This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രൈ സെല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രൈ സെല്‍

Dry cell

പ്രാഥമിക വൈദ്യുതോത്പാദനത്തിന് ഉപയോഗപ്പെടുത്തുന്ന ഉപകരണം. രണ്ട് ഇലക്ട്രോഡുകളും കുഴമ്പുപരുവത്തിലുള്ള വിദ്യുത് വിശ്ളേഷകവും പ്രധാന ഘടകങ്ങളായുള്ള ഇവയില്‍ രാസപ്രവര്‍ത്തനം മൂലം വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു. ഡ്രൈ സെല്‍ വ്യത്യസ്ത രൂപങ്ങളില്‍ ലഭ്യമാണ്. 1866-ല്‍ ജോര്‍ജ് ലെക്ളാഞ്ചി രൂപപ്പെടുത്തിയ ലെക്ളാഞ്ചി സെല്‍ ആണ് ഇവയില്‍ ഏറ്റവും വിലക്കുറവുള്ള ഇനം.

ലെക്ളാഞ്ചി സെല്ലിലെ ഇലക്ട്രോഡുകളില്‍ ആദ്യത്തേത് ഈയത്തിലുള്ളതാണ്. രണ്ടാമത്തെ ഇലക്ട്രോഡായ കാര്‍ബണ്‍ ദണ്ഡിനെ കാര്‍ബണ്‍ തരികളും മാംഗനീസ് ഡൈഓക്സൈഡും കൊണ്ടു പൊതിഞ്ഞിരിക്കും. അമോണിയം ക്ളോറൈഡ്, മാംഗനീസ് ഡൈഓക്സൈഡ്, കാര്‍ബണ്‍ പൌഡര്‍, സിങ്ക് ക്ളോറൈഡ് എന്നിവയെ ജലമിശ്രണം ചെയ്തു രൂപപ്പെടുത്തുന്ന വിദ്യുത് വിശ്ളേഷകം മറ്റൊരു ഘടകമാണ്. പ്രവര്‍ത്തന സമയത്ത് സെല്ലിനകത്ത് രൂപം കൊള്ളുന്ന ഹൈഡ്രജന്‍ വാതകത്തെ നീക്കം ചെയ്യുന്ന ഡീപോളറൈസറായും വൈദ്യുത വിശ്ളേഷകം പ്രയോജനപ്പെടുന്നു. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുത ധാരയുടെ അളവ് പൊതുവേ സെല്ലിന്റെ ഭാരത്തിനും വ്യാപ്തിക്കും ആനുപാതികമായിരിക്കും. എന്നാല്‍ പരിപഥത്തിലെ വൈദ്യുത ധാര ഉച്ചാവസ്ഥയിലെത്തിയാല്‍ അത് (ധാര) ഭാര/വ്യാപ്തി സ്വതന്ത്രമായിത്തീരുന്നു. സെല്‍ പരിപഥത്തിലെ ധാരാ പ്രവാഹം കുറഞ്ഞ അളവിലാണെങ്കില്‍ ഒരു പൗണ്ട് ഭാരത്തിലുള്ളിലെ ലെക്ളാഞ്ചി ഡ്രൈ സെല്‍ 45 വാട്ട്-മണിക്കൂര്‍ ഊര്‍ജം നല്കുന്നു. -17.77&degree; (0&degree;F)-ഓ അതിലും താണതോ ആയ താപനിലകളില്‍ പ്രവര്‍ത്തിപ്പിക്കേണ്ട ലെക്ളാഞ്ചി സെല്ലുകളില്‍, വൈദ്യുത വിശ്ളേഷം ഘനീഭവിച്ച് വൈദ്യുതോത്പാദനത്തിന് തടസ്സമുണ്ടാവാം. ഇത് ഒഴിവാക്കാന്‍, അവയില്‍ ലിഥിയം ക്ളോറൈഡോ കാല്‍സിയം, ഈയം എന്നിവയുടെ ക്ളോറൈഡുകളുടെ മിശ്രിതമോ വൈദ്യുത വിശ്ളേഷകമായി ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ളവ 4.44&degree;C (40&degree;F) വരെ പ്രവര്‍ത്തനക്ഷമമായിരിക്കും. വൈദ്യുത വിശ്ളേഷകമായി പൊട്ടാസിയം ഉപയോഗിക്കുന്നവയാണ് ആല്‍ക്കലൈന്‍ സെല്ലുകള്‍. ലെക്ളാഞ്ചി സെല്ലിനെ അപേക്ഷിച്ച് ഉയര്‍ന്ന വൈദ്യുത ഡിസ്ചാര്‍ജ് നിരക്കുള്ളതിനാല്‍ ഇവയെ ഹൈ-റേറ്റ് സെല്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. ചില ആല്‍ക്കലൈന്‍ സെല്ലുകളില്‍ മാംഗനീസ് ഡൈഓക്സൈഡിന്റെ കൂടെ മെര്‍ക്കുറിക് ഓക്സൈഡും കലര്‍ത്താറുണ്ട്.

സിങ്ക് ഓക്സൈഡ്, മെര്‍ക്കുറിക് ഓക്സൈഡ് എന്നിവ ഇലക്ട്രോഡുകളായും സിങ്ക് ഓക്സൈഡുകൊണ്ട് പൂരിതമാക്കിയ പൊട്ടാസിയം ഹൈഡ്രോക്സൈഡ് വൈദ്യുത വിശ്ളേഷകമായും ഉപയോഗിക്കുന്നവയാണ് മെര്‍ക്കുറി ഡ്രൈ സെല്‍. 0.45 കി.ഗ്രാമിന് (ഒരു പൌണ്ടിന്) 53 വാട്ട്-മണിക്കൂര്‍ ഊര്‍ജം നല്കാന്‍ ഇവയ്ക്കു കഴിയുന്നു.

നന്നേ കുറഞ്ഞ തോതിലുള്ള വൈദ്യുത ധാരകള്‍ ലഭ്യമാക്കാന്‍ ഉപയോഗിക്കുന്നവയാണ് സില്‍വര്‍-ക്ളോറൈഡ് ഡ്രൈ സെല്‍ (ഇലക്ട്രോഡുകള്‍-സില്‍വര്‍ ഓക്സൈഡ്, സിങ്ക്; വൈദ്യുത വിശ്ളേഷകം - പൊട്ടാസിയം/സോഡിയം ഹൈഡ്രോക്സൈഡ്).

മഗ്നീഷ്യം-മാംഗനീസ് ഡൈഓക്സൈഡ് സെല്‍, ലിഥിയം സെല്‍, ദിവസങ്ങളോളം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാവുന്ന ഇന്ധന സെല്‍ (fuel cell), സ്ഥിര വോള്‍ട്ടതാ നിര്‍ദേശകമായി ഉപയോഗിക്കാവുന്ന വെസ്റ്റണ്‍ സെല്‍ (1.019 വോള്‍ട്ട്), ക്ളാര്‍ക്ക് സെല്‍ (1.434 വോള്‍ട്ട്) എന്നിവയാണ് മറ്റിനം ഡ്രൈസെല്ലുകളില്‍ പ്രധാനപ്പെട്ടവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍