This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ണായകുമാരചരിഉ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ണായകുമാരചരിഉ

(നാഗകുമാര ചരിതം)


അപഭ്രംശകാവ്യം. നാഗകുമാരചരിതം എന്നതിന്റെ അപഭ്രംശ ഭാഷയിലുള്ള രൂപമാണ് ണായകുമാരചരിഉ. 10-ാം ശ.-ത്തില്‍ രാഷ്ട്രകൂടരാജാവായിരുന്ന ഭരതന്റേയും അദ്ദേഹത്തിന്റെ പുത്രനായ നന്നന്റേയും സദസ്യനായിരുന്ന പുഷ്പദന്തന്‍ (ഖണ്ഡന്‍) ആണ് രചയിതാവ്. ബീറാര്‍ ആയിരുന്നു പുഷ്പദന്റെ ജന്മദേശമെന്നു കരുതുന്നു.

മഹാവീരന്‍ അനുയായികളോടൊപ്പം രാജാവിനെ സന്ദര്‍ശിക്കുന്ന സന്ദര്‍ഭമാണ് ഒന്‍പതു സര്‍ഗങ്ങളുള്ള (സന്ധികള്‍) ഈ കാവ്യത്തിന്റെ ആരംഭത്തില്‍ വര്‍ണിച്ചിരിക്കുന്നത്. അതിഥിസത്കാരത്തിനുശേഷം രാജാവ് ശ്രുതപഞ്ചമീവ്രതത്തിന്റെ (പഞ്ചമീവ്രതം എന്നും പരാമര്‍ശമുണ്ട്) സവിശേഷതകളെപ്പറ്റി അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. തത്സമയം, ഈ വ്രതത്തെപ്പറ്റി വിശദീകരിക്കുന്നതിന് ശിഷ്യനായ ഗൌതമനോട് മഹാവീരന്‍ ആവശ്യപ്പെട്ടു. നാഗകുമാരന്‍ എന്ന രാജാവിന്റെ കഥ അവതരിപ്പിച്ചുകൊണ്ട് ഗൌതമന്‍ ഈ വ്രതത്തിന്റേയും ജൈനധര്‍മാചരണത്തിന്റേയും മഹത്ത്വം വിശദീകരിച്ചു.

കനകപുരത്തിലെ രാജാവായിരുന്ന ജലന്ധരന്‍ രാജ്ഞി വിശാലനേത്രയോടും പുത്രന്‍ ശ്രീധരനോടുമൊപ്പം സന്തോഷപ്രദമായ ജീവിതം നയിച്ചുവന്നു. ഒരിക്കല്‍ ഒരു കച്ചവടക്കാരന്‍ രാജാവിന് ചില അപൂര്‍വവസ്തുക്കള്‍ ഉപഹാരമായി നല്കിയ കൂട്ടത്തില്‍ ഗിരിനഗരരാജ്യത്തെ അതിസുന്ദരിയായ രാജകുമാരി പൃഥ്വീ ദേവിയുടെ ചിത്രവുമുള്‍പ്പെട്ടിരുന്നു. പൃഥ്വീദേവിയില്‍ അനുരക്തനായ രാജാവ് ആ സുന്ദരിയെക്കൂടി രാജ്ഞിയായി ലഭിക്കുവാന്‍ ആഗ്രഹിക്കുകയും അതിലേക്കുള്ള ശ്രമം സഫലമായിത്തീരുകയും ചെയ്തു. ഇവരുടെ പുത്രനായിരുന്നു നാഗകുമാരന്‍.

ശിശുവായിരിക്കുമ്പോള്‍ ഒരിക്കല്‍ നാഗകുമാരന്‍ ഒരു ഗര്‍ത്തത്തില്‍ ആകസ്മികമായി നിപതിച്ചപ്പോള്‍ ഒരു നാഗന്‍ രക്ഷിക്കുകയുണ്ടായി. ഈ നാഗന്‍ നാഗകുമാരന് ആയുധാഭ്യാസവും അപൂര്‍വ ശക്തികളും പ്രദാനം ചെയ്തു. നാഗകുമാരന്‍ എന്ന പേരു ലഭിച്ചതിന് ഇതായിരുന്നു കാരണം. കുമാരന്‍ യുവാവായപ്പോള്‍ അതിപരാക്രമിയും അത്യാകര്‍ഷകമായ വ്യക്തിത്വത്തിനുടമയുമായി.

ഒരിക്കല്‍ ഒരു സ്ത്രീ കിന്നരി, മനോഹരി എന്നീ സുന്ദരിമാരായ പുത്രിമാരോടൊപ്പം കൊട്ടാരത്തിലെത്തി. അതിഥിയായ ആ മാതാവിന്റെ അനേകം പരീക്ഷണങ്ങളില്‍ വിജയിയായ നാഗകുമാരന് അവര്‍ തന്റെ പുത്രിമാരെ വിവാഹം ചെയ്തു നല്കി. വ്യാളന്‍ (മഹാവ്യാളന്‍) എന്ന ധീരനായ ഒരു വ്യക്തി നാഗകുമാരന്റെ അനുചരനായി വന്നു.ആരെ കാണുമ്പോഴാണോ മൂന്നുകണ്ണുള്ള ഇയാളുടെ മൂന്നാമത്തെ കണ്ണു മാഞ്ഞുപോകുന്നത് അയാളുടെ അനുചരനായിരിക്കണം എന്ന ഉപദേശമായിരുന്നു വ്യാളന്‍ അനുചരനായി വരാന്‍ കാരണം. നാഗകുമാരന്റെ ഈ സൗഭാഗ്യങ്ങളില്‍ അസൂയാലുവായ ശ്രീധരന്‍ നാഗകുമാരനെ വധിക്കാന്‍ പല രീതിയില്‍ ശ്രമിച്ചെങ്കിലും വ്യാളന്റെ സാമര്‍ഥ്യത്താല്‍ അതു നിഷ്ഫലമായിത്തീര്‍ന്നു. പുത്രന്മാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പിതാവ് ആഗ്രഹിച്ചു. പിതാവിന്റെ അനുജ്ഞയോടെ നാഗകുമാരന്‍ മറ്റു രാജ്യങ്ങളില്‍ സൗഹൃദപര്യടനത്തിനു പുറപ്പെടുകയും ആ രാജ്യങ്ങളിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കി രാജാക്കന്മാരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു. പല രാജാക്കന്മാരും തങ്ങളുടെ പുത്രിമാരെ നാഗകുമാരനു വിവാഹം ചെയ്തു നല്കി. മധുര, കാശ്മീരം, രമ്യാകം, ഗിരിനഗരം, അനന്തപുരം, ഉജ്ജയിനി, രക്ഷസ്സുകളുടേയും മഹാരക്ഷസ്സുകളുടേയും രാജ്യം, ദന്തീപുരം, ത്രിഭുവനതിലകം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച നാഗകുമാരന്‍ അവിടമെല്ലാം തന്റെ വിശിഷ്ട വ്യക്തിപ്രഭാവത്താല്‍ ശത്രുരഹിതവും ഐശ്വര്യപൂര്‍ണവുമാക്കി മാറ്റി. ത്രിഭുവനവതി, ലക്ഷ്മീവതി, മദനമഞ്ജുഷ തുടങ്ങിയവരായിരുന്നു പത്നിമാരില്‍ പ്രമുഖര്‍. യാത്രയുടെ സമാപ്തിയോടെ പിതാവിന്റെ ആഗ്രഹപ്രകാരം കനകപുരത്തില്‍ തിരിച്ചെത്തി രാജ്യഭാരം ഏറ്റെടുക്കുകയും ഉത്തമരാജാവായി ഭരണം നിര്‍വഹിക്കുകയും ചെയ്തു.

ഒരിക്കല്‍ കൊട്ടാരത്തില്‍ പിഹിതാശ്രവന്‍ എന്ന ജൈനഭിക്ഷു വന്നെത്തി. അദ്ദേഹത്തെ സത്കരിച്ച് സന്തുഷ്ടനാക്കിയ രാജാവ് ലൗകികജീവിതത്തിലുള്ള തന്റെ അമിത താത്പര്യത്തെപ്പറ്റി ഭിക്ഷുവിനോടു പറഞ്ഞു. ഇതിനു പരിഹാരമെന്ന നിലയില്‍ പിഹിതാശ്രവന്‍ രാജാവിന്റെ പൂര്‍വജന്മം വിശദീകരിച്ചു.

ഈ നാഗകുമാരന്‍ പൂര്‍വജന്മത്തില്‍ ധര്‍മിഷ്ഠനായ ഒരു ഗൃഹസ്ഥാശ്രമിയായിരുന്നു. ജൈനധര്‍മപരമായ ശ്രുതപഞ്ചമീവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചു വന്ന അദ്ദേഹത്തിന് മോക്ഷപദം ലഭിച്ചു. എന്നാല്‍ തന്റെ സാന്നിധ്യംകൊണ്ട് മാതാപിതാക്കളേയും പത്നിയേയും സന്തുഷ്ടരാക്കണമെന്ന ആഗ്രഹം നിശ്ശേഷം മാറാത്തതിനാല്‍ ഒരു ജന്മം കൂടി എടുക്കേണ്ടതായി വന്നു. അന്ന് മാതാപിതാക്കളും പത്നിയുമായിരുന്നവര്‍ തന്നെയാണ് ഈ ജന്മത്തി ലും മാതാപിതാക്കളും ലക്ഷ്മീവതി എന്ന പത്നിയും എന്ന് ഭിക്ഷു അറിയിച്ചു. സന്തുഷ്ടനായ നാഗകുമാരന്‍ ലൗകികജീവിതത്തിലുള്ള തന്റെ അമിതപ്രതിപത്തി വെടിയുകയും പഞ്ചമീവ്രതനിഷ്ഠയോടെ ശിഷ്ടജീവിതം നയിക്കുകയും ചെയ്തു. രാജ്യഭാരം പുത്രന്മാരില്‍ അര്‍പ്പിച്ചിട്ട് അനേകം അനുയായികളോടുകൂടി ജൈന ഭിക്ഷു ആയി മാറി ധര്‍മപ്രവര്‍ത്തനത്തില്‍ മുഴുകി ശിഷ്ടജീവിതം നയിച്ചു.

ധര്‍മിഷ്ഠനായാല്‍ മാത്രം പോരാ, മനസ്സ് ജൈനധര്‍മ പ്രചാരണത്തില്‍ ഉത്സുകമാകണമെന്ന് ഗൌതമന്‍ രാജാവിനെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് കാവ്യത്തിലെ പ്രമേയം രൂപകല്പന ചെയ്തിട്ടുള്ളത്. അപഭ്രംശത്തിലെ ഏറ്റവും മനോഹരമായ കാവ്യങ്ങളിലൊന്നായി ണായകുമാരചരിഉ പരിഗണിക്കപ്പെടുന്നു. ജൈനധര്‍മപ്രബോധനപരമാണെങ്കിലും കാവ്യാംശത്തിന് ഇതില്‍ പരമ പ്രാധാന്യം നല്കിയിരിക്കുന്നു. ഇതും ഈ കാവ്യത്തിന്റെ ഗരിമയ്ക്ക് കാരണമാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍