This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തച്ചന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തച്ചന്‍
ഒരു മലയാള കമ്മാള ജാതി. ആശാരി അഥവാ തച്ചന്‍, തട്ടാന്‍, കല്ലന്‍/കല്ലാശാരി, മൂശാരി (കന്നാന്‍), കൊല്ലന്‍ എന്നിവയാണ് പ്രധാന കമ്മാള ജാതികള്‍. തട്ടാന്മാര്‍ പരമ്പരാഗതമായി സ്വര്‍ണപ്പണിയിലും മൂശാരിമാര്‍ ചെമ്പുപാത്രനിര്‍മാണത്തിലും ഏര്‍പ്പെട്ടിരുന്നു. ഈ വിഭാഗങ്ങള്‍ 'വിശ്വകര്‍മജര്‍' എന്നും അവകാശപ്പെടുന്നുണ്ട്. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍, ശില്പങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍, തങ്ങള്‍ കുലീന ജാതികളാണെന്ന് ഈ വിഭാഗങ്ങള്‍ അവകാശപ്പെടുന്നു. ശില്പവേലകളില്‍ ഏര്‍പ്പെട്ടിരുന്നതുകൊണ്ടാണ് വിശ്വകര്‍മജരായി സങ്കല്പിക്കുന്നത്.
ആശാരിമാരിലെതന്നെ ഒരു ഉപവിഭാഗമാണ് തച്ചന്‍. പരമ്പരാഗതമായി ഈര്‍ച്ചവാളുപയോഗിച്ച് തടി അറുത്തുമുറിക്കുക, കെട്ടിട നിര്‍മാണം നടത്തുക എന്നീ ജോലികളായിരുന്നു തച്ചരുടേത്. അതിനാല്‍ ഈര്‍ച്ചക്കൊല്ലന്‍ എന്നും മരപ്പണിക്കൊല്ലന്‍ എന്നും അറിയപ്പെടുന്നുണ്ട്.
തച്ചര്‍ക്കിടയില്‍ കല്‍ത്തച്ചന്‍, പൂഴിത്തച്ചന്‍, കരുവിത്തച്ചന്‍ എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട്. പണിപൂര്‍ത്തിയായ കെട്ടിടം തച്ചനില്‍നിന്ന് പ്രതീകാത്മകമായി ഉടമസ്ഥന്‍ സ്വീകരിക്കുന്ന ചടങ്ങിനെ 'തച്ചേല്ക്കല്‍' എന്നു പറയുന്നു. തച്ചേല്ക്കലിനുമുമ്പ് പണിക്കാര്‍ക്ക് സദ്യയും പാരിതോഷികവും നല്കുന്ന 'തച്ചുകൊട' എന്ന ചടങ്ങുമുണ്ട്. മുഖ്യതച്ചന് പാരിതോഷികമായി നല്കുന്ന വസ്ത്രം 'തച്ചുപുടവ' എന്നാണറിയപ്പെടുന്നത്.
9-ാം ശ.-ത്തിന്റെ തുടക്കത്തില്‍ അഞ്ച് വിഭാഗം കമ്മാളര്‍ ഉണ്ടായിരുന്നു. ഇടക്കാലത്ത് ഇവര്‍ സിലോണിലേക്കു പലായനം ചെയ്തതായി ഒരൈതിഹ്യമുണ്ട്. വളരെ കാലത്തിനുശേഷം മലബാറിലേക്ക് മടങ്ങിയെത്തി എന്നാണു പറയപ്പെടുന്നത്.
തച്ചരിലെ മൂപ്പന്മാര്‍ കണക്കന്‍ അഥവാ മൂത്താശാരി എന്നാണറിയപ്പെടുന്നത്.നായരുമായി 12 അടിയും നമ്പൂതിരിയുമായി 36 അടിയും അയിത്തം പാലിച്ചിരുന്നു. ക്ഷേത്രജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പൂണൂല്‍ ധരിക്കാന്‍ അനുവാദമുണ്ട്. കാളി, മാടന്‍, അമ്മന്‍, യക്ഷി എന്നീ മൂര്‍ത്തികളെ ആരാധിച്ചിരുന്നു. ആരാധനയുടെ ഭാഗമായി മൃഗബലി നടത്തിയിരുന്നു. ഉത്സവങ്ങളിലും ക്ഷേത്രാചാരങ്ങളിലും പൌരോഹിത്യം വഹിച്ചിരുന്നത് വില്‍ക്കുറുപ്പ് എന്ന വിഭാഗമാണ്. ഇവരുടെ വിവാഹച്ചടങ്ങുകള്‍ രണ്ടു ദിവസം നീണ്ടു നില്ക്കും. മിന്നുകെട്ടലാണ് പ്രധാന വിവാഹാചാരം. ഇവര്‍ ബഹുഭര്‍തൃത്വ രീതി പിന്‍തുടര്‍ന്നിരുന്നു. ഒന്നിലധികം സഹോദരന്മാര്‍ ചേര്‍ന്ന് ഒരു ഭാര്യയെ നിലനിറുത്തുന്ന സമ്പ്രദായവും പതിവായിരുന്നു. തച്ചന്മാര്‍ക്കിടയിലെ ദാരിദ്ര്യമാണ് ഇത്തരമൊരു സമ്പ്രദായത്തിനിടയാക്കിയതെന്ന് ചരിത്ര പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. മക്കത്തായമാണ് ഇവരുടെ ദായക്രമം. പൊതുവേ ശവം കുഴിച്ചിടുകയാണ് ചെയ്യുന്നതെങ്കിലും, കുടുംബത്തിലെ വൃദ്ധര്‍ മരിക്കുമ്പോള്‍ ദഹിപ്പിക്കുന്ന പതിവും നിലവിലുണ്ടായിരുന്നു. തണ്ടാന്‍ ജാതിയുമായി ഇവര്‍ക്കു ബന്ധമുള്ളതായി പറയപ്പെടുന്നുണ്ട്. തച്ചന്മാര്‍ തൊഴില്‍ സ്ഥലങ്ങളില്‍ തണ്ടാന്മാരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. പ്രതിഫലമായി ഇവര്‍ തണ്ടാന്മാര്‍ക്ക് 'മുതല്‍പ്പത്ത്' നല്കിയിരുന്നു എന്നാണ് രേഖകളില്‍ പറയുന്നത്.