവും

പട്ടുകുടയും കൊണ്ടു നടക്കയും...'

പ്രത്യേക ആടയാഭരണങ്ങളണിയുന്നതിനും മഞ്ചല്‍, കുതിര വണ്ടി എന്നിവ ഉപയോഗിക്കുന്നതിനും വെള്ളവസ്ത്രവും തലപ്പാവും അണിയുന്നതിനുമുള്ള അവകാശങ്ങളും തണ്ടായ്മസ്ഥാനികള്‍ക്കു ലഭിച്ചിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തണ്ടില്‍ അഥവാ പല്ലക്കില്‍ കയറുന്നതിനുള്ള അവകാശം നല്കുന്നതിനെയും 'തണ്ടായ്മ' എന്നു വിശേഷിപ്പിച്ചിരുന്നതായി കാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍