This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രോയിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രോയിങ്

Drawing

ഏതെങ്കിലും ഒരു പ്രതലത്തില്‍ ലളിതമായോ സമഗ്രമായോ ഒരു ചിത്രം ആലേഖനം ചെയ്യുന്ന കര്‍മം. അത്തരം രചനകളും ഡ്രോയിങ് എന്ന പേരില്‍ത്തന്നെ അറിയപ്പെടുന്നു. എല്ലാത്തരം ചിത്രലേഖന കര്‍മങ്ങളേയും സൂചിപ്പിക്കുന്ന സാമാന്യനാമമാണിത്.

'വരയ്ക്കുക' എന്നു മലയാളത്തില്‍ പറയാറുള്ള കര്‍മമാണ് ഡ്രോയിങ് എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. ചിത്രരചന മാത്ര മല്ല, എന്‍ജിനീയറിങ് വരപ്പും വൈദ്യശാസ്ത്രരംഗത്തെ ചിത്രാ ലേഖനങ്ങളുമെല്ലാം ഇതിലുള്‍പ്പടുന്നു.

ഇംഗ്ളീഷില്‍ 'ഡ്രോയിങ്'എന്നതുകൊണ്ടുദ്ദേശിക്കുന്നത് രേഖക ളുപയോഗിച്ചുള്ള ചിത്രരചനയെയാണ്. കേവലമായ രേഖാചിത്ര ങ്ങള്‍ മുതല്‍ പെയിന്റിങ്ങിനു വേണ്ടി തയ്യാറാക്കുന്ന പ്രാഥമിക സ്കെച്ചുകള്‍ വരെ ഇതിലുള്‍പ്പെടും.

ഒരു ചിത്രം തയ്യാറാക്കുന്നതിന്റെ മുന്നോടിയായി ചിത്രകാരന്‍ വെറുതേ പലതരം സ്കെച്ചുകളും ചെയ്തു നോക്കാറുണ്ട്. അവയില്‍ നിന്ന് ഭിന്നമായിരിക്കും യഥാര്‍ഥ ചിത്രമെങ്കിലും, അത്തരം വരകളും ഡ്രോയിങ്ങുകളായി പരിഗണിക്കപ്പെട്ടു പോരുന്നു. അവ ചിത്രകാരന്റെ ചിത്തവ്യാപാരങ്ങളിലേക്കുള്ള ചൂണ്ടുപലക എന്നതിനാലാണത്. അത്തരത്തില്‍ നോക്കുമ്പോള്‍ ചിത്രകലാരംഗത്ത് ഡ്രോയിങ് ഒരു സവിശേഷ വിഭാഗം തന്നെയാകുന്നു.

രേഖകള്‍ ഉപയോഗിച്ചുള്ള ചിത്രരചന പുരാതനകാലം മുതല്‍ക്കുതന്നെ പ്രചാരത്തിലിരുന്നെങ്കിലും യൂറോപ്പിലുണ്ടായ നവോത്ഥാന കാലത്തിനുശേഷമാണ് പെയിന്റിങ്ങിനും പ്രതിമാ നിര്‍മാണത്തിനും വാസ്തുശില്പത്തിനും മറ്റുമുള്ള അടിസ്ഥാന വൈദഗ്ധ്യമായി ഇതംഗീകരിക്കപ്പെട്ടത്. ചിത്രകാരന്‍ പുറമേ കാണുന്നതും ഭാവനയില്‍ കാണുന്നതും ആലേഖനം ചെയ്യാന്‍ ഡ്രോയിങ് ഉപകരിക്കുന്നു.

സാധാരണഗതിയില്‍ പേനയും പെന്‍സിലും ചോക്കും ക്രയോണും അതുപോലുള്ള മറ്റു സാമഗ്രികളും ഉപയോഗിച്ചാണ് രേഖാചിത്രരചന നടത്തുന്നത്. വരയ്ക്കും രൂപത്തിനും പ്രാധാന്യം നല്കുന്ന ഡ്രോയിങ് വര്‍ണവ്യത്യാസങ്ങള്‍ ആവിഷ്കരിക്കുന്നില്ല. പലപ്പോഴും ഗ്രന്ഥങ്ങള്‍ക്കുവേണ്ടിയാണ് രേഖാചിത്രങ്ങള്‍ വരയ്ക്കാറുള്ളത്. ഏതാനും രേഖകള്‍ മാത്രം ഉപയോഗിച്ച് നിര്‍ദേശങ്ങള്‍ ചുരുക്കത്തില്‍ നല്കുന്നതും വിശദാംശങ്ങള്‍ സൂക്ഷ്മമായി നല്കുന്നതുമായ രേഖാചിത്രരചനകളും നിലവിലുണ്ട്. ചിത്രകാരന്മാര്‍ പലപ്പോഴും അവരുടെ ആവശ്യത്തിനു നല്കുന്ന രീതിയില്‍ രേഖാചിത്രം തയ്യാറാക്കുന്നു. ഒരു കലാസൃഷ്ടിക്കുള്ള മുന്നോടിയായി രേഖാചിത്രം മാറുന്ന സന്ദര്‍ഭങ്ങളും കുറവല്ല. എങ്കിലും 20-ാം ശ.-ത്തില്‍ രേഖാചിത്രരചന ഒരു സ്വതന്ത്ര ശാഖയായിട്ടാണ് കരുതപ്പെടുന്നത്. ലിയനാദോ ദാവിന്‍ചി, മൈക്കല്‍ ആഞ്ജലോ, പാബ്ളോ പിക്കാസോ മുതലായ പ്രശസ്ത ചിത്രകാരന്മാരുടെ രേഖാചിത്രങ്ങള്‍ മികച്ച കലാസൃഷ്ടികളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

രേഖാചിത്രരചനയ്ക്ക് മനുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കമുള്ളതായി കാണാം. ശിലായുഗത്തില്‍പ്പോലും മനുഷ്യന്‍ ഗുഹകളുടെ ചുവരുകളിലും മറ്റും രേഖാചിത്രങ്ങള്‍ വരച്ചിരുന്നു. മൃഗങ്ങളുടേയും മറ്റും ചിത്രങ്ങളാണ് ഇവയിലധികവും. ബി.സി. നാലായിരാമാണ്ടില്‍ ഈജിപ്തിലും മെസപ്പൊട്ടേമിയയിലും പ്രതീകാത്മക ചിത്രങ്ങള്‍ ആശയവിനിമയത്തിനും അലങ്കാരത്തി നും വേണ്ടി ഉപയോഗിച്ചിരുന്നു. പില്ക്കാലത്ത് രൂപങ്ങളേയും മറ്റും പ്രതിനിധീകരിക്കുന്ന മറ്റു പല വ്യവസ്ഥകളും നിലവില്‍ വന്നു. ഈജിപ്തിലെ ശവകുടീരങ്ങളില്‍ കാണുന്ന ചുവര്‍ചിത്രങ്ങളിലും മറ്റും ഈ പരിവര്‍ത്തനത്തിന്റെ പ്രതിഫലനം പ്രകടമാണ്.

ഗ്രീസിലെ രേഖാചിത്രങ്ങളുടെ വളര്‍ച്ച മുഖ്യമായും കലശങ്ങളിലെ ചിത്രാലങ്കാരത്തിലാണ് പ്രകടമാകുന്നത്. ഗ്രീക്കു ജീവിതത്തെക്കുറിച്ചും ചിന്താഗതിയെക്കുറിച്ചും നമുക്ക് അറിവു നല്കുന്ന കലശങ്ങള്‍ ഗുണമേന്മകൊണ്ടും ശ്രദ്ധേയമാണ്. ചിത്രാങ്കിതമായ കലശങ്ങളില്‍ കലാകാരന്റെ കൈയൊപ്പ് രേഖപ്പെടുത്തി യതായും കാണുന്നുണ്ട്.

മധ്യയുഗങ്ങളില്‍ ഉത്തരയൂറോപ്പിലെ മതപഠനകേന്ദ്രങ്ങളിലും മറ്റും കൈയെഴുത്തുപ്രതികള്‍ ആകര്‍ഷകമാക്കുന്നതിനു വേണ്ടിയുള്ള രേഖാചിത്രസമ്പ്രദായം രൂപം കൊള്ളുകയുണ്ടായി. 7,8 ശ.-ങ്ങളില്‍ അയര്‍ലണ്ടില്‍ കൂടുതല്‍ ആകര്‍ഷകമായ ഒരു ശൈലി ഉരുത്തിരിഞ്ഞുവന്നു. 8-ാം ശ.-ത്തില്‍ ഡബ്ളിനിലെ ട്രിനിറ്റി കോളജ് ലൈബ്രറി പ്രസിദ്ധീകരിച്ച ബുക്ക് ഒഫ് കെന്‍സില്‍ ഈ ശൈലി പ്രകടമാണ്. ഗ്രന്ഥങ്ങളില്‍ രേഖാചിത്രങ്ങള്‍ വരച്ച് കൂടുതല്‍ ആകര്‍ഷകമാക്കുന്ന സമ്പ്രദായം ഇക്കാലത്ത് കൂടുതല്‍ വ്യാപകമായി. ഫ്രാന്‍സിലാണ് ഇതു കൂടുതല്‍ പ്രചാരം നേടിയത്. 13-ാം ശ.-ത്തിലെ പ്രമുഖ ഫ്രഞ്ച് ആര്‍ക്കിടെക്റ്റ് ആയ വില്ലാഡ് ഡിഹോണ്‍ കോര്‍ട്ടിന്റെ നോട്ടു ബുക്കുകള്‍ മികച്ച രേഖാചിത്രങ്ങളുടെ വമ്പിച്ച ശേഖരമായിരുന്നു. വാസ്തുശില്പ നിര്‍മാണങ്ങള്‍ക്കും മനുഷ്യരൂപത്തിലും മറ്റുമുള്ള ശില്പ നിര്‍മാണങ്ങള്‍ക്കും വേണ്ടി വരച്ച ചിത്രങ്ങളാണ് ഇവയില്‍ മിക്കവയും.

നവോത്ഥാനകാലത്ത് രേഖാചിത്രരചന യഥാതഥ ചിത്രരചന യ്ക്കുള്ള അടിസ്ഥാനഘടകമായി മാറി. 15-ാം ശ.-ത്തിലെ ഇറ്റാലിയന്‍ സാഹിത്യകാരനായ റസന്നിനോ സെന്നിനിയുടെ അഭിപ്രായത്തില്‍ രേഖാചിത്രരചന കലാസൃഷ്ടികളുടെ അടിസ്ഥാന ഘടകവും കലാപരമായ ആശയങ്ങളുടെ പ്രേരകഘടകവുമാണ്. കലാകാരന്മാരുടെ പരിശീലന കളരികളില്‍ രേഖാചിത്രരചന ഒരവിഭാജ്യ ഘടകമായി മാറി. പ്രകൃതിദൃശ്യങ്ങള്‍ വരയ്ക്കുന്നതി നും പ്രശസ്ത ചിത്രകാരന്മാരുടെ രചനകള്‍ പകര്‍ത്തുന്നതിനും രേഖാചിത്രരചന അനിവാര്യമായി. നവോത്ഥാനകാലത്തെ പ്രമുഖ ചിത്രകാരന്മാരെല്ലാം രേഖാചിത്രരചനയില്‍ ഏര്‍പ്പെട്ടിരുന്നതായി കാണാം. 15-ാം ശ.-ത്തില്‍ ഇറ്റലിയിലെ അന്റോണിയോ പൊല്ലായ്ലേയുടേയും ലുക്കാസിനോറല്ലിയുടേയും അനറ്റോമിക്കല്‍ പഠനങ്ങളും അന്റോണിയോ പിസാനെല്ലോയുടെ വല്ലാഡി കോഡക്സും ഇതിനു നിദര്‍ശനങ്ങളാണ്. രേഖാചിത്രരചനയ്ക്ക് കൂടുതല്‍ മിഴിവ് ലഭിക്കുന്നതിനുവേണ്ടി ചായം തേച്ച പേപ്പറുകളും പല വര്‍ണത്തിലുള്ള ചോക്കുകളും വെള്ളി രേഖകളും മറ്റും ഉപയോഗപ്പെടുത്തിയിരുന്നു.

വൈദ്യശാസ്ത്രത്തിന്റേയും മറ്റു പല ശാസ്ത്രങ്ങളുടേയും പഠനത്തിലും രേഖാചിത്രരചനയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭി ക്കാന്‍ തുടങ്ങി. ലിയനാദോ ദാവിന്‍ചിയുടെ എംബ്രിയോഡാന്‍ ദ് വൂംബ് പോലെയുള്ള ചിത്രങ്ങള്‍ ശാസ്ത്രീയ പഠനങ്ങള്‍ക്ക് വളരെയേറെ സഹായകമായിട്ടുണ്ട്. മൈക്കല്‍ ആഞ്ജലോയുടേ യും റാഫേലിന്റേയും ക്ളാസ്സിക്കല്‍ രചനകളോടൊപ്പം ഇവയും നവോത്ഥാനകാലത്തെ ചിത്രകലയെ പ്രതിനിധീകരിക്കുന്നു. വെനീസിലെ ജോര്‍ജിയോന്നും ടിഷ്യന്‍ വെസല്ലിയും ഇക്കാലത്ത് മികച്ച രേഖാചിത്രരചനകള്‍ നടത്തുകയുണ്ടായി.

16-ാം ശ.-ത്തില്‍ ഉത്തരയൂറോപ്പിലെ രേഖാചിത്രകല വികാസം പ്രാപിച്ചത് ഗ്രന്ഥചിത്രകലയിലൂടെയായിരുന്നു. ആല്‍ബ്രെഷ്റ്റ് ഡ്യൂറര്‍ ആണ് ഈ രംഗത്ത് ഏറ്റവും മികച്ച സംഭാവനകള്‍ നല്കിയത്. പേനയും മഷിയും ജലച്ചായവുമുപയോഗിച്ച് വരച്ച മഡോണ വിത്ത് മെനിത്തനിമല്‍സ് പോലെയുള്ള അനേകം മികച്ച രേഖാചിത്രങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ഡ്യൂററെ തുടര്‍ന്നു വന്ന ഹാന്‍സ്ഹോള്‍ബിന്‍ പോര്‍ട്രയ്റ്റുകള്‍ക്കു വേണ്ടി വരച്ച രേഖാചിത്രങ്ങളും വളരെ പ്രശസ്തമാണ്. 16-ാം ശ.-ത്തിലെ ഇറ്റാലിയന്‍ മാനറിസ്റ്റുകള്‍ രേഖാചിത്രങ്ങള്‍ ശേഖരിക്കുകയും പ്രശസ്ത ചിത്രകാരന്മാരുടെ രചനകള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത്തരം കലാപരിശീലനത്തിന് അക്കാദമിക തലത്തില്‍ തന്നെ അംഗീകാരം കൈവന്നു.

17-ാം ശ.-ത്തില്‍ ഉത്തരയൂറോപ്പില്‍ റെംബ്രാന്‍ഡും ദ് റൂബന്‍സും രേഖാചിത്രകലയെ പരിപോഷിപ്പിച്ചു. പേനയും മഷിയും ചോക്കും മറ്റും ഉപയോഗിച്ച് നൂറുകണക്കിന് രേഖാചിത്രങ്ങളാണ് റെംബ്രാന്‍ഡ് വരച്ചത്. റൂന്‍ബസിന്റെ രേഖാചിത്രങ്ങള്‍ അധികവും പെയിന്റിങ് മാതൃകയിലുള്ളവയാണ്. 18-ാം ശ.-ത്തില്‍ ഇംഗ്ളണ്ടിലെ സര്‍ ആന്റണി വാന്‍ഡൈക്കും ഫ്രാന്‍സിലെ അന്റേറിന്‍ വാറ്റോയും ഈ ശൈലി അനുകരിച്ച് അനേകം രേഖാചിത്രങ്ങള്‍ തയ്യാറാക്കുകയുണ്ടായി. ഇംഗ്ളണ്ടിലെ വില്യം ഹൊഗാര്‍ത്തിന്റെ പരിഹാസ രചനകളിലും രേഖാചിത്രങ്ങള്‍ക്ക് പ്രാമുഖ്യം കല്പിച്ചിരുന്നു. ഇംഗ്ളീഷ് കവിയായ വില്യം ബ്ളേക്കിന്റെ രചനകളും ശ്രദ്ധേയമാണ്. 18-ാം ശ.-ത്തിലെ പ്രകൃതിദൃശ്യചിത്രരചനയില്‍ മുന്നിട്ടുനിന്ന ഇറ്റലിയിലെ കനാലെറ്റോയും ഫ്രാന്‍സിലെ ക്ളോഡ്ലൊറും ഇംഗ്ളണ്ടിലെ അലക്സാണ്ടര്‍ കോസന്‍സും രേഖാചിത്രരചനയെ സമ്പന്നമാക്കിയവരാണ്.

19-ാം ശ.-ത്തില്‍ ഫ്രാന്‍സിലെ ഴാങ് അഗസ്റ്റെ, ഡൊമിനിക്ക് ഇന്‍ ഗ്രെസ്, യൂജിന്‍ ഡെലാക്രോയ്ഡ് എന്നീ പ്രമുഖരായ ചിത്രകാരന്മാരാണ് രേഖാചിത്ര രചനയില്‍ മികച്ച സംഭാവനകള്‍ നല്കിയത്. നിയോക്ളാസ്സിക്കല്‍ ശൈലിയുടെ പ്രണേതാവായ ഇന്‍ പ്രെസ് ചിത്രരചനയില്‍ വര്‍ണത്തെക്കാളേറെ രേഖാചിത്ര രചനയ്ക്കാണ് പ്രാമുഖ്യം നല്കിയിട്ടുള്ളത്. സ്റ്റഡി ഒഫ് എ ഹോഴ്സ്മാന്‍ ഫോണ്‍സെയ്ന്റ് സിംഫോനന്‍ എന്ന ചിത്രം ഇതിനൊരുത്തമോദാഹരണമാണ്. ഡെലാക്രോയ്സിന്റെ സ്റ്റഡി ഫോര്‍ ദ് ഡത്ത് ഒഫ് സര്‍ദാനാപാലുസ് നാടകീയത തുളുമ്പുന്ന മറ്റൊരു രേഖാചിത്ര രചനയാണ്. സാമൂഹിക രാഷ്ടീയ വിമര്‍ശകനായ ഹൊണോറി ദാമിയര്‍ ചിത്രപ്പണിക്കാരനായ ചാള്‍സ് മറിയന്‍ എന്നിവരാണ് ഇക്കാലത്തെ പ്രമുഖരായ മറ്റു രേഖാചിത്രകാരന്മാര്‍.

ഇംപ്രഷനിസ്റ്റുകളില്‍ പ്രമുഖനായിരുന്ന എഡ്ഗാര്‍ ഡെഗാസ് കഫെകളുടേയും പന്തയപ്പാതകളുടേയും നാടകരംഗങ്ങളുടേയും മറ്റും രേഖാചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു. മധ്യവര്‍ത്തികളെ സംബന്ധിക്കുന്ന ചിത്രങ്ങള്‍ വരച്ച എഡ്വേഡ് മാനെറ്റും രേഖാചിത്രകലയെ പരിപോഷിപ്പിച്ചു. 19-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ പോസ്റ്റ് ഇംപ്രഷനിസ്റ്റുകളായ പോള്‍സെസനെ, വിന്‍സന്റ് വാന്‍ഗോഗ്, ജോര്‍ജ്സ്ഡ് സൂറത്ത് മുതലായവര്‍ രേഖാചിത്രകലയില്‍ വിപ്ളവകരമായ പരിവര്‍ത്തനമുളവാക്കി. രൂപത്തിനും സ്പേയ്സിനും പ്രത്യക്ഷ വ്യാഖ്യാനം നല്കുന്ന രചനകളാണ് സെസനെയുടേത്. വാന്‍ഗോഗ് എക്സ്പ്രഷനിസ്റ്റ് ശൈലിക്ക് പ്രാമുഖ്യം കല്പിച്ചപ്പോള്‍ ഡ്യൂറത്ത് അമൂര്‍ത്തവത്കരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ഹെന്റി മാറ്റിസെയുടെ ആലങ്കാരിക ശൈലിയിലുള്ള രേഖാചിത്രങ്ങള്‍ എക്സ്പ്രഷനിസ്റ്റ് രീതി പിന്തുടര്‍ന്നു. തുടര്‍ന്നു വന്ന പിക്കാസൊയുടെ ക്യൂബിസ്റ്റ് രചനകള്‍ അമൂര്‍ത്തവത്കരണത്തിന് വഴിയൊരുക്കി. ജര്‍മനി യില്‍ എമിന്‍ നോള്‍ഡെ, ഏണ്‍സ്റ്റ് ലുഡ്വിക് കാര്‍ച്നര്‍, ഒസ്കാര്‍ കൊക്കോഷ്ക, ഓട്ടോഡിക്സ് മുതലായ ചിത്രകാരന്മാര്‍ എക്സ്പ്രഷനിസ്റ്റ് ശൈലിയില്‍ രേഖാചിത്രങ്ങള്‍ തയ്യാറാക്കി. തനതായ ശൈലിയില്‍ രേഖാചിത്രങ്ങള്‍ വരച്ച ചിത്രകാരനാണ് പോള്‍ക്സി. ഇക്കാലത്ത് യഥാതഥശൈലിയില്‍ രേഖാചിത്രങ്ങള്‍ തയ്യാറാക്കിയവരില്‍ വില്യം ഗ്രോപ്പര്‍, ബെന്‍ ഷാഹന്‍, ജോര്‍ജ് ബെല്ലോസ്, എഡ്വേഡ് ഹോപ്പര്‍, ചാള്‍സ് ഷീലര്‍ എന്നിവര്‍ ശ്രദ്ധേയരാണ്.

1920-കളില്‍ രചിക്കപ്പെട്ട സര്‍റിയലിസ്റ്റ് രേഖാചിത്രങ്ങള്‍ ചിത്രകാരന്റെ മനോവിലാസത്തിന്റെ സ്വാഭാവിക പ്രകാശനങ്ങളാ യിരുന്നു. മാനസികാപഗ്രഥനത്തിന്റെ സ്വാധീനവും ഈ ചിത്രങ്ങളില്‍ പ്രതിഫലിച്ചു കാണാം. 1940-കളില്‍ അമേരിക്കയിലെ അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റുകളും ഇതേരീതി തന്നെ പിന്തുടര്‍ന്നു. ഇവരില്‍ ആര്‍ഷിന്‍ഗോര്‍ക്കി, വില്യം ഡികൂനിങ്, ജാക്സണ്‍ പൊള്ളോക്ക്, മാര്‍ക്റോത്കോ മുതലായവരുടെ രേഖാചിത്രരചനകള്‍ വളരെയധികം ശ്രദ്ധേയമായിത്തീര്‍ന്നു.

ആധുനികകാലത്ത് എല്ലാ വിഭാഗത്തില്‍പ്പെട്ട ചിത്രകാരന്മാരും രേഖാചിത്രരചനയ്ക്ക് പ്രാധാന്യം നല്കിക്കാണുന്നു. വാസ്തുശില്പകലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ശില്പികളുമാണ് ഈ കലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നത്.കണ്‍സെപ്ച്വല്‍ ആര്‍ട്ടിനെ പ്രോത്സാഹിപ്പിക്കുന്ന കലാകാരന്മാരാണ് രേഖാചിത്ര കലയെ പരിപോഷിപ്പിക്കുന്ന മറ്റൊരു വിഭാഗം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍