This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രിസ്ഡെയ് ല്‍, റസല്‍ (1912 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രിസ്ഡെയ് ല്‍, റസല്‍ (1912 - 81)

Drysdale,Russel

ആസ്റ്റ്രേലിയന്‍ ചിത്രകാരന്‍. ഇംഗ്ളണ്ടില്‍ താമസമാക്കിയ ഒരു ആസ്റ്റ്രേലിയന്‍ കുടുംബത്തിലാണ് റസല്‍ ജനിച്ചത്. 1923-ല്‍ ഈ കുടുംബം മെല്‍ബോണിലെത്തി. അവിടെ കൃഷിപ്പണിയിലേര്‍പ്പെട്ടിരുന്ന റസല്‍ പിന്നീട് ചിത്രരചന പഠിക്കുവാനാരംഭിച്ചു. 1940-ല്‍ സിഡ്നിയിലേക്കു പോയ റസല്‍ ചിത്രരചനയില്‍ മുഴുകുകയും ചിത്രകാരനെന്ന നിലയില്‍ പ്രശസ്തി നേടുകയും ചെയ്തു. ആസ്റ്റ്രേലിയന്‍ ആക്രമണവുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ പാരമ്പര്യം പുതിയൊരു രീതിയില്‍ അവതരിപ്പിച്ച റസല്‍ പട്ടണത്തിലെ കൂട്ടുകാരും ശുഭാപ്തി വിശ്വാസികളുമായ ചിത്രകാരന്മാരില്‍നിന്നു വേറിട്ടു നിന്നു.

1949-ല്‍ സിഡ്നി സന്ദര്‍ശിച്ച ചരിത്രകാരനായ കെന്നത്ത് ക്ളര്‍ക്കിന്റെ പ്രേരണയോടെ റസല്‍ ലണ്ടനില്‍ ചിത്രപ്രദര്‍ശനം നടത്തി. ആസ്റ്റ്രേലിയന്‍ ചിത്രകലയ്ക്ക് ലണ്ടനില്‍ ഏറെ പ്രചാരം നേടുവാന്‍ ഈ പ്രദര്‍ശനം സഹായകമായി.

1954-ല്‍ വെനീസില്‍ നടന്ന ദേശാന്തരീയ ചിത്രപ്രദര്‍ശന മേളയില്‍ ആസ്റ്റ്രേലിയയെ പ്രതിനിധീകരിച്ച് റസല്‍, ഡോബല്‍, നൊളാന്‍ എന്നീ ചിത്രകാരന്മാരാണ് പങ്കെടുത്തത്. 1950-കളില്‍ ആസ്റ്റ്രേലിയയിലെ ഉള്‍നാടുകളിലേക്കു സഞ്ചരിച്ച റസല്‍ ഗ്രാമീണ ജീവിത ദൃശ്യങ്ങള്‍ ക്യാന്‍വാസിലേക്കു പകര്‍ത്തി. വെള്ളക്കാരുടെ ക്രൂരതകള്‍ക്കിരയായ ആസ്റ്റ്രേലിയന്‍ ഗോത്രവര്‍ഗക്കാരുടെ ദുരന്ത ജീവിതമായിരുന്നു മിക്ക ചിത്രങ്ങളുടെയും പ്രതിപാദ്യം. അഡിലെയ്ഡിലെ ചിത്രഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മുള്ളലൂനാടാങ്ക് എന്ന ചിത്രം പ്രസിദ്ധമായിത്തീര്‍ന്നു.

1960-കളില്‍ മകന്റേയും ഭാര്യയുടേയും മരണം റസലിനെ കൂടുതല്‍ വ്യാകുലനാക്കി. ആദ്യകാലത്ത് വരച്ചിരുന്ന ചിത്രങ്ങളുടെ പ്രതിപാദ്യത്തിലേക്കു മടങ്ങിയ റസല്‍ കൂടുതല്‍ മികച്ച ചിത്രങ്ങള്‍ ക്യാന്‍വാസിലേക്കു പകര്‍ത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍