This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തടി വ്യവസായം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തടി വ്യവസായം
മരങ്ങള്‍ അസംസ്കൃത വിഭവമായി ഉപയോഗിക്കുന്ന ഒരു വ്യവസായം. തടി വ്യവസായം സാധാരണയായി ചെറുകിട-ഇടത്തരം മേഖലയിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കുമുള്ള തടി ഉത്്പന്നങ്ങളാണ് തടി വ്യവസായം ഉത്്പാദിപ്പിക്കുന്നത്. തടി വ്യവസായത്തിന്റെ വളര്‍ച്ച ഗണ്യമായ തോതില്‍ വനനശീകരണത്തിനിടയാക്കുന്നുവെന്ന് വ്യക്തമായതിനെത്തുടര്‍ന്ന്, ലോകത്തിലെ മിക്ക രാജ്യങ്ങളും തടി ഉത്പന്നങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നയമാണ് സമീപകാലത്തായി സ്വീകരിച്ചിരിക്കുന്നത്.
വ്യാവസായികാവശ്യങ്ങള്‍ക്കായി തടി ഉപയോഗിക്കുമ്പോള്‍, പുതിയതായി മുറിച്ചെടുത്ത തടിയിലെ ജലാംശം വറ്റിച്ചുകളയേ ണ്ടതാണ്. തടിയുടെ മൊത്തം ഭാരത്തിന്റെ മൂന്നിലൊന്നു മുതല്‍ മൂന്നില്‍ രണ്ട് വരെ ഭാരം അതിലടങ്ങിയിരിക്കുന്ന ജലശാംത്തിനുണ്ടാകും. ഈര്‍പ്പം വറ്റിച്ച് തടി ഉണക്കിയെടുക്കുന്ന പ്രക്രിയയ്ക്ക് 'സീസണിങ്്' എന്നു പറയന്നു. സീസണിങ്ങിനു പല മാര്‍ഗങ്ങളുണ്ട്. ഒന്ന്, സ്വാഭാവിക രീതി: വെയിലത്തിട്ട് ഉണക്കുന്ന രീതിയാണിത്. മിക്ക തടിമില്ലുകളും ഈ രീതിയാണുപയോഗിക്കുന്നത്. രണ്ട്, കൃത്രിമരീതി: ചൂളയിലിട്ട് ജലാംശം വറ്റിക്കുന്ന രീതി. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഈ രീതിയാണ് സാധാരണയായി ഉപയോഗിക്കുന്നത്. മൂന്ന്, സ്വാഭാവിക-കൃത്രിമ രീതികള്‍ സംയോജിപ്പിച്ചു കൊണ്ടുള്ള സമ്പ്രദായം: ആദ്യം തടി വെയിലത്തിട്ട് ഉണക്കുന്നു. തടിയിലെ ഈര്‍പ്പത്തിന്റെ മുക്കാല്‍ ഭാഗവും ഇങ്ങനെ വറ്റിക്കുന്നു. തുടര്‍ന്ന് ചൂളയിലിട്ട് ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത്.
ഈര്‍പ്പം മാറ്റി ഉണക്കിയ തടി മാത്രമേ കതക്, ജനാല, മേല്‍ക്കൂരയ്ക്കുള്ള തട്ടുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുള്ളൂ. തടിയുടെ കാതലിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഈര്‍പ്പം വറ്റിക്കുന്നത്. കാതലില്‍ ജലാംശം അവശേഷിച്ചിട്ടുണ്ടെങ്കില്‍ തടിയില്‍ ഉളുപ്പ് ബാധിക്കാനിടയുണ്ട്. ഈര്‍പ്പമില്ലാതാകുന്നതുകൊണ്ട് തടിയുടെ ബലം, ഉറപ്പ് എന്നിവ കൂടുതല്‍ ദൃഢമാകുന്നു. തടിയുടെ രസതന്ത്രത്തിലും അനുബന്ധ സാങ്കേതികവിദ്യയിലുമുണ്ടായിട്ടുള്ള പുതിയ അറിവു കള്‍ തടി വ്യവസായത്തിന്റെ ഗണ്യമായ പുരോഗതിക്ക് ഇടയാക്കിയിട്ടുണ്ട്.
തടിയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന പ്രധാന ഉത്പന്നങ്ങള്‍ വിനീര്‍ അഥവാ പലകപ്പാളികളും പ്ളൈവുഡുമാണ്. വാസ്തുശില്പങ്ങളി ലും അലങ്കാരപ്പണികളിലുമുപയോഗിക്കുന്ന നേര്‍ത്ത് ഘനം കുറഞ്ഞ പലകപ്പാളികളെയാണ് വിനീര്‍ എന്നു പറയുന്നത്. തടി വ്യവസായത്തിന്റെ ഏറ്റവും പ്രധാന ഉത്്പന്നം പ്ളൈവുഡ് ആണ്. പ്ളൈ വുഡ് നിര്‍മാണത്തിന് മൂന്നോ അതിലധികമോ പലകപ്പാളികള്‍ ഉപയോഗിക്കുന്നു. ഈ പലകപ്പാളികള്‍ ഒന്നിനുമേല്‍ ഒന്നായി നെടുകേയും കുറുകേയും ഒട്ടിച്ചു ചേര്‍ത്തുകൊണ്ടാണ് പ്ളൈവുഡ് ഉത്പാദിപ്പിക്കുന്നത്. സാധാരണയായി കട്ടികുറഞ്ഞ തടികളാണ് പ്ളൈവുഡ് നിര്‍മാണത്തിനുപയോഗിക്കുന്നത്. പ്ളൈവുഡിന്റെ ഘനം 3 പ്ളൈ (ഇഞ്ച്) മുതല്‍ 5 പ്ളൈ (ഇഞ്ച്) വരെയുണ്ട്.
തടി വ്യവസായം കേരളത്തില്‍. കേരളത്തിലെ ചന്ദനം, ഈട്ടി മുതലായ മരങ്ങള്‍ 2,500 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ബാബിലോണ്‍, പലസ്തീന്‍ തുടങ്ങിയ നാടുകളില്‍ എത്തിയിരുന്നു. സോളമന്‍ രാജാവിന്റെ കൊട്ടാരം പണിയുന്നതിന് കേരളത്തില്‍ നിന്നുള്ള തേക്കു മരങ്ങള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രപണ്ഡിതര്‍ പറയുന്നു. കേരളത്തിലെ പ്രധാന തടി വ്യവസായ കേന്ദ്രങ്ങള്‍ കോഴിക്കോട്ടെ കല്ലായിയും തൃശൂരിലെ ചാലക്കുടിയുമാണ്. കല്ലായിയിലും ചാലക്കുടിയിലും തടി വ്യവസായം കേന്ദ്രീകരിക്കുന്നതിനുള്ള കാരണം ദക്ഷിണ വയനാട്ടിലേയും നിലമ്പൂര്‍ വനങ്ങളിലേയും തടിയുടെ ലഭ്യതയാണ്. ജല, റെയില്‍, റോഡ് ഗതാഗത സൌകര്യങ്ങളുടെ ലഭ്യതയും കല്ലായിയുടെ അനുകൂല ഘടകമാണ്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തടി ഡിപ്പോ കല്ലായിയിലാണുണ്ടായിരുന്നത്. ഇവിടത്തെ തടിമില്ലുകളില്‍ റെയില്‍വേയുടെ ആവശ്യത്തിനുള്ള പലകകള്‍, റീപ്പറുകള്‍, പാളത്തില്‍ കുറുകെയിടുന്ന തടി ദണ്ഡുകള്‍ എന്നിവ നിര്‍മിക്കുന്നു. ഇവിടെ നിന്നും തടി ഉത്പന്നങ്ങള്‍ വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. ഇവിടത്തെ തടിമില്ലുകളില്‍ നൂറുകണക്കിന് വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ പണിയെടുക്കുന്നു.തടി വ്യവസായത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും ഫര്‍ണിച്ചര്‍ വ്യവസായവും വികസിച്ചിട്ടുണ്ട്. ഫാക്ടറി അടിസ്ഥാനത്തില്‍ ഫര്‍ണിച്ചര്‍ നിര്‍മിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഫര്‍ണിച്ചര്‍ കമ്പനി കല്ലായിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കു മാത്രമല്ല, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കും ഇവിടെ നിന്ന് ഫര്‍ണിച്ചര്‍ കയറ്റുമതി ചെയ്യുന്നുണ്ട്. മലബാറിലെ തടിപ്പണി പരമ്പരാഗതമായി ദക്ഷിണേന്ത്യയൊട്ടാകെ പ്രസിദ്ധമായിരുന്നു.
കോഴിക്കോട് ജില്ലയിലെ കസബ, നടുവട്ടം, ബേപ്പൂര്‍, പന്നി യങ്കര, ചെറുവണ്ണൂര്‍, ഇടയ്ക്കോട് എന്നീ പ്രദേശങ്ങളില്‍ ധാരാളം ചെറുകിട ഫര്‍ണിച്ചര്‍ നിര്‍മാണ സ്ഥാപനങ്ങളുണ്ട്. ഇവിടത്തെ ആശാരിമാരുടെ കരവിരുത് വളരെ പ്രസിദ്ധമാണ്. കസേര, മേശ, അലമാര, സ്റ്റൂള്‍, ടീപ്പോയ്, കട്ടില്‍, ക്യാബിനറ്റ് എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഈട്ടി, തേക്ക്, ആഞ്ഞിലി, പ്ളാവ് തുടങ്ങിയ മരങ്ങളാണ് പ്രധാനമായും ഫര്‍ണിച്ചര്‍ നിര്‍മാണത്തിനുപയോഗിക്കുന്നത്. ഈട്ടിത്തടികൊണ്ടു നിര്‍മിക്കുന്ന ഫര്‍ണിച്ചറിനാണ് ഏറ്റവും ഉയര്‍ന്ന വിലയും ചോദനവും. സ്ത്രീകള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നില്ല എന്നത് ഈ വ്യവസായത്തിന്റെ ഒരു പ്രത്യേകതയാണ്.
തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ തടി വ്യവസായം ആരംഭിക്കുന്നത് 20-ാം ശ.-ത്തിന്റെ ആരംഭത്തിലാണ്. 1905-ലാണ് ഇവിടെ ആദ്യമായി തടിമില്ല് സ്ഥാപിക്കുന്നത്. തേക്കും കട്ടിയുള്ള മരങ്ങളും പലകകളായി മുറിക്കുന്നതിനുവേണ്ടിയായിരുന്നു ഈ തടിമില്‍ ആരംഭിച്ചത്. ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്ന അനവധി തടിമില്ലുകള്‍ ഇപ്പോള്‍ ചാലക്കുടിയിലും ഒല്ലൂരിലുമുണ്ട്. പല്ലുകളുള്ള ഉരുക്കുചട്ടകൊണ്ടു ബന്ധിച്ച അറപ്പുവാള്‍, ചുറ്റിക്കറങ്ങുന്ന അറപ്പുബഞ്ച്, വൈദ്യുത ചൂള, ഈര്‍പ്പമാപിനി എന്നീ ആധുനിക യന്ത്രോപകരണങ്ങളാണ് ഈ തടിമില്ലുകളിലുള്ളത്. ഇവിടെനിന്ന് തേക്കുകഴകള്‍ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. തടി ഉരുപ്പടികള്‍ക്കു പുറമേ പാക്കിങ് പെട്ടികളും തേയിലപ്പെട്ടികളും നിര്‍മിക്കുന്നു. അനുബന്ധ വ്യവസായങ്ങള്‍ എന്ന നിലയ്ക്ക് ഫര്‍ണിച്ചര്‍ നിര്‍മാണശാലകളും പ്ളൈവുഡ് ഫാക്ടറികളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
തടി വ്യവസായരംഗത്ത് സ്വകാര്യ മേഖലയിലും പൊതുമേഖലയിലുമായി സംഘടിത ഫാക്ടറികളും കേരളത്തില്‍ സജീവമാണ്. വനങ്ങളില്‍ നിന്നുള്ള മരങ്ങള്‍ അസംസ്കൃത വിഭവമായി ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് കോട്ടയം ജില്ലയിലെ വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ന്യൂസ് പ്രിന്റ് പ്രോജക്റ്റ്. ഇത് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ളതാണ്. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡ് (ആലുവ), പുനലൂരിലെ ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ്, നിലമ്പൂരിലെ കേരളാവുഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, തിരുവല്ലയിലെ വിനീര്‍സ് ആന്‍ഡ് ലാമിനേഷന്‍സ് (ഇന്ത്യ) ലിമിറ്റഡ് [Veneers and Laminations(India)Ltd.] കൊരട്ടിയിലെ വുഡ് ഹൗസ് ലിമിറ്റഡ് എന്നിവ തടി വ്യവസായരംഗത്തെ പ്രമുഖ സ്ഥാപനങ്ങളാണ്. സ്വകാര്യ മേഖലയില്‍ പത്തോളം തടി വ്യവസായ സ്ഥാപനങ്ങളുണ്ട്. ഇവയില്‍ നാലെണ്ണം വന്‍കിട സ്ഥാപനങ്ങളും ആറെണ്ണം ഇടത്തരം സ്ഥാപനങ്ങളുമാണ്. പുനലൂര്‍ പേപ്പര്‍ മില്‍സ് ലിമിറ്റഡ്, വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ റയോണ്‍സ് ലിമിറ്റഡ് എന്നിവയാണ് സ്വകാര്യ മേഖലയിലെ വന്‍കിട സ്ഥാപനങ്ങള്‍. കോഴിക്കോട്ടെ ഗ്വാളിയര്‍ റയോണ്‍സ് പ്രധാനമായും പള്‍പ്പാണുണ്ടാക്കിയിരുന്നത്. തിരുവല്ലയിലെ വിനീര്‍സ് ആന്‍ഡ് ലാമിനേഷന്‍സ് (ഇന്ത്യാ) ലിമിറ്റഡും കൊരട്ടിയിലെ വുഡ് ഹൌസ് ലിമിറ്റഡും സംയുക്ത സംരംഭങ്ങളാണ്. നേര്‍ത്ത പലകപ്പാളികളാണ് ഈ സ്ഥാപനങ്ങളുടെ ഉത്പന്നം. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലുംകൂടി ഏതാണ്ട് 5,500 തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ഗ്വാളിയാര്‍ റയോണ്‍സ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
പ്ലൈവുഡ് വ്യവസായം. തടി വ്യവസായത്തിന്റെ ഒരു അനുബന്ധ മേഖലയാണ് പ്ലൈവുഡ്. തടി ചെറിയ പാളികളായി മുറിച്ചതിനുശേഷം അവ ഒന്നിനുമേല്‍ ഒന്നായി ഒട്ടിച്ചുകൊണ്ടാണ് പ്ലൈവുഡ് നിര്‍മിക്കുന്നത്. സാധാരണ തടിയെ അപേക്ഷിച്ച് ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം എന്നതാണ് പ്ലൈവുഡിന്റെ മെച്ചം. മാത്രവുമല്ല, ഏതു രൂപത്തില്‍ വേണമെങ്കിലും ഉണ്ടാക്കാനും എളുപ്പമാണ്. തേയിലത്തോട്ടങ്ങളില്‍ ഒരു പാക്കിങ് വസ്തു എന്ന നിലയ്ക്കാണ് പ്ലൈവുഡ് ഉപയോഗിച്ചുതുടങ്ങിയത്. പ്ലൈവുഡ് കൊണ്ടു നിര്‍മിച്ച തേയിലപ്പെട്ടികള്‍ക്ക് ഭാരം കുറവാണ്. നല്ല ബലമുള്ള ഇത്തരം പെട്ടികള്‍ കേടുകൂടാതെ ദീര്‍ഘകാലം നിലനില്ക്കുകയും ചെയ്യും. ചുരുങ്ങുകയോ വീര്‍ക്കുകയോ ഇല്ല. പ്ലൈവുഡ് നിര്‍മാണത്തിനുപയോഗിക്കുന്ന ധാരാളം മരങ്ങള്‍ പശ്ചിമ ഘട്ട വനങ്ങളില്‍ സുലഭമാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വിപുലവും ആധുനികവുമായ പ്ലൈവുഡ് വ്യവസായം കേരളത്തിലാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തുള്ള വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് ഫാക്ടറി ഈ മേഖലയിലെ പ്രമുഖ സ്ഥാപനമാണ്. ഇവിടെ പ്ലൈവുഡിനു പുറമേ ഹാര്‍ഡ് ബോര്‍ഡും നിര്‍മിക്കുന്നുണ്ട്. എങ്കിലും കേരളത്തിലെ മിക്ക വ്യവസായ സ്ഥാപനങ്ങളും അവയുടെ സ്ഥാപിതശേഷിയിലും താഴെയാണ് പ്രവര്‍ത്തിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.