This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തഞ്ചാവൂര്‍വാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തഞ്ചാവൂര്‍വാട്ടം

Tanjore wilt

തെങ്ങിനെ ബാധിക്കുന്ന ഒരു കുമിള്‍ രോഗം. ഗാനോഡെര്‍മ ലൂസിഡം (Ganoderma lucidum), ഗാനോഡെര്‍മ അപ്ലനേറ്റ (Ganoderma aplanata) എന്നീ കുമിളുകളാണ് രോഗകാരണം. സാധാരണ ഇളംപ്രായത്തിലുള്ള തെങ്ങുകളെയാണ് ഈ രോഗം ബാധിക്കാറുള്ളത്.

തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയുടെ തീരപ്രദേശങ്ങളിലാണ് ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത്. അതിനാലാണ് തഞ്ചാ വൂര്‍വാട്ടം എന്ന പേര് ഇതിനു ലഭിച്ചത്. കേരളത്തില്‍ പിന്നീടാണ് ഈ രോഗം കാണാന്‍ തുടങ്ങിയത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ രോഗം കണ്ടെത്തിയതായി രേഖകളുണ്ട്.

തെങ്ങിന്റെ തായ്ത്തടിയുടെ ചുവടുഭാഗം ചീഞ്ഞ് ആ ഭാഗത്ത് പുറംതൊലി വിണ്ടുകീറി അതിലൂടെ ചുവന്ന ദ്രാവകം ഒലിച്ചിറങ്ങുകയും പുറം മടലുകള്‍ ഉണങ്ങി ഒടിഞ്ഞുതൂങ്ങുകയും ചെയ്യുന്നു. പുഷ്പങ്ങളുണ്ടാകാതെ തെങ്ങിന്റെ മണ്ട ശൂന്യമായതുപോലെ യാകും പുതുതായുണ്ടാകുന്ന ഓലകള്‍ വളരെ ചെറുതായിരിക്കും. തെങ്ങിന്റെ വേരുകള്‍ ചീഞ്ഞ് അഴുകി അധികം താമസിയാതെ തെങ്ങ് ഉണങ്ങി നശിക്കുന്നു.

രോഗം വന്ന തെങ്ങിനെ മറ്റു തെങ്ങുകളുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ അതിന്റെ ചുവട്ടില്‍ നിന്ന് ഒന്നര മീ. അകലെയായി ചുറ്റിലും ചാലുകീറുക. ചാലിന് ഒരു മീ. ആഴവും 50 സെ.മീ. വീതിയും വേണം. അവയ്ക്ക് നനവു നല്കരുത്. തോട്ടം മൊത്തമായി നനയ്ക്കുന്നത് രോഗം പകരാനിടയാക്കും. തെങ്ങുകള്‍ക്ക് പൊതുവില്‍ വര്‍ഷംതോറും 50 കി.ഗ്രാം ജൈവവളവും 5 കി.ഗ്രാം വേപ്പിന്‍ പിണ്ണാക്കും നല്കണം. തെങ്ങിന്‍ ചുവട്ടില്‍ മൂന്നു മാസത്തിലൊരിക്കല്‍ 40 ലി. ബോര്‍ഡോ മിശ്രിതം ഒഴിക്കുകയും രാസവളം കഴിവതും ഒഴിവാക്കുകയും വേണം. തെങ്ങിന്‍ തോട്ടത്തില്‍ പയറിനങ്ങള്‍ കൃഷി ചെയ്യാതിരിക്കണം. വളരെ കൂടുതല്‍ രോഗം ബാധിച്ച തെങ്ങുകളെ മുറിച്ചു മാറ്റണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍