This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഢോലാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഢോലാ

ജനപ്രീതി നേടിയ ഒരു നാടോടി ഗാനം. മഹാഭാരതകാലത്തിനു മുമ്പുള്ള നള-ദമയന്തി നാടോടിക്കഥയാണ് ഢോലാ. പൗരാണിക ഗാനരൂപമാണ് ഢോലായ്ക്കു സ്വീകരിച്ചിട്ടുള്ളത്. സന്താനങ്ങളില്ലാത്തതിനാല്‍ പിര്‍ഥം എന്ന രാജാവ് ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. രാജാവിന്റേയും മഞ്ജ എന്ന രാജ്ഞിയുടേയും ഈശ്വരഭക്തിയില്‍ സന്തുഷ്ടനായ ഒരു സന്ന്യാസി അവരെ അനുഗ്രഹിക്കുന്നു. രാജ്ഞി ഗര്‍ഭിണിയായപ്പോള്‍ അവളുടെ ചാരിത്ര്യത്തില്‍ ശങ്ക തോന്നിയ രാജാവ് അവരെ കൊല്ലാന്‍ ഉത്തരവിടുന്നു. രാജ്ഞിയോട് അലിവു തോന്നിയ ആരാച്ചാര്‍ അവരെ കാട്ടില്‍ ഉപേക്ഷിച്ചിട്ട് തിരികെപ്പോയി. അവര്‍ കാട്ടില്‍ വച്ച് നളന് ജന്മം നല്കി. ആ വഴി വന്ന ഒരു വ്യാപാരി മഞ്ജയെ സ്വന്തം പുത്രിയായി കരുതി സ്വീകരിച്ചു കൊണ്ടുപോയി.

നളന്‍ വളര്‍ന്നപ്പോള്‍ അമ്മാവന്മാരോടൊപ്പം വാണിജ്യകാര്യങ്ങള്‍ക്ക് കപ്പലില്‍ പോയിത്തുടങ്ങി. ഒരിക്കല്‍ ഏകാന്തമായൊരു ദ്വീപില്‍ അമ്മാവന്മാര്‍ അവനെ ഉപേക്ഷിച്ചു. അവിടെ വച്ച് നളന്‍ ഭൗമാസുരനെ വധിക്കുകയും അയാളുടെ പുത്രിയായ മോതിനിയെ വിവാഹം കഴിക്കുകയും ചെയ്തു. ഏതെങ്കിലും കപ്പല്‍ അതുവഴി വരുമെന്ന പ്രതീക്ഷയില്‍ നളനും മോതിനിയും ആ ദ്വീപില്‍ത്തന്നെ കഴിഞ്ഞു കൂടുമ്പോള്‍ ഭാഗ്യവശാല്‍ അമ്മാവന്മാരുടെ കപ്പല്‍തന്നെ അതുവഴി വന്നെത്തി. നളനും മോതിനിയും അതില്‍ കയറി. സുന്ദരിയായ യുവതിയിലും അവളുടെ മതിക്കാനാവാത്ത ആഭരണങ്ങളിലുമായിരുന്നു അമ്മാവന്മാര്‍ക്ക് കണ്ണ്. അവര്‍ നളനെ ആഴക്കടലിലേക്കു തള്ളി. നളന്‍ അവിടെ നാഗരാജാവായ വാസുകിയുടെ മണിമാളികയിലെത്തി. വാസുകി നളനെ സുഹൃത്തായി സ്വീകരിച്ച് കടല്‍ത്തീരത്ത് എത്തിച്ചു. അവിടെ വച്ച് അദ്ദേഹം തന്റെ ഭാര്യയേയും വീണ്ടെടുത്തു. അങ്ങനെ അമ്മാവന്മാരുടെ ദുരാഗ്രഹം നിഷ്ഫലമായി. കുറേക്കാലം കഴിഞ്ഞപ്പോള്‍ പിര്‍ഥം രാജാവ് മകനെ തിരിച്ചറിഞ്ഞ് വലിയ സ്നേഹാദരങ്ങളോടെ അവനേയും അവന്റെ ഭാര്യയേയും സ്വീകരിച്ചു. അച്ഛന്റെ കാലശേഷം നളന്‍ രാജാവായി. അതിനുശേഷമാണ് ദമയന്തിയുമായുള്ള വിവാഹവും വിരഹവും പുനസ്സമാഗമവും നടക്കുന്നത്. അവര്‍ക്ക് ജനിച്ച പുത്രനാണ് ഢോലാ. കുട്ടിക്കാലത്തുതന്നെ അവന്‍ മാരു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ശനിബാധയില്‍നിന്നു മോചിതനായ നളന് തന്റെ രാജ്യം വീണ്ടു കിട്ടി. ഇക്കാലത്തിനുള്ളില്‍ മാരുവും ഢോലായും വളര്‍ന്നു വലുതായി.

ഢോലാ-മാരു ഹിന്ദിമേഖലയാകെ പ്രചാരമുള്ള പ്രസിദ്ധമായ ഐതിഹ്യമാണ്. ഒന്നിനു പിറകെ മറ്റൊന്നായി മാരു അയച്ച സന്ദേശങ്ങള്‍ ഇടയ്ക്കു വച്ച് മറ്റൊരു സ്ത്രീ തടസ്സപ്പെടുത്തുന്നതും മറ്റുമായി രസകരങ്ങളായ ഒട്ടേറെ സംഭവങ്ങള്‍ ഈ കഥയിലുണ്ട്. ഢോലായുടെ ഭ്രാതാവായ കിഷന്‍സിംഹിന്റെ കഥയും ഇതില്‍ പ്രതിപാദിച്ചു കാണുന്നു. ഇക്കഥ പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാകാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A2%E0%B5%8B%E0%B4%B2%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍