This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രാക്കുള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രാക്കുള

Dracula

ഐറിഷ് നോവലിസ്റ്റായ ബ്രാം സ്റ്റോക്കര്‍ രചിച്ച സംഭ്രമജനകമായ നോവല്‍. 1897-ല്‍ പ്രസിദ്ധീകരിച്ചു. 'ഡ്രാക്കുള' എന്ന പദത്തിന് 'രാക്ഷസന്‍' എന്നാണ് അര്‍ഥം. ചെകുത്താന്‍ എന്നര്‍ഥം വരുന്ന ഡ്രാക് എന്ന റുമേനിയന്‍ പദത്തില്‍ നിന്നാണ് ഡ്രാക്കുള എന്ന പദത്തിന്റെ നിഷ്പത്തി. രക്ഷസ്സുകളുടെ ഐതിഹ്യത്തെ ഉപജീവിച്ചു രചിച്ച ഭയാനക കഥകളുടെ കൂട്ടത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഈ കൃതിയുടെ നിരവധി നാടക ചലച്ചിത്ര രൂപാന്തരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരപരാധികളായ ആളുകളെ തന്റെ അലൗകിക ശക്തി ഉപയോഗിച്ച് കീഴ്പ്പെടുത്തി, അവരുടെ രക്തം കുടിച്ച് വളരുന്ന ഡ്രാക്കുളപ്രഭുവെന്ന രക്ഷസ്സിന്റെ കഥയാണ് ഈ കൃതിയില്‍ ആഖ്യാനം ചെയ്തിരിക്കുന്നത്. ജൊനാഥന്‍ ഹാര്‍ക്കര്‍, മീന, ഡോക്ടര്‍ സിവേര്‍ഡ്, ലൂസി വെസ്റ്റേണ്‍റ എന്നീ മുഖ്യകഥാപാത്രങ്ങളുടെ ഡയറികളുടേയും കത്തുകളുടേയും രൂപത്തിലാണ് നോവല്‍ രചിച്ചിരിക്കുന്നത്. മധ്യ യൂറോപ്പില്‍ പ്രചാരത്തിലിരുന്ന നോസ്ഫെറാറ്റുവിന്റേയും 15-ാം ശ.-ത്തിലെ വ്ലാഡ് രാജകുമാരന്റേയും (ഇയാള്‍ ഒരു ലക്ഷത്തോളം ഇരകളെ കുന്തത്തിലേറ്റി കൊല്ലുകയുണ്ടായത്രേ) കഥകളെ സംയോജിപ്പിച്ചു കൊണ്ടാണ് സ്റ്റോക്കര്‍ തന്റെ കൃതിയുടെ സൃഷ്ടി നടത്തിയിട്ടുള്ളത്.

കഥ: അഭിഭാഷകനായ ജൊനാഥന്‍ ഹാര്‍ക്കര്‍ റുമാനിയയിലെ ട്രാന്‍സില്‍വാനിയയിലെ ഡ്രാക്കുളയുടെ മാളികയിലേക്കുള്ള യാത്രാമധ്യേ ഭയചകിതനാകുന്നു. ഡ്രാക്കുള പ്രഭുവുമായി ഒരു ഇടപാട് നടത്തുകയാണ് അയാളുടെ ഉദ്ദേശ്യം. മാളികയിലെത്തിയ ഹാര്‍ക്കര്‍ ഡ്രാക്കുളയുടെ രക്തം കുറഞ്ഞ ശരീരം കണ്ട് വിസ്മയഭരിതനാകുന്നു. പകല്‍ ഡ്രാക്കുള മാളികയില്‍ ഉണ്ടാവില്ലെന്നതിനാല്‍ രാത്രി അവര്‍ സംസാരിച്ച് ഇടപാടുകള്‍ ഉറപ്പിക്കുന്നു. മാളികയില്‍ ഭൃത്യന്മാരാരുമില്ലെന്നും ഒരു വലിയ കുന്നിന്റെ മുകളിലാണ് മാളിക സ്ഥിതിചെയ്യുന്നതെന്നും ഹാര്‍ക്കര്‍ താമസിയാതെ മനസ്സിലാക്കുന്നു. സംഭ്രമജനകമായ അനുഭവങ്ങളാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹാര്‍ക്കര്‍ക്കുണ്ടാകുന്നത്. ഒരു ദിവസം പുലര്‍ച്ചയ്ക്ക് മൂന്ന് മാന്ത്രിക സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ട് അയാളുടെ തൊണ്ടയില്‍ നിഷ്കരുണം കടിക്കുന്നു. മറ്റൊരിക്കല്‍ ഒരു വാവല്‍ ചുമരില്‍ പ്രത്യക്ഷപ്പെടുന്നത് നോക്കി നില്ക്കുന്ന ഹാര്‍ക്കര്‍ അതു ഡ്രാക്കുള തന്നെയാണെന്നു താമസിയാതെ തിരിച്ചറിയുന്നു. പ്രഭാതത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഹാര്‍ക്കര്‍ ശവപ്പെട്ടിയുടെ മാതൃകയിലുള്ള ധാരാളം മണ്‍പെട്ടികള്‍ അടുക്കിവച്ചിരിക്കുന്നതാണ് കാണുന്നത്. ഒരെണ്ണം തുറന്നു നോക്കിയപ്പോള്‍ അതില്‍ ഡ്രാക്കുള മരിച്ചു കിടക്കുന്നതു കാണുന്നു. എന്നാല്‍ വൈകുന്നേരം പതിവുപോലെ ഡ്രാക്കുള തന്റെ അടുത്തുവരുമ്പോള്‍ ഹാര്‍ക്കര്‍ അദ്ഭുത സ്തബ്ധനും ഭയചകിതനുമാകുന്നു. മാളികയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഹാര്‍ക്കര്‍ ഒരു കൂട്ടം ചെന്നായ്ക്കള്‍ തന്നെ വളഞ്ഞിരിക്കുന്നതായി കാണുന്നു.

ഇംഗ്ളണ്ടില്‍ ഈ സമയം ഹാര്‍ക്കറുടെ കാമുകിയായ മീന മറി സുഹൃത്തായ ലൂസി വെസ്റ്റേണ്‍റയെ സന്ദര്‍ശിക്കാന്‍ പോകുന്നു. ഒരു ദിവസം രാത്രി ലൂസിയുടെ അടുത്തുകൂടിയ ഒരു മനുഷ്യരൂപം മീനയെക്കാണുമ്പോള്‍ അപ്രത്യക്ഷനാകുന്നു. ശാരീരികമായും മാനസികമായും തളര്‍ന്ന ലൂസിയെ ഡോക്ടര്‍ സിവേര്‍ഡിന്റെ അടുത്തേക്ക് മീന കൊണ്ടുപോകുന്നു. മറ്റൊരു മനോരോഗ വിദഗ്ധനായ ഡോക്ടര്‍ വാന്‍ ഹെല്‍സിംഗ് ലൂസിയെ പരിശോധിക്കുമ്പോള്‍ തൊണ്ടയില്‍ രണ്ടു മുറിവുകള്‍ കാണുന്നു. വിളര്‍ച്ചയുടേയോ രക്തസ്രാവത്തിന്റേയോ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ധാരാളം രക്തം നഷ്ടപ്പെട്ടിരിക്കുന്നതായാണു കാണുന്നത്. ഒരു ദിവസം രാത്രി ഒരു ചെന്നായ് ലൂസിയുടെ മുറിയിലേക്കു കടന്നുവരികയും താമസിയാതെ ലൂസി മരിക്കുകയും ചെയ്യുന്നു. പിറ്റേ ദിവസം രാത്രി ലൂസിയുടെ കല്ലറ ശൂന്യമായിരിക്കുന്നതായി കണ്ടെങ്കിലും പുലര്‍ച്ചയോടെ ലൂസിയുടെ മൃതശരീരം തിരിച്ചെത്തുകയാണു ചെയ്തത്. താമസിയാതെ വാന്‍ ഹെല്‍സിംഗും കൂട്ടരും ഡ്രാക്കുളയെ കണ്ടുപിടിച്ച് ശവപ്പെട്ടിയിലാക്കുന്നതോടെ ഭീതിജനകമായ ഈ കഥ അവസാനിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍