This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രൈഡന്‍, ജോണ്‍ (1631 - 1700)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രൈഡന്‍, ജോണ്‍ (1631 - 1700)

Dryden,John

ഇംഗ്ളീഷ് കവിയും നിരൂപകനും നാടകകൃത്തും. 1631 ആഗ. 19-ന് നോര്‍ത്താംപ്റ്റന്‍ഷയറിലെ ഓള്‍ഡ് വിങ്കിളിലെ ഓള്‍ സെയ്ന്റ്സില്‍ ജനിച്ചു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സ്കൂള്‍, കേംബ്രിജിലെ ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 32-ാം വയസ്സില്‍ ലേഡി എലിസബത്ത് ഹവേഡിനെ വിവാഹം കഴിച്ചു. 1657-ല്‍ ലണ്ടനില്‍ താമസമാക്കിയ ഇദ്ദേഹം ക്രോംവെലിന്റെ ഭരണകാലത്ത് സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചിരുന്നതായി കരുതപ്പെടുന്നു. അതിനുശേഷം നാടക രചനയിലൂടെയായിരുന്നു ഉപജീവനം കഴിച്ചിരുന്നത്. 1660-ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗമായ ഇദ്ദേഹം 1668-ല്‍ ആസ്ഥാനകവിയായി നിയമിക്കപ്പെട്ടു. 1685-നോടടുപ്പിച്ച് റോമന്‍ കത്തോലിക്കാ സഭയില്‍ചേര്‍ന്ന ഇദ്ദേഹത്തിന് 1689-ല്‍ വില്യത്തിന്റേയും മേരിയുടേയും സ്ഥാനാരോഹണത്തെത്തുടര്‍ന്ന് രാജകീയോദ്യോഗം നഷ്ടപ്പെട്ടു.

ഡ്രൈഡന്റെ സാഹിത്യജീവിതം ബ്രിട്ടനിലെ രാജാധികാര പുനഃസ്ഥാപനത്തോടൊപ്പം (Restoration) ആരംഭിക്കുന്നതായി കണക്കാക്കാം. 1660 മുതല്‍ 80 വരെയുള്ള ഒന്നാം ഘട്ടത്തിന്റെ ആരംഭത്തില്‍ പുതിയ രാഷ്ട്രീയ വ്യവസ്ഥിതിയെപ്പറ്റിയുള്ള ചില കവിതകള്‍ ഇദ്ദേഹം രചിക്കുകയുണ്ടായി. ചരിത്രപരവും രാഷ്ട്രീയവും മതപരവും വീരാരാധനാപരവുമായ (heroic) അംശങ്ങള്‍ ഇവയില്‍ സമഞ്ജസമായി മേളിക്കുന്നതു കാണാം. അസ്ട്രേയ റിഡക്സ് (1660), ടു മൈ ലോഡ് ചാന്‍സലര്‍ (1662), ആനസ് മി റാബിലിസ് (1667) എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഡ്രൈഡന്റെ മാസ്റ്റര്‍പീസായ മാക് ഫ്ളെക്നോ 1682-ലാണ് പ്രസിദ്ധീകരിച്ചതെങ്കിലും 1679-ല്‍ തന്നെ അതിന്റെ രചന പൂര്‍ത്തിയായിരുന്നു. ആക്ഷേപഹാസ്യ (satire) വിഭാഗത്തില്‍പ്പെടുന്ന ഈ കാവ്യത്തില്‍ നല്ല കലയും (good art) ചീത്ത കലയും (bad art) സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നു. നാടകകൃത്തായ തോമസ് ഷാഡ്വെലാണ് ഇവിടെ പരിഹാസത്തിനു ശരവ്യനാകുന്നത്. ഫ്ളെക്നോ തന്റെ മകനു(ഷാഡ്വെല്‍)വേണ്ടി സിംഹാസനം ഉപേക്ഷിക്കുകയും മകനെ അഭിഷേകം ചെയ്യുകയും ചെയ്യുന്നതായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.

മാക് ഫ്ളെക്നോ സൂചിപ്പിക്കുന്നതുപോലെ ഈ ഘട്ടത്തില്‍ നാടകമായിരുന്നു ഡ്രൈഡന്റെ മുഖ്യ ശ്രദ്ധാവിഷയം. ദി ഇന്‍ഡ്യന്‍ ക്വീന്‍ (1664), ദി ഇന്‍ഡ്യന്‍ എംപറര്‍ (1665), ദ് കോണ്‍ക്വെസ്റ്റ് ഒഫ് ഗ്രെനഡ (1672), ഔറംഗ് സേബ്(1675), ഓള്‍ ഫോര്‍ ലവ് (1678) തുടങ്ങിയ നിരവധി നാടകങ്ങള്‍ ഈ ഘട്ടത്തില്‍ ഇദ്ദേഹം രചിക്കുകയുണ്ടായി. ശുദ്ധ കോമഡി മുതല്‍ ഗൗരവപൂര്‍ണവും ഹാസ്യാത്മകവുമായ അംശങ്ങള്‍ കൂട്ടിക്കലര്‍ത്തിയുള്ള നാടകങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. വീരനാടക (heroic play)മെന്നു വിശേഷിപ്പിക്കാവുന്ന ഔറംഗ്സേബിന്റെ ഉപോദ്ഘാതത്തില്‍ (prologue) അന്ത്യപ്രാസം തനിക്കു മടുത്തതായി പ്രസ്താവിക്കുന്ന ഡ്രൈഡന്‍ ആന്റണിയുടേയും ക്ളിയോപാട്രയുടേയും കഥയെ ഉപജീവിച്ചു രചിച്ച ഓള്‍ ഫോര്‍ ലവ് എന്ന ട്രാജഡിയില്‍ പ്രാസരഹിത ഛന്ദസ്സാണ് (blank verse) നാടക രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്.

1680 മുതല്‍ 85 വരെയുള്ള രണ്ടാംഘട്ടം ഹ്രസ്വമെങ്കിലും സംഭവബഹുലമായിരുന്നു. രാഷ്ട്രീയ രംഗം താരതമ്യേന കലുഷിതമായിരുന്നു. ഇന്ന് ഏറെ വാഴ്ത്തപ്പെടുന്ന അബ്സേലം ആന്‍ഡ് അക്കിറ്റോഫല്‍ (1681) ഈ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. ബൈബിളിലെ ദാവീദ് രാജാവിനെതിരായ ഉപജാപകഥയെ മാതൃകയാക്കി ചാള്‍സ് രാജാവിനെതിരായി ഷാഫ്റ്റ്സ്ബെറി പ്രഭുവും മോണ്‍മത് പ്രഭുവും നടത്തിയ കരുനീക്കങ്ങളെ വിമര്‍ശിക്കുന്ന ഈ ആക്ഷേപഹാസ്യകാവ്യം അക്കാലത്ത് ഏറെ ജന ശ്രദ്ധയാകര്‍ഷിച്ചു. ഷാഫ്റ്റ്സ്ബെറി പ്രഭു ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹത്തിന് ഒരു മെഡല്‍ സമ്മാനിച്ചതിനെ പരിഹസിച്ചും ഡ്രൈഡന്‍ ഒരു കാവ്യം രചിച്ചു - ദ് മെഡല്‍ (1682) എന്ന പേരില്‍. ഡ്രൈഡന്റെ റിലിജിയോ ലേയ്സി (1682) എന്ന മതപരമായ കവിതയാണ് ഈ ഘട്ടത്തിലെ മറ്റു രചനകളില്‍ പ്രധാനം.

1685 മുതല്‍ 88 വരെയുള്ള മൂന്നാംഘട്ടം ജെയിംസ് രണ്ടാമന്റെ ഭരണകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. 1685-ല്‍ റോമന്‍ കത്തോലിക്കനായിത്തീര്‍ന്ന ഡ്രൈഡന്‍ 1687-ല്‍ രണ്ടാമത്തെ മതാത്മക കവിതയായ ദ് ഹൈന്‍ഡ് ആന്‍ഡ് ദ് പാന്തര്‍ പ്രസിദ്ധീകരിച്ചു. ഹൈന്‍ഡ് (മാന്‍പേട) കത്തോലിക്കാ മതത്തേയും പാന്തര്‍ (പുള്ളിപ്പുലി) ആങ്ഗ്ളി മതത്തേയും പ്രതിനിധാനം ചെയ്യുന്നു. ഡോക്ടര്‍ ജോണ്‍സന്റെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രീഭവിച്ച ആന്‍ കിലിഗ്രൂവിനെക്കുറിച്ചുള്ള സംബോധനാഗീതവും (ode) പ്രപഞ്ചോത്പത്തി മുതല്‍ അന്തിമവിധി വരെയുള്ള ചരിത്രത്തിന്റെ പുനഃസൃഷ്ടി ഉള്‍ക്കൊള്ളുന്ന എ സോങ് ഫോര്‍ സെയ്ന്റ് സെസീലിയാസ് ഡേ (1687) എന്ന കവിതയും ഈ കാലഘട്ടത്തിലെ മികച്ച സൃഷ്ടികളാണ്.

1688-ല്‍ ജെയിംസ് രാജാവ് ഒളിച്ചോടുകയും ബ്രിട്ടിഷ് പാര്‍ലമെന്റ് വില്യത്തിനേയും മേരിയേയും പരമാധികാരികളായി വാഴിക്കുകയും ചെയ്തതോടെ ഡ്രൈഡന്‍ തന്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടത്തിലേക്കു കടക്കുകയുണ്ടായി. 1694 വരെ നീളുന്ന ഈ ഘട്ടത്തില്‍ ഔദ്യോഗിക പദവികള്‍ നഷ്ടപ്പെട്ട ഇദ്ദേഹം നാടകരംഗത്തേക്കു കടന്നു. ഡോണ്‍ സെബാസ്റ്റ്യന്‍ (1689), ആംഫിട്രയോണ്‍ (1690), കിങ് ആര്‍തര്‍ (1691), ലവ് ട്രയംഫന്റ് (1694) എന്നിവ ഈ ഘട്ടത്തിലെ പ്രമുഖ രചനകളാണ്. 1694 മുതല്‍ 1700 വരെയുളള അവസാന ഘട്ടത്തില്‍ ഡ്രൈഡന്‍ വീണ്ടും കാവ്യരചനയിലേക്കു കടക്കുന്നതു കാണാം. ക്ളാസ്സിക് സാഹിത്യത്തിന്റെ അന്തഃസത്ത ഇംഗ്ളീഷുകാര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കലായിരുന്നു ഈ ഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ മുഖ്യദൌത്യം. ദ് വര്‍ക്സ് ഒഫ് വെര്‍ജില്‍ (1697), ഫേബിള്‍സ് എന്‍ഷ്യന്റ് ആന്‍ഡ് മോഡേണ്‍(1700) എന്നീ കൃതികള്‍ അങ്ങനെ പിറവിയെടുത്തു. ഹോമര്‍, ഓവിഡ്, ബൊക്കാച്ചിയോ, ചോസര്‍ എന്നിവരുടെ കൃതികളെ ഉപജീവിച്ചു രചിച്ച പതിനേഴു കവിതകളാണ് ഫേബിള്‍സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അലക്സാണ്ടേഴ്സ് ഫീസ്റ്റ്, ഓര്‍ ദ് പവര്‍ ഒഫ് മ്യൂസിക് (1697) എന്ന കവിതയും ഈ ഘട്ടത്തില്‍ ഡ്രൈഡന്‍ രചിച്ചു.

ഇംഗ്ളീഷ് നിരൂപണത്തിന് അടിത്തറ പാകിയവരില്‍ ഒരാളെന്ന നിലയിലും ഡ്രൈഡന്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഗദ്യത്തിന്റെ താളത്തെക്കുറിച്ച് ('the other harmony of prose') ഫേബിള്‍സിന്റെ ആമുഖത്തില്‍ ഇദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ആധുനിക കാലത്തെ ശൈലീവല്ലഭന്മാരില്‍ (stylists) അദ്വിതീയ സ്ഥാനം ഇദ്ദേഹത്തിനുണ്ട്. ചരിത്രപരമായ ഉള്‍ക്കാഴ്ച നിരൂപണത്തില്‍ സംക്രമിപ്പിച്ചതാണ് ഡ്രൈഡന്റെ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കപ്പെടുന്നത്. ഒഫ് ഡ്രമാറ്റിക് പൊയസി: ആന്‍ എസ്സേ (1668) നാടകകലയെ അപഗ്രഥിച്ചുകൊണ്ട് സംഭാഷണരൂപത്തില്‍ രചിച്ചതാണ്. ഇരുപതു വര്‍ഷത്തിനുശേഷം തന്റെ വീക്ഷണം ഒന്നുകൂടി ഊന്നിപ്പറഞ്ഞുകൊണ്ട് എ ഡിഫെന്‍സ് ഒഫ് ആന്‍ എസ്സേ ഒഫ് ഡ്രമാറ്റിക് പൊയസി (1688) എന്ന കൃതിയും ഡ്രൈഡന്‍ രചിക്കുകയുണ്ടായി.


1700 മേയ് 1-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍