This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തക്കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തക്കല

Thakkalai

തമിഴ്നാട്ടില്‍, കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം താലൂക്കില്‍ പ്പെട്ട ഒരു പട്ടണം. ഇതുള്‍പ്പെടുന്ന ബ്ലോക്കിനും തക്കല എന്നാണ് പേര്. കല്‍ക്കുളം താലൂക്കിന്റെ തലസ്ഥാനവും തക്കല തന്നെ യാണ്. 'പിരപ്പന്‍കോട്' എന്നായിരുന്നു പഴയ നാമം. ദക്ഷിണാ തിര്‍ത്തി എന്നര്‍ഥം വരുന്ന 'തെക്ക്എലൈ' (Thekkelai) എന്ന തമിഴ് പദത്തില്‍ നിന്നാണ് തക്കല എന്ന സ്ഥലനാമം നിഷ്പന്നമാ യതെന്നു കതുതപ്പെടുന്നു. വേണാടിന്റെ തെക്കേ അതിര്‍ത്തിയില്‍ സ്ഥിതിചെയ്തിരുന്നതിനാലാകാം ഈ പ്രദേശത്തിന് പ്രസ്തുത പേരു ലഭിച്ചത്. ചില ചരിത്ര രേഖകളില്‍ ഈ പട്ടണത്തെ 'പദ്മനാഭപുരം' എന്നും പരാമര്‍ശിച്ചുകാണുന്നുണ്ട്. [[Image:

തിരുവനന്തപുരം-നാഗര്‍കോവില്‍ ദേശീയപാതയിലെ ഒരു പ്രധാന ബസ്സ്റ്റേഷനും റെയില്‍വേ സ്റ്റേഷനും കൂടിയാണ് തക്കല. പ്രസിദ്ധമായ കുമാരകോവില്‍ (മുരുക ക്ഷേത്രം), പീര്‍ മുഹമ്മദീയ മുസ്ളിം ദേവാലയം, ഏലിയാസ് പള്ളി എന്നിവ തക്കലയ്ക്കു സമീപത്ത് സ്ഥിതി ചെയ്യുന്നു. പഴയ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പദ്മനാഭപുരം കൊട്ടാരവും തിരുവിതാംകൂര്‍ ചരിത്രത്തില്‍ വിശ്രുതസ്ഥാനം വഹിക്കുന്ന ഉദയഗിരിക്കോട്ടയും തക്കലയ്ക്കു സമീപത്താണ്. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത് തിരുവിതാംകൂര്‍ സേനയുടെ പടനായകനും വലിയ കപ്പിത്താനുമായിരുന്ന ഡി ലനോയിയുടെ (നോ: ഡി ലനോയ്) ശവകുടീരം ഉദയഗിരിക്കോട്ടയിലാണു സ്ഥിതിചെയ്യുന്നത്.

തമിഴ്നാട്ടില്‍ മികച്ച സാക്ഷരതാനിരക്കുള്ള പ്രദേശങ്ങളിലൊ ന്നാണ് തക്കല. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട നാല് സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളിലൊന്ന് തക്കലയിലാണ്. നൂറുല്‍ ഇസ്ലാം എന്‍ജിനീയറിങ് കോളജ്, നൂറുല്‍ ഇസ്ലാം ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജ്, മുസ്ലീം ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവ ഇവിടത്തെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. കൂടാതെ മറ്റുപല ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും മെട്രിക്കുലേഷന്‍ സ്കൂളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഏതാണ്ട് 17,000 വരുന്ന ഇവിടത്തെ ജനസംഖ്യയില്‍ നായര്‍, നാടാര്‍, മുസ്ലീം, പറയര്‍, വിശ്വകര്‍മ തുടങ്ങിയ സമുദായങ്ങള്‍ ഉള്‍പ്പെടുന്നു. തമിഴ്നാട്ടില്‍ ഏറ്റവുമധികം കേരളീയര്‍ വസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് തക്കല. ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഒരു പ്രസിദ്ധ കളരി-സിദ്ധവൈദ്യ കേന്ദ്രം എന്ന നിലയിലും തക്കല അറിയപ്പെട്ടിരുന്നു.

അറിയപ്പെട്ട പല സാഹിത്യകാരന്മാരും കവികളും ദാര്‍ശനികന്മാരും ചരിത്രകാരന്മാരും തക്കലക്കാരായുണ്ട്. 16-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന പണ്ഡിതദാര്‍ശനികനായ മുത്തുസ്വാമി തമ്പുരാന്‍ ഇന്നും ഭാഷാസ്നേഹികള്‍ക്ക് ആരാധ്യനാണ്. 40-ല്‍പ്പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ പ്രൊഫ. ക.അബ്ദുള്‍ ഗഫൂര്‍ അറിയപ്പെട്ട തമിഴ് കവിയായ രാമസുബ്രഹ്മണ്യ നാവലര്‍, ചരിത്രകാരനായ ഡോ. എം.എസ്. ബഷീര്‍, മൈലാഞ്ചി എന്ന കൃതിയുടെ രചയിതാവായ എച്ച്.ജി. റസൂല്‍ എന്നിവര്‍ തക്കലക്കാരാണ്.

(എം.ബി. സിങ്, സ.പ.) ...

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍