This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തകിട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തകിട്

ലോഹത്തിന്റെ വളരെ നേര്‍ത്ത പാളി. ലോഹങ്ങളുടെ സവിശേഷ ഗുണമായ തന്യത(ductility)യാണ് തകിടുകളുണ്ടാക്കാന്‍ സാധി ക്കുന്നതിനാധാരം. തന്യത വളരെ കൂടിയ ലോഹമായ സ്വര്‍ണത്തില്‍ നിന്നാണ് ഏറ്റവും കനം കുറഞ്ഞ തകിടുണ്ടാക്കുവാന്‍ കഴിയുന്നത് (0.0000075 സെ.മീ.). ഏതാണ്ട് എല്ലാ ലോഹങ്ങളേയും അവയുടെ കട്ടികൂടിയ അലോയികളേയും തകിടുകളാക്കാന്‍ സാധിക്കും.

ലോഹഅയോണുകളും (M+) സംയോജക ഇലക്ട്രോണുകളും തമ്മിലുള്ള ബന്ധം (metallic bond) തീരെ ശക്തമല്ലാത്തതിനാല്‍ ഇലക്ട്രോണുകള്‍ക്ക് M+ അയോണുകളുടെ ആകര്‍ഷണത്തില്‍ നിന്ന് സ്വതന്ത്രമായി ചലിക്കുവാന്‍ സാധിക്കുന്നു. മാത്രമല്ല, ലോഹബന്ധങ്ങള്‍ക്ക് സ്ഥിരമായ ഒരു ദിശയില്ല. M+ അയോണും സംയോജക ഇലക്ട്രോണുകളും തമ്മിലുള്ള ബന്ധം എല്ലാ ദിശ കളിലും തുല്യമായിരിക്കും. കൂടാതെ ലോഹ അയോണുകളും ക്രിസ്റ്റലിന്റെ ജാലികാ (lattice) ഘടനയും തമ്മിലുള്ള ബന്ധവും ദൃഢമല്ല. അതിനാല്‍ M+അയോണുകള്‍ക്ക് ഒരു ജാലികത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അനായാസേന മാറുവാന്‍ സാധിക്കും. എന്നാല്‍ ക്രിസ്റ്റലിനെ സംബന്ധിച്ചിടത്തോളം യാതൊരു മാറ്റവും സംഭവിക്കുന്നില്ല. കാരണം സ്ഥാനീകൃതമല്ലാത്ത ഇലക്ട്രോണുകള്‍ ക്രിസ്റ്റലിന്റെ എല്ലായിടത്തും ലഭ്യമാണ്. ഇപ്രകാരം ലോഹബന്ധങ്ങള്‍ യഥേഷ്ടം മാറുവാനും പുതിയവ സ്ഥാപിക്കുവാനും സാധിക്കുന്നതിനാലാണ് ലോഹങ്ങളെ ഇടിച്ചു പരത്തി നേര്‍ത്ത തകിടുകളാക്കുവാന്‍ കഴിയുന്നത്.

അലൂമിനിയം തകിട്. ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന ലോഹത്തകിട് അലൂമിനിയത്തിന്റേതാണ്. 0.0005 സെ.മീ. മാത്രം കനമുള്ള അലൂമിനിയം തകിടുകളുണ്ടാക്കുവാന്‍ കഴിയും. 0.0005- 0.0017 സെ.മീ. വരെ തകിടുകളുണ്ടാക്കാന്‍ ശുദ്ധമായ അലൂമിനിയവും കൂടുതല്‍ ബലമുള്ള തകിടുകളുണ്ടാക്കാന്‍ അലൂമിനിയം അലോയികളും ഉപയോഗിക്കുന്നു. ഭക്ഷ്യവസ്തുക്കളും മറ്റും പൊതിയാനുള്ള പായ്ക്കിങ് സാമഗ്രിയായി അലൂമിനിയം തകിടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഈര്‍പ്പമോ വായുവോ കടക്കുന്നില്ല, ദുര്‍ഗന്ധമോ അരുചിയോ സൃഷ്ടിക്കുന്നില്ല, തുരുമ്പെടുക്കുന്നില്ല എന്നിവയാണ് ഒരു പായ്ക്കിങ് സാമഗ്രിയെന്ന നിലയ്ക്ക് അലൂമിനിയം തകിടുകളെ മേന്മയുള്ളതാക്കുന്നത്. കപ്പാസിറ്ററുകള്‍, കളിപ്പാട്ടങ്ങള്‍, ഗാസ്കറ്റുകള്‍, കുഴലുകളുടെ ആവരണം, ഛായാഗ്രഹണ തകിടുകള്‍, ആശ്മ മുദ്രണ പാളി (lithographic plates)കള്‍ എന്നിവയുടെ നിര്‍മാണത്തിന് അലൂമിനിയം തകിടുകള്‍ ഉപയോഗിക്കുന്നു.

ഈയ(ലെഡ്)ത്തകിടുകളും തകര(ടിന്‍)ത്തകിടുകളും. ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതിനും വൈദ്യുത കണ്ടന്‍സറുകള്‍, വാഹനങ്ങളിലെ റേഡിയേറ്ററുകള്‍ എന്നിവയിലും എക്സ്റേ ഫിലിമുകളുടെ പായ്ക്കിങ് സാമഗ്രിയായും ടിന്‍-ഈയത്തകിടുകള്‍ ഉപയോഗിക്കാറുണ്ട്. ടിന്‍ തകിടുകള്‍ക്ക് വില കൂടുതലായതിനാല്‍ ഒരു പായ്ക്കിങ് സാമഗ്രി എന്ന നിലയില്‍ ഇതിനുപകരം അലൂമിനിയം തകിടുകളാണ് ഇന്ന് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. കണ്ടന്‍സര്‍ തകിടുണ്ടാക്കാന്‍ ടിന്‍-ഈയ അലോയി (83 ശ.മാ. Sn, 15 ശ.മാ. Pb, 2 ശ.മാ. Sb) ആണ് പ്രയോജനപ്പെടുത്തുന്നത്.

സ്വര്‍ണത്തകിട്. സ്വര്‍ണത്തകിടുകളെ വീണ്ടും അടിച്ചു പരത്തി അതീവ നേര്‍ത്ത തകിടു(Gold leaf)കളാക്കാന്‍ സാധിക്കും. കൃത്രിമ പല്ലുകളുണ്ടാക്കാനും പല്ലുകളിലെ ദ്വാരങ്ങള്‍ അടയ്ക്കാനും കളിമണ്‍പാത്രങ്ങളും ഗ്ളാസും അലങ്കരിക്കാനും സ്വര്‍ണ ത്തകിടുകളുപയോഗിച്ചുവരുന്നു.

ലോഹത്തകിടുകള്‍ക്ക് മതപരമായ പ്രാധാന്യവും കല്പിച്ചു കാണുന്നു. ദേഹരക്ഷ, ശത്രുസംഹാരം, അഭീഷ്ടസിദ്ധി തുടങ്ങിയവയ്ക്കായി തകിടു ജപിച്ചുകെട്ടുന്ന പതിവുണ്ട്. നോ: ഏലസ്സ്

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%95%E0%B4%BF%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍