This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂയി, ജോണ്‍ (1859 - 1952)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്യൂയി, ജോണ്‍ (1859 - 1952)

Dewey,John

തത്ത്വശാസ്ത്രത്തിലും വിദ്യാഭ്യാസരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അമേരിക്കന്‍ തത്ത്വചിന്തകന്‍. ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ കാരണവാദം (Instrumentalism) എന്ന പേരില്‍ അറിയപ്പെടുന്നു. മനഃശാസ്ത്രം, നിയമം, രാഷ്ട്രമീമാംസ തുടങ്ങിയ വ്യത്യസ്തരംഗങ്ങളിലും ഇദ്ദേഹത്തിന്റെ വീക്ഷണങ്ങളുടെ പ്രഭാവം ദൃശ്യമാണ്. പ്രായോഗിക പ്രശ്നങ്ങള്‍ ഉയരുന്നിടത്ത് ചിന്തയും ഉയരുന്നു എന്ന സിദ്ധാന്തമാണ് ഡ്യൂയിക്ക് ഉണ്ടായിരുന്നത്.

ജോണ്‍ ഡ്യൂയി
1859 ഒ. 20-ന് വെര്‍മോണ്‍ടിലായിരുന്നു ഡ്യൂയിയുടെ ജനനം. 1879-ല്‍ വെര്‍മോണ്‍ട് സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്തതിനുശേഷം മൂന്നുവര്‍ഷം സ്കൂള്‍ അധ്യാപകനായി ജോലി നോക്കി. തുടര്‍ന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ ഉന്നത പഠനത്തിലേര്‍പ്പെടുകയും 1884-ല്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. ആ വര്‍ഷംതന്നെ ഇദ്ദേഹം മിഷിഗണ്‍ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രത്തിന്റെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി സ്ഥാനമേറ്റു. 1886-ല്‍ ചിക്കാഗൊ സര്‍വകലാശാലയില്‍ ഇദ്ദേഹം ആലിസ് ചിപ്മാനിനെ വിവാഹം ചെയ്തു. 1889-94 കാലയളവില്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ തത്ത്വശാസ്ത്ര വകുപ്പിന്റേയും 1894-1904 കാലയളവില്‍ ചിക്കാഗൊ സര്‍വകലാശാലയുടെ തത്ത്വശാസ്ത്ര-മനഃശാസ്ത്ര-വിദ്യാഭ്യാസ വകുപ്പിന്റേയും മേധാവിത്വം വഹിച്ചിരുന്നു. ഈ കാലയളവിലാണ് വിദ്യാഭ്യാസചിന്തകന്‍ എന്ന നിലയില്‍ ഡ്യൂയി പ്രശസ്തിയാര്‍ജിച്ചത്. 1896-ല്‍ ചിക്കാഗൊ സര്‍വകലാശാലയില്‍ ഇദ്ദേഹം ലബോറട്ടറി സ്കൂള്‍ ആരംഭിച്ചു. ഭാര്യയുടെ സഹായത്തോടെയാണ് ഇദ്ദേഹം ഈ സ്കൂളിന്റെ മേല്‍നോട്ടം വഹിച്ചത്. പാഠ്യപദ്ധതി, അധ്യയന മാര്‍ഗങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കി നിരവധി പരീക്ഷണങ്ങള്‍ ഇവിടെ നടത്തുകയും സിദ്ധാന്തവും അതിന്റെ പ്രയോഗവും തമ്മില്‍ സമന്വയിപ്പിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്തു. വിദ്യാഭ്യാസ പ്രക്രിയയില്‍ അധ്യാപകരോടൊപ്പം പങ്കെടുക്കുവാന്‍ രക്ഷാകര്‍ത്താക്കളേയും ഇദ്ദേഹം ഉദ്ബോധിപ്പിച്ചു. 1899-1900-ല്‍ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചു.

1904-ല്‍ ഭരണാധികാരികളുമായുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് ഡ്യൂയി ചിക്കാഗൊ സര്‍വകലാശാല യിലെ ഉദ്യോഗം ഉപേക്ഷിച്ച് കൊളംബിയ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്ര അധ്യാപകനായി. കൊളംബിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അമേരിക്കന്‍ ഫിലൊസോഫിക്കല്‍ അസോസിയേഷന്‍, അമേരിക്കന്‍ അസോസിയേഷന്‍ ഒഫ് യൂണിവേഴ്സിറ്റി പ്രൊഫസേഴ്സ്, ടീച്ചേഴ്സ് യൂണിയന്‍, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.

1927-ല്‍ പത്നിയായ ആലിസ് ചിപ്മാന്‍ അന്തരിച്ചെങ്കിലും, 1946-ലാണ് ഡ്യൂയി പുനര്‍വിവാഹം ചെയ്തത്. 1930-ല്‍ കൊളംബിയ സര്‍വകലാശാലയില്‍ നിന്നു വിരമിച്ചതിനുശേഷം ഇദ്ദേഹം പൊതുരംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിച്ചു. പീപ്പിള്‍സ് ലോബി, ലീഗ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് പൊളിറ്റിക്കല്‍ ആക്ഷന്‍, ലീഗ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ഡെമോക്രസി തുടങ്ങിയ സംഘടനകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഡ്യൂയിയായിരുന്നു മോസ്കോ വിചാ രണകളില്‍ ലിയോണ്‍ ട്രോട്സ്കിക്ക് എതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്റെ അധ്യക്ഷന്‍. ട്രോട്സ്കി നിരപരാധിയാണെന്ന ഡ്യൂയി യുടെ കണ്ടെത്തല്‍ അദ്ദേഹത്തെ അമേരിക്കയിലെയും സോവിയറ്റ് യൂണിയനിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശത്രുവാക്കി മാറ്റി.

ഡ്യൂയിയുടെ 'കാരണവാദം' വളരെ പ്രശസ്തമാണ്. നാം അനുഭവിച്ചറിയുന്ന ലോകത്തെ വ്യക്തമായി മനസ്സിലാക്കുവാന്‍ വേണ്ടി ഉപയോഗിക്കേണ്ട ഉപകരണങ്ങളാണ് ആശയങ്ങള്‍ എന്ന് ഇദ്ദേഹം പറഞ്ഞു. സത്യം സ്ഥിരവും മാറ്റമില്ലാത്തതുമാണെന്ന ആശയം ഇദ്ദേഹം തള്ളിക്കളഞ്ഞു. ഓരോ സന്ദര്‍ഭത്തിലും ആശയങ്ങളുടെ പരിണിതഫലങ്ങള്‍ ആസ്പദമാക്കിയാണ് സത്യം നിര്‍ണയിക്കപ്പെ ടുന്നതെന്ന് ഇദ്ദേഹം വാദിച്ചു.

സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ചും ഡ്യൂയിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. ഓരോ മനുഷ്യന്റേയും വ്യക്തിത്വത്തിന് പൂര്‍ണവികാസം പ്രാപിക്കുവാന്‍ അവസരമൊരുക്കുന്ന സമൂഹ മാണ് ഉത്തമസമൂഹമെന്ന് ഇദ്ദേഹം പറഞ്ഞു. തന്റെ വീക്ഷണത്തി ലെ ആദര്‍ശസമൂഹത്തോട് ഏറ്റവും സാമ്യം പുലര്‍ത്തുന്നത് ജനാധിപത്യസമൂഹങ്ങളാണെന്നും ഡ്യൂയി അഭിപ്രായപ്പെട്ടു. ജനാധിപത്യം ശക്തവും പ്രവര്‍ത്തനക്ഷമവുമാകണമെങ്കില്‍ജനങ്ങള്‍വിദ്യാസമ്പന്നരാകേണ്ടതുണ്ട്. വിമര്‍ശനാത്മകചിന്ത വളര്‍ത്തിയെടുക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും, പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം വിദ്യാഭ്യാസത്തില്‍ നിന്നു ലഭിക്കണമെന്നും ഉള്ളതായിരുന്നു ഡ്യൂയിയുടെ വീക്ഷണം. പല രാഷ്ട്രങ്ങളുടെയും വിദ്യാഭ്യാസനയത്തെ ഈ സിദ്ധാന്തം വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

മാനവരാശിയുടെ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച ചിന്തകനായിരുന്നു ജോണ്‍ ഡ്യൂയി. ഡ്യൂയിയുടെ 'പ്രാഗ്മാറ്റിസം' പ്രാമാണീകൃത വിശ്വാസം എന്ന ആശയത്തോട് സാമ്യം പുലര്‍ത്തുന്നതായിരുന്നു. ഇത്തരമൊരാശയത്തിന് ഇദ്ദേഹത്തിന് പ്രേരണ നല്കിയത് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തമായിരുന്നു. ചിന്ത അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധിതമാക്കിയെങ്കില്‍ മാത്രമേ അവ പ്രാമാണീകൃതമാകുന്നുള്ളൂ എന്നും എല്ലാ ചിന്തകളുടേയും ലക്ഷ്യം സങ്കീര്‍ണത ഇല്ലാതാക്കുകയാണെന്നും ഉള്ള ഡ്യൂയിയുടെ സിദ്ധാന്തം പ്രസിദ്ധമായിത്തീര്‍ന്നു. ശാസ്ത്രതത്ത്വങ്ങളുടെ പരീക്ഷണ നിരീക്ഷണ സമ്പ്രദായങ്ങളാണ് അവയെ ഫലപ്രദമാക്കുന്നതെന്ന് ഇദ്ദേഹം വാദിച്ചു. ഇദ്ദേഹത്തിന്റെ എക്സ്പെരിമെന്റലിസവും പ്രാഗ്മാറ്റിസവും പ്രവൃത്തിയില്‍ക്കൂടിയുള്ള പഠനത്തിന് ഊന്നല്‍ നല്കുന്നവയായിരുന്നു.

ജനാധിപത്യവിശ്വാസത്തേയും 'ലിബറലിസ'ത്തേയും അങ്ങേയറ്റം സ്വാഗതം ചെയ്ത വ്യക്തിയായിരുന്നു ഡ്യൂയി ജോണ്‍. മനഃശാസ്ത്രം, ദര്‍ശനം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലെല്ലാം ഇദ്ദേഹം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു.

സൈക്കോളജി (1887), ദി എത്തിക്സ് ഒഫ് ഡെമോക്രസി (1888), അപ്ളൈഡ് സൈക്കോളജി: ആന്‍ ഇന്‍ട്രൊഡക്ഷന്‍ റ്റു ദ് പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പ്രാക്ടീസ് ഒഫ് എഡ്യൂക്കേഷന്‍ (1889), ഇന്ററസ്റ്റ് ആസ് റിലേറ്റഡ് റ്റു വില്‍ (1896), ദ് സ്കൂള്‍ ആന്‍ഡ് സൊസൈറ്റി (1899), ഡെമോക്രസി ആന്‍ഡ് എഡ്യൂക്കേഷന്‍: ആന്‍ ഇന്‍ട്രൊഡക്ഷന്‍ റ്റു ദ് ഫിലൊസഫി ഒഫ് എഡ്യൂക്കേഷന്‍ (1916), റീകണ്‍സ്ട്രക്ഷന്‍ ഇന്‍ ഫിലൊസഫി (1920), എക്സ്പീരിയന്‍സ് ആന്‍ഡ് നേച്ചര്‍ (1925), ഇംപ്രഷന്‍സ് ഒഫ് സോവിയറ്റ് റഷ്യ ആന്‍ഡ് ദ് റവല്യൂഷണറി വേള്‍ഡ് മെക്സിക്കോ-ചൈന-ടര്‍ക്കി (1929), ഫിലൊസഫി ആന്‍ഡ് സിവിലൈസേഷന്‍ (1931) എന്നിവയാണ് ഡ്യൂയിയുടെ പ്രധാന കൃതികള്‍.

1952 ജൂണ്‍ 1-ന് ന്യൂയോര്‍ക്കില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍