This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂറ്റെറോമൈസെറ്റിസുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്യൂറ്റെറോമൈസെറ്റിസുകള്‍

Deuteromycetes

അപൂര്‍ണ ജീവിതചക്രമുള്ള കുമിളുകള്‍ ഉള്‍പ്പെടുന്ന സസ്യ വിഭാഗം. അപൂര്‍ണഫംഗസുകള്‍ (Fungi imperfecti) എന്ന പേരിലും ഇവ അറിയപ്പെടുന്നു. ഏകദേശം 1,200 ജീനസുകളും 11,000 സ്പീഷീസും ഈ വിഭാഗത്തിലുള്‍പ്പെടുന്നു. ഇവയില്‍പ്പെടുന്ന അധിക ഇനങ്ങളും ലൈംഗിക പ്രത്യുത്പാദനം നടക്കാത്തതും ലൈംഗിക പ്രത്യുത്പാദനത്തെപ്പറ്റി പഠനം നടത്താന്‍ പ്രയാസമുള്ളതും ആയ സസ്യങ്ങളാണ്. ലൈംഗിക പ്രത്യുത്പാദന രീതികളില്‍ വിശദ പഠനം നടത്തിയാല്‍ മാത്രമേ അനുയോജ്യമായ രീതിയില്‍ ഇവയെ വര്‍ഗീകരിക്കാന്‍ സാധിക്കുകയുള്ളൂ. ലൈംഗിക പ്രത്യുത്പാദന രീതി കണ്ടെത്തിയിട്ടുള്ള ഇനങ്ങളധികവും ആസ്കോമൈസെറ്റിസ് വിഭാഗത്തില്‍പ്പെടുന്നവയാണ്; അപൂര്‍വം ചിലവ ബസീഡിയോ മൈസെറ്റിസിലും.

ഡ്യൂറ്റെറോമൈസെറ്റിസുകള്‍ അലൈംഗിക രീതിയില്‍ അലൈംഗിക പ്രത്യുത്പാദനാവയവങ്ങളായ ധാരാളം കൊണീഡിയങ്ങള്‍ ഉത്പാദിപ്പിച്ച് വംശവര്‍ധന നടത്തുന്നു. പ്രത്യുത്പാദനാവയവങ്ങളായി യാതൊരുവിധ സ്പോറങ്ങളും ഉത്പാദിപ്പിക്കാത്ത വന്ധ്യതന്തുക്കളുള്ള വന്ധ്യഫംഗസുകളെ (mycelia sterilla) മറ്റൊരു വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അപൂര്‍ണ ഫംഗസുകളില്‍ തന്തുജാലം വളരെ നന്നായി രൂപപ്പെട്ടിരിക്കും. തന്തുക്കള്‍ ഇടയ്ക്കിടെ ഇടഭിത്തികൊണ്ട് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഇടഭിത്തിയിലുള്ള ചെറുസുഷിരങ്ങള്‍ വഴി കോശകേന്ദ്രവും കോശദ്രവവും ഒരു കോശത്തില്‍ നിന്നു മറ്റൊന്നിലേക്ക് ഒഴുകും.
ആന്ത്രക്നോസ് ബാധിച്ച ബീന്‍സ്

ഡ്യൂറ്റെറോമൈസെറ്റിസുകളില്‍ പ്രത്യുത്പാദനം പ്രധാനമായും കൊണീഡിയങ്ങള്‍ മൂലമാണ്. ഇനഭേദമനുസരിച്ച് കൊണീഡിയങ്ങളും വ്യത്യാസപ്പെട്ടിരിക്കും. കൊണീഡിയങ്ങള്‍ ഉണ്ടാകുന്നത് തന്തുക്കളില്‍ നിന്ന് നേരിട്ടോ പ്രത്യേകമായി രൂപാന്തരം പ്രാപിച്ച ഘടനയായ സ്പോറഫലനങ്ങള്‍ക്കുള്ളിലോ ആയിരിക്കും. വിവിധ ഇനങ്ങളില്‍ ഇത്തരത്തിലുള്ള സ്പോറഫലനങ്ങളുടെ ബാഹ്യരൂപത്തെ അടിസ്ഥാനമാക്കി കൊണീഡിയങ്ങള്‍ അസെര്‍വുലസ് (acervulus), പിക്നീഡിയം (pycnidium) എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്.

അപൂര്‍ണ ഫംഗസുകളില്‍ തന്തുജാലം ഒന്നിച്ചുചേര്‍ന്ന് ഒരു മെത്തപോലെയായിത്തീരുന്നു. ഇതില്‍നിന്ന് വളരെ ചെറിയ കൊണീഡിയത്തണ്ടുകള്‍ രൂപപ്പെട്ട് അവ സ്പോറങ്ങളുത്പാദിപ്പിക്കുന്നു. സാഹചര്യങ്ങളുടെ സ്വാധീനംമൂലം ചില അവസരങ്ങളില്‍ സ്പോറങ്ങള്‍ക്കു പുറമേ ബ്രഷിന്റെ നാരുപോലെയുള്ള ശൂകങ്ങളും (seta) കൊണീഡിയമായ അസര്‍വുലസില്‍നിന്ന് ഉത്ഭവിക്കാറുണ്ട്.

ഗോളാകൃതിയിലോ ഫ്ളാസ്കിന്റെ ആകൃതിയിലോ ഉള്ള അകം പൊള്ളയായ കൊണീഡിയങ്ങളാണ് പിക്നീഡിയം. ആകൃതിയനു സരിച്ച് പിക്നീഡിയത്തിനും വ്യത്യാസമുണ്ടായിരിക്കും. ചിലയിനങ്ങളില്‍ പിക്നീഡിയത്തിന്റെ ഉപരിഭാഗം ശരിയായി രൂപപ്പെട്ടതും ചുവടുഭാഗം ശരിയായി രൂപപ്പെടാത്തതുമായിരിക്കും. ഇതിനു വിപരീതമായിട്ടുള്ള ഇനങ്ങളുമുണ്ട്. പിക്നീഡിയത്തിനകത്തുള്ള തന്തുപാളിയില്‍നിന്ന് ചെറിയ കൊണീഡിയത്തണ്ടുണ്ടാകുന്നു. കൊണീഡിയത്തണ്ടുകളുണ്ടാകാത്ത ഇനങ്ങളും വിരളമല്ല. പിക്നീഡിയത്തിന്റെ അഗ്രഭാഗത്തുള്ള ചെറു സുഷിരം ഓസ്റ്റിയോള്‍ (osteole) എന്നറിയപ്പെടുന്നു. ഈ സുഷിരത്തിലൂടെയാണ് കൊണീഡിയങ്ങള്‍ പുറത്തുവരുന്നത്. ഈ കൊണീഡിയത്തണ്ടുകള്‍ കൊണീഡിയ സ്പോറങ്ങളും കവചിത സ്പോറങ്ങളും ഉത്പാദി പ്പിക്കാറുണ്ട്.

സ്പോറഫലനത്തിന്റെ ബാഹ്യരൂപത്തെ ആസ്പദമാക്കിയാണ് ഡ്യൂറ്റെറോമൈസെറ്റിസുകളെ വര്‍ഗീകരിച്ചിരിക്കുന്നത്. കൊണീഡി യങ്ങള്‍ പിക്നീഡിയത്തിലുണ്ടാകുന്ന സ്ഫീറോപ്സിഡിയേല്‍സ് (sphaeropsidales), അസര്‍വുലസിലുണ്ടാകുന്ന മെലന്‍കൊണിയേല്‍സ് (melanconials), പ്രത്യേക ഫലനങ്ങള്‍ക്കുള്ളിലല്ലാതെ തന്തുവില്‍ തന്നെ നേരിട്ടുണ്ടാവുന്ന മൊണീലിയേല്‍സ് (moniliales) എന്നിങ്ങനെ മൂന്നു പ്രധാന ഗോത്രങ്ങളാണുള്ളത്.

ഡ്യൂറ്റെറോമൈസെറ്റിസുകള്‍ അധികവും സസ്യങ്ങളുടെ ഇലകളിലും തണ്ടുകളിലും പരാദങ്ങളായി ജീവിക്കുന്നവയാണ്. സസ്യ ങ്ങളിലും മൃഗങ്ങളിലും ഗുരുതരമായ രോഗങ്ങള്‍ക്കു കാരണമാകുന്ന അനേകം അപൂര്‍ണ ഫംഗസുകളുണ്ട്. പയറുവര്‍ഗങ്ങളെ ബാധിക്കുന്ന ആന്ത്രക്നോസ്, ഷുഗര്‍ ബീറ്റുകളിലുണ്ടാകുന്ന ഇലപ്പുള്ളി രോഗം, ഉരുളക്കിഴങ്ങിനെ ബാധിക്കുന്ന ബ്ളൈറ്റ് ഇവയെല്ലാം ഇതിനുദാഹരണങ്ങളാണ്. മനുഷ്യരിലുണ്ടാകുന്ന 'അത് ലറ്റ്സ് ഫൂട്ട്' എന്ന രോഗത്തിന് കാരണവും അപൂര്‍ണ ഫംഗസുകള്‍ തന്നെയാണെന്നു കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍