This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രെസ്ലര്‍, മേരി (1869 - 1934)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രെസ്ലര്‍, മേരി (1869 - 1934)

Dressler,Marie

അമേരിക്കന്‍ നാടകനടി. കാനഡയിലെ ഒന്‍ടറിയോയില്‍ ജനിച്ചു. യഥാര്‍ഥനാമം ലീലാമേരി കോര്‍ബര്‍. ദാരിദ്യത്തിലമര്‍ന്ന കുടുംബത്തിന് സാമ്പത്തികാശ്വാസം നല്കാനാണ് ഡ്രെസ്ലര്‍ ഒരു ഹാസ്യകഥാപാത്രമായി വേഷമിട്ട് അരങ്ങുകളിലെത്തിയത്. 1892-ല്‍ ന്യൂയോര്‍ക്കിലെത്തിയ ഡ്രെസ്ലര്‍ പല നാടകങ്ങളിലും സഹനടിയായി അഭിനയിച്ചു. 1896-ല്‍ ദ് ലേഡി സ്ളേവറി എന്ന നാടകത്തിലെ അഭിനയത്തിലൂടെയാണ് ഡ്രെസ്ലര്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് പല മ്യൂസിക്കല്‍ കോമഡികളിലും വിജയകരമായി അഭിനയിച്ചു. 1907-ല്‍ ലണ്ടനിലെ പാലസ് തിയെറ്ററില്‍ നടന്ന വെറൈറ്റി ഷോയില്‍ പങ്കെടുത്തു ജനപ്രീതി നേടി.

1910-ല്‍ ന്യൂയോര്‍ക്കിലവതരിപ്പിച്ച ടില്ലീസ് നൈറ്റ്മെയ് ര്‍ എന്ന നാടകത്തിലൂടെ ഡ്രെസ്ലര്‍ പ്രശസ്തയായി. തുടര്‍ന്ന് ചലച്ചിത്രരംഗത്തും ഏറെ അവസരങ്ങള്‍ ലഭിച്ചു. യുദ്ധത്തിനെതിരായി ശബ്ദമുയര്‍ത്തിയ ഡ്രെസ്ലര്‍ കലാകാരന്മാരുടെ ക്ഷേമത്തിനുവേണ്ടിയും സജീവമായി പ്രവര്‍ത്തിച്ചു. കോറസ് ഇക്വിറ്റി അസോസിയേഷന്റെ സ്ഥാപകപ്രസിഡന്റായി 1919-ല്‍ നടന്ന കലാകാരന്മാരുടെ പ്രക്ഷോഭത്തിനു നേതൃത്വം നല്കി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഡ്രെസ്ലറെ നാടകവേദിയില്‍ നിന്നകറ്റിയെങ്കിലും ചലച്ചിത്ര രംഗത്തെ എം.ജി.എം. കമ്പനി അവര്‍ക്ക് അവസരങ്ങള്‍ നല്കി. അന്നാക്രിസ്റ്റി (1930), മിന്‍ ആന്‍ഡ് ബില്‍ (1930) എന്നീ ചലച്ചിത്രങ്ങള്‍ ഡ്രെസ്ലറുടെ പ്രശസ്തിക്കു മാറ്റുകൂട്ടി. മിന്‍ ആന്‍ഡ് ബില്ലിലെ അഭിനയം ഓസ്കാര്‍ പുരസ്കാരത്തിനു വഴിയൊരുക്കി.

ദ് ലൈഫ് സ്റ്റോറി ഒഫ് അന്‍ അഗ്ളി ഡക്ളിങ് (1924), മൈ ഓണ്‍ സ്റ്റോറി (1934) എന്നീ ശീര്‍ഷകങ്ങളില്‍ ഡ്രെസ്ലറുടെ രണ്ട് ആത്മകഥാഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍