This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രൂയിഡിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രൂയിഡിസം

Druidism

നിഗൂഢതയുടെ പരിവേഷം കല്പിക്കപ്പെട്ടിരുന്ന പുരാതന സെല്‍റ്റിക് പുരോഹിത സംഘങ്ങളുടെ ആചാരങ്ങളും ദര്‍ശനങ്ങളും. ഡ്രൂയിഡുകള്‍ ആചാര്യന്മാരായും വിധികര്‍ത്താക്കളായും ബഹുമാനിക്കപ്പെട്ടിരുന്നു. പുരാതന ഫ്രാന്‍സ് അഥവാ ഗാള്‍, ബ്രിട്ടന്‍, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഡ്രൂയിഡുകള്‍ ജീവിച്ചിരുന്നു. സീസര്‍ (ഗാലിക് വാര്‍സ്), പ്ളിനി തുടങ്ങിയവരുടെ കൃതികളില്‍ നിന്നുമാണ് ഡ്രൂയിഡിസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രധാനമായും ലഭിച്ചിട്ടുള്ളത്.

ഓക് വൃക്ഷം എന്നര്‍ഥം വരുന്ന 'ദ്രുസ്' (drus) എന്ന ഗ്രീക്ക് പദത്തില്‍ നിന്നോ, ജ്ഞാനം എന്നര്‍ഥം വരുന്ന 'ദ്രുയി', 'ദ്രുവിദ്' (drui,druvid) എന്നീ ഐറിഷ് പദങ്ങളില്‍ നിന്നോ ആണ് 'ഡ്രൂയിഡ്' എന്ന പേരിന്റെ നിഷ് പത്തിയെന്ന് കരുതിപ്പോരുന്നു.

പ്രാകൃതവും പ്രാപഞ്ചികവുമായ ജ്ഞാനസ്രോതസ്സിലാണ് ഡ്രൂയിഡുകള്‍ വിശ്വസിച്ചിരുന്നത്. പ്രപഞ്ചമധ്യത്തിലുള്ള സൂര്യനില്‍ നിന്നാണ് മനുഷ്യന്റെ അതീന്ദ്രിയശക്തികള്‍ ഉദ്ഭവിക്കുന്നത് എന്ന് ഇവര്‍ വിശ്വസിച്ചു. അയനകാലത്തും സമരാത്രദിനങ്ങളിലും സൂര്യരശ്മികള്‍ ദിവ്യനാമത്തിന്റെ പ്രതീകങ്ങളാകുന്നു. സൂര്യന് അഭിമുഖമായി പ്രകാശത്തിന്റെ ദൃഷ്ടിയില്‍ നില്ക്കുന്ന ഡ്രൂയിഡ് ദൈവനാമത്തിലാണ് സംസാരിക്കുന്നത്. ദിവ്യസ്രോതസ്സുമായി നിഗൂഢസമ്പര്‍ക്കം പുലര്‍ത്തുന്ന ഡ്രൂയിഡ്, ജ്ഞാനവും ആധ്യാത്മികചൈതന്യവും ആര്‍ജിക്കുകയും, മനുഷ്യരാശിയെ സേവിക്കുവാന്‍ പ്രാപ്തനാവുകയും ചെയ്യുന്നു.

ഓക് വൃക്ഷത്തിന് ഡ്രൂയിഡുകള്‍ വളരെയധികം പവിത്രത കല്പിച്ചു. ഓക് വൃക്ഷത്തോട്ടങ്ങളില്‍ അനുഷ്ഠാനപരമായ പല ചടങ്ങുകളും ഇവര്‍ നടത്താറുണ്ടായിരുന്നു. ഓക് വൃക്ഷങ്ങളില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന 'മിസില്‍റ്റൊ' (mistletoe) എന്ന ഇത്തിളിന് ഡ്രൂയിഡുകള്‍ വളരെ പ്രാധാന്യം കല്പിച്ചിരുന്നു. ചില പ്രത്യേക സമയങ്ങളിലും രീതിയിലും മിസില്‍റ്റൊ അരിഞ്ഞെടുക്കുന്ന ചടങ്ങുകള്‍ ഇവര്‍ അനുഷ്ഠിക്കാറുണ്ടായിരുന്നു. ഇവര്‍ വൈദ്യവും മന്ത്രവാദവും പരിശീലിച്ചിരുന്നു. പ്രകൃതി ദൈവങ്ങളെ ഇവര്‍ ആരാധിച്ചിരുന്നു. നക്ഷത്രശാസ്ത്രം പഠിപ്പിച്ചിരുന്നു. ആത്മാവിലും പുനര്‍ജന്മത്തിലും ഇവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. അമരത്വസിദ്ധാന്തം പ്രചരിപ്പിക്കുവാന്‍ ഡ്രൂയിഡുകള്‍ മുന്‍കൈയെടുത്തു. ഇവരുടെ അമരത്വസിദ്ധാന്തത്തിന് പിത്താഗറസിന്റെ ജന്മാന്തര (metempsychosis) സിദ്ധാന്തവുമായി എഴുത്തുകാര്‍ സാമ്യം കല്പിച്ചിട്ടുണ്ടെങ്കിലും അത് വസ്തുനിഷ്ഠമല്ല. ഡ്രൂയിഡുകളുടെ അമരത്വസിദ്ധാന്തം ദൈവങ്ങളുടെ ദേഹാന്തര പ്രാപ്തിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്; മനുഷ്യരുടേതല്ല.

ഡ്രൂയിഡുകള്‍ തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കുന്ന പതിവുണ്ടായിരുന്നു. ഇവര്‍ക്ക് വളരെയധികം രാഷ്ട്രീയ സ്വാധീനവുമുണ്ടായിരുന്നു. ദൈവഹിതം എന്തെന്നു വ്യാഖ്യാനിക്കുക, വിവാദങ്ങളില്‍ തീര്‍പ്പു കല്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഡ്രൂയിഡുകള്‍ ചെയ്തിരുന്നതായി ജൂലിയസ് സീസറിന്റെ വിവരണത്തില്‍ പറയുന്നു. കരം കൊടുക്കുന്നതില്‍ നിന്നും സൈനിക സേവനത്തില്‍ നിന്നും ഡ്രൂയിഡുകളെ ഒഴിവാക്കിയിരുന്നു.

ഡ്രൂയിഡുകള്‍ നരബലി നടത്തിയിരുന്നതായി കരുതപ്പെടുന്നു. തങ്ങളുടെ നിര്‍ദേശങ്ങള്‍ മറ്റുള്ളവരുടെ മേല്‍ ഇവര്‍ അടിച്ചേല്പിച്ചിരുന്നു എന്നും അനുസരിക്കാത്തവര്‍ക്ക് പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് വിലക്കു കല്പിച്ചിരുന്നു എന്നും പ്രസ്താവനകള്‍ കാണുന്നു. ഈ ക്രൂരതയും ലത്തീന്‍ സംസ്കാരത്തിന്റെ പ്രചാരത്തോട് ഇവര്‍ പ്രകടിപ്പിച്ച ശക്തമായ എതിര്‍പ്പും മൂലം റോമന്‍ അധികൃതര്‍ ബ്രിട്ടനിലും ഗാളിലും ഡ്രൂയിഡുകളെ അടിച്ചമര്‍ത്തി. എന്നാല്‍ അയര്‍ലണ്ടില്‍ സു.500 വരെ (ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന് മിഷണറിമാര്‍ രംഗത്തു വരുന്നതു വരെ) ഡ്രൂയിഡിസം നിലനിന്നിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍