This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തച്ചനാട്ടുകര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തച്ചനാട്ടുകര

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. 'തച്ചന് എട്ട് കരയും സിദ്ധനല്ലൂരും' ലോപിച്ചതില്‍ നിന്നാണ് തച്ചനാട്ടുകര എന്ന ഗ്രാമനാമം നിഷ്പന്നമായതെന്നാണ് വിശ്വാസം. ചേരമാന്‍ പെരുമാളില്‍ നിന്നു തീട്ടൂരം ലഭിച്ച പ്രദേശമാണത്രേ തച്ചനാട്ടുകര. തച്ചനാട്ടുകര I, തച്ചനാട്ടുകര II എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിനെ 10 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. വിസ്തീര്‍ണം: 35.04 ച.കി.മീ.; അതിര്‍ത്തി പഞ്ചായത്തുകള്‍: വ.താഴേക്കാട്, കോട്ടോപ്പാടം, കരിമ്പുഴ; കി.കോട്ടോപ്പാടം, കരിമ്പുഴ; തെ.ആലിപ്പറമ്പ്; പ.താഴേക്കാട്, ആലിപ്പറമ്പ്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ മലപ്പുറം ജില്ലയോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന തേങ്ങാകണ്ടം മലയ്ക്കും മുറിയംകണ്ണിപ്പുഴയ്ക്കും മധ്യേ വ്യാപിച്ചുകിടക്കുന്ന തച്ചനാട്ടുകരയുടെ ഏറിയഭാഗവും കുന്നിന്‍പുറങ്ങളാണ്. ഇവിടത്തെ ജനങ്ങളുടെ മുഖ്യ തൊഴില്‍ കൃഷിയാണ്. മൊത്തം ഭൂവിസ്തൃതിയുടെ 182.7 ഏക്കര്‍ വനഭൂമിയാണ്. മുഖ്യ വിളയായ നെല്ലിനു പുറമേ റബ്ബര്‍, തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. വര്‍ഷം മുഴുവന്‍ നീരൊഴുക്കുള്ള കുന്തിപ്പുഴയുടെ 4 കി.മീറ്ററോളം ഭാഗം ഈ പഞ്ചായത്തിനുള്ളിലാണ്. കാലവര്‍ഷാരംഭത്തിലെ ശക്തമായ കാറ്റുമൂലം വന്‍തോതില്‍ കൃഷിനാശം സംഭവിക്കുക പതിവാണ്.

ആദിദ്രാവിഡ സംസ്കാരത്തിന്റെ പുരാവശിഷ്ടങ്ങളാല്‍ സമ്പന്നമായ പ്രദേശമാണ് തച്ചനാട്ടുകര. ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമായ നാഗാരാധന ഇന്നും ഇവിടെ നിലനില്ക്കുന്നു. ആര്യന്മാരുടെ കുടിയേറ്റാനന്തരം ദ്രാവിഡ സംസ്കാരം തകരുകയും ആര്യസംസ്കാരം ശക്തി പ്രാപിക്കുകയും ചെയ്തു. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്ത് വടക്കേ ഇന്ത്യയില്‍ നിന്ന് ഗുപ്ത വംശജര്‍ കച്ചവടത്തിനുവേണ്ടി ഇവിടെയെത്തി എന്നു വിശ്വസിക്കപ്പെടുന്നു. നാട്ടുകല്‍, തള്ളച്ചിറ വഴി കടന്നുപോകുന്ന ടിപ്പുസുല്‍ത്താന്‍ റോഡ് ടിപ്പുവിന്റെ പടയോട്ട ചരിത്രത്തെ അനുസ്മരിപ്പിക്കുന്നു.

1921-ലെ ഖിലാഫത്ത് പ്രസ്ഥാനം തച്ചനാട്ടുകരയിലും ചലനങ്ങള്‍ സൃഷ്ടിച്ചു. 'നാട്ടുകല്‍ഗാന്ധി' എന്ന പേരില്‍ അറിയപ്പെടുന്ന എം.ജി. നായര്‍ തച്ചനാട്ടുകര സ്വദേശിയാണ്. ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തെ 3 വര്‍ഷം ജയിലിലടച്ചിരുന്നു. ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍, ഇന്ദിരാഗാന്ധി തുടങ്ങിയ ദേശീയ നേതാക്കള്‍ വിവിധ കാലഘട്ടങ്ങളിലായി ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. കൈവശ ഭൂമി ഒഴിപ്പിക്കലിനെതിരേയും പാട്ടബാക്കി വെട്ടിക്കുറയ്ക്കുന്നതിനു വേണ്ടിയും നിരവധി കര്‍ഷക സമരങ്ങള്‍ ഈ പ്രദേശത്തു നടന്നിട്ടുണ്ട്.

കലാ-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖര്‍ക്ക് തച്ചനാട്ടുകര ജന്മം നല്കിയിട്ടുണ്ട്. കഥകളി രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ ഒതേനത്ത് രാമന്‍ നായര്‍, നാട്യരചനയുടെ കര്‍ത്താവായ തേക്കിന്‍കാട്ടില്‍ രാമുണ്ണിനായര്‍ എന്നിവര്‍ തച്ചനാട്ടുകരക്കാരാണ്. കോട്ടയത്തു തമ്പുരാനില്‍ നിന്ന് 'നാട്യാചാര്യ' ബഹുമതിയും വീരശൃംഖലയും നേടിയ രാവുണ്ണി നായര്‍ക്ക് 1963-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കഥകളിക്കു പുറമേ ക്ഷേത്രവാദ്യ കലകള്‍, നാടകം, നൃത്തം, സംഗീതം, അയ്യപ്പന്‍പാട്ട് എന്നിവയും ഇവിടെ പ്രചാരത്തിലുണ്ട്. ആയുര്‍വേദം, നേത്രചികിത്സ, ജ്യോത്സ്യം, തച്ചുശാസ്ത്രം, നാട്ടുചികിത്സ, തോല്‍പ്പാവക്കൂത്ത് തുടങ്ങിയവയില്‍ പ്രാഗല്ഭ്യം നേടിയവരും കുറവല്ല. ഓണം, പെരുന്നാള്‍, വിഷു, തിരുവാതിര, ശിവരാത്രി, നബിദിനം എന്നിവയ്ക്കു പുറമേ മകരമാസത്തിലെ തൈപ്പൂയനാളില്‍ ആഘോഷിക്കുന്ന നാഗേനിപൂജ, പനങ്കുറുശ്ശിക്കാവിലെ ചൊവ്വായ എന്നീ ഉത്സവങ്ങള്‍ക്ക് ജാതി മതഭേദമന്യേ തദ്ദേശീയര്‍ ഒത്തുകൂടുന്നുണ്ട്. പറങ്കുശിക്കാവിലെ പൂരമഹോത്സവം പ്രസിദ്ധമാണ്. തിറ, പൂതന്‍കളി, കാളവേല, പരിചമുട്ടുകളി, നായാടിക്കളി, തിരവാതിരക്കളി, കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, പുള്ളുവന്‍പാട്ട്, നന്തുണിപ്പാട്ട്, ഭഗവതിപ്പാട്ട്, കളംപാട്ട് തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങള്‍ ഇന്നും ഈ പഞ്ചായത്തിന് അന്യമായിട്ടില്ല.

പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് 10 എല്‍.പി.സ്കൂളുകള്‍, 10 യു.പി.സ്കൂളുകള്‍, 4 ഹൈസ്കൂളുകള്‍ എന്നിവയും ആരോഗ്യരംഗത്ത് ഒരു പ്രാഥമികാരോഗ്യകേന്ദ്രവും ഒരു ആയുര്‍വേദ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നു. വിഷ ചികില്‍സയ്ക്കു പ്രസിദ്ധിനേടിയ തച്ചനാട്ടുകരയില്‍ നിരവധി വിദഗ്ധ വൈദ്യന്മാരുടെ സേവനം ലഭ്യമാണ്. വിനോദ സഞ്ചാര പ്രാധാന്യം വളരെയേറെയുള്ള പ്രദേശം കൂടിയാണ് തച്ചനാട്ടുകര. ഐതിഹ്യ പ്രസിദ്ധമായ നാറാണത്തുമലയിലെ ഭ്രാന്തന്‍കുന്നും നാറാണത്തു മനയും തച്ചനാട്ടുകരയിലാണു സ്ഥിതിചെയ്യുന്നത്. കുന്നുകള്‍ കോട്ടമതില്‍ തീര്‍ക്കുന്ന തച്ചനാട്ടുകരയിലെ ഉയരം കൂടിയ കുന്നുകളില്‍ ഒന്നായ ഭ്രാന്തന്‍കുന്നില്‍ നിന്നു നോക്കിയാല്‍ കാണുന്ന പശ്ചിമഘട്ടനിരകളും അനങ്ങന്‍ മലയും ഭ്രാന്തന്‍കുന്നിനെ തഴുകിയൊഴുകുന്ന മുറിയംകണ്ണിപ്പുഴയും നീര്‍ച്ചാലുകളും ചെമ്മണ്‍ പാതകളും എല്ലാം ദൃശ്യസുന്ദരങ്ങളാണ്. ഭ്രാന്തന്‍കുന്നില്‍ നിന്ന് 8 കി.മീ. അകലെയുള്ള ചിരട്ടാംപാറയില്‍ വൈകുന്നേരം മയിലുകള്‍ സംഘം ചേരുന്നതും ആടുന്നതും നിത്യ കാഴ്ചയാണ്. ലോഹയുഗത്തില്‍ ഇരുമ്പയിര് ഖനനം നടത്തിയെന്നു കരുതപ്പെടുന്ന നിരവധി അയിരുമടകള്‍ ഇപ്പോഴും ഇവിടെ അവശേഷിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍