This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഢാക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഢാക്ക

ഉമരരമ ബംഗ്ളാദേശ് ജനകീയ റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരം. ഢാക്ക (Dacca), ധാക്ക (Dhaka) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. നഗരം ഉള്‍ക്കൊള്ളുന്ന ജില്ലയ്ക്കും ഡിവിഷനും ഇതേ പേരുതന്നെയാണ്.ബംഗ്ലാദേശിലെ ഏറ്റവും വലിയ നഗരവും ഭരണ- സാംസ്കാരിക- സാമ്പത്തിക- വാണിജ്യ-വ്യാവസായിക കേന്ദ്രവും കൂടിയാണ് ഢാക്ക. രാജ്യത്തിന്റെ തെ. ഭാഗത്ത് ഗംഗാ-ബ്രഹ്മപുത്രാ നദീഡെല്‍റ്റയില്‍ യമുന, മേഹാന, പദ്മ എന്നീ നദികളുടെ തീരത്തായി വ്യാപിച്ചിരിക്കുന്നു. സ്ഥാനം: അക്ഷാ. വ. 23º 43', രേഖാ. കി. 90º 26'; ഢാക്കാ ഡിവിഷന്റെ വിസ്തീര്‍ണം: 31,119 ച.കി.മീ..

ഢക്കാ (ഇടയ്ക്ക) വാദ്യനാദം ശ്രവിക്കുന്നതില്‍ ഉത്സുകയായിരുന്ന മഹാകാളി ദേവി ഈ സ്ഥലത്ത് വസിച്ചിരുന്നുവെന്നും ഇവിടത്തെ പ്രസിദ്ധമായ ദേവീക്ഷേത്രത്തിലെ പൂജാവേളയില്‍ തുടര്‍ച്ചയായി ഢക്കാനാദം മുഖരിതമായതിനാല്‍ ഈ പ്രദേശത്തിന് 'ഢക്ക' എന്ന പേരു ലഭിച്ചെന്നുമാണ് പരക്കെയുള്ള വിശ്വാസം. കാലക്രമേണ ഢക്ക എന്ന പദത്തിന് രൂപാന്തരണം സംഭവിച്ച് 'ഢാക്ക' എന്നു മാറിയെന്നാണ് കരുതപ്പെടുന്നത്. പ്രാചീനകാലത്ത് ഇവിടെ ദീര്‍ഘകാലം ഭരണം നടത്തിയ വിക്രമാദിത്യ രാജാവിന്റെ നാമസ്മരണാര്‍ഥം ഈ പ്രദേശം 'വിക്രമാദിത്യപുരം' എന്നും, പട്ടണത്തില്‍ തന്നെ ആയിരത്തിലേറെ പള്ളികളുള്ളതിനാല്‍' പള്ളികളുടെ നഗരം എന്നും' അറിയപ്പെടുന്നു.

ഢാക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളും സമതലങ്ങളാണ്. ജനു.-ല്‍ 19º-ഉം ജൂല.-ല്‍ 28.9º-ഉം ശ.ശ. താപനില ഇവിടെയനുഭവപ്പെടുന്നു. പ്രതിവര്‍ഷം 2,025 മി.മീ. ഓളം മഴ ഈ പ്രദേശത്തു ലഭിക്കുന്നുണ്ട്. അതിവര്‍ഷം നിമിത്തം നദികള്‍ കരകവിഞ്ഞൊഴുകി നാശനഷ്ടമുണ്ടാക്കുന്നത് പതിവാണ്. ഫലഭൂയിഷ്ഠമായ മണ്ണ് ഇവിടെ കൃഷി അഭിവൃദ്ധിപ്പെടുന്നതിന് കാരണമായിരിക്കുന്നു. നെല്ല്, വെറ്റില, കരിമ്പ്, എള്ള്, ഗോതമ്പ്, പുകയില എന്നിവയാണ് മുഖ്യവിളകള്‍.

ഢാക്കാ നഗരത്തിലെ പഴക്കം ചെന്ന മേഖല സദര്‍ഘട്ട് (Sadarghat) എന്ന പേരിലറിയപ്പെടുന്നു. നഗരത്തിലെ വാണിജ്യകേന്ദ്രവും തിരക്കേറിയ കമ്പോളവും (ചൗക്) ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴയ നഗരത്തിലുടനീളം മുഗള്‍ കാലഘട്ടത്തിലേതായ മുസ്ലീം ആരാധനാലയങ്ങള്‍ കാണാം. ഇവിടത്തെ വളഞ്ഞുപുളഞ്ഞ തെരുവീഥികള്‍ സദാ ജനനിബിഡമായിരിക്കുന്നു. ജനസാന്ദ്രതയില്‍ മുന്നിട്ടു നില്ക്കുന്ന ഈ പ്രദേശത്ത് നിരവധി ചേരികളുമുണ്ട്. ഢാക്കയുടെ വടക്കേ പകുതിയിലുള്ള ആധുനിക നഗരഭാഗമായ രംന (Ramna) അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. 1905-ല്‍ രൂപകല്പന ചെയ്യപ്പെട്ട പുതിയ നഗരത്തിലെങ്ങും വീതിയേറിയ നിരത്തുകള്‍, തുറസ്സായ പ്രദേശങ്ങള്‍, ഉദ്യാനങ്ങള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ കാണാം. രംനയ്ക്ക് വടക്കും പടിഞ്ഞാറുമുള്ള നഗരഭാഗങ്ങളില്‍ അധിവാസ കേന്ദ്രങ്ങളും വ്യവസായ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നു. ഇവിടം ഏറിയകൂറും 1947-നു ശേഷമാണ് വികാസം പ്രാപിച്ചത്.

ഢാക്കയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇതിനെ രാജ്യത്തെ പ്രമുഖ വാണിജ്യ-വ്യാവസായിക കേന്ദ്രമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. നഗരത്തിലും പ്രാന്തങ്ങളിലുമാണ് പ്രധാന വ്യവസായശാലകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. സില്‍ക്, മസ്ലിന്‍, പരുത്തി വസ്ത്രങ്ങളുടെ ഉത്പാദനം, ചണം, നെല്ല് എന്നിവയുടെ സംസ്കരണം, കരകൗശല-തുകല്‍ ഉത്പന്നങ്ങളുടെ നിര്‍മാണം, നൗകാ നിര്‍മാണം, സ്ഫടിക വസ്തുക്കളുടെ ഉത്പാദനം തുടങ്ങിയവ ഢാക്കയിലെ മുഖ്യ വ്യവസായങ്ങളാണ്. ബംഗ്ലാദേശ് മേഖലയുടെ വാസ്തുശില്പ പാരമ്പര്യം പ്രകടമാക്കുന്ന നിരവധി ചരിത്ര-മതസ്ഥാപനങ്ങളേയും ഈ നഗരം ഉള്‍ക്കൊള്ളുന്നു. 17-ാം ശ.-ത്തില്‍ നിര്‍മിക്കപ്പെട്ട ലാല്‍ബാഗ് കോട്ട, പരീബിബി(Paribibi)യുടെ ശവകുടീരം എന്നിവ ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഢാക്കാ സര്‍വകലാശാല (1921), പുതിയ പാര്‍ലമെന്റ് മന്ദിരം (1982), എന്‍ജിനീയറിങ്-സാങ്കേതിക സര്‍വകലാശാല (1962), ജഹാംഗീര്‍ നഗര്‍ സര്‍വകലാശാല (1970) എന്നിവയ്ക്കു പുറമേ ഗ്രന്ഥശാലകള്‍, കാഴ്ചബംഗ്ലാവുകള്‍, കാര്‍ഷിക-ഗവേഷണ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളജ് തുടങ്ങിയ സ്ഥാപനങ്ങളും ഢാക്കയില്‍ സ്ഥിതി ചെയ്യുന്നു. സിയാ അന്താരാഷ്ട്ര വിമാനത്താവളത്തോടൊപ്പം നഗരത്തിന് 16 കി.മീ. തെ.കി. ഉള്ള നരായണ്‍ഗഞ്ചിലെ തുറമുഖവും ഒരു നാവിക വിമാനത്താവളവും ഢാക്കയുടെ ഭാഗങ്ങളായുണ്ട്.

ഢാക്കയിലെ ഒരു തെരുവ്

ചരിത്രപരമായി വളരെ പുരാതനമായ ഢാക്ക നഗരം സ്ഥാപിച്ചതെന്നാണെന്ന് കൃത്യമായി രേഖപ്പെടുത്തിക്കാണുന്നില്ല. 660-കളില്‍ ദക്ഷിണേഷ്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഈ പ്രദേശത്ത് അധിവസിച്ചിരുന്നതായി കരുതപ്പെടുന്നു. 17-ാം ശ. മുതല്‍ക്കാണ് ഢാക്ക പ്രശസ്തിയിലേക്കുയര്‍ന്നത്. മുഗള്‍ ഭരണകാലത്ത് രൂപംകൊണ്ട ബംഗാള്‍ പ്രവിശ്യയുടെ ആസ്ഥാനമെന്ന നിലയില്‍ 17-ാം ശ.-ത്തിന്റെ ആരംഭം മുതല്‍ അന്ത്യം വരെ ഇവിടം വളരെയധികം വികാസം പ്രാപിച്ചിരുന്നു. മുഗളന്മാരുടെ ഇവിടത്തെ ഭരണ നടത്തിപ്പുകാരനായിരുന്ന ഇസ്ലാം ഖാന്‍ ആണ് തലസ്ഥാനം 17-ാം ശ.-ത്തിന്റെ തുടക്കത്തില്‍ രാജ്മഹലില്‍ നിന്ന് ഢാക്കയിലേക്കു മാറ്റിയത്. ഏതാണ്ട് ഒരു നൂറ്റാണ്ടു കാലം ഈ അവസ്ഥ തുടര്‍ന്നു. അക്കാലത്ത് ഒരു പ്രധാന സൈനിക-വാണിജ്യ കേന്ദ്രമായിരുന്ന ഈ നഗരവുമായി പോര്‍ച്ചുഗീസ്, ബ്രിട്ടിഷ്, ഡച്ച്, ഫ്രഞ്ച് രാജ്യങ്ങള്‍ വാണിജ്യബന്ധം പുലര്‍ത്തിയിരുന്നു. 1704-ല്‍ പ്രവിശ്യാ തലസ്ഥാനം മൂര്‍ഷിദാബാദിലേക്കു മാറ്റിയതോടെ ഢാക്കയുടെ പ്രതാപം കുറഞ്ഞു തുടങ്ങി.

1765-ലാണ് ഢാക്ക ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗ മായത്. കഴ്സണ്‍ പ്രഭുവിന്റെ ഭരണകാലത്ത് നടന്ന ബംഗാള്‍ വിഭജനത്തെ (1905) തുടര്‍ന്ന് 1912 വരെ ഢാക്കാ നഗരം കിഴക്കന്‍ ബംഗാള്‍-അസം പ്രവിശ്യയുടെ തലസ്ഥാനമായി വര്‍ത്തിച്ചു. 1947-ല്‍ സ്വാതന്ത്യപ്രാപ്തിയെ തുടര്‍ന്ന് പാകിസ്ഥാനിലെ ഈസ്റ്റ് ബംഗാള്‍ പ്രവിശ്യയുടെ തലസ്ഥാനവും 1956-ല്‍ പൂര്‍വ പാകിസ്ഥാന്റെ ആസ്ഥാന നഗരവുമായി ഢാക്ക മാറി. നഗരത്തിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവച്ച ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് പൂര്‍വപാകിസ്ഥാന്‍ ബംഗ്ലാദേശ് എന്ന പേരില്‍ സ്വതന്ത്ര രാഷ്ട്രമായതോടെ (1971) ഢാക്ക പുതിയ രാജ്യത്തിന്റെ തലസ്ഥാനമായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A2%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍